spot_img
Friday, December 19, 2025

മലയാളികളുടെ മനസില്‍ നിന്ന് മായാത്ത മനോഹര ഡയലോഗുകള്‍



മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ പ്രേക്ഷരുടെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ എല്ലാ നടന്‍മാര്‍ക്കും കഴിയണമെന്നില്ല. അത്തരത്തില്‍ അപൂര്‍വ സിദ്ധിയുള്ള ചുരുക്കം ചില നടന്‍മാരിലൊരാളാണ് കോട്ടയം പ്രദീപ്. അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് മുമ്പ് ഒരു നടനില്‍ നിന്നും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ചില പ്രത്യേക ഡയലോഗുകളും തമാശകളുമാണ്. പേരിനൊപ്പം ചേര്‍ക്കാന്‍ ഒരുപാട് സിനിമകളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും വര്‍ത്തമാനത്തിന്റെ ശൈലി കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി.

എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചില്ലറയൊന്നുമല്ല. സിനിമയില്‍ പ്രദീപിന്റെ തലവട്ടം കണ്ടാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകര്‍ക്കുറപ്പിക്കാം. തിയേറ്ററില്‍ ചിരി പടര്‍ത്താന്‍ മുഴുനീള കഥാപാത്രമാകണമെന്നില്ല എന്ന് അദ്ദേഹം തന്റെ പല സിനിമകളിലൂടെയും തെളിയിച്ചു. പലപ്പോഴും പ്രദീപിന്റെ ഒറ്റ ഡയലോഗ് മാത്രം മതിയാകും, തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍.

പ്രദീപിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായ ഒരു തമിഴ് ചിത്രമുണ്ട്. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശയ്ക്കടുത്തിരുന്ന് ‘കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്…. കഴിച്ചോ കഴിച്ചോ’ എന്നു പറയുന്ന ഡയലോഗ് മലയാളികള്‍ക്കിടയില്‍ തരംഗമായി. ആ ഒറ്റ ഡയലോഗാണ് തന്റെ തലവര മാറ്റിയതെന്ന് പ്രദീപ് വ്യക്തമാക്കിയിട്ടുമുണ്ട്.

നന്ദു പൊതുവാള്‍ വഴി ഗൗതം മേനോന് മുന്നില്‍ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. സിനിമ മറ്റ് ഭാഷകളിലേക്കെത്തിയപ്പോള്‍ നായികാനായകന്മാര്‍ മാറി മാറി വന്നു. പക്ഷേ എല്ലായിടത്തും അമ്മാവന്‍ ഒരാള്‍ മാത്രം. ‘മരുമക്കള്‍ മാറിക്കോട്ടെ, അമ്മാവന്‍ മാറണ്ട’ എന്ന ഗൗതം മേനോന്റെ തീരുമാനമാണ് പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കിയത്. ആ ഡയലോഗ് തന്നെ പല രൂപത്തില്‍ അദ്ദേഹം തന്നെ മറ്റു പല സിനിമകളിലും അവതരിപ്പിച്ചു. സംവിധായകന്‍ ആവശ്യപ്പെട്ട പ്രകാരം സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. തയ്യാറെടുപ്പുകള്‍ നടത്താതെ പെട്ടെന്നുണ്ടാക്കിയെടുത്ത ഒരു രീതി. അത് ‘ക്ലിക്’ ആയതോടെ പ്രദീപിന്റെ കലാജീവിതം മാറി മറിഞ്ഞു.

അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. ചാന്‍സ് ചോദിച്ചും ഡയലോഗുകള്‍ കിട്ടാന്‍ കാത്തിരുന്നും സിനിമയ്ക്കു പിന്നാലെ ഓടിയ കാലമുണ്ട് അദ്ദേഹത്തിന്. ചുവടുറപ്പിക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും പില്‍ക്കാലത്ത് പ്രദീപിനെ മാത്രം മനസ്സില്‍ കണ്ട് തിരക്കഥാകൃത്തുക്കള്‍ ഡയലോഗുകള്‍ എഴുതിത്തുടങ്ങി. നാളെ റിലീസാകാനിരിക്കുന്ന ആറാട്ടിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

1999ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പല തരത്തിലുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന് ആദ്യ അവസരം നല്‍കിയത് നിര്‍മ്മാതാവ് പ്രേം പ്രകാശാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles