spot_img
Tuesday, June 23, 2026
Home Blog Page 113

ഒരു അഞ്ച് മിനിറ്റ് കൂടെ കാണട്ടെ, യൂട്യൂബ് ഷോർട്സ് ലഹരിയായി മാറിയോ? നിയന്ത്രിക്കാൻ പുതിയ ഫീച്ചറുമായി യൂട്യൂബ്

0

ഒരു അഞ്ച് മിനിറ്റ് ഷോർട്സ് കാണാം എന്ന് പറഞ്ഞിരുന്ന് മണിക്കൂറുകളോളം ഷോർട്സ് കണ്ടിരിക്കുന്നവരാണോ? എത്ര ശ്രമിച്ചിട്ടും യൂട്യൂബ് ഷോർട്സ് കാണുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ലേ? വീണ്ടും നിങ്ങളുടെ കൈകൾ സ്ക്രോൾ ചെയ്യുന്നത് തുടരുന്നുണ്ടോ? എന്നാൽ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ‘ഷോർട്സ് ടൈമർ’ എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഷോർട്സ് വിഡിയോകൾ കാണുന്നതിന് ദൈനംദിന സമയ പരിധി നിശ്ചയിക്കാൻ കഴിയും.

ആ പരിധി എത്തിക്കഴിഞ്ഞാൽ ആപ്പ് ഫീഡ് സ്വമേധയ താൽക്കാലികമായി നിർത്തുകയും പരിധി എത്തിയെന്ന് സൂചിപ്പിക്കുന്ന സന്ദേശം കാണിക്കുകയും ചെയ്യുന്നു. ഉപയോക്താക്കാൾക്ക് ആരോഗ്യപരമായ യൂട്യൂബ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണിത്. ഇത് അനിയന്ത്രിതമായി ഷോർട്സ് കാണുന്നവർക്ക് എപ്പോൾ നിർത്തണമെന്ന് ഓർമിപ്പിക്കുന്നു. ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് അമിതമായ ഡിജിറ്റൽ ആസക്തി. അതിൽനിന്ന് പലപ്പോഴും നമ്മൾ വിചാരിച്ചാൽപോലും പുറത്ത് കടക്കാൻ സാധിക്കാറില്ല. നിലവിലെ ഇത്തരം അവസ്ഥകൾക്ക് വളരെ ഉപയോഗപ്രദമാകുന്നതാണ് യൂട്യൂബിന്‍റെ പുതിയ സവിശേഷത. ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യൂട്യൂബ് പറഞ്ഞു.

ഉപയോക്താക്കൾക്ക് ആരോഗ്യപരമായ ഉപയോഗം നിലനിർത്തുന്നതിനായി ടേക്ക് എ ബ്രേക്ക്, ബെഡ് ടൈം റിമൈൻഡർ എന്നിങ്ങനെ ഓപ്ഷനുകൾ കമ്പനി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ പുതിയ അപ്ഡേറ്റ് കൂടുതൽ മെച്ചപ്പെട്ടതാണ്. കാരണം ഷോർട്സ് ടൈമർ കർശനമായ പരിധി അവതരിപ്പിക്കുന്നു. തുടർച്ചയായി പ്ലാറ്റ്‌ഫോമിൽ എത്ര സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നതിന് ഇത് ഉപയോക്താക്കൾക്ക് നേരിട്ട് നിയന്ത്രണം നൽകുന്നു. ഈ ഫീച്ചർ ഇതുവരെ പേരന്‍റൽ കൺട്രോൾ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ല. ഉടൻ തന്നെ പേരന്‍റൽ കൺട്രോളുലേക്കും ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്

സൽമാൻ ഖാൻ അടുത്ത ദിവസം കോഴിക്കോട്ടെത്തും, ബൈക്ക് റാലി ഉദ്ഘാടനം ചെയ്യും’; മന്ത്രി വി.അബ്ദുറഹിമാൻ

0

മലപ്പുറം: ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. സിനിമാ താരം സൽമാൻ ഖാൻ ആണ് റേസ് ഉദ്ഘാടനം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.’അന്താരാഷ്ട്ര തലത്തില്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ബൈക്ക് റേസാണിത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സല്‍മാന്‍ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതു സമൂഹത്തിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുക,അത് ആസ്വദിക്കുക എന്നതാണ് പുതു തലമുറ ചെയ്യുന്നത്.മഡ് റേസിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്’. മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്കാണ് കോഴിക്കോട് വേദിയാകുന്നത്. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. വേദി പ്രഖ്യാപനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു.ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഐഎസ്ആര്‍എല്‍ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് റേസിംഗ് ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ്. കഴിഞ്ഞ ദശകത്തില്‍ ഗ്രാസ്‌റൂട്ട് ഡേര്‍ട്ട് റേസുകള്‍, പ്രാദേശിക പരിശീലന പരിപാടികള്‍ അടക്കം തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ ബാന്‍ഡിഡോസ് മോട്ടോര്‍സ്പോര്‍ട്സ് സംഘടിപ്പിച്ചിട്ടുണ്ട്.

“പി.എം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹം ”-എസ് സജീവ്

0

കോഴിക്കോട് :പി.എം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും, ആർ എസ് എസ്സിന്റെ അജണ്ട ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചാൽ എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് സർക്കാരിന് മുന്നറിയിപ്പു നൽകി. സ എം എൻ വി ജി അടിയോടി അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി “ക്വിറ്റ് കറപ്ഷൻ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജോയിൻ്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്വാഭിമാനസദസ്സ്. ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളനിവാഴ്‌ചക്കാലത്തിൻ്റെ അവശേഷിപ്പുകളും, അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവിൽ സർവ്വീസിനെ അഴിമതി രഹിത ജനപക്ഷ സിവിൽ സർവ്വീസായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ സിവിൽ സർവ്വീസ് പരിഷ്‌കരണത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു സ. എം എൻ വി ജി അടിയോടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. സിവിൽ സർവീസ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും, അഴിമതിരഹിത ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിക്കപ്പെടുന്ന എല്ലാ പദ്ധതികളും സോഷ്യല്‍ ആഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ അധികാര കേന്ദ്രം മുതല്‍ ഏറ്റവും താഴെ പഞ്ചായത്തംഗം വരെയുള്ള ഭരണ സംവിധാനവും ഈ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തണം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വലിയ ഒരു ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരണം. സിവിൽ സർവീസ് സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നിവ പാലിക്കുമ്പോൾ മാത്രമേ ജനാധിപത്യം സജീവമാകൂ.ജനങ്ങളും ജീവനക്കാരും ചേർന്ന് അഴിമതിയില്ലാത്ത, ശുദ്ധമായ ഭരണ സംവിധാനം സൃഷ്ടിക്കുമ്പോഴാണ് രാജ്യം യാഥാർത്ഥമായ പുരോഗതിയി കൈവരിക്കയുള്ളൂ. അതിനായി സർവീസ് സംഘടകൾക്കാകെ പൊതുമാതൃകയായി ജോയിൻ്റ് കൗൺസിൽ സോഷ്യൽ ആഡിറ്റിംഗിനു തുടക്കം . കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ ഷിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ അജിന അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റാം മനോഹർ, പിഡി അനിൽകുമാർ, ടി രത്നദാസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

ലക്കിടിയിൽ മയക്കുമരുന്ന് വേട്ട : യുവാവും യുവതിയും പിടിയിൽ

0

കല്പറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. മാനിപുരം ശിഹാബ്. വി പി (42), തിരുവമ്പാടി ശാക്കിറ എ. കെ (30 )എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്.

0

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്. ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക് അലവൻസ് വെട്ടി കുറച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അഡീഷണൽ അലവൻസ് 600/- രൂപയായി ഉയർത്തുക , ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊതു അവധി പോലും ബാധകമാവാതെ നിത്യേന പതിനൊന്ന് മണിക്കൂറിലധികം പ്രവർത്തിയെടുക്കുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക, കെ എസ് ബി സി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഷിഫിറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, ലേബലിങ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കുലർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഐ എ ൻ ടി യുസിയും എ ഐ ടി യു സി യും അടങ്ങുന്ന സംയുക്ത സമരസമിതിയാണ് സമരം നടത്തുന്നത്.28-10-2025- സി. ഐ. ടി. യു ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തുന്നു.

ഫ്രഷ് കട്ട്: ജില്ലാ കലക്ടര്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കും

0

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഹിജാബ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

0

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസിനെതിരെ സെന്റ് റീത്താസ് സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്‌നം രമ്യമായി പരിഹരിച്ചുകൂടോയെന്ന് ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു. പരാതി പിന്‍വലിക്കുകയാണെന്നും, സ്‌കൂള്‍ മാറാന്‍ കുട്ടി ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നിലവിലെ സാഹചര്യം മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടി ആ സ്‌കൂളില്‍ തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കുട്ടി മറ്റൊരു സ്‌കൂളിലേക്ക് മാറാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേസ് ഇനി മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ആനക്കൊമ്പ് കേസ്; മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി

0

കൊച്ചി: ആനക്കൊമ്പ് കൈവശം വയ്ക്കാൻ നടൻ മോഹൻലാലിന് സർക്കാർ നൽകിയ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി എന്ന കണ്ടെത്തലോടെയാണ് നടപടി. എന്നാൽ മോഹൻലാലിന് വീണ്ടും ലൈസൻസിന് അപേക്ഷിക്കാൻ തടസമില്ല. 2011 ഡിസംബ‍ർ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോ‍ഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെയാണ് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്.

ഈ നടപടി ചോദ്യം ചെയ്തുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലൈസൻസ് അനുവദിക്കാനുളള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നാണ് കണ്ടെത്തൽ. ഇതിനായുളള നടപടിക്രമങ്ങൾ ഗസറ്റിൽ അടക്കം വിജ്ഞാപനം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാൽ വീണ്ടും ലൈസൻസ് നൽകുന്നതിന് സർക്കാരിന് നടപടിക്രമങ്ങൾ പാലിച്ച് ആവശ്യമെങ്കിൽ മുന്നോട്ട് പോകാമെന്നും ഉത്തരവിലുണ്ട്.എന്നാൽ മോഹൻലാലിനെതിരായ കേസിൽ നിന്ന് പിൻവാങ്ങാനുളള സർക്കാർ തീരുമാനം അടക്കം കേസിന്‍റെ മറ്റുകാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ‍ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസൻസ് റദ്ദായെങ്കിലും ഇത് പുനസ്ഥാപിക്കാൻ മോഹൻലാൽ ഉടൻ സർക്കാരിനെ സമീപിക്കും.

കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ചു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

0

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ഫറോക്കിലേക്ക് പോകുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. പ്രദേശത്ത് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് അപകടങ്ങൾ പതിവാവുന്നത്. ഒക്ടോബർ 20-ന് രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രിക മരിച്ചിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു മരണം.

ഫ്രഷ്കട്ട് സംഘർഷം: രണ്ട് പേർ അറസ്റ്റിൽ, റിമാൻഡ് ചെയ്തു; കേസിൽ 321 പേർ പ്രതികൾ.

0

* ഫാക്ടറി കത്തിച്ചത് സമരക്കാരല്ല, ലാത്തിച്ചാർജ്ജ് നടന്ന സമയം തന്നെ ഫാക്ടറിക്ക് തീവെച്ചതിൽ ദുരൂഹത, ഉടമകളുടെ പങ്ക് പരിശോധിക്കണം. സമരസമിതി

* വ്യവസായ സ്ഥാപനം തീയിട്ട് നശിപ്പിച്ചതിനെ അപലപിച്ചു.

താമരശ്ശേരി: ഫ്രഷ്കട്ട് സ്ഥാപനത്തിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ താമരശ്ശേരി പോലീസിനെ മർദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.

സംഘർഷത്തിനിടെ താമരശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സായൂജ് കുമാറിനെയും, സബ് ഇൻസ്പെക്ടർ (എസ്.ഐ) വിഷ്ണുവിനെയും മർദ്ദിക്കുകയും, മാരകായുധങ്ങളുമായി വഴി തടസ്സപ്പെടുത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

ഈ കേസിൽ ആകെ 321 പേർ പ്രതികളാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

* ഫാക്ടറി കത്തിച്ചത് സമരക്കാരല്ല, ലാത്തിച്ചാർജ്ജ് നടന്ന സമയം തന്നെ ഫാക്ടറിക്ക് തീവെച്ചതിൽ ദുരൂഹത, ഉടമകളുടെ പങ്ക് പരിശോധിക്കണം. സമരസമിതി

ഫാക്ടറിക്ക് തീവെച്ചതിൽ സമരസമിതിക്ക് പങ്കില്ലെന്ന് സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു വ്യക്തമാക്കി.

പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയ അതേ നിമിഷം തന്നെ ഫാക്ടറിയിൽ തീ വെപ്പ് ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നിൽ ഫാക്ടറി ഉടമകളുടെ ഗുണ്ടകളാണ് എന്ന് സംശയിക്കുന്നു.നിലവിൽ ഫാക്ടറിക്ക് പുറത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്, ഫാക്ടറിക്ക് അകത്തെ ദൃശ്യങ്ങളും പുറത്തു വിടാൻ തയ്യാറാവണം.

സമരസമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്, തീർത്തും ജനാധിപത്യ രൂപത്തിലാണ് സമരം മുന്നോട്ട് പോയത്. സമരം നടന്നന്ന സ്ഥലവും, ഫാക്ടറിയും തമ്മിൽ ഏറെ ദൂരമുണ്ട്, ഫാക്ടറിക്ക് പോലീസ് സംരക്ഷണവുമുണ്ട്, പിന്നെ എങ്ങിനെ അക്രമി സംഘം ഫാക്ടറിക്ക് അകത്തു കടന്നു എന്നതും ദുരൂഹമാണ്.
സമരം പൊളിക്കാനായി ഫാക്ടറി ഉടമകൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണോ തീവെപ്പ് ഉണ്ടായതെന്ന് എന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

* വ്യവസായ സ്ഥാപനം തീയിട്ട് നശിപ്പിച്ചതിനെ അപലപിച്ചു.

ഏതെല്ലാം വിധത്തിലുള്ള എതിർപ്പുകൾ ഉണ്ടെങ്കിലും ഒരു വ്യവസായ സ്ഥാപനത്തെ അഗ്നിക്കിരയാക്കി നശിപ്പിക്കുന്ന നടപടി അപലപനീയമാണെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ലാ പ്രസിഡൻ്റ് അജു എമ്മാനുവൽ പ്രസ്താവിച്ചു.

കോഴിക്കോട് ജില്ലയെ മാലിന്യ വിമുക്തമായി പരിരക്ഷിക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് ജില്ലയിൽ അത്യാവശ്യമായ ഒരു പ്രസ്ഥാനമാണ്. അതിൻ്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെ നിയമപരമായ മാർഗ്ഗത്തിൽ പരിഹരിച്ച് മുന്നോട്ട് നീങ്ങുകയാണ് വേണ്ടത് എന്നും പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം നശിപ്പിക്കുവാനുള്ള വിവിധ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണോ ഈ അക്രമ സംഭവങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അറിയിച്ചു. പൊതു ജനങ്ങളെ മറയാക്കി നിറുത്തി ഒളിവിലിരുന്നു പ്രവർത്തിക്കുന്ന ചില ക്ഷുദ്ര ശക്തികളാണ് ഈ അതിക്രമങ്ങൾക്ക് പുറകിൽ എന്നാണ് പോലീസ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം ദേശവിരുദ്ധ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം.

ആയിരത്തി എണ്ണൂറോളം ഏക്കർ എസ്റ്റേറ്റിന് ഉള്ളിൽ, ജനവാസ മേഖലയിൽ നിന്നും അര കിലോമീറ്ററോളം ആകാശദൂരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഉന്നത നിലവാരമുള്ള സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശപ്രകാരം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരവും മലിനീകരണ നിയന്ത്രണ നിയമപ്രകാരവും, ഫ്രീസർ സംവിധാനമുള്ള വാഹനങ്ങളിലാണ് മാലിന്യം ശേഖരിച്ച് പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന ഭരണകൂടം കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതാണ്. ഇനിയും കൂടുതൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ അവ കണ്ടെത്തി, തെളിയിച്ച് , നിയമ വഴിയിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

അതോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ സ്ഥല സൗകര്യം ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിച്ച് താമരശ്ശേരിയിലെ പ്ലാൻ്റിന്റെ സംസ്കരണ ഭാരം കുറയ്ക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതാണ്.