spot_img
Wednesday, June 24, 2026
Home Blog Page 121

ഫ്രണ്ട്‌സ് ഓഫ് പൊലീസ്’ വ്യാജ സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പെരുകുന്നു;  വിവരം അറിയിക്കാൻ അഭ്യർത്ഥിച്ച് പോലീസ്; കർശന നടപടി..!

0

മലപ്പുറം :ഔദ്യോഗിക പോലീസ് വാഹനങ്ങളിലെ സ്റ്റിക്കറിനോട് സാമ്യമുള്ള ‘ഫ്രണ്ട്‌സ് ഓഫ് പോലീസ്’ എന്ന് രേഖപ്പെടുത്തിയ വ്യാജ സ്റ്റിക്കറുകൾ പതിച്ച സ്വകാര്യ വാഹനങ്ങൾ മലപ്പുറം ജില്ലയിലും വ്യാപകമാകുന്നു. ചുവപ്പ്, നീല പ്രതലത്തിലുള്ള ഇത്തരം വ്യാജ സ്റ്റിക്കറുകളാണ് കൂടുതലായി കാണപ്പെടുന്നത്.

ഈ സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻ ഗ്ലാസുകളിൽ പതിപ്പിച്ച്, തങ്ങൾ പോലീസ് ബന്ധമുള്ളവരാണെന്നോ അല്ലെങ്കിൽ ഔദ്യോഗിക വാഹനമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഉപയോഗിക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റ് ഗതാഗത നിയമ ലംഘനങ്ങൾക്കും ഇത്തരം സ്റ്റിക്കറുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

പോലീസ് വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ കൂടുതലും സീറ്റ് ബെൽറ്റ് ഇടാത്തതാണ് :പോലീസ്

0

മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്താകെ സ്ഥാപിച്ച ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റ് ബെൽറ്റ് ഇടാത്തതാണ്. 2025 ജനുവരി ഒന്ന് മുതൽ ഒക്ടോബർ അഞ്ച് വരെ ആകെ 12, 39,457 ചെല്ലാനുകളാണ് പുറപ്പെടുവിച്ചത്. ഇതിൽ 6,57,771 എണ്ണം ഡ്രൈവർമാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനും 5,81,686 എണ്ണം സഹയാത്രികർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനുമാണ്. ആകെ 62 കോടിയോളം രൂപ പിഴയായി ഈ ഇനത്തിൽ ലഭിക്കേണ്ടതാണ്.

2024ൽ 25,73,280 സീറ്റ്‌ബെൽറ്റ് നിയമലംഘനങ്ങളിലായി 129 കോടി രൂപയോളമാണ് പിഴത്തുക കണക്കാക്കിയിട്ടുള്ളത്. നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാനായി ഗതാഗത നിയമങ്ങൾ ശക്തമാക്കിയെങ്കിലും ഇപ്പോഴും ജനങ്ങൾ നിയമം പാലിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നില്ല എന്നതിന് തെളിവാണ് ഈ കണക്കുകൾ കാണിക്കുന്നത്. പിഴപ്പട്ടികയിൽ രണ്ടാം സ്ഥാനം ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനും, മൂന്നാമത് ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനുമാണ്. #keralapolice #statepolicemediacentre

ചികിത്സാപിഴവ്; കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ

0

കോഴിക്കോട്: വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട്‌ പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടക്കുന്നത്.അതേസമയം, കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.

ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോർട്ട്‌ തള്ളിയാണ് സർക്കാർ നടപടി.സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎല്‍എ കെ. ബാബുവും പറഞ്ഞിരുന്നു.പാലക്കാട് പല്ലശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.

ചുമ മരുന്നുകളുടെ ഉപയോഗം: വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

0

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.

തെരുവുനായ് ശല്യത്തിനെതിരായ നാടകത്തിനിടെ നായുടെ ആക്രമണം; കാണികള്‍ കരുതിയത് നാടകത്തിന്റെ ഭാഗമെന്ന്

0

കണ്ണൂർ:മയ്യിൽ കണ്ടക്കൈയില്‍ തെരുവുനായ് ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നായുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ് കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് നായുടെ കടിയേറ്റത്. 

മൈക്കിലൂടെ നായ് കുരക്കുന്നത് പോലുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഇതിലൊരു നായാണ് അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ കടിച്ചത്.  നാടകത്തിനിടെ നായ്ക്കളുടെ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ് ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.   നാടകം പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കൈകൾക്കും കാലിനുമാണ് കടിയേറ്റത്.

ഭാഗ്യശാലി ആരെന്ന് ഇന്നറിയാം, തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

0

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. 12 കോടി രൂപയാണ് പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. ഇന്ന് നടക്കുന്ന ചടങ്ങിൽ പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. ആന്‍റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. വി കെ പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതനായിരിക്കും.കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ്. 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.

യുവതിയുൾപ്പെടെ 3 യുവാക്കൾ രാസലഹരിയുമായി പിടിയിൽ

0

പാലക്കാട്: മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ രാസലഹരിയുമായി യുവതിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടികൂടി. ഇന്ന് രാവിലെ 10.25ന് ആണ് ഇവർ പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറിൽ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്പർ മുറിയിലേക്ക് പോകുകയായിരുന്നു. ആദ്യം പൊലീസ് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പൊലിസാണെന്നറിയിച്ചതോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറക്കുകയായിരുന്നു.

കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും പൊലീസ് കണ്ടെത്തിയത്. പിടിയിലായ മർജീന അഞ്ചുവർഷമായി ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. ലഹരി തേടിയാണ് സുഹൃത്ത് മുഖേന മർജീന മണ്ണാർക്കാടെത്തിയത്. ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി രണ്ടു ദിവസത്തേക്ക് ലോഡ്ജ് മുറിയെടുത്ത് നൽകിയത് പിടിയിലായ മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ ആയിരുന്നു. ഇയാൾ തന്നെയാണ് മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ലഹരി വിൽപന നടത്തുന്ന അപ്പക്കാടൻ മുനീറിനെ മർജീനയ്ക്ക് പരിചയപ്പെടുത്തിയത്. കഞ്ചാവും എംഡിഎംഎയുയുമായി മുനീർ മർജീനയ്ക്കരികിലെത്തി. പിന്നാലെയായിരുന്നു പൊലീസിൻറെ പരിശോധന. ലോഡ്ജ് മുറിയിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ത്രാസ്, സിപ് കവർ, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാധ്യമ കുലപതിക്ക് വിട; ടിജെഎസ് ജോര്‍ജ് അന്തരിച്ചു

0

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് (97) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മാധ്യമ കുലപതിയാണ് ടിജെഎസ് ജോര്‍ജ്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണലില്‍ നിന്നാണ് ടിജെഎസ് ജോര്‍ജിന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഡിറ്റോറിയല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടിജെഎസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന ആത്മകഥ ഏറെ പ്രസിദ്ധമാണ്. ഇതുള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചു. വി കെ കൃഷ്ണമേനോന്‍, എം എസ് സുബ്ബലക്ഷ്മി, പോത്തന്‍ ജോസഫ് മുതലായവരുടെ ജീവചരിത്രങ്ങളെഴുതിയിട്ടുണ്ട്. 2011ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2017ല്‍ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചു. അമ്മു ജോര്‍ജാണ് ഭാര്യ. പ്രശസ്ത എഴുത്തുകാരന്‍ ജീത് തയ്യിലും ഷേബ തയ്യിലും മക്കളാണ്.

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താന്റെ അഞ്ച് എഫ്- 16 ഉള്‍പ്പെടെ 10 വിമാനങ്ങള്‍ തകർത്തു; വ്യോമ സേനാ മേധാവി

0

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ വീണ്ടും വാർത്താ സമ്മേളനവുമായി വ്യോമസേന. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി സിങ് പറഞ്ഞു.വെടിനിർത്തല്‍ ആവശ്യം മുന്നോട്ട് വെച്ചത് പാകിസ്താനാനെന്നും എ.പി സിങ് കൂട്ടിച്ചേർത്തു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുഎവി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. ഇന്ത്യയുടെ ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ (എസ്എഎം) ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചുവെന്നും എ.പി സിങ് വ്യക്തമാക്കി.ഞങ്ങള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്താന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു.

കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ മദ്രാസ് ഹൈക്കോടതി തള്ളി

0

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെയുടെത് അടക്കം ഒരു കൂട്ടം ഹരജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞുസിബിഐ അന്വേഷണത്തെ തമിഴ്നാട് സർക്കാർ എതിർത്തു. ദുരന്തത്തിൽ സർക്കാറിനും ടിവികെക്കും കോടതിയുടെ വിമർശനം ഉണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ ആരാണ് നിയന്ത്രിക്കേണ്ടത് എന്നും കോടതി ആരാഞ്ഞു.തമിഴ്നാട് സർക്കാരിനെയും വിമർശിച്ചു. പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു.