spot_img
Thursday, June 25, 2026
Home Blog Page 124

പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് സ്റ്റാലിൻ.

0

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്

ചെന്നൈ: കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. 7:45ന് വിവരം അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു.

മരിച്ച 39 പേരിൽ 17 പേർ സ്ത്രീകളാണ്. 4 ആൺകുട്ടികളും 5 പെൺകുട്ടികളും ഈ ദാരുണമായ സംഭവത്തിൽ മരണമടഞ്ഞിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഇതിൽ 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂർ സ്വദേശികളായ 28 പേരും, ഈറോഡ് നിന്നുള്ള 2 പേരും തിരുപ്പൂർ നിന്നുള്ള 2 പേരും, ഡിണ്ടിഗലിൽ നിന്നുള്ള 32 പേരും, സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്. അതേ സമയം ടിവികെയുടെ കരൂരിൽ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ വിജയ് മടങ്ങിയത് വിവാദമാകുന്നു. റാലി നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന സാഹചര്യത്തിലാണ് വിജയ് പ്രതികരണമൊന്നും നടത്താതെ കാരവാനിലേക്ക് കയറിയതും പിന്നീട് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങിയതും.വിജയുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.

എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’; ദുരന്തത്തില്‍ പ്രതികരിച്ച് വിജയ്

കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വേദന. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിജയ് എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ പറഞ്ഞു.


‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്.

ദുരന്തമുണ്ടായ കരൂരില്‍ നിന്നും പോയ വിജയ് ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയ്‌യുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

0

അടുത്ത മുന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും; 21 മരണം, നിരവധി പേർ കുഴഞ്ഞുവീണു

0

ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 21 പേർ മരിച്ചു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. കരൂരി‍ൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.

തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി.

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു

0

മലപ്പുറം തലപ്പാറ വലിയപറമ്പിൽ വാഹനാപകടത്തിൽ രണ്ട് മരണം. മൂന്നുപേർക്ക് പരിക്ക്. തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം അരീത്തോട് വലിയപറമ്പിൽ വെള്ളിയാഴ്‌ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.പള്ളിയിൽ മതപഠനം കഴിഞ്ഞു മടങ്ങിയ അഞ്ച് ദർസ് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ് അഞ്ചുപേരും. ഉസ്‌മാൻ സംഭവ സ്ഥലത്തുവെച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റ മൂന്നുപേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടകാരണം വ്യക്തമല്ല.

കോഴിക്കോട്ട് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ കാർ ഇടിച്ചു കയറി; ഒരു മരണം

0

കോഴിക്കോട് ∙ മാവൂർ റോഡിൽ പുതിയ സ്റ്റാൻഡിനു സമീപം കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കൊയിലാണ്ടി സ്വദേശി സാജിദ എന്ന യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.കാറിലുണ്ടായിരുന്ന താനൂർ സ്വദേശികളായ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ബീച്ച് പരിസരത്ത് നിന്നാണ് ഇവർ മാവൂർ റോഡിലേക്ക് കാർ ഓടിച്ചെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.മാവൂർ റോഡിലെ സിഗ്നലിന് സമീപത്തുള്ള സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്നവരെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗോപാലന്റെ ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് 4 പുതിയ എസി ബസുകൾ; ശബരിമല സ്പെഷൽ ട്രെയിനുകളുടെ എണ്ണം കൂട്ടും

0

ബെംഗളൂരു: ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ കൂടുതൽ എസി സീറ്റർ ബസ് സർവീസ് ആരംഭിക്കാൻ കേരള ആർടിസി. കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി ബസുകളാണു ലഭിക്കുക. നിലവിൽ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് 3 എസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ രണ്ടെണ്ണം സ്വിഫ്റ്റും ഒരെണ്ണം കേരള ആർടിസിയുടെ ഗരുഡ പ്രീമിയവുമാണ് (നവകേരള ബസ്). കൂടാതെ മൈസൂരു വഴിയുള്ള തിരുവനന്തപുരം, കൊട്ടാരക്കര എസി സീറ്റർ കം സ്ലീപ്പർ ബസുകൾ കോഴിക്കോട് വഴി കടന്നുപോകുന്നുണ്ട്. കർണാടക ആർടിസിയും സ്വകാര്യ ബസുകളും കോഴിക്കോട്ടേക്കു കൂടുതൽ എസി സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിച്ചിരുന്നു.

മണ്ഡലകാലത്തിനു രണ്ടു മാസം ബാക്കിനിൽക്കെ കർണാടകയിലെ കൂടുതൽ ഇടങ്ങളിൽ നിന്ന് കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്കുള്ള പ്രതിവാര സർവീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 28 മുതൽ ഡിസംബർ 29 വരെയുള്ള സ്പെഷൽ ട്രെയിൻ ബെംഗളൂരു വഴിയാണ് പോകുന്നത്. കഴിഞ്ഞ വർഷം ബെളഗാവിയിൽ നിന്ന് കൊല്ലം, കോട്ടയം എന്ന‍ിവിടങ്ങളിലേക്കു ശബരിമല സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. മൈസൂരു, വിജയാപുര, ബെള്ളാരി എന്നിവിടങ്ങളിൽ നിന്നും ശബരിമല സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ കൂട്ടായ്മകൾ ദക്ഷിണ പശ്ചിമ റെയിൽവേ സോണൽ മാനേജർമാർക്ക് നിവേദനം നൽകിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കാനും സാധ്യതയുണ്ട്.

അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ്; നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതി. നാലുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണക്കോടതിക്ക് നിർദേശം നൽകിയത്.

കേസിലെ മറ്റൊരു പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പതിനാറ് വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ഹർജി പരിഗണിച്ച കോടതി അന്തിമവാദങ്ങൾ പൂർത്തിയാക്കി വിധി പറയണമെന്ന് നിർദേശം നൽകുകയായിരുന്നു. 2008ല്‍ ബെംഗളൂരുവിൽ നടന്ന സ്‌ഫോടന പരമ്പരകളിൽ 31ാം പ്രതിയാണ് മഅദനി. കേസിലെ 28ാം പ്രതിയാണ് താജുദ്ദീൻ.കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന മഅദനി നിലവിൽ ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീം കോടതി നൽകിയ ജാമ്യവ്യവസ്ഥയിൽ കേരളത്തിൽ ചികിത്സയിലാണ്.

ഓപ്പറേഷൻ നുംഖോർ; ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, കസ്റ്റംസ് റെയ്ഡ് തുടരും

0

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന് അടക്കമുള്ളവര്‍ക്ക് നോട്ടീസ് നൽകുന്ന കാര്യത്തില്‍ തീരുമാനമായില്ല. ദുൽഖറിന്‍റേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായി തെരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആര്‍ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200% തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്. ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം.ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‍യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150 ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാച രേഖകളുണ്ടാക്കി ഇന്ത്യൻ രജിസ്ട്രേഷൻ സംഘടിപ്പിക്കും. അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിച്ച് ആ സംസ്ഥാനങ്ങളിൽ വീണ്ടും രജിസ്ട്രർ ചെയ്യും. തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും ഒരു ട്രേസ് മാർക്ക് പോലും അവശേഷിപ്പിക്കാത്ത തരത്തിൽ കാറുകൾ നിരത്തിലിറക്കും. കാർ ഡീലർമാർ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കും.

തൊഴിലിടങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം -വനിത കമീഷന്‍ അധ്യക്ഷ

0

കോഴിക്കോട്:തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കോഴിക്കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013’ സബ്ജില്ല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തൊഴിലിടങ്ങളില്‍ പോഷ് ആക്ട് അനുസരിച്ച് സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വനിത-ശിശു വികസന വകുപ്പ് പോര്‍ട്ടല്‍ ആരംഭിച്ചത് വനിത കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍, നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം പൂര്‍ണതലത്തില്‍ ഇപ്പോഴും സ്ഥാപനങ്ങളില്‍ നടപ്പായിട്ടില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ അതിനായി കൂടുതല്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.സമൂഹത്തിന് സ്ത്രീയോടുള്ള വീക്ഷണഗതി വികലമാകുന്നതിന്റെ കാഴ്ചകള്‍ സമീപകാല വാര്‍ത്തകളില്‍ കാണാന്‍ കഴിയുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കകത്ത് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം എല്ലാവര്‍ക്കും ഒരുക്കണമെന്നും അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.പരിപാടിയില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി അബ്ദുല്‍ കരീം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രജി ആര്‍. നായര്‍, എം.കെ സുഹൈല എന്നിവര്‍ സംസാരിച്ചു. ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ വി എല്‍ അനീഷ ക്ലാസെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ നന്ദിയും പറഞ്ഞു.