സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കാനും സാധ്യതയുണ്ട്.
അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ്; നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീം കോടതി. നാലുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണക്കോടതിക്ക് നിർദേശം നൽകിയത്.
കേസിലെ മറ്റൊരു പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പതിനാറ് വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ഹർജി പരിഗണിച്ച കോടതി അന്തിമവാദങ്ങൾ പൂർത്തിയാക്കി വിധി പറയണമെന്ന് നിർദേശം നൽകുകയായിരുന്നു. 2008ല്‍ ബെംഗളൂരുവിൽ നടന്ന സ്‌ഫോടന പരമ്പരകളിൽ 31ാം പ്രതിയാണ് മഅദനി. കേസിലെ 28ാം പ്രതിയാണ് താജുദ്ദീൻ.കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന മഅദനി നിലവിൽ ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീം കോടതി നൽകിയ ജാമ്യവ്യവസ്ഥയിൽ കേരളത്തിൽ ചികിത്സയിലാണ്.
ഓപ്പറേഷൻ നുംഖോർ; ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, കസ്റ്റംസ് റെയ്ഡ് തുടരും
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന് അടക്കമുള്ളവര്‍ക്ക് നോട്ടീസ് നൽകുന്ന കാര്യത്തില്‍ തീരുമാനമായില്ല. ദുൽഖറിന്‍റേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായി തെരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആര്‍ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200% തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്. ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം.ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‍യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150 ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാച രേഖകളുണ്ടാക്കി ഇന്ത്യൻ രജിസ്ട്രേഷൻ സംഘടിപ്പിക്കും. അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിച്ച് ആ സംസ്ഥാനങ്ങളിൽ വീണ്ടും രജിസ്ട്രർ ചെയ്യും. തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും ഒരു ട്രേസ് മാർക്ക് പോലും അവശേഷിപ്പിക്കാത്ത തരത്തിൽ കാറുകൾ നിരത്തിലിറക്കും. കാർ ഡീലർമാർ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കും.
തൊഴിലിടങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം -വനിത കമീഷന്‍ അധ്യക്ഷ
കോഴിക്കോട്:തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കോഴിക്കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013’ സബ്ജില്ല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തൊഴിലിടങ്ങളില്‍ പോഷ് ആക്ട് അനുസരിച്ച് സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വനിത-ശിശു വികസന വകുപ്പ് പോര്‍ട്ടല്‍ ആരംഭിച്ചത് വനിത കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍, നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം പൂര്‍ണതലത്തില്‍ ഇപ്പോഴും സ്ഥാപനങ്ങളില്‍ നടപ്പായിട്ടില്ല. കൂടുതല്‍ സ്ഥാപനങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ അതിനായി കൂടുതല്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.സമൂഹത്തിന് സ്ത്രീയോടുള്ള വീക്ഷണഗതി വികലമാകുന്നതിന്റെ കാഴ്ചകള്‍ സമീപകാല വാര്‍ത്തകളില്‍ കാണാന്‍ കഴിയുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കകത്ത് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം എല്ലാവര്‍ക്കും ഒരുക്കണമെന്നും അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു.പരിപാടിയില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി അബ്ദുല്‍ കരീം, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രജി ആര്‍. നായര്‍, എം.കെ സുഹൈല എന്നിവര്‍ സംസാരിച്ചു. ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ വി എല്‍ അനീഷ ക്ലാസെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ നന്ദിയും പറഞ്ഞു.
തദ്ദേശപൊതുതിരഞ്ഞെടുപ്പ് : സംവരണവാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ
തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാകളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തികളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചിയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും. പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും.വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in ൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് സെപ്തംബർ 26 ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്തംബർ 25 നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് സെപ്തംബർ 29, 30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. അതിനു വേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം.ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എലിപ്പനി: ജാഗ്രത പുലര്‍ത്തണം
എലിപ്പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, പേശീവേദന, കണ്ണിന് ചുവപ്പ്-മഞ്ഞനിറം, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. എലിപ്പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണം. ആരംഭത്തില്‍ തന്നെ ചികിത്സയെടുത്താല്‍ രോഗം പൂര്‍ണമായി സുഖപ്പെടുത്താനാവും. സ്വയം ചികിത്സക്ക് മുതിരുന്നത് രോഗം ഗുരുതരമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മലിനജലവുമായി ഇടപഴകുന്നവരില്‍ എലിപ്പനി സാധ്യത കൂടുതല്‍ കാണുന്നതിനാല്‍ പ്രതിരോധ ഗുളിക കഴിക്കാവുന്നതാണ്. ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
ഭൂട്ടാൻ കാർ കള്ളക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ നടപടികൾ തീരും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല, ഉടമകൾ തന്നെ സൂക്ഷിക്കണം
എറണാകുളം: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല ഉടമകളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും
ഭൂട്ടാൻ കാർ കള്ളക്കടത്ത്, മറ്റു കേന്ദ്ര ഏജൻസികളും അന്വേഷിക്കും, വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി, ഇക്കാര്യം എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും, ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും, എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിക്കും, വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പോലീസിന് അന്വേഷിക്കാം, വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും, ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും മിക്കതും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്. രേഖകളും വിവരങ്ങളും കസ്റ്റംസ് പ്രിവന്റ് ചെയ്ത് തന്നെ വിവിധ ഏജൻസികൾക്ക് കൈമാറും.
ഓപ്പറേഷന്‍ നുംഖോര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന
കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു
ഇന്ത്യയില്‍ എത്തിയത് 150 കാറുകള്‍, അതില്‍ 20 എണ്ണം കേരളത്തില്‍ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. ഈ വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന.
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയിലെത്തി
ഡൽഹി:വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്ന് പതിമൂന്നുകാരനായ അഫ്ഗാൻ ബാലൻ ഇന്ത്യയിലെത്തി. കാം എയർലൈൻസിന്റെ ലാൻഡിങ് ഗിയറിലായിരുന്നു സാഹസിക യാത്ര. സുരക്ഷ നടപടികൾ പൂർത്തിയാക്കി കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചു.അഫ്ഗാനിസ്ഥാനിലെ കുന്ദുസ് സ്വദേശിയാണ് 13 കാരൻ.
ഇറാനിലേക്ക് പോകാൻ ആഗ്രഹിച്ചാണ് സാഹസിക യാത്ര നടത്തിയത് എന്നാണ് റിപ്പോർട്ട്.
കാബൂൾ-ഡൽഹി സെക്ടറിൽ സർവീസ് നടത്തുന്ന കാം എയർലൈൻസിന്റെ RQ-4401 വിമാനം ഞായറാഴ്ച രാവിലെ 11:10-ഓടെ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 94 മിനിറ്റ് നീണ്ട പറക്കൽ അതിജീവിച്ചായിരുന്നു കുട്ടിയുടെ യാത്ര.
വിമാനത്തിന് സമീപം ടാക്സിവേയിലൂടെ ഒരു ബാലൻ നടക്കുന്നത് ശ്രദ്ധിച്ച വിമാനക്കമ്പനിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ആണ് വിവരം വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന് നല്‍കിയത്. ഇതേത്തുടര്‍ന്ന് കുട്ടിയെ ടെർമിനൽ-3-ൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിടുത്തു. ഉടന്‍ തന്നെ മറ്റു സുരക്ഷാ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കുക: പോലീസ്
പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കുക.
പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ വൻ വിലക്കുറവിൽ വില്പന നടത്തുന്നതായി പ്രഖ്യാപിക്കുന്ന അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ.
വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ പ്രവേശിക്കരുത്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
#statepolicemediacentre #keralapolice



