spot_img
Sunday, August 9, 2026
Home Blog Page 14

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ; തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ: മന്ത്രി അനൂപ് ജേക്കബ്.

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ. തുണി സഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളുണ്ടാകുമെന്നും വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കുമെന്നും നെൽകർഷകർക്കുള്ള കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരാനുള്ള നീക്കങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. 13 ഇന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉടൻ ഉറപ്പാക്കും. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾക്ക് തുടക്കമാകും. ജില്ലകളിൽ 12 മുതലും നിയോജകമണ്ഡലങ്ങളിൽ അവസാന ആഴ്ചകളിലും ഓണം ഫെയറുകൾ ആരംഭിക്കും’. മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് പത്ത് മുതൽ മഞ്ഞക്കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ഓണക്കിറ്റ് തുണിസഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളാണ് വിതരണം ചെയ്യുക. ഒരു കിറ്റിന് 854 രൂപ നിരക്കിൽ വിതരണം ചെയ്യും’. മന്ത്രി പ്രഖ്യാപിച്ചു.മണ്ണെണ്ണ അലോട്ട്മെന്‍റ് കേന്ദ്രം വെട്ടിക്കുറക്കുകയാണെന്നും അരിവിലക്കയറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: സ്‌കൂളുകളില്‍ കെ ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടിയില്‍ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ ബദല്‍ മാര്‍ഗം തേടാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും. സ്‌കൂളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുമെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.ഇനി മുതല്‍ കെ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനത്തിന് സ്‌കൂളുകള്‍ പണമടയ്ക്കണം എന്നായിരുന്നു അറിയിപ്പ്. ഇനി ബില്ല് അടക്കുന്നവര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് സേവനം നല്‍കിയാല്‍ മതിയെന്ന് കെ ഫോണ്‍ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് കെ ഫോണ്‍ ഇമെയില്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് 6000 സ്‌കൂളുകളിലാണ് കെ ഫോണ്‍ സേവനം നല്‍കുന്നത്. ഒരു ഓഫീസിനും ഇനി മുതല്‍ സൗജന്യമില്ലെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്. 2018 മുതലാണ് കെ ഫോണ്‍ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോണ്‍ ആവശ്യമെങ്കില്‍ അറിയിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു

സംസ്ഥാനത്തെ എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി വകുപ്പിന് കീഴില്‍ കെഎസ്ഇബി, കെഎസ്‌ഐടിഐഎല്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഐടി പാര്‍ക്കുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം കെ ഫോണ്‍ വഴി ബന്ധിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ്

0

കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി.

0

കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ലെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും പഴക്കമേറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്സവകാലത്ത് ആവശ്യത്തിന് സര്‍വീസുകള്‍ നടത്താന്‍ പ്രയാസമാണ്. കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളാണ് ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നത്.

ഈ സമയം സ്വകാര്യ മേഖലയില്‍ ടിക്കറ്റ് നിരക്ക് രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ ഉയര്‍ത്താറുണ്ട്. 1,500 രൂപയുള്ള ടിക്കറ്റുകള്‍ക്ക് 3,000 മുതല്‍ 4,000 രൂപ വരെ ഈടാക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് എസി ബസുകളിലെ യാത്ര ബുദ്ധിമുട്ടാകുന്നു.മികച്ച നിലയിലുള്ള ബസുകള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ സ്വകാര്യ ബസ് ഉടമകളോട് മന്ത്രി അഭ്യര്‍ഥിച്ചു. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ബസുകള്‍ നല്‍കുന്ന ഉടമകള്‍ക്ക് അന്നന്നത്തെ വരുമാനം പങ്കുവെക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണ്. കെഎസ്ആര്‍ടിസി നിലവില്‍ സാമ്പത്തിക സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും നിലവിലെ ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നുണ്ടെന്നും അതിനാല്‍ ബസ് ഉടമകള്‍ സഹകരിക്കാന്‍ മടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

പ്രൈമറിസ്കൂൾ തലത്തിൽ ഡിജിറ്റൽ വിപ്ലവം ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിക്ക് തുടക്കം.

0

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി ചെയ്തു.

കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗ്ഗരേഖയും പ്രകാശനം ചെയ്തു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം, സർഗ്ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കും.

ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി ‘സ്കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമാണ്. പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.ജില്ലാ കോർഡിനേറ്റർ കെ. മനോജ് കുമാർ, മാസ്റ്റർ ട്രെയിനർമാരായ ഇ.ടി. രമേഷൻ, എൻ.എം ആഘോഷ്, കെ.പി. നൗഫൽ, പി. അനുപമ, ജവാദ് അലി, പ്രസൂൺ മാധവ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. തുടർന്നുള്ള ശിൽപശാലകൾ 29, 30 തീയതികളിൽ നടക്കും.

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി, നടേരി സ്വദേശി ബിജു ( 49) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

രോഗി അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായോ പ്രാഥമിക വിലയിരുത്തലിൽ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു.നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ മൂലമുള്ളതിന് 70-90 ശതമാനവുമാണ് മരണനിരക്ക്. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

0

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത്. രാവിലെ ഏഴേമുക്കാലോടെയാണ് അപടമുണ്ടായതെന്ന് പ്രദേശവാസി പ്രതികരിച്ചു

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; കെട്ടിടത്തിന്റെ ചുവര് പൊളിച്ച് രക്ഷാപ്രവർത്തനം തുടരുന്നു.

0

കോഴിക്കോട്: ബേപ്പൂർ വെസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ‘രേണുക’ വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തം മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള എണ്ണ ടാങ്ക് ഇപ്പോഴും ആളിപ്പടർന്ന് കത്തുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.

മില്ലിനുള്ളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്ന്, ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ചുവരുകൾ പൊളിച്ച് അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ് സംഘം. വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മില്ലിൽ ക്വിന്‍റൽ കണക്കിന് കൊപ്രയും വലിയ അളവിൽ വെളിച്ചെണ്ണയും സൂക്ഷിച്ചിരുന്നതാണ് തീ വേഗത്തിൽ പടരാൻ കാരണമായത്. മീഞ്ചന്ത അടക്കമുള്ള വിവിധ സ്റ്റേഷനുകളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എണ്ണയുടെ സാന്നിധ്യം കാരണം തീ പെട്ടെന്ന് അണയ്ക്കുക പ്രയാസകരമാണെന്നാണ് വിലയിരുത്തൽ. സമീപപ്രദേശങ്ങളിലേക്ക് പുക പടർന്നത് നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം ഇതുവരെയും കണ്ടെത്താനായില്ല. വൻതോതിലുള്ള സാമ്പത്തികനഷ്ടമാണ് പ്രാഥമികമായി പ്രതീക്ഷിക്കുന്നത്.

മഴ ശക്തം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 – 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡീഷ -പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ 27 ഉച്ചയോടെ അതിതീവ്ര ന്യൂനമര്‍ദം വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കൂടാതെ, പടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ന്യൂനമര്‍ദം തുടരുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ജൂലൈ 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ജൂലൈ 30 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 29ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാൻ ഫെയ്സ്ബുക്ക്; എല്ലാവര്‍ക്കും സൗജന്യമായി ‘വെരിഫൈഡ് ബാഡ്ജ്’ നേടാം!

0

വ്യാജ അക്കൗണ്ടുകള്‍ക്കും എ.ഐ നിർമ്മിത പ്രൊഫൈലുകള്‍ക്കും തടയിടാൻ പുതിയ ഫീച്ചറുമായി ഫെയ്സ്ബുക്ക്. സാധാരണ ഉപയോക്താക്കള്‍ക്കും തങ്ങളുടെ അക്കൗണ്ട് യഥാർത്ഥ വ്യക്തിയുടേതാണെന്ന് തെളിയിക്കാൻ സൗജന്യമായി വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാൻ സഹായിക്കുന്ന ‘ഫെയ്സ്ബുക്ക് വെരിഫൈഡ്’ എന്ന സേവനമാണ് കമ്പനി അവതരിപ്പിച്ചത്.പ്രശസ്തരായ വ്യക്തികള്‍ക്കും പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ തുക നല്‍കുന്നവർക്കും മാത്രമായി നല്‍കിയിരുന്ന വെരിഫിക്കേഷൻ ബാഡ്ജില്‍ നിന്നാണ് ഈ പുതിയ മാറ്റം.*വെരിഫിക്കേഷൻ ബാഡ്ജ് എങ്ങനെ സ്വന്തമാക്കാം?*ഉപയോക്താക്കള്‍ ഒരു ചെറിയ സെല്‍ഫി വീഡിയോ ഫെയ്സ്ബുക്കിന് നല്‍കേണ്ടതുണ്ട്. ഈ വീഡിയോ പ്രൊഫൈലിലെ ചിത്രങ്ങളുമായി എ.ഐ സാങ്കേതികവിദ്യ വഴി താരതമ്യം ചെയ്യുകയും അക്കൗണ്ട് യഥാർത്ഥ മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഈ സേവനത്തിനായി ഉപയോക്താക്കള്‍ തുകയൊന്നും നല്‍കേണ്ടതില്ല. വെരിഫൈ ചെയ്ത അക്കൗണ്ടുകളിലെ പേരുകള്‍ക്കൊപ്പം വെള്ള പശ്ചാത്തലത്തില്‍ കറുത്ത നിറത്തിലുള്ള ചെക്ക്മാർക്ക് കാണാം.

ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താവിന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. അക്കൗണ്ടിന് മുൻകാലങ്ങളില്‍ വഞ്ചനാപരമായ പെരുമാറ്റം, തട്ടിപ്പുകള്‍ അല്ലെങ്കില്‍ മറ്റ് സ്കാമുകള്‍ എന്നിവയുടെ ചരിത്രം ഉണ്ടാകരുത്. വെരിഫൈ ചെയ്ത ശേഷവും ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകളും കൊമേഴ്‌സ് പോളിസികളും അക്കൗണ്ട് ഉടമ കർശനമായി പാലിക്കണം. അക്കൗണ്ട് ഉടമ ഒരു യഥാർത്ഥ വ്യക്തിയാണെന്ന് മാത്രമാണ് ഈ ബാഡ്ജ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ ഉപയോക്താവിന്റെ വ്യക്തിപരമായ പെരുമാറ്റത്തിനോ പ്ലാറ്റ്‌ഫോമിലെ സുരക്ഷയ്ക്കോ ഫെയ്സ്ബുക്ക് പൂർണ്ണ ഉത്തരവാദിത്തം വഹിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.