spot_img
Saturday, June 27, 2026
Home Blog Page 144

മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്നലെ റെഡ് അലർട്ട് എല്ലാം പിൻവലിച്ചിരുന്നു.ഇന്നലെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ‍് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

റേഷൻ വിതരണത്തിൽ സുതാര്യത ഉറപ്പാക്കും: ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു

0

കേരളത്തിലെ റേഷൻ വിതരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. 2018 മുതൽ 14,000-ത്തിലധികം റേഷൻ കടകളിൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീനുകൾ വഴി വിതരണം മെച്ചപ്പെടുത്തി. ഇപ്പോൾ, ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങളുമായി (ഇ-ബാലൻസ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അളവും തൂക്കവും കൃത്യമാക്കി, ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കും.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങൾ വാങ്ങാൻ ഇ-ടെണ്ടർ നടപടികൾ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ഇ-പോസ് ഇന്റഗ്രേഷൻ, വാറന്റി, എഎംസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെണ്ടർ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ റേഷൻ കടകളിലും ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.ബ്ലൂടൂത്ത് അല്ലെങ്കിൽ യുഎസ്ബി വഴി തൂക്കയന്ത്രത്തിൽ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഇ-പോസിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. കൃത്യമായ തൂക്കം ലഭിച്ചാൽ മാത്രം ബില്ലിംഗ് സാധ്യമാകുന്ന സോഫ്‌റ്റ്വെയർ ക്രമീകരണവും നിലവിൽ വരും. 2019ൽ തന്നെ തിരുവനന്തപുരം ജില്ലയിലെ 10 റേഷൻ കടകളിൽ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വിജയമായിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയിലും മികവിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ഈ പദ്ധതിയും മറ്റു സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാകുമെന്നാണ് സർക്കാർ കരുതുന്നത്.

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു

0

അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചത്.

ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺസുഹൃത്തായ അഥീന എനർജി ‍ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു.


ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മില്‍ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ‍. അഥീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. ഇതിനിടെ അഥീന പൊലീസിനെ സമീപിക്കുകയും പരാതിയിൽ കേസാവുകയും ചെയ്തതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു. കോടതിയിൽ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയിൽനിന്നു കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വർധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. ഇതോടെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അഥീന തീരുമാനമെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

കോതമംഗലത്തുനിന്നു ഗൂഗിൾ പേ വഴി പണം നൽകിയാണ് കളനാശിനി അഥീന വാങ്ങിയത്. ജൂലൈ 29ന് അഥീന പലതവണ അൻസിലിനെ വിളിച്ചിരുന്നു. ഫോൺ എടുക്കാൻ തയാറാകാതിരുന്ന അൻസിൽ, അഥീനയുടെ നമ്പർ ബ്ലോക് ചെയ്തു. തുടർന്ന് അഥീന ഒരു സുഹൃത്തിനെ വിളിച്ച് കോൺഫറൻസ് കോൾ വഴി അൻസിലിനോട് സംസാരിക്കുകയും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. അൻസിൽ മദ്യപിക്കില്ല. എന്നാൽ മറ്റെന്തോ ലഹരി ഉപയോഗിച്ചാണ് അൻസിൽ എത്തിയതെന്നാണ് അഥീന നൽകിയിക്കുന്ന മൊഴി. ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി.


അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പൊലീസിനെ ഫോണിൽ വിളിച്ചു. ഇതുകണ്ട അഥീന ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പൊലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും അഥീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അൻസിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് പോകുംവഴി ‘അവൾ എന്നെ ചതിച്ചു’ എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി. അൻസിലിന്റെ മരണശേഷം പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുസമീപത്തുനിന്ന് എനർജി ഡ്രിങ്കിന്റെ കാനും ഫോണും കണ്ടെടുത്തിരുന്നു. ഏറെനാളത്തെ ആസൂത്രത്തിനൊടുവിലാണ് കൊലപാതകമെങ്കിലും മറ്റാരുടെയും സഹായം അഥീനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ അദീനയെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.

നിങ്ങളുടെ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലേ? ഇനി പിഴ ചുമത്തുക 2.5 ലക്ഷം വരെ; പുതിയ നീക്കവുമായി ഗതാഗത മന്ത്രാലയം

0

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം എടുക്കാറുണ്ടോ? എങ്കില്‍ മുട്ടന്‍ പണി വരുന്നുണ്ട്… രണ്ടര ലക്ഷം രൂപ വരെ പിഴ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. മോട്ടര്‍ വാഹന വകുപ്പില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭേദഗതി സംഭവിക്കുന്നതോടെ ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം എടുക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കാന്‍ പോലും ധൈര്യപ്പെട്ടെന്ന് വരില്ല. നിലവില്‍ ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് രണ്ടായിരം രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 4,000 രൂപയായി ഉയരും. നിലവിലെ നിയമപ്രകാരം മൂന്നു മാസം തടവു വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്‍ഷുറന്‍സ് പ്രീമിയത്തിന് അനുസരിച്ച് പിഴ തുകയും ഉയരുന്ന രീതിയിലേക്ക് മാറ്റാനുള്ള നിര്‍ദേശമാണ് നിലവില്‍ സര്‍ക്കാരിന് മുമ്പാകെ ലഭിച്ചിരിക്കുന്നത്. ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ പിഴ ലക്ഷങ്ങളാവുമെന്ന് ചുരുക്കം.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ആദ്യ തവണ ഇന്‍ഷുറന്‍സ് ഇല്ലാത്ത കുറ്റത്തിന് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചിരട്ടിയുമാണ് പിഴ നല്‍കേണ്ടി വരിക. തേഡ് പാര്‍ട്ടി പ്രീമിയമായി 1500 രൂപയോളം അടക്കുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് നിലവില്‍ രണ്ടായിരം രൂപയാണ് പിഴ നല്‍കേണ്ടി വരുക. പുതിയ നിര്‍ദേശപ്രകാരം ആദ്യ തവണ ഇന്‍ഷുറന്‍സില്ലാത്ത കുറ്റത്തിന് ഇവര്‍ 4,500 രൂപയും ആവര്‍ത്തിച്ചാല്‍ 7,500 രൂപയും അടക്കേണ്ടി വരും. 50,000 രൂപ വരെ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്ന ആഡംബര കാര്‍ ഉടമകള്‍ക്കാണ് രണ്ടര ലക്ഷം രൂപ വരെ പിഴ ഉയരുക. ഇന്‍ഷുറന്‍സില്‍ മാത്രമായി ഗതാഗത നിയമ പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ ഒതുങ്ങുന്നില്ല. 55 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനും നിര്‍ദേശമുണ്ട്. അമിത വേഗത, മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ നടത്തുന്നവര്‍ക്കും ലൈസന്‍സ് പുനസ്ഥാപിച്ചു കിട്ടാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തണമെന്നതും നിര്‍ദേശങ്ങളിലുണ്ട്. ഉത്തരവാദിത്വമുള്ള വാഹന ഉടമകള്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സിന്റെ കാര്യം ശ്രദ്ധിച്ചിരിക്കും. അതുകൊണ്ടുതന്നെ പിഴയെ ചൊല്ലിയുള്ള ആശങ്കകള്‍ മാറ്റിവച്ചുകൊണ്ട് ഇന്‍ഷൂറന്‍സ് അടച്ച ശേഷം മാത്രം വാഹനം ഓടിക്കുകയെന്നതിലേക്കെത്തിക്കാന്‍ ഗതാഗത നിയമ പരിഷ്‌ക്കരണങ്ങള്‍ സഹായിച്ചേക്കും.

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി

0

കൊച്ചി: തകര്‍ന്ന ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഗതാഗത പ്രശ്‌നം നാലാഴ്ചയ്ക്കകം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.തകര്‍ന്ന പാതയിലെ ടോള്‍ പിരിവിലാണ് കേന്ദ്ര സര്‍ക്കാരിനും ദേശീയപാതാ അതോറിറ്റിക്കും തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ്. തകര്‍ന്ന ദേശീയപാതയിലെ ടോള്‍ പിരിവാണ് പ്രശ്നമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഇടക്കാല ഉത്തരവനുസരിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് പാടില്ല. ദേശീയപാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. സര്‍വീസ് റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണം. പ്രശ്‌നം പരിഹരിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പൗരന്മാരാണ് ടോള്‍ പിരിവിന്റെ ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം.രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഒരു മാസം മുന്‍പ് അറിയിച്ചത്. എത്രനാള്‍ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ദേശീയപാതാ അതോറിറ്റിയോടുള്ള ചോദ്യം. ദേശീയപാതയിലെ ഗതാഗതപ്രശ്നം മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ആയിരുന്നു ദേശീയപാതാ അതോറിറ്റി തിങ്കളാഴ്ച നല്‍കിയ വിശദീകരണം.

നവാസിനെ അവസാനമായി കാണാനെത്തിയവരെയും വിടാതെ ‘സെല്‍ഫി’; പ്രകോപിതരാകാതെ ക്ഷമയോടെ താരങ്ങൾ

0

അകാലത്തിൽ വിടപറഞ്ഞ കലാഭവൻ നവാസിനെ അവസാനമായി കാണാനെത്തിയ സഹ പ്രവർത്തകരുടെ വഴിമുടക്കി സെൽഫി എടുക്കാനായി മത്സരിച്ചവർക്കെതിരെ വിമർശനം.  നവാസിന്റെ ഭൗതിക ശരീരം അവസാനമായി കാണാനായി നടൻ സായി കുമാർ, ജയസൂര്യ, സുരേഷ് കൃഷ്ണ, ദേവൻ, ലാൽ, തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു.  സായികുമാറിനരികെ സെൽഫി എടുക്കാനായി ഒരാൾ എത്തിയപ്പോൾ സായികുമാർ അയാളെ പിന്തിരിപ്പിക്കുന്ന വിഡീയോ വൈറലായിരുന്നു. ജയസൂര്യ, നവാസിനെ കാണാൻ എത്തിയപ്പോഴും സെൽഫി എടുക്കാനായി ആളുകൾ ഓടിയെത്തി. സെൽഫി എടുക്കാൻ ഫോണുമായി എത്തിയ ആളെ ക്ഷുഭിതമായ ഒരു നോട്ടം കൊണ്ട് നേരിട്ട ജയസൂര്യയുടെ വിഡിയോയും വൈറലായിരുന്നു

സിനിമാ താരം കലാഭവന്‍ നവാസിന്‍റെ സംസ്കാര ചടങ്ങുകള്‍ ആലുവ ടൗൺ ജുമാമസ്ജിദിലായിരുന്നു നടന്നത്. ആലുവ ചൂണ്ടയിലെ വീട്ടിലും  ജുമാമസ്ജിദിലുമായി നടന്ന പൊതുദര്‍ശനത്തിലാണ് സിനിമ മേഖലയിലുള്ളവര്‍ തങ്ങളുടെ പ്രിയ സുഹൃത്തിനെ കാണാനെത്തിയത്. നവാസിന്റെ വിയോഗവാർത്തയറിഞ്ഞെത്തിയ സിനിമാതാരങ്ങളെ കണ്ട് പരിസരം മറന്ന് സെല്‍ഫിയെടുക്കാനായി ആരാധകർ ഓടിയെത്തി.  ആലുവ ടൗൺ ജുമാമസ്ജിദിലെത്തിയ സിനിമാ താരം ലാലിനൊപ്പവും നടന്‍ ദേവനൊപ്പവും പലരും സെല്‍ഫിയെടുത്തു.  താല്പര്യമില്ലാതെയെങ്കിലും സെൽഫിക്കായി സഹകരിക്കുന്ന താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

നടൻ സായി കുമാർ ഭാര്യ ബിന്ദുപണിക്കർക്കൊപ്പമാണ് എത്തിയത്.  സായ്കുമാറിനൊപ്പം സെൽഫി എടുക്കാനെത്തിയ ആളെ താരം പിന്തിരിപ്പിച്ചിരുന്നു. ‘നീ ഒരു തവണ എടുത്തതല്ലേ സെൽഫി, ഇനി മതി’ എന്ന് സായ്കുമാർ ശാന്തമായി പറയുകയായിരുന്നു. അതു കേട്ട ശേഷവും സെൽഫി എടുക്കാനെത്തിയ ആൾ വീണ്ടും ഫോട്ടോ എടുക്കാനായി ശ്രമിക്കുകയായിരുന്നു.  നവാസിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കനെത്തിയ ഒട്ടുമിക്ക എല്ലാ താരങ്ങളോടും സമാനമായ രീതിയിലാണ് ആളുകൾ പ്രതികരിച്ചത്.

സഹപ്രവർത്തകന്റെ വിയോഗ വാർത്ത അറിഞ്ഞെത്തിയ സിനിമാതാരങ്ങളെ നേരവും കാലവും നോക്കാതെ സെൽഫി എടുക്കാൻ തുനിഞ്ഞവരെ കണക്കറ്റ് വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.  ജയസൂര്യ ചെയ്തതാണ് ശരിയായ കാര്യമെന്നും അദ്ദേഹത്തിന്റെ നോട്ടത്തിൽ എല്ലാമുണ്ട് എന്നുമായിരുന്നു പലരും സോഷ്യൽ മീഡിയയിൽ കമന്റു ചെയ്തത്.

സന്ദർഭം നോക്കാതെ പെരുമാറുന്ന സെൽഫി ഭ്രാന്തന്മാർക്ക് ഇത് കിട്ടണമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. മറ്റൊരാളുടെ ദുഃഖത്തിൽ പങ്കുചേരാൻ പോകുന്ന സ്ഥലമാണ് മരണവീട്. അവിടെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഒരു മടിയുമില്ലാതെ പലരും മറക്കുന്നു. സെൽഫി എടുക്കാനും റീൽസ് ചെയ്യാനും ഓടുന്ന ആൾക്കൂട്ടം മനുഷ്യത്വമില്ലാത്തവരാണെന്നും ചിലർ കുറിച്ചു.

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ

0

സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.

ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും. പരീക്ഷകള്‍ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച്‌ ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച്‌ കാസർകോട് ജില്ലയില്‍ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും.

ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

0

തിരുവനന്തപുരം: അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെ ആരോഗ്യനില മോശമാകുകയായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്.

1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.മഴനിലാവ്, ഈയുഗം, നീലഗിരി, ചൈനാ ടൗണ്‍, ഗര്‍ഭശ്രീമാന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. കൂടാതെ ശംഖുമുഖം, വെളുത്തകത്രീന, കടമറ്റത്തുകത്തനാര്‍, സത്യമേവ ജയതേ, സമ്മന്‍ ഇന്‍ അമേരിക്ക മുതലായ സീരിയലുകളിലും വേഷമിട്ടു. ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷ. മക്കള്‍: ഷമീര്‍ ഖാന്‍, അജിത് ഖാന്‍

ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ; വില ഇനിയും കുറയുമെന്ന് മന്ത്രി

0

തിരുവനന്തപുരം : ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലീറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജി.ആർ.അനിൽ പറഞ്ഞു.