spot_img
Thursday, July 2, 2026
Home Blog Page 199

എമ്പുരാൻ വിവാദം: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍

0

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മോഹ‌ൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി

മോഹ‌ൻലാലിന്റെ കുറിപ്പ്

ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.പുതിയ വേര്‍ഷൻ വ്യാഴാഴ്ചഎമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെയാണ് തിയറ്ററുകളിൽ എത്തുക. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

എമ്പുരാന് വെട്ട് വീഴുന്നു: പതിനേഴോളം ഭാഗങ്ങൾ മാറ്റും

0

കൊച്ചി : വിവാദങ്ങൾക്കിടെ പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനങ്ങൾക്കിടയാക്കിയ പതിനേഴോളം രംഗങ്ങളിൽ മാറ്റം വരുത്തും. മാറ്റം വരുത്തിയ ശേഷമുള്ള പതിപ്പായിരിക്കും അടുത്തയാഴ്ച മുതൽ തിയറ്ററിലെത്തുന്നതെന്നാണ് വിവരം. നിർമാതാക്കളുടെ നിർദേശത്തെതുടർന്നാണ് ചില ഭാഗങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റ പേരും സ്ത്രീകൾക്കെതിരെയുള്ള അതിക്രമരംഗങ്ങളും മാറും.ചിത്രത്തിനെതിരെയും സെൻസർ ബോർഡിനെതിരെയും ബിജെപിയും ആർഎസ്എസും രംഗത്തെത്തിയിരുന്നു.

എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. സെൻസർ ബോർഡിലെ ബിജെപി നോമിനികൾക്ക് വിഷയത്തിൽ ഇടപെടുന്നതിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു ബിജെപിയുടെ വിമർശനം.ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നത്.

താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0

താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു-33 ) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

0

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടതോടെ ഗൾഫിൽ ഇന്ന്(30.03.2025) ചെറിയ പെരുന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക.സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും. ഗൾഫ് രാജ്യങ്ങളിലെമ്പാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്.

പാണക്കാട് ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി

0

വയനാട് എംപി പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്.പാണക്കാട് കുടുംബാംഗങ്ങളും പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും പ്രിയങ്കയെ സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധി വീട്ടിൽ വന്നിരുന്നു. ഇഫ്താറിൽ പങ്കെടുത്തു, തികച്ചും സൗഹൃദ സംഭാഷണമായിരുന്നു, രാഷ്ട്രീയ ചർച്ചകൾ ഉണ്ടായിരുന്നില്ലെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.അതേസമയം വയനാട് ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി എംപി. ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓ‍ർമ്മ വരുന്നത്.ആദ്യം താൻ ദുരന്ത ഭൂമിയിൽ എത്തിപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിൻ്റെ ഭീകരതയാണെങ്കിൽ മറു വശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്ചയാണ് കണ്ടിരുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഏപ്രിലിൽ രാജ്യത്ത് 15 ദിവസം ബാങ്ക് അവധി; വിവരങ്ങൾ അറിയാം

0

ഏപ്രിൽ മാസത്തിൽ രാജ്യത്ത് പ്രാദേശിക, ദേശീയ അവധികള്‍ അടക്കം മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്.

മഹാവീര്‍ ജയന്തി, അംബേദ്കര്‍ ജയന്തി, ദുഃഖ വെള്ളി, ബസവ ജയന്തി, വിഷു, അക്ഷയ തൃതീയ തുടങ്ങി നിരവധി പ്രധാനപ്പെട്ട ദിനങ്ങള്‍ ഏപ്രിലില്‍ വരുന്നുണ്ടെന്നതിനാലാണ് ഇത്രയും അവധി ദിനങ്ങൾ വരുന്നത്. വാര്‍ഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്.

ബാങ്ക് അവധി ദിനങ്ങളും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും വിവരങ്ങൾ

ഏപ്രില്‍ 1 (ചൊവ്വ) – ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട് ക്ലോസിങ്- എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 5 (ശനി) ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം – തെലങ്കാനയില്‍ ബാങ്കുകള്‍ അവധി

ഏപ്രില്‍ ആറ് (ഞായറാഴ്ച)- ബാങ്ക് അവധി

ഏപ്രില്‍ 10 (വ്യാഴം) മഹാവീര്‍ ജയന്തി – ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

ഏപ്രില്‍ 12 (രണ്ടാം ശനിയാഴ്ച)

ഏപ്രില്‍ 13 ( ഞായറാഴ്ച)

ഏപ്രില്‍ 14 (തിങ്കളാഴ്ച) – അംബേദ്കര്‍ ജയന്തി, വിഷു, ബിഹു, തമിഴ് പുതുവത്സരം- മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്കുകള്‍ക്ക് അവധി.

ഏപ്രില്‍ 15 (ചൊവ്വ) – ബംഗാളി പുതുവത്സരം, ബൊഹാഗ് ബിഹു, ഹിമാചല്‍ ദിനം- അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 18 (വെള്ളി) – ദുഃഖവെള്ളി – ത്രിപുര, അസം, രാജസ്ഥാന്‍, ജമ്മു, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും അവധി

ഏപ്രില്‍ 20- ഈസ്റ്റര്‍- ഞായറാഴ്ച

ഏപ്രില്‍ 21 (തിങ്കള്‍) – ഗാരിയ പൂജ- ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 26- നാലാമത്തെ ശനിയാഴ്ച

ഏപ്രില്‍ 27- ഞായറാഴ്ച

ഏപ്രില്‍ 29 – (ചൊവ്വ) പരശുരാമ ജയന്തി- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 30 – (ബുധന്‍) ബസവ ജയന്തിയും അക്ഷയ തൃതീയയും- കര്‍ണാടകയില്‍ ബാങ്കുകള്‍ക്ക് അവധി.

ചോദ്യപേപ്പർ ചോർച്ച കേസ്; മുഹമ്മദ് ഷുഹൈബിന് ജാമ്യം

0

ചോദ്യപേപ്പർ ചോർച്ചക്കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ എസ്.രാജീവ്, എം.മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യമനുവദിച്ചത്. നേരത്തെ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു.ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല.തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ്.നേരത്തെ, കസ്റ്റഡിയിൽ ലഭിച്ച ഇരുവരുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങലും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

പാമ്പിന്റെ മാളം എങ്ങനെ തിരിച്ചറിയാം?

0

വീടിന് പുറത്ത് പല ഭാഗങ്ങളിലും ദ്വാരങ്ങൾ ഉള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഒറ്റനോട്ടത്തിൽ തന്നെ നമ്മൾ അതിനെ പാമ്പിന്റെ മാളമാണെന്ന് കരുതുകയും ചെയ്യും. എന്നാൽ ശരിക്കും അത് പാമ്പിന്റെ മാളം തന്നെയാണോ? നിങ്ങൾ എങ്ങനെ ഉറപ്പിക്കും. തീർച്ചയായും നിങ്ങൾ കാണുന്നത് പാമ്പിന്റെ മാളം തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് തെറ്റിദ്ധാരണകളെ ഒഴിവാക്കാനും സഹായിക്കുന്നു. പാമ്പുകളുടെ മാളങ്ങൾ തിരിച്ചറിയാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം. 

പാമ്പിന്റെ മാളം എങ്ങനെയിരിക്കും 

പാമ്പുകൾ സ്വന്തമായി മാളങ്ങൾ കുഴിക്കാറില്ല. പകരം മറ്റ് മൃഗങ്ങൾ കുഴിച്ച് ഉപേക്ഷിച്ച ദ്വാരങ്ങളും മാളങ്ങളും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഇഞ്ച് മുതൽ മൂന്ന് ഇഞ്ച്  വരെയാണ് ഇതിന്റെ വ്യാസം ഉണ്ടാവുന്നത്. ചിലപ്പോൾ ഇത് വൃത്തത്തിലാവാം അല്ലെങ്കിൽ ഓവൽ ആകൃതിയിലും ആകാം. മാളത്തിന്റെ രണ്ട് അറ്റങ്ങളും കൂർത്തിരിക്കുകയും ചെയ്യും. ഇനി മറ്റ് മൃഗങ്ങളുടേതാണെങ്കിൽ അവ ഇങ്ങനെയാവും ഉണ്ടായിരിക്കുക. അണ്ണാൻ കുഴിച്ചതാണെങ്കിൽ വൃത്തിയുള്ളതും ചെറിയ ആകൃതിയിലും ആയിരിക്കും ദ്വാരം കാണപ്പെടുന്നത്. ഇനി ദ്വാരം എലിയുടേതാണെങ്കിൽ സസ്യങ്ങൾക്ക് ചുറ്റും വരുന്ന ചെറിയ രീതിയിലുള്ള കുഴികൾ ആയിട്ടാവും ഉണ്ടാവുന്നത്. ദ്വാരത്തിന് സമീപം പാമ്പിന്റേതെന്ന് തോന്നുന്ന എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ഉദാഹരണത്തിന് പാമ്പിന്റെ തൊലിയോ അല്ലെങ്കിൽ കാഷ്ഠമോ ഉണ്ടോ എന്ന് നോക്കാം. ഇത് ഉണ്ടെങ്കിൽ അത് പാമ്പിന്റെ മാളം തന്നെയാണെന്ന് ഉറപ്പിക്കാൻ സാധിക്കും. 

എലി മാളം 

കുഴികൾ കുഴിക്കുന്നതിൽ പ്രധാനികളാണ് എലികൾ. ഇത് എലിയുടേത് തന്നെയാണോ എന്ന് അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കൈകാലുകളുടെ ചെറിയ അടയാളങ്ങൾ, കുഴിച്ച മണ്ണിന്റെ കുമ്പാരങ്ങൾ എന്നിവ കാണുന്നുണ്ടെങ്കിൽ അതിനർത്ഥം മാളത്തിനുള്ളിൽ ഉള്ളത് എലിതന്നെയാണ് എന്നാണ്. കൂടാതെ എലികൾ മാളമുണ്ടാക്കാൻ കീറിമുറിച്ച പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ്, തുണിത്തരങ്ങൾ എന്നിവ ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ മാളത്തിന് സമീപം കണ്ടാൽ അതിനർത്ഥം മാളം എലിയുടേതാണ് എന്നാണ്. 

പാമ്പ് വരാനുള്ള കാരണങ്ങൾ ഇതാണ് 

പാമ്പുകൾ പ്രകൃതി ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ തന്നെ പാമ്പുകളെ വീട്ടിൽ കണ്ടാൽ അതിൽ അതിശയിക്കേണ്ടതില്ല. എന്നിരുന്നാലും പാമ്പ് വീട്ടിലേക്ക് വരാനുള്ള ചില കാരണങ്ങൾ ഇവയാണ്.

ഭക്ഷണം: പാമ്പുകൾ ഏലി, പ്രാണികൾ, ഉഭയജീവികൾ എന്നിവയെയാണ് ഭക്ഷിക്കുന്നത്. അതിനാൽ തന്നെ ഇവ വീട്ടിലുണ്ടെങ്കിൽ പാമ്പ് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

മൂടുപടങ്ങൾ: പടർന്നുകയറുന്ന സസ്യങ്ങൾ, ഇലക്കൂമ്പാരങ്ങൾ, പാറ ഇടുക്കുകൾ എന്നിവ പാമ്പുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഇടങ്ങളാണ്. ഈ സാഹചര്യം വീട്ടിൽ ഉണ്ടെങ്കിൽ പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈർപ്പം: ഈർപ്പമുള്ള പ്രദേശങ്ങളും വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളും പാമ്പുകൾക്ക് അതിജീവനത്തിന് ആവശ്യമായ ഈർപ്പം നൽകുന്നു. അതുപോലെ ഈർപ്പം ഇഷ്ടപ്പെടുന്ന ഇരകളെ പിടികൂടാനും ഇത് കാരണമാകുന്നു. 

പാമ്പിൻ മാളങ്ങൾ എന്തുചെയ്യണം

പാമ്പുകളുടെ തരംപോലെയാണ് ഇത് എങ്ങനെ നശിപ്പിക്കണമെന്നത് മനസ്സിലാക്കാൻ. അവ എന്തൊക്കെയെന്ന് അറിയാം. 

ഒന്നും ചെയ്യാതിരിക്കാം: പാമ്പിന്റെ മാളം കണ്ടാൽ നിങ്ങൾ അതിനെ ഒന്നും ചെയ്യാൻ പോകേണ്ടതില്ല. ഇത് പാമ്പുകളെ പ്രകോപിതരാക്കുന്നത് തടയുകയും ആക്രമിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.  

ദ്വാരം മൂടാം: മാളങ്ങൾ മൂടുന്നത് ഒരു ശാശ്വത പരിഹാരമായി കാണരുത്. കാരണം ഒരിക്കൽ പാമ്പുകൾക്ക് ആ സ്ഥലം ഇഷ്ടപെട്ടാൽ പിന്നെയും അവിടെ തന്നെ മാളമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മാളങ്ങൾ മൂടുമ്പോൾ മണ്ണ്, അല്ലെങ്കിൽ കല്ലിട്ട് മൂടാൻ ശ്രദ്ധിക്കണം.  

പുതിയ സവിശേഷതകളോടെ ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി; അപ്‌ഡേറ്റുകള്‍ വിശദമായി

0

നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം 3.0 ആപ്പ് (BHIM 3.0) പുറത്തിറക്കി. ഭാരത് ഇന്‍റർഫേസ് ഓഫർ മണി (BHIM) ആപ്പിലെ മൂന്നാമത്തെ പ്രധാന അപ്‌ഗ്രേഡാണിത്. നിങ്ങൾ ഭീം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇനി മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിക്കും. ഇതിൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഗ്രേഡിന് ശേഷം ആപ്പില്‍ എന്തൊക്കെ അധിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അറിയാം.

ഇപ്പോൾ ഭീം ആപ്പിൽ പുതിയ ഭാഷകൾ ചേർത്തിട്ടുണ്ട്. ഇപ്പോൾ ഭീം ആപ്പ് 15ൽ അധികം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ഇപ്പോൾ കുറഞ്ഞ വേഗതയുള്ള ഇന്‍റർനെറ്റിനും ആപ്പ് ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഈ സവിശേഷത ദുർബലമായ നെറ്റ്‌വർക്കുകളിൽ പോലും ഭീം ആപ്പിലൂടെ യുപിഐ ഇടപാടുകള്‍ നടത്തുന്നത് എളുപ്പമാക്കും. പുതിയ അപ്‌ഡേറ്റിന് ശേഷം, ഉപയോക്താക്കൾക്ക് അവരുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിനും വിഭജിക്കുന്നതിനുമുള്ള (split) പുതിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാമിലി മോഡ്, സ്‌പെൻഡ് അനലിറ്റിക്‌സ്, ബിൽറ്റ്-ഇൻ ടാസ്‌ക് അസിസ്റ്റന്‍റ് എന്നിവ പുതിയ അപ്‌ഡേറ്റിൽ നൽകിയിട്ടുണ്ട്. ഇത് ഉപയോക്തൃ ബില്ലുകളെക്കുറിച്ചും കുറഞ്ഞ ബാലൻസിനെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.

ഇനി ബിസിനസിന് വേണ്ടിയുള്ള ഫീച്ചറുകളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ, ഇതിന് ഒരു ഇൻ-ആപ്പ് പേയ്‌മെന്‍റ് സൊല്യൂഷൻ ഉണ്ട്. അത് ഓൺലൈൻ മർച്ചന്‍റ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് പേയ്‌മെന്‍റുകൾ നടത്താൻ ഏതെങ്കിലും തേഡ്-പാര്‍ട്ടി ആപ്പുകളിലേക്ക് പോകേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നു.

ഈ അപ്‌ഡേറ്റ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായി പുറത്തിറക്കുകയും അടുത്ത മാസത്തോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ചെയ്യും. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭീം ആപ്പ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ആപ്പ് ആരംഭിച്ചത്. അതിനുശേഷം രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്‍റ് ഇടപാടുകളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച് ഐവി; വളാഞ്ചേരിയില്‍ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്

0

ലഹരി കുത്തിവച്ചുള്ള ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച് ഐവി കണ്ടെത്തിയ മലപ്പുറം വളാഞ്ചേരിയില്‍ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്.അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താൻ ആണ് തീരുമാനം.ഒറ്റപെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.മലപ്പുറം ജില്ലയിൽ HIV പരിശോധിക്കാൻ ഏഴ് ഇൻ്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്.ഒറ്റപ്പെട്ട പരിശോധനക്ക് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവർ എത്താത്തത് വെല്ലുവിളിയാണ്.വിപുലയമായ ക്യാമ്പ് നടത്തി ഇതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ആരോഗ്യവകുപ്പ്.തവനൂർ ജയിലിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് HIV വൈറസ് ബാധ സ്ഥിരീകരിച്ചത്.ലഹരി കുത്തി വെക്കാൻ ഉപയോഗിച്ച സൂചി വീണ്ടും കുത്തിവെച്ചതിലൂടെയാണ് ഇത് പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് ഇതേ മാർഗം ലഹരി ഉപയോഗിക്കുന്ന നിരവധിയാളുകൾ പിന്തുടരുന്നുണ്ട് എന്നതാണ് ആശങ്ക.