spot_img
Friday, July 3, 2026
Home Blog Page 209

പോലീസ് ജീപ്പ് മറിഞ്ഞ് വഴിയോര കച്ചവടക്കാരൻ മരിച്ചു; പോലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

0

മാനന്തവാടി: മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഉന്തുവണ്ടി കച്ചവടം നടത്തിവരികയായിരുന്നു ഇദ്ദേഹം.സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്

സ്റ്റാര്‍ലിങ്കിനെ ജിയോയും എയര്‍ടെലും ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍; പ്രയോജനമെന്ത്,

0

ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് എയര്‍ടെലും റിയലന്‍സ് ജിയോയും വഴിയൊരുക്കിയിരിക്കുകയാണ്. ഇരുകമ്പനികളും സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ നേരത്തെ എതിര്‍ത്തിരുന്ന ടെലികോംകമ്പനികള്‍ തന്നെയാണ് ഇപ്പോള്‍ അവരുമായി പങ്കാളിത്തമുണ്ടാക്കി രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ലേലമില്ലാതെ ഉപഗ്രഹ ബ്രോഡ്ബാന്റ് സ്പെക്ട്രം സ്റ്റാര്‍ലിങ്കിന് നല്‍കാനുള്ള കേന്ദ്ര നീക്കത്തെയാണ് ജിയോയും എയര്‍ടെലും അടക്കമുള്ള ടെലിംകോം കമ്പനികള്‍ എതിര്‍ത്തിരുന്നത്. എന്നാല്‍ അതേ കമ്പനികളാണ് ഇപ്പോള്‍ സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനിടയില്ലെന്നാണ് വ്യക്തമാകുന്നത്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് ഇന്ത്യന്‍ അധികൃതരില്‍നിന്നും ഏജന്‍സികളില്‍നിന്നും ഇതുവരെ അനുമതി ലഭ്യമായിട്ടില്ല.സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ജിയോയുടെ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാക്കുന്നത് പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണെന്നും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി.ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ പങ്കാളിത്തം സഹായിക്കും. ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല ചെയ്യുക, ഉപഭോക്തൃ സേവനങ്ങളും ഇന്‍സ്റ്റലേഷനുമെല്ലാം പിന്തുണയ്ക്കുന്ന സംവിധാനം സജ്ജമാക്കും. എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്നും ജിയോ ഗ്രൂപ്പ് സി.ഇ.ഒ മാത്യു ഉമ്മന്‍ പറയുകയുണ്ടായി.ജിയോയുടേതിന് സമാനമായ കരാര്‍ തന്നെയാണ് എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി ഉണ്ടാക്കിയിട്ടുള്ളത്

എന്താണ് സ്റ്റാര്‍ലിങ്ക്, പ്രയോജനമെന്ത്..ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ആയിരകണക്കിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിനുണ്ട്. ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്കിന്റേത്. കാലതാമസമില്ലാതെ ഹൈസ്പീഡ് ഇന്റര്‍നെറ്റാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.മിക്ക സാറ്റലലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും 35,786 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹങ്ങളില്‍നിന്നാണ് വരുന്നത്. ഇത് ലേറ്റന്‍സി അഥവാ ഉപയോക്താവിനും ഉപഗ്രഹത്തിനും ഇടയിലുള്ള റൗണ്ട്-ട്രിപ്പ് ഡാറ്റ സമയം ഉയര്‍ത്തുന്നുവെന്നാണ് സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഉപഗ്രഹങ്ങള്‍ 550 കി.മീറ്റര്‍ ഉയരത്തില്‍ മാത്രമാണ് ഉള്ളതെന്നും അതുകൊണ്ട് അതിലൂടെയുള്ള ഇന്റര്‍നെറ്റ് സേവനം വളരെ വേഗത്തിലുള്ളതായിരിക്കുമെന്നും അവര്‍ പറയുന്നു.100 ഓളം രാജ്യങ്ങളില്‍ ഇതിനോടകം സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സാധാരണയായി 25 നും 220 നും ഇടയിലുള്ള Mbsp ഡൗണ്‍ലോഡ് വേഗതയാണ് അനുഭവപ്പെടുന്നതെന്നാണ് സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നത്. ഭൂരിപക്ഷം ഉപയോക്താക്കളും സെക്കന്റില്‍ 100 എംബിയില്‍ കൂടുതല്‍ വേഗത അനുഭവിക്കുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത് ലൊക്കേഷനും സര്‍വീസ് പ്ലാനിനും അനുസരിച്ചൊക്കെ വ്യത്യാസപ്പെടാം.കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമേ നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ തടസ്സമില്ലാതെ ലഭിക്കുകയുള്ളൂ.

എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍നിന്നും നേരിട്ട് ഒരു ‘ഇടനിലക്കാരന്റേ’യും സഹായമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍.കേബിള്‍ ബ്രോഡ്ബാന്‍ഡുമായും 5ജിയുമായുമൊക്കെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡിന് ഒരുപാട് നേട്ടങ്ങളുണ്ട്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉയര്‍ന്ന വേഗമുള്ള ഇന്റര്‍നെറ്റ് കിട്ടുമെന്ന് മാത്രമല്ല, ഭൂകമ്പമോ പ്രളയമോ ഏത് മഹാദുരന്തങ്ങള്‍ വന്നാലും ഇന്റര്‍നെറ്റ് കണക്ഷന്‍ മുടങ്ങില്ല. ശത്രുരാജ്യമോ പ്രകൃതിക്ഷോഭമോ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തെറിഞ്ഞാലും സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ഒന്നും സംഭവിക്കില്ല. ഒന്നല്ല, അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ഉപഗ്രഹങ്ങളുടെ ശൃംഖലയായതുകൊണ്ടുതന്നെ ബഹിരാകാശയുദ്ധത്തിനും സമീപഭാവിയില്‍ സാധ്യത കുറവ്. അതേസമയം, അത്യാഹിത സന്ദര്‍ഭങ്ങളില്‍ അടിയന്തര സഹായമെന്ന തലത്തില്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാനുമാകും. യുക്രൈന്‍ യുദ്ധഭൂമിയിലെ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം ഉദാഹരണമായി ചൂണ്ടിക്കാട്ടാം

പോലീസിൻറെ കണ്ണ് വെട്ടിച്ച് നടന്നത് 23 വർഷം; ഒടുവിൽ മോഷണ ശ്രമത്തിനിടെ പിടിയിൽ

0

കോഴിക്കോട്: കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഹാജരാകാതെ മുങ്ങിനടന്നയാളെ 23 വർഷത്തിനുശേഷം ഫറോക്ക് പൊലീസ് പിടികൂടി. പുൽപ്പള്ളി വേലിയമ്പം സ്വദേശി ചാമപറമ്പിൽ സലീമി (50)നെയാണ് പിടികൂടിയത്.ഫറോക്ക് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകരയിലുള്ള ഒരു കടയിൽ മോഷണ ശ്രമത്തിനിടയിൽ പ്രതി പിടിയിലാവുകയായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാറൂഖ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ നടത്തിയ പേരാമ്പ്ര സ്വദേശി മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്ന് പുലർച്ചെയാണ് പേരാമ്പ്ര സ്വദേശിയായ അൻപത്തേഴുകാരി മരിച്ചത്. ഈ മാസം നാലിനാണ് ഇവരെ ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 7 ന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി. ഇതിനിടെ കുടലിന് മുറിവേറ്റെന്നും വീണ്ടും പത്താം തിയതി ഒരു ശസ്ത്രക്രിയ കൂടി നടത്തിയെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

ശസ്ത്രക്രിയ സമയത്ത് ഗര്‍ഭാശയവും കുടലും തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഭാഗം വിടര്‍ത്തുമ്പോള്‍ വന്‍കുടലിന്‍റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തിയിരുന്നു. ആ ക്ഷതം തുന്നിച്ചേര്‍ത്തു. എന്നാല്‍ ലീക്ക് സംശയിച്ചതിനാലാണ് വീണ്ടും പത്താം തിയതി ശസ്ത്രക്രിയ നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജിന്‍റെ വിശദീകരണം. രോഗിക്ക് എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ചികിത്സ നല്‍കിയെന്നും മാതൃശിശു സംരക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു

കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണു, കോഴിക്കോട് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

0

കോഴിക്കോട് പന്തീരങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍(7) ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ വച്ച് ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.

കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

എമ്പുരാൻ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍, ഫാൻസ് ഷോകള്‍ നാടെങ്ങും, ടിക്കറ്റുകള്‍ വിറ്റുതീരുന്നു..

0

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ഹൈപ്പാണ് ചിത്രത്തിന് ഉള്ളത്. നിരവധി ഫാൻസ് ഷോകളാണ് വിവിധയിടങ്ങളില്‍ ചിത്രത്തിന് സംഘടിപ്പിക്കുന്നത്. തൊടുപുഴ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററുകളില്‍ ഫാൻസ് ഷോ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു”മെന്നും നടൻ ടൊവിനോ അഭിപ്രായപ്പെട്ടു.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണട്്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടപ്പോള്‍ വ്യക്തമായിരുന്നു.

ലഹരി വിമുക്തമാവട്ടെ സിനിമയും നാടും; ഹ്രസ്വചിത്ര മത്സരം സങ്കടിപ്പിക്കാനൊരുങ്ങി ഫെഫ്ക പി.ആർ.ഓ യൂണിയൻ

0


ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.

14 വയസ്സിന് മുകളിലേക്കുള്ളവർക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ഏപ്രിൽ 10ന് മുൻപ് യൂണിയൻ്റെ ഇമെയിലിൽ അയച്ച് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ അയക്കുന്നവരുടെ പേരും മേൽവിലാസവും, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

മൊബൈലിൽ ഷൂട്ട് ചെയ്തോ, അല്ലാത്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതാണ്. ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങൾക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നൽകും. മത്സരത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയവർക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ യൂണിയൻ്റെ ഫേസ്ബുക്കിൽ സംപ്രേഷണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ ഫെഫ്ക പി.ആർ.ഓ യൂണിയൻ ടീമിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടുള്ളതല്ല. ഹ്രസ്വചിത്രങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. കൂടുതൽ വിവരങ്ങൾക്ക്: 99953 24441, 98479 17661 എന്ന നമ്പറുകളിൽ ബന്ധപെടുക.

50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു…

0

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ ആരംഭം. ആർബിഐയുടേതെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശം ലഭിക്കുന്നത്തിനൊപ്പം ലഭിച്ച സമ്മാനത്തിൻ്റെ വൗച്ചർ നിങ്ങൾക്ക് ഫോണിൽ അയച്ച് നൽകുന്നു. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സ്ആപ്പ് ലിങ്ക് ഉപയോഗിക്കാൻ ആവശ്യപ്പെടും. വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നുകഴിയുമ്പോൾ നിങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങൾ അയച്ച് തരികയും സമ്മാനം കൈപ്പറ്റാൻ ആവശ്യമായ നിർദ്ദേശങ്ങളും അവർ നൽകുന്നു. സമ്മാനം സ്വന്തമാക്കാനായി ജിഎസ്ടി അടയ്ക്കണം എന്ന് അറിയിക്കുകയും അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നു. തുടർന്ന് കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു. സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെ പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കുന്നു. ഇതാണ് ഈ തട്ടിപ്പിൻ്റെ രീതി. പണം മുഴുവൻ നഷ്ടമായിക്കഴിയുമ്പോഴാകും തട്ടിപ്പിനെ തിരിച്ചറിയുന്നത്.

സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക. വെറുതെ ഒരു സ്ഥാപനങ്ങളും സമ്മാനം നൽകാറില്ല കൂടാതെ മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ടതുമില്ല. സമ്മാനങ്ങളിൽ വിശ്വസിച്ച് സമ്പാദ്യം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക. ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പോലീസിൽ പരാതിപ്പെടേണ്ടത്താണ്.

365 ദിവസത്തേക്ക് 1499 രൂപ മാത്രം, കോളും നെറ്റും എസ്എംഎസും ലഭിക്കും; കൊതിപ്പിക്കും ഈ ബിഎസ്എന്‍എല്‍ പ്ലാന്‍

0

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകളുമായി കളംനിറയുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. ഇപ്പോള്‍ ഒരു പുതുക്കിയ വാര്‍ഷിക റീച്ചാര്‍ജ് പാക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്. അധിക വാലിഡിറ്റിയോടെ വരുന്ന ഈ പ്രത്യേക പ്രീപെയ്‌ഡ് റീച്ചാര്‍ജില്‍ ഡാറ്റയും കോളും എസ്എംഎസും 365 ദിവസവും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 

ഹോളി ഓഫര്‍ എന്ന നിലയ്ക്കാണ് ബിഎസ്എന്‍എല്‍ 1499 രൂപയുടെ പുതുക്കിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 336 ദിവസമായിരുന്നു ഈ പ്ലാനിന് വാലിഡിറ്റി. എന്നാലിപ്പോള്‍ 29 ദിവസം കൂടി അധികം നല്‍കി 1499 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി 365 ദിവസത്തിലേക്ക് അഥവാ ഒരു വര്‍ഷമായി ബിഎസ്എന്‍എല്‍ ഉയര്‍ത്തി. അണ്‍ലിമിറ്റഡ് കോളിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ആകെ 24 ജിബി ഡാറ്റ എന്നിവയാണ് ഈ റീച്ചാര്‍ജ് പ്ലാനിന്‍റെ പ്രത്യേകതകള്‍. അതായത് കുറച്ച് മാത്രം ഡാറ്റ ആവശ്യമുള്ളവരും, പരിധിയില്ലാതെ കോളുകള്‍ വിളിക്കേണ്ടവരുമായ പ്രീപെയ്‌ഡ് വരിക്കാര്‍ക്ക് ഉചിതമായ റീച്ചാര്‍ജ് പ്ലാനാണ് 1499 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 

എന്നാല്‍ അധിക വാലിഡിറ്റിയോടെയുള്ള ബിഎസ്എന്‍എല്ലിന്‍റെ ഈ പ്രത്യേക ഓഫര്‍ ലഭിക്കാന്‍ 2025 മാര്‍ച്ച് 31ന് മുമ്പ് റീച്ചാര്‍ജ് ചെയ്യണം. ബിഎസ്എന്‍എല്‍ വെബ്‌സൈറ്റും ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പും വഴി റീച്ചാര്‍ജ് ചെയ്യാം. 

രാജ്യത്ത് 4ജി വിന്യാസം ബിഎസ്എന്‍എല്‍ നടത്തുന്നതിനിടെയാണ് കമ്പനി ആകര്‍ഷകമായ റീച്ചാര്‍ജ് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് വച്ചുനീട്ടുന്നത്. ബിഎസ്എന്‍എല്ലിന്‍റെ 4ജി അപ്‌ഗ്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. 2025 ജൂണോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെറ്റ്‌വര്‍ക്കിനെയും കോള്‍ഡ്രോപ്പിനെയും കുറിച്ചുള്ള പരാതികള്‍ 4ജി പൂര്‍ത്തിയാവുന്നതോടെ പരിഹരിക്കുമെന്നാണ് കരുതുന്നത്. 

ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനങ്ങളിൽ പരിശോധന; നിയമ വിരുദ്ധമെങ്കിൽ അടച്ചുപൂട്ടും: കോഴിക്കോട് കളക്ടർ

0

കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ
ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി
യോഗം തീരുമാനിച്ചു.  

ജില്ലാ കളക്ടറുടെ ചേംബറിൽ ചൊവ്വാഴ്ച ചേർന്ന യോഗം വാർഡ് തല ശിശുസംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും നിർദ്ദേശിച്ചു. വാർഡുതല സമിതികൾ യോഗം ചേർന്നു കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് നടത്തണം.  

ഇതിനുപുറമേ സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈൽഡ്ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.  

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം. എന്നാൽ ജില്ലയിൽ പല ട്യൂഷൻ കേന്ദ്രങ്ങളും രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി. ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണം.  അല്ലാത്തപക്ഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും.  
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷൻ കേന്ദ്രങ്ങളിൽ ഡിജെ പാർട്ടി പോലെ വലിയ ആഘോഷ പരിപാടി
നടത്തുകയാണെങ്കിൽ അക്കാര്യം അതത് പോലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം.  

 ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ഉൾപ്പെട്ട പൊതുവായ പ്ലാറ്റ്ഫോം രൂപീകരിക്കാനും യോഗം തീരുമാനിച്ചു

ജില്ലയിലെ കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് അംഗനവാടികൾ കേന്ദ്രീകരിച്ച് കഴിഞ്ഞവർഷം നടത്തി യിരുന്നു. ഇത് കുറേക്കൂടി വിപുലമായി നടപ്പാക്കാൻ വാർഡുതല ശിശു സംരക്ഷണ സമിതികൾ സജീവമാകണം.  വാർഡ് അംഗം ചെയർമാനായ സമിതിയിൽ അംഗനവാടി ടീച്ചർ, ആശ വർക്കർ, പോലീസ്, അധ്യാപകർ എന്നിവർ അംഗങ്ങളാണ്. ഇവർ യോഗം ചേർന്ന്
പ്രദേശത്തെ അരക്ഷി തമായ ചുറ്റുപാടിൽ കഴിയുന്ന കുട്ടികളുടെ വിവരങ്ങൾ സ്വകാര്യമായി ശേഖരിച്ചു മാപ്പിങ് നടത്തണം.

സർക്കാർ-സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും ജാഗ്രത സമിതി യോഗം വിളിച്ചു ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യാനും യോഗം നിർദേശിച്ചു.  

എല്ലാ സ്കൂളുകളിലും ഒരു കൗൺസിലർ നിർബന്ധമായും വേണം. കൗൺസിലറെ ഐസിഡിഎസ് പദ്ധതി വഴിയോ ജില്ലാ പഞ്ചായത്ത് വഴിയോ ഗ്രാമപഞ്ചായത്ത് വഴിയോ പിടിഎ മുഖാന്തിരമോ നിയമിക്കാം. ഐസിഡിഎസ് പദ്ധതി മുഖേന ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 79 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്.

1098 ചൈൽഡ് ലൈൻ ബോർഡ് പ്രദർശിപ്പിക്കാത്ത സ്കൂളുകളിലെ
പ്രധാനാധ്യാപകരുടെ പേരിൽ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ വ്യക്തമാക്കി.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ കെ ഷൈനി, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പി അബ്ദുൾനാസർ, വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, ഡിഡിഇ സി മനോജ് കുമാർ, ആർസിഎച് ഓഫീസർ ഡോ. സച്ചിൻ ബാബു, ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൽ നാസർ യു കെ,  എസ്എസ്കെ ജില്ലാ കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഡിവൈഎസ്പി കെ സുഷീർ, സ്പോർട്സ് കൗൺസിലിനെ പ്രതിനിധീകരിച്ച് വിനീഷ് കുമാർ കെ പി, എക്സൈസ്
തദ്ദേശ സ്വയംഭരണ, തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.