spot_img
Friday, July 3, 2026
Home Blog Page 208

75000ത്തിൽ അധികം ടവറുകളില്‍ 4ജി റെഡി

0

രാജ്യത്തെ 4ജി വിന്യാസത്തില്‍ പുത്തന്‍ നാഴികക്കല്ലുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഒരുലക്ഷം 4ജി ടവറുകള്‍ ലക്ഷ്യമിടുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇവയില്‍ 75,000-ത്തിലധികം ഇതിനകം പൂര്‍ത്തിയാക്കി. 

രാജ്യത്തെ 4ജി നെറ്റ്‌വർക്ക് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2025 മധ്യത്തോടെ 1,00,000 പുതിയ 4ജി മൊബൈൽ ടവറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നിശ്ചയിച്ചിട്ടുണ്ട്. അടുത്തിടെ, 75,000-ത്തിലധികം സ്ഥലങ്ങളിൽ അവരുടെ 4ജി സേവനം പ്രവർത്തനക്ഷമമാണെന്ന് കമ്പനി പ്രഖ്യാപിച്ചു. 75000-ൽ അ‌ധികം 4ജി സൈറ്റുകൾ ലൈവ് ആണെന്ന് ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ അ‌റിയിച്ചതാണ് പുതിയ അപ്‌ഡേറ്റ്. ആകെ 1 ലക്ഷം സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. ഇത് പ്രകാരം ഇനി ഏതാണ്ട് 25,000 4ജി ടവറുകൾ കൂടിയാണ് ഇനി നിർമിക്കാൻ അ‌വശേഷിക്കുന്നത്. 

നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന ഒരു ലക്ഷം 4ജി സൈറ്റുകൾ എന്ന ലക്ഷ്യം പൂർത്തിയാകുന്നതിന് പിന്നാലെ 5ജി അ‌വതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ അ‌റിയിച്ചിട്ടുണ്ട്. 2025 മധ്യത്തോടെ ബിഎസ്എൻഎൽ 5ജി എത്തും എന്ന് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ബിഎസ്എൻഎൽ അ‌ധികൃതരും ഇതിന് സമാനമായ പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്‍റെ പുതിയ അപ്‌ഡേറ്റ് കണക്കിലെടുത്താൽ മെയ് മാസം 4ജി വിന്യാസം പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞേക്കും. ഇതിന് മുൻപ് ബിഎസ്എൻഎൽ 4ജി വിന്യാസത്തിന്‍റെ പുരോഗതി സംബന്ധിച്ച പ്രഖ്യാപനം വന്നത് ഈ വർഷം ജനുവരിയിൽ ആയിരുന്നു. അ‌ന്ന് ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണം 65,000 പിന്നിട്ടു എന്നാണ് അ‌ധികൃതർ അ‌റിയിച്ചത്.

പരാതി പരിഹരിക്കാനും ശ്രമം

അതേസമയം നിരവധി ഉപഭോക്താക്കൾ മറ്റ് സേവന ദാതാക്കളെ തേടി പോകുന്നതിനെ തുടർന്ന് ഉപഭോക്താക്കളെ നിലനിർത്താൻ കമ്പനി പാടുപെടുന്ന സമയത്താണ് ഈ വിപുലീകരണം. 2024 ഡിസംബറിലെ ട്രായിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് ബിഎസ്എൻഎല്ലിന് ഏകദേശം 322,000 ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ഈ നഷ്ടം നവംബറിനേക്കാൾ അൽപ്പം കുറവായിരുന്നു. നവംബറിൽ കമ്പനിക്ക് ഏകദേശം 342,000 പേർ നഷ്ടപ്പെട്ടു. ഡിസംബർ അവസാനത്തോടെ കമ്പനിക്ക് ഏകദേശം 91.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള കോൾ ഡ്രോപ്പുകളും നെറ്റ്‌വർക്ക് പ്രശ്‌നങ്ങളും സംബന്ധിച്ച് നിരവധി ഉപഭോക്താക്കൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്,. ഇതൊരു ചെറിയ കാലയളവിലെ വളർച്ചയ്ക്ക് ശേഷം വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കി.

ഈ പ്രശ്നങ്ങൾ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ബി‌എസ്‌എൻ‌എല്ലിന്റെ നെറ്റ്‌വർക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്‍റർനെറ്റും മികച്ച സേവനവും നൽകുന്നതിനായി കമ്പനി അതിന്‍റെ അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങൾക്കിടയിലും സേവനങ്ങൾ പ്രവർത്തിക്കുന്നത് ഉറപ്പാക്കാൻ അവർ 30,000 പുതിയ ബാക്കപ്പ് ബാറ്ററികളും സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ അവരുടെ നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നതിനായി 15,000ത്തിൽ അധികം പവർ പ്ലാന്‍റുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്.

ഈ ശ്രമങ്ങൾക്കിടയിലും, സമീപകാല വിലവർദ്ധനവ് കാരണം ഉപഭോക്താക്കളെ നിലനിർത്തുന്നതിൽ ബി‌എസ്‌എൻ‌എൽ വെല്ലുവിളികൾ നേരിടുന്നു, ഇത് നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം ഏകദേശം 300,000 വരിക്കാരുടെ നഷ്ടത്തിലേക്ക് നയിച്ചു. അതേസമയം, ഉപയോക്താക്കൾ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് മാറുന്നത് തടയാൻ ബി‌എസ്‌എൻ‌എൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത് തുടരുകയാണ്. 

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണി! 83,668 വാട്ട്സ്ആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടു

0

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച 83,668 വാട്സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ (14C) സ്വീകരിച്ച നടപടിയെ കുറിച്ച് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറാണ് ഇക്കാര്യം അറിയിച്ചതെന്ന് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. 

രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ ഏറിവരികയാണ്. 2024ല്‍ 11 ലക്ഷത്തിലധികം കേസുകളാണ് ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള അന്വേഷണ സംഘം ചമഞ്ഞ് ഡിജിറ്റല്‍ അറസ്റ്റ് നാടകം തട്ടിപ്പ് സംഘം നടത്തുന്നതും പണം കവരുന്നതും വ്യാപകമാണ്. ഡിജിറ്റല്‍ അറസ്റ്റ് വഴി കോടികള്‍ വരെ നഷ്ടമായവര്‍ രാജ്യത്തുണ്ട്. സൈബര്‍ തട്ടിപ്പുകളെ കുറിച്ചുള്ള പരാതികള്‍ വര്‍ധിക്കവേയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങളില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി പ്രാദേശിക ഭാഷകളിലടക്കം പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിവരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സേഴ്‌സുമായി ചേര്‍ന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 

സൈബര്‍ തട്ടിപ്പ് ചെറുക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ട്. സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഫെബ്രുവരി അവസാനം വരെ 7.81 ലക്ഷം സിം കാര്‍ഡുകളും 2.08 ലക്ഷം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തു. സ്കാമര്‍മാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച 4,386 കോടി രൂപ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ സുരക്ഷിതമാക്കി. 

ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

0

മലപ്പുറം: കൊളത്തൂര്‍ കുരുവമ്പലത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് 46കാരനെ പൊലീസ് പിടികൂടിയത്. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കള്‍ക്കും മറ്റും അയക്കാറുണ്ടായിരുന്നു.

മൂര്‍ക്കന്‍ ചോലയില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി മുക്കം മേലാത്തുവരിക്കര്‍ വീട്ടില്‍ അബ്ദുള്‍ ജലാല്‍(46) പെട്രോളൊഴിച്ച് കത്തിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെ കുരുവന്‍്പലത്തുള്ള വീട്ടില്‍ ബൈക്കിലെത്തിയ അബ്ദുള്‍ ജലാല്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ ശങ്കരനാരായണന്‍, അശ്വതി കുന്നോത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍, സജി, ഗിരീഷ്, സജീര്‍, വിജയന്‍, സുധീഷ്, ഉല്ലാസ്, സല്‍മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

0

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

ഇത്തവണ തലസ്ഥാന ന​ഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. 10.15 മണിക്കായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം സമര്‍പ്പിക്കുക. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. 

അതേസമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു;മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്.  ഇതോടെ ഒരു പവന്  64,960 രൂപയായി. അന്താരാഷ്ട്ര സ്വർണ വില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. 18 കാരറ്റ് സ്വർണ വില 6680 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. 

സാധാരണ നിലയിൽ നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണ വില കയറ്റമുണ്ടാകുകയും, മാർച്ച് മാസത്തിൽ വില കുറയുന്ന പ്രവണതയുമാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം സ്വർണ വില വർധനവ് തുടരുകയാണ്. ട്രംപിന്റെ വ്യാപാര യുദ്ധവും, താരിഫ് ചുമത്തലും, അതിൽ നിന്നുള്ള ആശങ്കകളും, ഭൗമരാഷ്ട്ര സംഘർഷങ്ങളും  സാമ്പത്തിക മാന്ദ്യത്തിനും ഇടയിൽ സ്വർണവില ഉയരുകയാണ് ഉണ്ടായത്. ഈ വർഷം അമേരിക്ക പലിശ നിരക്ക് 2 തവണ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയ്ക്ക് ഉത്തേജനം നൽകുന്നത്. 

ജ്വല്ലറികളിൽ ആഭരണങ്ങൾ വാങ്ങാനെത്തുന്നവർ കുറഞ്ഞെങ്കിലും ഇനിയും സ്വർണ വില ഉയരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.  ഫെബ്രുവരി 25 ന് 64,600  എന്ന റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 64,160 രൂപ
മാർച്ച് 12 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,520 രൂപ
മാർച്ച് 13- ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില  64,960 രൂപ

മുത്തങ്ങ ചെക്ക് പോസ്റ്റിൽ സാധാരണ പരിശോധന, കെഎസ്ആർടിസി യാത്രക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി

0

കൽപ്പറ്റ: മുത്തങ്ങ ചെക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 1.30 ഓടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവതിയെ പിടികൂടിയിത്. കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന വയനാട് സ്വദേശിനി പ്രീതു ജി നായരാണ് പിടിയിലായത്. ഇവരുടെ കൈവശം 45 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും പാർട്ടിയും ചേർന്നാണ് ചെക്ക് പോസ്റ്റിൽ വെച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിന്റെ കയ്യിൽ നിന്ന് 45 ഗ്രാമിന്റെ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. വയനാട് വൈത്തിരി സ്വദേശിനിയാണ് പിടിയിലായ പ്രീതു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ, പ്രിവന്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി, സജി പോൾ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി ജി അനില പി സി, എന്നിവരും ഉണ്ടായിരുന്നു.

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

0

കോഴിക്കോട്:മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഗിരീഷ് ഭാര്യയുമായി പിരിഞ്ഞാണ് താമസം. മകന്‍ സനല്‍ അമ്മയ്ക്കൊപ്പമാണ് 5 ന് രാത്രി 12 മണിയോടെയാണ് മകന്‍ ഗിരീഷിനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു.

‘മലയാളവും വഴങ്ങും’, വയനാട്ടിൽ നിരവധി മോഷണക്കേസിലെ പ്രതി, രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

0

കല്‍പ്പറ്റ: നിരവധി മോഷണക്കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. വയനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ രേഖാചിത്രത്തിലുള്ളതിനോട് സാമ്യം തോന്നുന്നയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ഹിന്ദി ഭാഷ സംസാരിക്കും. മലയാള ഭാഷയും വഴങ്ങുന്നയാളാണ്. ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, പനമരം എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായാണ് സംശയിക്കുന്നത്. രേഖാചിത്രം കണ്ട് മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിക്കുന്നവരും ഇയാളെ മുന്‍പരിചയമുള്ളവരും, എന്തെങ്കിലും തരത്തിലുള്ള വിവരം നല്‍കാന്‍ സാധിക്കുന്നവരുമായവര്‍ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

ഫോണ്‍: കല്‍പ്പറ്റ എസ്.എച്ച്.ഒ: 9497987196, കല്‍പ്പറ്റ എസ്‌ഐ 9497980811, 9961143637.

ഒരുങ്ങി തന്നെ പൊലീസ്, സ്കൂൾ പരിസരം, പെട്ടിക്കടകൾ മുതൽ ഹോട്ടലുകളിൽ വരെ പരിശോധന, ലഹരിക്കെതിരെ ശക്തമായ നടപടി

0

സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും. മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും.കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഇങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കണ്ടുവരുന്നുണ്ട്.വാണിജ്യ ഇടത്തരം കേസുകളുടെ വിചാരണ ജില്ലാ പോലീസ് മേധാവികൾ രണ്ടാഴ്ചയിലൊരിക്കൽ അവലോകനം നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കും. റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ ഏകോപനത്തിലാണ് ഇത് ചെയ്യുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പ്ലാറ്റ്ഫോമുകളിൽ സ്നിഫർ നായ്ക്കളെ നിയോഗിക്കും.

സൈബർ ഡോം ടീമും എസ്എസ്‌ബിയിലെ ടെക്‌നിക്കൽ ഇൻ്റലിജൻസ് വിങ്ങും ഡാർക്ക് നെറ്റിൽ വ്യാപാരം ചെയ്യുന്ന മയക്കുമരുന്നുകളെക്കുറിച്ചും അന്തർസംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഡീലർമാരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും . ഇതുകൂടാതെ, യോദ്ധാവ് (9995966666), ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് നമ്പർ (9497927797, 9497979794) എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികളെ ഉടൻ അറിയിക്കുകയും, ഇങ്ങനെ ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവികൾക്ക് കൃത്യമായ ഒരു സംഘം ഉണ്ടായിരിക്കുകയും ചെയ്യും. ജനമൈത്രി പദ്ധതി സജീവമാക്കുകയും, മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും മയക്കുമരുന്ന് വ്യാപാരികളുടെ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിനുമായി റസിഡൻസ് അസോസിയേഷനുകൾ/എൻജിഒകൾ, കോർഡിനേഷൻ കമ്മിറ്റികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കും.ഇതുകൂടാതെ, ലഹരിവസ്തുക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം വേരോടെ പിഴുതെറിയുന്നതിനുമായി സ്‌കൂളുകളിലും കോളേജുകളിലും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ആൻ്റി നാർക്കോട്ടിക് ക്ലബ്ബുകൾ, ക്ലീൻ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികൾ എന്നിവ സജീവമാക്കും.സോണൽ IGP യും റേഞ്ച് DIG മാരും എല്ലാ പ്രവർത്തനങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യും. അവലോകന യോഗത്തിൽ സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പൊലീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.

അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പും ഉത്സവവും നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം

0

അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം സംഘടിപ്പിച്ച ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനം. ബന്ധപ്പെട്ടവർക്ക് എതിരെ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയത് കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് റൂറൽ എസ്പി ക്ക് നിർദ്ദേശം നൽകി. ഉത്സവത്തിൽ എഴുന്നള്ളിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 2023 വർഷങ്ങളിലും പരാതികൾ ലഭിച്ചിരുന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന പരാതികളും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധികളും പരിശോധിച്ച് ജില്ലാ ഫോറസ്റ്റ് ഓഫീസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആനയെ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനം കൈക്കൊള്ളും. ബുധനാഴ്ച രാവിലെ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുൻ യോഗ തീരുമാന പ്രകാരം ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾക്ക് മുൻകൂറായി അനുമതി നൽകുന്നതിൽ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പരിശോധിച്ച് വരികയാണ്. ഉത്സവ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുൻകൂട്ടി അനുമതിക്കുള്ള അപേക്ഷ, പങ്കെടുപ്പിക്കുന്ന ആനയെ ഇൻഷൂർ ചെയ്യൽ, ആനയുടെ മൂവ്മെൻ്റ് രജിസ്റ്റർ സമർപ്പിക്കൽ തുടങ്ങിയതിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്. അപേക്ഷ സമർപ്പിച്ച കേന്ദ്രങ്ങളിൽ അഗ്നിരക്ഷാ സേന, വനം, പോലീസ്, റവന്യു, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായ പരിശോധനകളും നിർവഹിച്ചു വരുന്നു.എഡിഎം സി മുഹമ്മദ് റഫീഖ്, കോഴിക്കോട് സിറ്റി എസിപി കെ എസ് ശരത്, ഫയർ & റസ്ക്യൂ എസ്ടിഒ വിവി റോബി വർഗ്ഗീസ്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി എസിഎഫ് സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ എൻ, ഡോ. അംബിക രാജൻ നമ്പ്യാർ, വിവേക് കെ വിശ്വനാഥ്, രഞ്ജിത്ത് ശ്രീകണഠൻ, ഡോ. അരുൺ, ജിജിൻ ജിത്ത്, അനൂപ് കുമാർ സി, സജീവ് എം പി, ജലീസ് പി, ജിജേഷ് എൻ, ബീരാൻകുട്ടി കെ, ഇബ്രായി എൻകെ, എം സി വിജയകുമാർ, കെ കെ ബൈജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.