spot_img
Sunday, June 14, 2026
Home Blog Page 21

പാലക്കാട് KSRTC ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ് അജ്ഞാതൻ

0

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പിന്നീട്, പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി. പുലർച്ചെ 5 മണിയോടെ കെഎസ്ആർടിസി ഓർഡിനറി ബസാണ് അജ്ഞാതൻ മോഷ്ടിച്ചത്.

കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ, മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് മോഷ്ടിക്കാനായാണ് ഇയാള്‍ ഡിപ്പോയിലെത്തിയതായിരുന്നു.

മോഷ്ടാവിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മോഷ്ടാവ് എന്തിനാണ് ബസ് എടുത്തുകൊണ്ടുപോയതെന്ന് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഡിപ്പോയ്ക്ക് പുറത്തുള്ള റോഡിൽ നിന്നാണ് ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.

ഓപ്പറേഷൻ തൂഫാൻ ശക്തം; നെന്മാറയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് പേർ പിടിയിൽ.

0

നെന്മാറ: ഓപ്പറേഷൻ തൂഫാനിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് പേർ പിടിയിൽജില്ലയിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പൊലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് പേർ പൊലീസിന്റെ പിടിയിലായി.

നെന്മാറ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കയറാടി പയ്യാങ്കോട് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് 54 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂർ വഞ്ചിപ്പാളയം സ്വദേശി സുഭാഷ് (18), കയറാടി പയ്യാങ്കോട് സ്വദേശി ഷിബു (25), ആദർശ് (19) എന്നിവരാണ് പിടിയിലായത്.സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി ലഹരിവസ്തുക്കൾ വിതരണം ചെയ്തുവരികയായിരുന്നു പ്രതികളെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇതിനിടെ, വെള്ളിയാഴ്ച നെന്മാറ ബസ് സ്റ്റാൻഡിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 27 പാക്കറ്റ് സർക്കാർ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നെന്മാറ പാപ്പാനി സ്വദേശി സതീഷ് (47) അറസ്റ്റിലായി.പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ എവിടെ നിന്നാണ് എത്തിച്ചതെന്നും ഇവയുടെ വിതരണ ശൃംഖലയിൽ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടരുകയാണ്.

ഗ്രില്ല് കുത്തി തുറന്ന് അകത്തേക്ക്; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

0

തൃശൂർ: ഗൃഹനാഥനെ കെട്ടിയിട്ട് വൻ സ്വർണക്കവർച്ച. ഒല്ലൂക്കര ചെറുവാറ സോമശേഖരന്റെ വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് അകത്തു കടന്നത്. മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി എസ്എച്ച് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മോഷണ സമയത്ത് സോമശേഖരൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

മലപ്പുറത്ത് വീണ്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 4800 ലധികം വിദ്യാർത്ഥികൾ പുറത്താകാൻ സാധ്യതഒന്നാം ഘട്ട അപേക്ഷ പൂർത്തിയായപ്പോൾ അപേക്ഷകർ 82,678; ആകെയുള്ളത് 77,865 സീറ്റുകൾ മാത്രം

0

മലപ്പുറം: മലപ്പുറം ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു . ജില്ലയിൽ ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണത്തെക്കാൾ അപേക്ഷകരുടെ എണ്ണം കുതിച്ചുയർന്നതാണ് പതിവ് പോലെ ഇത്തവണയും പ്രതിസന്ധിക്ക് കാരണമായത്. ആദ്യഘട്ട പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറി കോഴ്സുകൾക്കായി ജില്ലയിൽ 82,678 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെല്ലാം കൂടിയുള്ള ആകെ സീറ്റുകളുടെ എണ്ണം77,865 ആണ്.

ഇതോടെ 4,800ൽ അധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇത്തവണ മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ആകെ അപേക്ഷകരിൽ 8,201 പേർ മലപ്പുറത്തിന് പുറത്തുനിന്നുള്ളവരാണ്. അപേക്ഷകരിൽ 79,680 പേർ സംസ്ഥാന സിലബസിൽ നിന്നുള്ളവരും, 2,109പേർ സിബിഎസ്ഇയിൽ നിന്നുള്ളവരും, 23പേർ ഐസിഎസ്ഇയിൽ നിന്നുള്ളവരും, 866 പേർ മറ്റ് സിലബസുകളിൽ നിന്നുള്ളവരുമാണ്. 42വിദ്യാർത്ഥികൾ ഇതിനകം തന്നെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.

വർഷങ്ങളായി ആവർത്തിക്കുന്ന ഈ സീറ്റ് ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ വിവിധ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ അധിക ബാച്ചുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നടപടികൾ ഈ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിച്ചിട്ടുണ്ടെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സുജിൻ വളാഞ്ചേരി വ്യക്തമാക്കി. പ്ലസ് വൺ അപേക്ഷകരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരികയാണെന്നും ഇത്തവണത്തെ കണക്കുകൾ വലിയൊരു വർദ്ധനവാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർത്ഥിക്ക് പോലും സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്നും സർക്കാർ അടിയന്തരമായി അധിക ബാച്ചുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധിക ബാച്ചുകൾ അനുവദിക്കുന്ന സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും, പല സ്കൂളുകളിലും അധിക ബാച്ചുകൾ നൽകുമ്പോൾ ഒരു ക്ലാസ് മുറിയിൽ അറുപത് മുതൽ അറുപത്തിയഞ്ച് കുട്ടികളെ വരെ ഇരുത്തിയാണ് പഠിപ്പിക്കാൻ നിർബന്ധിതരാകുന്നതെന്നും, അതിനാൽ ക്ലാസ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സർക്കാർ നവീകരിക്കണമെന്നും സുജിൻ കൂട്ടിച്ചേർത്തു.അതേസമയം, താൽക്കാലിക ബാച്ചുകൾ തുടരുന്നതും അധിക സീറ്റുകൾ അനുവദിക്കുന്നതും പ്രശ്നത്തിന്റെ യഥാർത്ഥ കാരണത്തെ അഭിസംബോധന ചെയ്യാത്ത താല്കാലിക നടപടികൾ മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുറ്റപ്പെടുത്തി. മലപ്പുറത്തെ ഈ പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കാൻ മാത്രം 628 അധിക ബാച്ചുകൾ ആവശ്യമാണെന്ന് സംഘടന അവകാശപ്പെട്ടു.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ താൽക്കാലിക ക്രമീകരണങ്ങളെ മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ പറഞ്ഞു.മലപ്പുറത്തെ ക്ഷാമം പരിഹരിക്കാൻ കുറഞ്ഞത് 628 അധിക ബാച്ചുകൾ ആവശ്യമാണ്. അതിൽ കുറഞ്ഞതൊന്നും പ്രശ്നത്തെ അടുത്ത വർഷത്തേക്ക് നീട്ടിവെക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കാത്ത പക്ഷം ജില്ലയിലുടനീളം പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് എസ്എഫ്ഐയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും മുന്നറിയിപ്പ് നൽകി.

കോഴിക്കോട് ആറുവരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

0

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഇരുപത്തിയെട്ട് കിലോമീറ്റർ ദൈർഘ്യമുള്ള, പുതുതായി വികസിപ്പിച്ച കോഴിക്കോട് ആറുവെരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സിറ്റി പോലീസുമായി ചേർന്ന് കർശനമായി നടപ്പാക്കാൻ തുടങ്ങി.

ആറുവരി പാത തുറന്നതുമുതൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും മിക്ക വാഹനയാത്രക്കാരും ഇത് പൂർണ്ണമായി അവഗണിക്കുകയായിരുന്നു. ഓവർടേക്കിംഗിനായി മാത്രം മാറ്റിവെച്ചിരിക്കുന്ന മൂന്നാം ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് പതിവ് കാഴ്ചയായിരുന്നു. കാലവർഷം ആരംഭിച്ചതോടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പദം സിംഗിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് നിയമലംഘകർക്കെതിരെ പിഴയുൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങാൻ അധികൃതർ തീരുമാനിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് ഔദ്യോഗിക അനുമതി ലഭിച്ചതായും ബൈപ്പാസിന്റെ എല്ലാ എൻട്രി പോയിന്റുകളിലും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ വ്യക്തമാക്കി. ദേശീയപാതാ ശൃംഖലയിലെ അതിവേഗ കൂട്ടിയിടികൾ ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ സീറോ ടോളറൻസ് സമീപനമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികവാസികളായ ഇരുചക്ര വാഹനയാത്രക്കാർക്ക് അവരുടെ ദൈനംദിന യാത്രകൾക്കായി ബൈപ്പാസിന് സമാന്തരമായുള്ള ഫ്ലൈഓവറുകൾ, അടിപ്പാതകൾ, പാലങ്ങൾ, സർവീസ് റോഡുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്.ഇതോടൊപ്പം തന്നെ പ്രധാന ആറുവരി പാതയിലും അതിനോട് ചേർന്നുള്ള സർവീസ് റോഡുകളിലും നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുരക്കാട്ടിരി പാലത്തിന് സമീപമുള്ള തൊണ്ടയാട്, കുടിൽത്തോട്, പാലോറമല തുടങ്ങിയ പ്രധാന സ്ഥലങ്ങൾ വലിയ ടാങ്കർ ലോറികളുടെയും ചരക്ക് ട്രക്കുകളുടെയും അനധികൃത പാർക്കിംഗ് കേന്ദ്രങ്ങളായി ദീർഘകാലമായി മാറിയിരുന്നു.

ഇത് വലിയ ഗതാഗതക്കുരുക്കുകൾക്കും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള അപ്രതീക്ഷിത അപകടങ്ങൾക്കും കാരണമായിരുന്നു. ഇനി മുതൽ സാങ്കേതിക തകരാറുകൾ മൂലം വാഹനം കേടാവുന്ന സാഹചര്യങ്ങളിൽ മാത്രമായിരിക്കും റോഡരികിൽ നിർത്താൻ അനുവദിക്കുക.ഹൈവേ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പെട്ടെന്നുണ്ടായ കർശന നിലപാട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.

മുൻപ് ആറുവരി പാതകളിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ശക്തമായി രംഗത്തുവന്ന യുഡിഎഫ് സർക്കാരിന്റെ പെട്ടെന്നുള്ള നയമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉയരുന്നുണ്ട്.

കൂടപ്പിറപ്പിന് വിട!, ഇത്ര പെട്ടെന്ന് വിടപറയുമെന്ന് കരുതിയില്ല’; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി.ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാള് .സലിം കുമാറിന് മുഖ്യമന്ത്രി വിഡി സതീശന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

0

.കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. രാവിലെ 11. 30 ഓടെയാണ് മുഖ്യമന്ത്രി പറവൂർ ടൗൺഹാളിലെത്തി സലിം കുമാറിന് അന്തിമോപചാരം അർപ്പിച്ചത്. തുടർന്ന് സലിം കുമാറിന്റെ ഭാര്യ, മക്കളായ ചന്തു, ആരോമൽ എന്നിവരുമായി മുഖ്യമന്ത്രി വിഡി സതീശൻ സംസാരിച്ചു. സലിംകുമാറുമായി അടുത്ത സൗഹൃദബന്ധമാണ് വിഡി സതീശൻ പുലർത്തിയിരുന്നത്.

തന്റെ കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് വിഡി സതീശൻ അനുസ്മരിച്ചിരുന്നു.സലിം കുമാറുമായി വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഏതു തിളച്ചുമറിഞ്ഞ കാലാവസ്ഥയിലും ഉറച്ച രാഷ്ട്രീയബോധ്യമുള്ള സുഹൃത്തായിരുന്നു സലിം കുമാർ എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്ര പെട്ടെന്ന് ഇങ്ങനെ വിടപറയുമെന്ന് കരുതിയിരുന്നില്ല. സലിം കുമാറിന്റെ കുടുംബം എന്നത് എന്റെ കുടുംബം കൂടിയാണ്. ആ കുടുംബത്തെ എന്നും ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച സലിം കുമാറിന്റെ മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ എംപി, ബെന്നി ബംഹനാൻ എംപി, രമേശ് പിഷാരടി എംഎൽഎ, സംവിധായകരായ കമൽ, പ്രിയനന്ദൻ, നടന്മാരായ ജയറാം, ടിനി ടോം, ബിബിൻ ജോർജ്, സൗബിൻ ഷാഹിർ, നവ്യ നായർ തുടങ്ങി സിനിമാ, സാംസ്കാരിക പ്രവർത്തകർ ടൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

മോഹൻലാലിന് വേണ്ടി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുഷ്പചക്രം അർപ്പിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സലിം കുമാറിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.’അയ്യപ്പസ്വാമിയുടെ സ്വര്‍ണ്ണം കട്ട ഇവിടെ എന്റെ ബലോന്‍ ദ് ഓര്‍ വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോ’! കായികലോകത്തിലേയ്ക്കും കടന്ന് ആ ഹാസ്യംസലിം കുമാറിന്റെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്ടമല്ലെന്ന് സാംസ്കാരിക- സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും സലിം കുമാറിനുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു.ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്.

സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.’ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

സൗദിയിലുള്ള സഹോദരന് കൊടുക്കാനെന്ന് പറഞ്ഞ് നാട്ടുകാരന്‍ പാന്റ് ഏല്‍പ്പിച്ചു; നോക്കുമ്പോള്‍ പോക്കറ്റില്‍ ലഹരി.

0

മലപ്പുറം: വിദേശത്തേക്ക് കൊണ്ടുപോകാന്‍ കൊടുത്തുവിട്ട പാന്റില്‍ കഞ്ചാവ്. മലപ്പുറം വണ്ടൂര്‍ ചെറുക്കോടാണ് സംഭവം. സൗദിയിലുള്ള സഹോദരന് എത്തിച്ചുകൊടുക്കാനെന്നു പറഞ്ഞ് നാട്ടുകാരന്‍ ഏല്‍പ്പിച്ച പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തില്‍ വണ്ടൂര്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. യുവാവിനെ മനഃപൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച മകനെ തിരികെ ചോദിച്ച് അമ്മ കലക്ടറേറ്റിൽ.

കോഴിക്കോട് : കണ്ണും മനസ്സും കലങ്ങിമറിഞ്ഞ്, ഒരു രാത്രിയാണ് മൂത്ത മകനെ കൈപിടിച്ചു, തന്റെ ചോരകുഞ്ഞിനെ ആരുമറിയാതെ നഗരത്തിലെ ‘അമ്മത്തൊട്ടിലിൽ’ വച്ചത്. നടന്നു നീങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി.. കുഞ്ഞിന്റെ ആ തുടുത്ത മുഖം മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു. പിന്നീട് ആ അമ്മ ഇരുളിലേക്ക് നടന്നകന്നു.

തിരിച്ചുള്ള യാത്രയിൽ നൊന്ത് പെറ്റ് അമ്മിഞ്ഞ നൽകി… ഉണ്മയും ഉമ്മയും നൽകിയ ആ മാതൃ ഹൃദയം അവനായി തേങ്ങി… ഒന്നല്ല, പല ദിന രാത്രികളിൽ… ഒടുവിൽ പിതൃത്വം തള്ളി പറഞ്ഞ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വാരിപുണരാൻ.. എല്ലാം മറന്ന് അവനെ തേടി നെഞ്ചുപിടഞ്ഞ് അമ്മ വീണ്ടും എത്തി. സാങ്കേതിക കുരുക്കിൽ കെട്ടിയിട്ട്, എങ്ങോ വളരാതെ, അനാഥനാവാതെ മകനെ വീണ്ടെടുക്കാൻ ആ അമ്മ സത്യത്തിനു മുന്നിൽ വാതിൽ തുറക്കും എന്ന പ്രതീക്ഷയിൽ.‘അവനെ എനിക്കു വേണം..’ മരിക്കുവോളം ഹൃദയ താളത്തിൽ താരാട്ടുപാടി ഒരു ദിനമെങ്കിലും മാറോട് അണയ്ക്കാൻ കഴിയുമെന്ന ആശയിൽ ആ അമ്മ കഴിഞ്ഞ ദിവസം കയറിച്ചെന്നത് കലക്ടറേറ്റിൽ.

മാതൃത്വം മനസ്സ് തുറന്നപ്പോൾ അമ്മയുടെ വേദനക്കൊപ്പം ജില്ലാ ഭരണകൂട നിയന്ത്രണത്തിലുള്ള ഡിസിപിഒ ഉദ്യോഗസ്ഥയും അനുകൂലമായി. സംസ്ഥാനത്ത് അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് സജീവമാകുകയും, മറ്റൊരിടത്ത് പിറന്ന കുഞ്ഞിനെ നിഷ്ഠൂരം ജനലഴികളിലൂടെ പുറത്തേക്കെറിഞ്ഞ സംഭവങ്ങൾ ക്കിടയിലാണ് മാതൃത്വം അന്യം നിൽക്കാത്ത അമ്മ കുഞ്ഞിനായി തിരിച്ചെത്തിയത്.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കോഴിക്കോട് ബീച്ച് ഗവ.ജനറൽ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ആൺ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ കോഴിക്കോട് സ്വദേശിയായ അമ്മയാണ് കാലം തീർത്ത ജീവിത കഥ മറന്നു മാതൃ സ്നേഹത്തിന്റെ പ്രതീകമായി കുഞ്ഞിനെ തേടിയെത്തിയത്. മാർച്ച് 12 ന് രാത്രി 10.37 നാണ് എട്ടു ദിവസം പ്രായവും 3.500 ഗ്രാം തൂക്കമുള്ള ആൺകുട്ടിയെ അമ്മത്തൊട്ടിലിൽ പടിവാതിക്കൽ വച്ച് അവർ പടിയിറങ്ങിയത്. അലാം മുഴങ്ങിയതോടെ ആരോഗ്യപ്രവർത്തകർ എത്തി കുഞ്ഞിനെ പരിലാളിച്ചു. ആ രാത്രി ലോകം യുദ്ധത്തിന്റെ ആശങ്കയിലായിരുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അർഥം വരുന്ന “ആരവ്” എന്ന് ഈ കുഞ്ഞ് അതിഥിയ്ക്ക് ആശുപത്രി അധികൃതർ പേര് നൽകി.ആ ഇരുണ്ട രാത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച കോഴിക്കോട്ടെ 30കാരിയായ പെറ്റമ്മയുടെ ആവലാതികൾ മനസ്സിൽ തിരയടിച്ചു. ‘ഞാൻ പല രാത്രികളിലും ഉറങ്ങാറില്ല… കണ്ണിമചിമ്മുമ്പോൾ ആ കുഞ്ഞു മുഖം മനസ്സിൽ തെളിയും’. പിന്നെ എങ്ങനെ ഉറങ്ങുമെന്ന് അവർ പറഞ്ഞു. കുടുംബമായി ജീവിക്കുന്നതിനിടയിലാണ് അയാളെ പരിചയപ്പെട്ടത്. പിന്നീട് അടുപ്പമായി. മോഹന വാഗ്ദാനങ്ങളിൽപെട്ട് മനസ്സ് അയാളിലേക്ക് ചേർന്നു. പിന്നീട് ജോലിക്ക് പോകുന്നത് തടസ്സമായി. ഗർഭ ഗൃഹത്തിൽ വളരുന്ന കുഞ്ഞിനെ ചൊല്ലി ഇടയ്ക്കിടെ അസ്വാരസ്യങ്ങൾ ഉണ്ടായി. പിന്നീട് അയാളുമായി അകൽച്ചയായി. ഒരു ദിവസം രണ്ടു പേരും അകന്നു. പിന്നീട് മൂത്തമകനും താനും ഒറ്റക്കായി, ജോലിയില്ലാത്ത നാളുകൾ. ആത്മഹത്യയിലേക്ക് മനസ്സ് നീങ്ങിയെങ്കിലും തുടരണം ജീവിതം എന്നു അനുഭവം പഠിപ്പിച്ചു. പരാതിയും പരിഭവവും വേണ്ടെന്ന് മനസ്സു പറഞ്ഞു. അയാൾക്കെതിരെ പരാതിയുമായി പോയില്ല.മാർച്ച് 4ന് രാത്രിയാണ് സർക്കാർ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. മുന്നോട്ടുള്ള യാത്ര ആശങ്കപ്പെടുത്തി. എട്ടാം ദിനം വൈകിട്ട് ആശുപത്രിയിൽ നിന്ന് ഇറങ്ങി. മൂത്തമകനൊടൊപ്പം കാറിൽ നഗരം ചുറ്റിക്കറങ്ങി. കടലോരത്തെത്തി. ഇരുട്ട് മൂടിവന്നതോടെ കടലിരമ്പം പോലെ മനസ്സും പ്രക്ഷുബ്ധമായി. അങ്ങനെ കുഞ്ഞിനു പാൽ നൽകി, വാഹനം ബീച്ച് ആശുപത്രിയിലേക്ക് ലക്ഷ്യമായി നീങ്ങി. ഒടുവിലാണ് കുഞ്ഞെങ്കിലും വളരട്ടെയെന്ന് കരുതി അമ്മത്തൊട്ടിലിൽ എത്തിച്ചത്. അന്ന് രാത്രി മുതൽ ഒന്നര മാസത്തോളം മനസ്സ് മറ്റൊരു വേദനിക്കുന്ന രൂപമായി ചുറ്റും വട്ടമിട്ടു നടന്നു. ഒടുവിൽ മകനെ വീണ്ടെടുത്ത് താരാട്ടുപാടാൻ ആശിക്കുകയായിരുന്നു.ആദ്യം അറിവുള്ളവരുമായി സംസാരിച്ചു. അങ്ങനെ സമൂഹമാധ്യമം വഴി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ മുൻ അംഗത്തെ കണ്ടെത്തി. തുടർന്ന് വെള്ളിമാടുകുന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സനെ കണ്ടു അപേക്ഷ നൽകി. നൂറ് നൂലാമാലകൾ പറഞ്ഞു. എങ്കിലും പിന്മാറിയില്ല. ഉപേക്ഷിച്ച് 60 ദിവസത്തിനകം തിരിച്ചു കിട്ടാൻ സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന നിയമം ആശ്വാസം ഉളവാക്കി. ഒടുവിൽ കലക്ടറേറ്റിൽ എത്തുകയായിരുന്നു. യുവതിയുടെ അപേക്ഷ സിഡബ്ല്യുസി അധികൃതർ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസിനു കൈമാറി. പിന്നീട് ഡിഎൻഎ ഉൾപ്പെടെയുള്ള തുടർ നടപടിക്കായി റിപ്പോർട്ട് പൊലീസിനു കൈമാറി. തന്റെ വേദനിച്ച ഹൃദയത്തെ ശാന്തമാക്കി, കുഞ്ഞിനെ മാറോട് ചേർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ.

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

0

കൊച്ചി: മലയാളത്തിന്റെ പ്രിയ ഹാസ്യസമ്രാട്ടും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്‌കാര ചടങ്ങുകളുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ തന്നെയായിരിക്കും വഹിക്കുക.ഇതുമായി ബന്ധപ്പെട്ട ആവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി ചെയ്യുന്നതിനായി എറണാകുളം ജില്ലാ കലക്ടര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേരള പൊലിസിന്റെ ബ്യൂഗിള്‍ സല്യൂട്ടോടെ (Bugle Salute) കായിക-സാംസ്‌കാരിക ബഹുമതികള്‍ നല്‍കി വിട ചൊല്ലാനായി ജില്ലാ പൊലിസ് മേധാവിക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം കൈമാറി.

പറവൂരില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനും പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിക്കും.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സിനിമാ ലോകത്തെ വലിയൊരു അധ്യായത്തിന് വിരാമമിട്ട് അദ്ദേഹം വിടവാങ്ങിയത്.

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ. സമീല്‍ അന്തരിച്ചുമാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു

0

മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്‌ലാൻഡിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ടൂറിസ്റ്റ് വർക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

നാലാം തിയതിയാണ് സമീൽ ടൂർ മാനേജരായി തായ്‌ലാൻഡിൽ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയയിരുന്നു.മാധ്യമം ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്കിലും ജോലി ചെയ്തിട്ടുണ്ട്.

മികച്ച മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനും നാടക പ്രവർത്തകനും സിനിമാ സാംസ്കാരിക നിരൂപകനുമായിരുന്നു.മലബാർ സമര ചരിത്രത്തിലെ പല അറിയാ എടുകളും തൻ്റെ ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂർ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു.