spot_img
Sunday, June 14, 2026
Home Blog Page 20

റുവാനിയുടെ സങ്കടം മുഖ്യമന്ത്രി കേട്ടു; പുതിയ വീട് നൽകാമെന്ന് ഉറപ്പുനൽകി വി.ഡി സതീശൻ, ഫോണിൽ വിളിച്ചു.

0

തിരുവനന്തപുരം : മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഭയമില്ലാതെ ഉറങ്ങണമെന്ന വിഴിഞ്ഞം സ്വദേശിനിയായ ആറു വയസുകാരി റുവാനിയുടെ ആഗ്രഹം സഫലമാകും. മുഖ്യമന്ത്രിയോട് വീട് വേണമെന്ന് അഭ്യർഥിച്ച റുവാനിയുടെ കുടുംബത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ സങ്കടം സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെയാണ് സഹായവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

നിലവിൽ വിഴിഞ്ഞത്തെ ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും അച്ഛനും അമ്മയും താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത, ശുചിമുറി പോലുമില്ലാത്ത ഈ പഴയ വീട്ടിൽ മഴ പെയ്യുമ്പോൾ ഉറങ്ങാൻ കഴിയുന്നില്ലെന്നായിരുന്നു റുവാനിയുടെ സങ്കടം.‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി പൈസ തിരികെ തരാം’ എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിന്റെ വാക്കുകൾ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും വീട് നൽകുമെന്ന വലിയ ഉറപ്പ് നൽകുകയുമായിരുന്നു.

നിലവിൽ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്. ഇതിനുമുൻപ് പലതവണ വീടിനായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.

മുൻ ഡെപ്യൂട്ടി പോലീസ് കമാൻഡന്റും ഫുട്ബോൾ താരവുമായ ഹബീബ് റഹ്മാന് അരീക്കോട്ടിൽ ഊഷ്മള സ്വീകരണം.

0

* അരീക്കോട്: നീണ്ട മുപ്പത്തിയാറര വർഷത്തെ സ്തുത്യർഹമായ ഔദ്യോഗിക സേവനത്തിനു ശേഷം വിരമിച്ച മുൻ കേരള പോലീസ് ഫുട്ബോൾ താരവും ഡെപ്യൂട്ടി കമാൻഡന്റ് ഓഫ് പോലീസുമായ ഹബീബ് റഹ്മാന് ടൗൺ ടീം അരീക്കോടിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.

സർവീസിലിരിക്കെ ഗുഡ് സർവീസ് എൻട്രിയും മികച്ച സേവനത്തിനുള്ള പോലീസ് മെഡലും കരസ്ഥമാക്കിയാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്. തന്റെ പതിനാറാം വയസ്സിൽ കേരള സ്റ്റേറ്റ് ജൂനിയർ ടീമിൽ അംഗമായിക്കൊണ്ട് ഫുട്ബോൾ രംഗത്ത് കരിയർ ആരംഭിച്ച ഹബീബ് റഹ്മാൻ, പിന്നീട് കേരള പോലീസിൽ ചേരുകയും നിരവധി പ്രമുഖ ടൂർണമെന്റുകളിൽ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അഞ്ച് തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ജേഴ്സിയണിഞ്ഞ അദ്ദേഹം മൂന്ന് തവണ ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ പങ്കാളിയായിരുന്നു.

കൂടാതെ, കേരള പോലീസ് രണ്ട് തവണ ഫെഡറേഷൻ കപ്പ് ഉയർത്തുമ്പോൾ ടീമിന്റെ അമരക്കാരനായിരുന്ന ഹബീബ് റഹ്മാൻ ഡ്യൂറാൻഡ് കപ്പ്, സ്റ്റേറ്റ് ഫുട്ബോൾ ക്ലബ് കപ്പ്, ഏഷ്യൻ ഗെയിംസ് കപ്പ് തുടങ്ങിയ പ്രശസ്തമായ ടൂർണമെന്റുകളിലും രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്.അരീക്കോട് ടൗൺ ടീം സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ല്യു. അബ്ദുറഹിമാൻ ഹബീബ് റഹ്മാന് ഉപഹാരം നൽകി ആദരിച്ചു. മുൻ സ്റ്റേറ്റ് താരം സൈനുൽ ആബിദ് കെ.വി. (1977) അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

ചടങ്ങിൽ മുൻ കെ.എഫ്.എ. വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, ഡി.എഫ്.എ. വൈസ് പ്രസിഡന്റ് നാലകത്ത് അബ്ദുസ്സലാം, മുൻ സ്റ്റേറ്റ് താരം കെ.വി. ജാഫർ എന്നിവർ സംബന്ധിച്ചു. ഇവർക്കൊപ്പം സർവകലാശാലാ താരങ്ങളായ ലത്തീഫ് സി., ജാഫർ സി., മുജീബ് മേക്കുത്ത്, മഹ്ബൂബ് (കുഞ്ഞാണി) എം.പി. എന്നിവരും ക്ലബ്ബ് താരങ്ങളായ എം.പി.ബി. ഷൗക്കത്ത്, അബ്ദുസമദ് കെ., ഡോക്ടർ സഫറുള്ള കെ. എന്നിവരും ക്ലബ്ബ് ഭാരവാഹികളായ ലാല, കുട്ടൻ പി., ഹുസൈൻ കുനിയിൽ, അബ്ദുന്നാസർ എം. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിച്ചു.

കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്.

0

കുറ്റ്യാടി:കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരത്തിലെ ഏഴാം വളവിൽ വെച്ചായിരുന്നു അപകടം.

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി (കെട്ട്) ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.

റോഡിന്റെ സൈഡ് ഇടിഞ്ഞതാണ് കാർ താഴേക്ക് മറിയാൻ കാരണമായതെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.വർധിച്ചുവരുന്ന അപകടസാധ്യതമലയോര ഹൈവേയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത വൻതോതിൽ വർധിച്ചിരിക്കുകയാണ്നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണെടുത്ത ഭാഗങ്ങളിലും കൃത്യമായ സംരക്ഷണ ഭിത്തികൾ ഇല്ലാത്തയിടങ്ങളിലും ഇത്തരത്തിൽ റോഡ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

പൊട്ടിക്കരഞ്ഞ് ചന്തു, അന്ത്യചുംബനം നൽകി ആരോമൽ; കണ്ണീരോടെ സുനിതയും; സലിംകുമാറിന് വിട നൽകി നാട്.

0

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തെ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ.മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്‌കാരച്ചടങ്ങുൾക്ക് മുന്നിൽനിന്നു. അവസാനനിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ചന്തു ഉൾപ്പെടെ പാടുപെടുന്നത് കാണാമായിരുന്നു.”ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു.

ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ പറവൂരിലെ വീട്ടിലെത്തി.

ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.” സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ശക്തമായ കാറ്റിന് സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്ക്.

0

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂണ്‍ ഒന്‍പത് വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ കാലയളവില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങള്‍ക്കൊപ്പം അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും വിവിധ ഭാഗങ്ങളിലും മോശം കാലാവസ്ഥ തുടരാനിടയുണ്ട്.

സൊമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യതെക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി മേഖല, തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരം, ഒഡിഷ-പശ്ചിമ ബംഗാള്‍ തീരങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മല്‍സ്യത്തൊഴിലാളികളും ചെറുകിട ബോട്ടുടമകളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടലില്‍ പോയിട്ടുള്ളവര്‍ സുരക്ഷിത തുറമുഖങ്ങളിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വം പിന്തുടരണമെന്നും പുതിയ അറിയിപ്പുകള്‍ക്കനുസരിച്ച് യാത്രകളും മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളും ക്രമീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് 50കാരന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍, അപകടകാരണം എസി ഇട്ട് ഉറങ്ങിയതോ?; അന്വേഷണം നടത്തി

0

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെയാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തത്. എസി ഇട്ട് ഉറങ്ങിയപ്പോള്‍ വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകീട്ടാണ് സംഭവം. വാഹനം കണ്ടെത്തിയ ഗ്രൗണ്ട് കുട്ടികള്‍ സ്ഥിരമായി കളിക്കാന്‍ വരുന്ന സ്ഥലമാണ്.കളിക്കാന്‍ എത്തിയ കുട്ടികളാണ് വാഹനത്തിനുള്ളില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ കുട്ടികള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാജീവ് ഇവിടെ ഉണ്ടായിരുന്നതായും തങ്ങളുമായി സംസാരിച്ചതായും കുട്ടികള്‍ പറയുന്നു.

ഇന്നലെ കളി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുട്ടികള്‍ ഇന്ന് വൈകീട്ട് കളിക്കാന്‍ തിരിച്ചെത്തിയപ്പോള്‍ ഇന്നലെ കണ്ട വാഹനം അതേപോലെ കിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.എസി ഇട്ട് ഉറങ്ങിയപ്പോള്‍ സാങ്കേതിക തകരാര്‍ മൂലം വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

വിപണി ഉറപ്പാക്കാൻ കാര്‍ഷിക വികസന വിപണന വകുപ്പ്: കൃഷിമന്ത്രി.

0

കോഴിക്കോട്*: കർഷകരുടെ വിളകള്‍ക്ക് വിപണി ഉറപ്പാക്കാനായി സംസ്ഥാനത്ത് കാർഷിക വികസന വിപണന വകുപ്പ് (അഗ്രോ ഡെവലപ്‌മെന്റ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്റ്) ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി.സിദ്ദീഖ്.

കോഴിക്കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കൃഷി വകുപ്പില്‍ കാർഷിക വികസനവിപണന വകുപ്പും മാർക്കറ്റിംഗ് ഡിവിഷനുമില്ലാത്തത് കർഷകർക്ക് വലിയൊരു പ്രശ്‌നമാണ്.

ഈ വകുപ്പ് പ്രവർത്തിക്കുന്നതോടെ ചെറുകിട വിപണിയിലേക്കും അന്തർദേശീയ വിപണികളിലേക്കും കർഷകരുടെ വിളകള്‍ എത്തിക്കുന്നതിനുള്ള പാലമായി ഈ വകുപ്പ് മാറും. അതിനുള്ള പദ്ധതി തയ്യാറാക്കാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കയറ്റുമതിക്കാരുമായി മന്ത്രിതലത്തില്‍ നേരിട്ട് കൂടിക്കാഴ്ച്ച നടത്തും.

വനിതാകർഷകർക്ക് മുന്തിയ പരിഗണന__2026 ല്‍ ഐക്യരാഷ്ട്രസഭ വനിത കർഷക വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചു വർഷം നീണ്ടു നില്‍ക്കുന്ന പദ്ധതികള്‍ക്ക് കൃഷി വകുപ്പ് നേതൃത്വം നല്‍കും. മികവുറ്റ വനിതാ കർഷകരെയും കാർഷിക മേഖലയിലേക്ക് കടന്നുവരാൻ താത്പര്യമുള്ളവരെയും കണ്ടെത്തി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കും. പരിശീലനം, സാമ്പത്തിക സഹായമുള്‍പ്പടെ അവർക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.__നെല്ലുസംഭരണം വേഗത്തില്‍__നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായും സഹകരണമന്ത്രിയുമായും യോഗം ചേർന്ന് നടപടികള്‍ സ്വീകരിച്ചു.

ഇനി വളരെ കുറഞ്ഞ നെല്ല് മാത്രമെ സംഭരിക്കാൻ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ കർഷകർക്കും പി.ആർ.സി ഇഷ്യൂ ചെയ്യുവാനും അതില്‍ കാലതാമസം വരുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശം നല്‍കി. ഓണത്തിന് ഒരുങ്ങാം വിളവിന്റെ വിസ്മയം എന്ന പേരില്‍ പച്ചക്കറി, പൂ കൃഷി എന്നിവക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു.__തരിശുനിലങ്ങളെല്ലാം കൃഷിക്ക്__കേരളത്തില്‍ ഇനി കൃഷി ചെയ്യാത്ത ഇടങ്ങളും തരിശായി കിടക്കുന്ന ഇടങ്ങളുമുണ്ടാകില്ല. ഉപയോഗപ്പെടുത്താവുന്ന എല്ലാ മേഖലകളും കാർഷിക മേഖലയിലേക്ക് ബന്ധപ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കുകയാണ്.

എഐ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെ കാർഷിക മേഖലക്ക് ഉപയോഗപ്പെടുത്തും.വിവിധ കൃഷിരീതികളെ ഒരുമിച്ച്‌ കൊണ്ടുവരുന്നതോടെ കാർഷിക മേഖലയില്‍ വലിയ മാറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിക്കുള്ള കോഴിക്കോട് പ്രസ് ക്ലബിന്റെ ഉപഹാരം പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിതും ചേർന്ന് കൈമാറി.

ലാഫിങ് വില്ലയിൽ ഇനി ആ ചിരിയില്ല; സലിംകുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു

0

എറണാകുളം: മലയാളക്കരയെ ദീർഘകാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ഏറ്റവുമൊടുവിൽ കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്തുകൊണ്ട് ‘ചിരിയുടെ ആശാൻ’ സലിംകുമാർ വിടവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ സലിംകുമാറിന്‍റെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചിതക്ക് തീകൊളുത്തി. പ്രിയനടന് അന്തിമോപചാരമർപ്പിക്കാൻ,അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് പറവൂരിലെ ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേ ഇന്നലെ രാത്രി 10.43 ഓടെയാണ് സലിംകുമാറിൻ്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹാസ്യകഥാപാത്രങ്ങളാണ്. കൊച്ചിൻ കലാഭവനിലൂടെയാണ് മിമിക്രി ജീവിതത്തിന് തുടക്കം. പിന്നീട്, കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. 1996ല്‍ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം.

2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിംകുമാര്‍ സ്വന്തമാക്കി.1969ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് ജനനം. വടക്കന്‍ പറവൂരിലുള്ള ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പിന്നീട് മാല്യങ്കര എസ്.എന്‍.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു.കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വഭാവനടനായും തിളങ്ങി. ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’, ‘കംപാര്‍ട്‌മെന്റ്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.1969ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് ജനനം. വടക്കന്‍ പറവൂരിലുള്ള ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പിന്നീട് മാല്യങ്കര എസ്.എന്‍.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും അദ്ദേഹം ബിരുദമെടുത്തു.കല്യാണരാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വഭാവനടനായും തിളങ്ങി. ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’, ‘കംപാര്‍ട്‌മെന്റ്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും സിനിമാലോകത്തെ സഹപ്രവർത്തകരും മരണത്തിൽ അനുശോചിച്ചു. സലിംകുമാർ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും കുടെപ്പിറപ്പ്, കുടുംബാംഗം, സഹോദരൻ അങ്ങനെ മറ്റ് പലതുമാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതികരിച്ചു. ‘

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………..തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. പ്രിയതാരത്തിന് വിടചൊല്ലുന്നതിനായി ആയിരക്കണക്കിന് പേരാണ് പറവൂരിലെ ലാഫിങ് വില്ലയിലേക്കെത്തിയത്.സലിംകുമാറിന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചനമറിയിച്ചു.

വിശിഷ്ടമായ അഭിനയ ജീവിതത്തിൽ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിംകുമാറെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും എണ്ണമറ്റ ആരോധകരുടേയും കൂടെയാണ് താനെന്നും മോദി എക്സിൽ കുറിച്ചു.മലയാള സിനിമയിലെ അതികായന്മാരിലൊരാളാണ് സലീംകുമാറെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സ്വതസിദ്ധമായ അഭിനയമികവിനാൽ ലക്ഷക്കണക്കിന് പേരെ ചിരിപ്പിക്കുകയും ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹത്തിന്‍റെ വിയോഗം ഇന്ത്യൻ ചലച്ചിത്ര ലോകത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

വാൽപാറ അപകടം; മരണപ്പെട്ട 4 പേരുടെ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി.

0

പെരിന്തൽമണ്ണ: വാൽപാറ അപകടത്തിൽ മരണപ്പെട്ട 4 പേരുടെ അനന്തരാവകാശികൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം കൈമാറി.മരണപ്പെട്ടവരിൽ ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തതും ഉദ്യോഗസ്ഥരല്ലാത്തവരുമായ ആളുകൾക്കാണ് സഹായധനം അനുവദിച്ചത്. ഏപ്രിൽ 17 ന് വിനോദ യാത്ര പോയ പാങ്ങ്ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനമാണ് വാൽപാന ചുരം ഇറങ്ങുന്നതിനിടെ അപകടത്തിൽപെട്ടത്.

മരണപ്പെട്ട ഫാത്തിമ സുഹറയുടെയും മകൻ ഹിഷാമിന്റെയും കുടുംബത്തിനുള്ള ധനസഹായം ഫാത്തിമ സുഹറയുടെ ഭർത്താവ് ആലുങ്ങൽ കുഞ്ഞിമുഹമ്മദിനും റുഖിയയുടെസഹായധനം മാതാവ് ആയിഷയ്ക്കും സാജിതയുടെ സഹായധനം മകൻ മുഹമ്മദ് ഷഹദിനും ഡ്രൈവർ നൗഷാദലിയുടെ സഹായധനം ഭാര്യ സി.പി.സീനത്തിനുംകൈമാറി. പെരിന്തൽമണ്ണ താലൂക്ക് ഓഫിസ് വഴി തുക ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയതായി തഹസിൽദാർ എം.കെ.കിഷോർ അറിയിച്ചു.പാങ്ങ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക അജിത(54), അധ്യാപകരായ റംല(52), ഫാത്തിമ സുഹറ(43), ആശ(41), അബ്ദുൽ മജീദ്(43) ഭാര്യ റുഖിയ (39),ഉച്ചഭക്ഷണ ജീവനക്കാരിയായ സാജിത(45), പാങ്ങ് ജിയുപി സ്കൂൾ അധ്യാപിക ഷക്കീല(37), ഫാത്തിമ സുഹറയുടെ മകൻ ഹിഷാം(12), ഡ്രൈവർഎ.പി.നൗഷാദലി(39) എന്നിവരാണ് അപകടത്തിൽ മരിച്ചത്..

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല; 3 കുട്ടികൾക്ക് രോഗബാധ, പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല ബാധ പടരുന്നു. 126 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകളും പ്രതിരോധ നടപടികളും കർശനമാക്കാൻ സർക്കാർ നിർദേശം നൽകി.അതേസമയം, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുതിയതായി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ രോഗം ബാധിച്ച മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ നില തൃപ്തികരമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എന്നാൽ സുൽത്താൻ ബത്തേരിയിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആശങ്കയകറ്റാൻ കൂടുതൽ വിപുലമായ പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും യാതൊരു കാരണവശാലും സാധാരണ വെള്ളം വിതരണം ചെയ്യരുത്. പൂർണ്ണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും മറ്റും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകൾ ശക്തമാക്കും. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കുട്ടികളിൽ വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സ്കൂളുകളിലെ കുടിവെള്ള സ്രോതസ്സുകൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തിവരികയാണ്. നിലവിൽ സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിന് കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഇവിടുത്തെ സാധാരണ കിണറ്റിലെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുന്നതിലൂടെ മാത്രമേ ഷിഗെല്ലയെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഹാരത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.