spot_img
Friday, July 3, 2026
Home Blog Page 213

പറഞ്ഞതെല്ലാം പച്ചക്കള്ളം! കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ എഡിറ്റ് ചെയ്തത്, പരാതി നൽകി

0

മലപ്പുറം: കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസിൽ പരാതി നൽകി വനംവകുപ്പ്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട  കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് .നിലമ്പൂർ സൗത്ത് ഡി എഫ്  ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ്  കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി.

ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യം വെച്ച് തെറ്റായ ദ്യശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു. വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തി. മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് രാവിലെ വീഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നിൽ യുവാവ് അകപ്പെട്ടുവെന്നായിരുന്നു പ്രചാരണം.

കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന  മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവക്ക് മുന്നിൽപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം  പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ, ജെറിന്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമെല്ലാം പച്ചക്കള്ളമാണെന്ന് വനംവകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. കടുവയുടെ സമീപത്തുനിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സ്ഥലത്ത് കടുവയിറങ്ങിയെന്ന പ്രചരണം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്. 

യുവാവിന്‍റെ കള്ളം പൊളിഞ്ഞത് വനംവകുപ്പിന്‍റെ പരിശോധനയിൽ

മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ ആണ് യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് വനംവകുപ്പ് കണ്ടെത്തി. മാധ്യമങ്ങളോട് അടക്കം യുവാവ് പറഞ്ഞത് കള്ളമാണെന്നും വനംവകുപ്പ് പറഞ്ഞു. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനിൽ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എ‍ഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും

0

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്.ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി.വായ്പ എഴുതിത്തള്ളാൻ ഓഗസ്റ്റില്‍ ചേർന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി ഒമ്ബതുവായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടർന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വായ്പകളും എഴുതിത്തള്ളാൻ ബാങ്ക് തീരുമാനിച്ചു. നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകള്‍ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയും വാർത്താക്കുറിപ്പില്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ അംഗങ്ങള്‍ക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കണ്‍സ്യൂമർ- പേഴ്സണല്‍ വായ്പാ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നല്‍കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വായ്പകള്‍ നല്‍കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

താനൂരിൽ വൻ സ്പിരിറ്റ് വേട്ട

0

മലപ്പുറം: മലപ്പുറം താനൂരിൽ വൻ സ്പിരിറ്റ് വേട്ട. പുത്തൻ തെരുവിൽ ലോറിയിൽ കടത്തുകയായിരുന്ന 10,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ​രണ്ട് ദിവസം മുൻപ് സ്പിരിറ്റ് കടത്ത് സംബന്ധിച്ച സൂചനകൾ എക്സൈസിന് ലഭിച്ചിരുന്നു. ഗോവയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്ന സ്പിരിറ്റ് രണ്ട് ദിവസമായി പിന്തുടർന്നാണ് എക്സൈസ് പിടികൂടിയത്.തൃശൂർ ചാവക്കാട് സ്വദേശികളായ ലോറി ഡ്രൈവർ സജീവ്, ക്ലീനർ മനോജ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുന്നൂറ് ക്യാനുകളിൽ നിറച്ച നിലയിലായിരുന്നു സ്പിരിറ്റ് കടത്തിയത്. ക്യാനുകൾക്ക് മുകളിൽ പലകകൾ നിരത്തി മൈദ ചാക്കുകൾ വച്ചായിരുന്നു സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.

ഈ വസ്തുക്കൾ ല​ഗേജിൽ ഉൾപ്പെടുത്തരുത്, ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്

0

റിയാദ്: ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, റാഡാർ സംവിധാനങ്ങൾ, സ്റ്റൺ ​ഗണ്ണുകൾ, ലേസർ പേനകൾ, ഒളി ക്യാമറകൾ തുടങ്ങി നിരവധി വസ്തുക്കൾ നിരോധന പട്ടികയിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഹജ്ജ് തീർത്ഥാടകർ ല​ഗേജിൽ കരുതാൻ പാടില്ലെന്നും യാത്രക്ക് മുൻപ് തന്നെ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.    

സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കളുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ​ഗ്രാൻഡ് മോസ്കിലേക്ക് പോകുന്ന വിമാന യാത്രക്കാർക്കുള്ള ല​ഗേജ് സംബന്ധമായ മറ്റ് നിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീർത്ഥാടകർ ചെറിയ ബാ​ഗുകൾ കയ്യിൽ കരുതണം. വലിയ ബാ​ഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിർദേശത്തിൽ പറയുന്നു. ഹജ്ജ് യാത്ര യാതൊരു വിധ തടസ്സങ്ങളും കൂടാതെ പൂർത്തീകരിക്കുന്നതിൽ ഇത്തരം മാർ​ഗനിർദേശങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.    

ട്രെയിൻ ശുചിമുറിയിൽ യുവതിയുടെ ഫോൺനമ്പർ; അശ്ലീല ഫോൺ കോളുകളുടെ പ്രവാഹമെന്നു പരാതി

0

കോഴിക്കോട് ∙ ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺനമ്പർ എഴുതിയിട്ടതിനെത്തുടർന്ന് അശ്ലീല ഫോൺ കോളുകളുടെ പ്രവാഹമെന്നു പരാതി. വ്യക്തിവിരോധം കാരണം ചെയ്തതെന്ന സംശയത്തിൽ യുവതി പൊലീസിനും റെയിൽവേ പൊലീസിനും പരാതി നൽകി.വളാഞ്ചേരി സ്വദേശിയുടെ നമ്പറാണ് കണ്ണൂർ–ഷൊർണൂർ മെമുവിലെ ശുചിമുറിയിൽ എഴുതിവച്ചത്. യുവതിയുടെ പേരും അശ്ലീലച്ചുവയുള്ള വാചകങ്ങളും നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ ഒരാൾക്കെതിരെ കോഴിക്കോട് കസബ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരിക്കാം നമ്പർ എഴുതിവച്ചത് എന്നാണു പരാതിക്കാരിയുടെ ആരോപണം.ഫോണിലേക്ക് തുടർച്ചയായി മോശം ഭാഷയിലുള്ള വിളികൾ വന്നുതുടങ്ങിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നു തിരിച്ചറിഞ്ഞില്ല. ഇതിനിടെ ട്രെയിൻ യാത്രക്കാരിൽ ഒരാളാണു നമ്പർ ശുചിമുറിയിൽ കണ്ടതായി വിളിച്ചറിയിച്ചത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി. റെയിൽവേ പൊലീസ് പരിശോധന നടത്തുകയും നമ്പർ എഴുതിവച്ച കംപാർട്മെന്റ് തിരിച്ചറിയുകയും ചെയ്തു. സാമൂഹിക വകുപ്പിന്റെ വൊളന്റിയർ ജോലിയും പാലിയേറ്റീവ് പ്രവർത്തകയുമാണു പരാതിക്കാരി. സ്ത്രീകൾക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയിടാൻ പൊലീസ് നടപടി വേണമെന്ന തിരിച്ചറിവാണു പരാതി നൽകാൻ കാരണം

പരീക്ഷ പേപ്പര്‍ ചോര്‍ച്ച സംഭവത്തിന്റെ ഉറവിടം കണ്ടെത്തി; മലപ്പുറം സ്വദേശി പിടിയില്‍

0

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉറവിടം കണ്ടെത്തി. എം എസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ നല്‍കിയത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസര്‍. ഇയാള്‍ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണാണ്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂള്‍ പ്യൂണിന്റെ മൊഴി പുറത്ത്. മുമ്പ് അറസ്റ്റിലായ ഫഹദുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകള്‍ ചോര്‍ത്താനായി എടുത്തെങ്കിലും വിവാദമായതോടെ ഇവ നല്‍കിയില്ല.


സയന്‍സിന്റെ 4 പേപ്പര്‍ അയച്ചു നല്‍കി എന്നാണ് പിടിയിലായ ആള്‍ പറയുന്നത്. പ്ലസ് വണ്‍ ചോദ്യപേപ്പറിന്റെ കാര്യത്തിലാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകപ്പുമായി ചേര്‍ന്ന ഗുഢാലോചനയല്ല എന്ന് വ്യക്തമായി. നാസറിന്റെ ഫോണും മറ്റ് പ്രതികളുടെ ഫോണും ഫോറന്‍സിക് പരിശോധനക്ക് അയക്കും. കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.സംഭവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഒഴിച്ച് രണ്ട് മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. മലപ്പുറം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയാണ് അറസ്റ്റിലായ നാസര്‍. മുമ്പ് അറസ്റ്റിലായ ഫഹദ് ഇതേ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു.

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും

0

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യനിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം നടത്തി അതിവേഗം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മെയ് 5നകം ഫലം പ്രഖ്യാപിക്കും.എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഹയർ സെക്കൻഡറി ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ മൂല്യ നിർണ്ണായത്തിനായി സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ ആരംഭിക്കും. ഏപ്രിൽ 26വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും (6ദിവസം).ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയവും ഏപ്രിൽ 03 മുതൽ ആരംഭിക്കും.

കിലോയ്ക്ക് 5000 രൂപക്ക് വാങ്ങും, വില്‍ക്കുന്നത് 25000 രൂപയ്ക്ക്; ഹോൾസെയിൽ കച്ചവടം മാത്രം! ഒടുവിൽ പിടിയിൽ

0

കൊച്ചി: രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. തൊടുപുഴ കാരിക്കോട് കുമ്മൻ കല്ല് തൊട്ടിയിൽ റസൽ (40), തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം തൈമുറി വീട്ടിൽ നീന (45) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ആലുവ എസ്.എൻ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോൾസെയിലായിട്ടാണ് വിൽപ്പന. ഇയാൾ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. റസലിനെതിരെ കല്ലൂർക്കാട്, മൂവാറ്റുപുഴ, കാഞ്ഞാർ, പെരുമ്പാവൂർ എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

യുപിഐ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, ഏപ്രിൽ 1 മുതൽ ബാങ്കുകൾ ഈ മാറ്റങ്ങൾ നടപ്പിലാക്കും

0

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ  മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത്  മൊബൈല്‍ നമ്പറുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് എന്‍പിസിഐ സര്‍ക്കുലര്‍ പറയുന്നു.

യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സ് തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഇങ്ങനെ ഫണ്ട് പിന്‍വലിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാന്‍സ്ഫര്‍ ഔട്ട് എന്ന സേവനം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ലഭ്യമാകും.നിലവില്‍, യുപിഐ ലൈറ്റ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് വാലറ്റിലേക്ക് പണം ചേര്‍ക്കാന്‍ കഴിയും, പക്ഷേ അത് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. ഇതിനായി യുപിഐ ലൈറ്റ് അക്കൗണ്ട് നിര്‍ജ്ജീവമാക്കണം. എന്നാല്‍ ട്രാന്‍സ്ഫര്‍ ഔട്ട് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഇത് ചെറിയ പേയ്മെന്‍റുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും.

ഒരു യുപിഐ ലൈറ്റ് അക്കൗണ്ടില്‍ നിന്ന് 6 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കില്‍, ബാങ്ക് ആ അക്കൗണ്ട് നിഷ്ക്രിയമായി കണക്കാക്കുകയും ബാക്കി തുക ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും. ഈ നിയമം 2025 ജൂണ്‍ 30-നകം നടപ്പിലാക്കും. കുറഞ്ഞ ചെലവിലുള്ള ദൈനംദിന ഇടപാടുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അതിവേഗ പേയ്മെന്‍റ് യുപിഐ പേയ്മെന്‍റ് സേവനമാണ് യുപിഐ ലൈറ്റ്. 500 രൂപയില്‍ താഴെയുള്ള ചെറിയ തുകകള്‍ക്ക് പിന്‍ നമ്പര്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു. 

കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കും

0

കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 100 കോടിയുടെ പദ്ധതിയിലാകും സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. സംഘടനക്കു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം.