തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ നാളെ മുതൽ അപേക്ഷ നല്‍കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25ന് രാവിലെ 11 മണി മുതൽ നൽകാവുന്നതാണ്. അപേക്ഷകൾ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ; വീഡിയോകൾ 24മണിക്കൂറിനകം നീക്കിയില്ലെങ്കിൽ നിയമ നടപടി
ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എആര്‍ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു. വീഡിയോകൾ 24 മണിക്കൂറിനകം നീക്കണമെന്ന് വക്കീൽ നോട്ടീസിലെ ആവശ്യം. വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
വിവാഹ മോചനം സംബന്ധിച്ച് എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചര്‍ച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ, വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും അപകീര്‍ത്തികരമായ വിവരങ്ങളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചത്.
പാലക്കാട് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയരഥമേറി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വൻമുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18,840 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്.രാഹുൽ മാങ്കൂട്ടം 58389, ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549, ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. പി സരിൻ 37293 വോട്ടുകള് നേടി. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ ഭൂരിപക്ഷം കുത്തനെ ഉയർത്തിയാണ് രാഹുലിന്റെ കുതിപ്പ്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ചത് 7403 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2016ൽ ഷാഫി ഇത് 17,483 ആയി ഉയർത്തി. 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞു. ഈ ഭൂരിപക്ഷമാണ് ഷാഫിയുടെ പിൻഗാമിയായെത്തിയ രാഹുൽ ഇപ്പോൾ 18000ത്തിലേറെയായി ഉയർത്തിയത്.
10,000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്റെ പ്രതികരണം. വാശിയേറിയ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കിൽ ഫലം വന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വമ്പൻ ലീഡ് നേടി കുതിക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.
പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർത്ഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി. സരിൻ നേടിയതിന്റെ ഇരട്ടി വോട്ടുകൾ നേടിയാണ് രാഹുലിന്റെ തേരോട്ടം.പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി.
ചേലക്കരയിൽ യു ആർ പ്രദീപ് 12122 വോട്ടുകൾക്ക് വിജയിച്ചു
ചേലക്കര:ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തേരോട്ടം. 64827 വോട്ടു നേടി യു ആർ പ്രദീപ് വിജയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 52626 വോട്ട് നേടി. ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണന് 33609 വോട്ടു നേടി പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു ചേലക്കരയിലേത്.ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെയും എൽഡിഎഫിനെയും ചേലക്കരയിലെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
പാലക്കാട് സിപിഐ എമ്മിലെ സൗമ്യ മുഖങ്ങളിലൊന്നാണ് ചേലക്കാരക്കാരുടെ സ്വന്തം പ്രദീപേട്ടൻ. കെ രാധാകൃഷണന്റെ പിൻഗാമിയായി 2016 മുതൽ 21 വരെ അഞ്ചുവർഷം ചേലക്കര എംഎൽഎയായിരുന്ന അദ്ദേഹം നിരവധി വികസനപ്രവൃത്തികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തദ്ദേശ-സഹകരണ രംഗത്തെ ഭരണപരിചയമടക്കം കരുത്തായി. 2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്തിന്റെ ഭരണസാരഥിയായിരിക്കെ ആദ്യ അവസരത്തിൽ തന്നെ നേതൃപാടവം തെളിച്ച് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ദേശമംഗലത്തിന് നേടികൊടുത്തു. പഞ്ചായത്തിൽ ഇടത് മുന്നണിയ്‌ക്ക് തുടർ ഭരണവും നേടികൊടുത്തു. 2005-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2009-11ൽ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 2015ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത് അംഗമായി. ഇതിനിടയിലാണ് 2016ൽ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തിയത്. 2022 മുതൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ ചെയർമാനാണ്. പട്ടികജാതി വിഭാഗക്കാർക്ക് ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. 15 വർഷ ചരിത്രത്തിനിടെ കോർപറേഷനെ വൻ ലാഭത്തിലാക്കി.
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ് രൂപീകൃതമായത്. ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 1996ൽ കെ രാധാകൃഷ്ണൻ ജയിച്ച ശേഷം എൽഡിഎഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.
നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ് യു ആർ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ചേലക്കര പാളൂർ തെക്കേപുരക്കൽ പരേതരായ രാമന്റയും ശാന്തയുടെയും മകനാണ്. ഭാര്യ: പ്രവിഷ. മക്കൾ: കാർത്തിക്, കീർത്തന (ഇരുവരും സ്‌കൂൾ വിദ്യാർഥികൾ).
സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2024 ലെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരങ്ങൾ ഡിസംബർ 3 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തിൽ വിതരണം ചെയ്യുമെന്ന് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
സർക്കാർ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരത്തിന് ഡോ. ബീനകൃഷ്ണൻ എസ് കെ, എ മുജീബ് റഹ്മാൻ, കൊച്ചുനാരായണി, ഡോ.കെ.പി നിധീഷ് എന്നിവരും സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരത്തിന് മുഹമ്മദ് ജാബിറും സന്തോഷ് മേനോനും അർഹരായി. ഇരുപത്തി അയ്യായിരം രൂപ വീതമാണ് സമ്മാനത്തുക.
ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്വകാര്യ മേഖലാ സ്ഥാപനമായി കെ വി എം ട്രസ്റ്റ് ചേർത്തലയും ഷാലിമാർ സ്റ്റോഴ്സ് തളിപ്പറമ്പും തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷിക്കാരുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന മികച്ച സർക്കാരേതര സ്ഥാപന വിഭാഗത്തിൽ വയനാടിലെ എംമൗസ് വില്ല റെസിഡൻഷ്യൽ സ്‌കൂൾ ഫോർ മെന്റലി റിട്ടാർഡെഡും കോഴിക്കോട്ടെ തണൽ കരുണ സ്‌കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും എറണാകുളത്തെ കേരള റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഫിസിക്കലി അഫക്റ്റഡും പുരസ്‌കാരം നേടി. ഇരുപതിനായിരം രൂപ വീതമാണ് സമ്മാനത്തുക.
ശാരിക എ കെയും പി എ സൂരജും സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങൾക്കുള്ള പുരസ്‌കാരത്തിനും ആൻ മൂക്കനും വചസ് രതീഷും മികച്ച സർഗാത്മക ബാലൻ-ബാലികാ പുരസ്‌കാരത്തിനും അനു ബി യും മുഹമ്മദ് ആസിം പിയും മികച്ച കായിക പ്രതിഭാ പുരസ്‌കാരത്തിനും അർഹരായി. ദേശീയ-അന്തർദേശീയ മികവിന് സജി തോമസും തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തി അയ്യായിരം രൂപ വീതമാണ് സമ്മാനത്തുക.
മികച്ച ജില്ലാ പഞ്ചായത്തായി ആലപ്പുഴയും ജില്ലാ ഭരണകൂടമായി കാസർഗോഡും കോർപ്പറേഷനായി തിരുവനന്തപുരവും മുനിസിപ്പാലിറ്റിയായി നിലമ്പൂരും അവാർഡിനഹരായി. പെരുമ്പടപ്പും മതിലകവും മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും കതിരൂർ, കാമാക്ഷി എന്നിവയും പുനരധിവാസ കേന്ദ്രമായി കോഴിക്കോട്ടെ പ്രതീക്ഷാ ഭവനും തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിനും കാസർഗോഡ് ജില്ലാ ഭരണകൂടത്തിനും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. തിരുവനന്തപുരം കോർപ്പറേഷന് മുൻപ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളതിനാൽ സർട്ടിഫിക്കറ്റും പ്രശംസാപത്രവുമാണ് ലഭിക്കുക. നിലമ്പൂർ മുനിസിപ്പാലിറ്റിക്ക് അൻപതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും ഇരുപത്തി അയ്യായിരം രൂപ വീതവും പുനരധിവാസ കേന്ദ്രത്തിന് അൻപതിനായിരം രൂപയും ലഭിക്കും.
ഭിന്നശേഷി സൗഹൃദ സർക്കാർ-സ്വകാര്യ സ്ഥാപന വിഭാഗത്തിൽ ആലപ്പുഴ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയും നൂതന ഗവേഷണ പദ്ധതികൾക്ക് റോബി ടോമിയും അർഹമായി. ഇരുപത്തി അയ്യായിരം രൂപയാണ് സമ്മാനത്തുക. പൂജ രമേഷ് പ്രത്യേക പരാമർശവും നേടിയതായി മന്ത്രി അറിയിച്ചു.
ഡിസംബർ 10ന് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുക, വോട്ടറുടെ ഇടതു നടുവിരലിൽ
ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്.
തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിങ് ഓഫീസറോ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചത്.
സ്വർണ്ണ കവർച്ച: നാല് പേർ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു, സംഘത്തിൽ ഒമ്പത് പേർ
ചിത്രം :പിടിയിലായ പ്രതികൾ,ആക്രമണത്തിനിരയായ ജ്വല്ലറി ഉടമ(മഞ്ഞ ടീഷർട്ട്),ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃശൂർ, കണ്ണൂർ സ്വദേശികളാണ് എല്ലാവരും. ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വർണം കിട്ടിയിട്ടില്ല. അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം.
സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറി മുതൽ തന്നെ കാർ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ടകൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് ആക്രമണമുണ്ടായത്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണ്ണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.
കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ-എൽഡിഎഫ് മുന്നണികൾ.എന്നാൽ പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. പോളിംഗ് കുറവിലും ആത്മവിശ്വാസത്തിലാണ് പാലക്കാട്ടെ മുന്നണികൾ. എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് LDF സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞു.
ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77% വോട്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 4 ശതമാനം കുറവ്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്. അവസാനവട്ട കണക്കുകൂട്ടലുകളിൽ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് നിലനിർത്തിയത് 39400 വോട്ടിന്റെ ഭൂരിക്ഷത്തിൽ. ഇക്കുറി അതിനോടടുക്കാനാവില്ല. 10000 – 15000 വരെ മാത്രമാണ് പ്രതീക്ഷ. ആത്മവിശ്വാസത്തിനപ്പുറം ജാഗ്രതക്കുറവുണ്ടായെന്നാണ് മുന്നണിയിലെ തന്നെ വിമർശനം.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പ്രചാരണഘട്ടത്തിൽ ഉടനീളം പറഞ്ഞിരുന്നത്. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ അതിപ്പോൾ നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞത്. തങ്ങളുടെ വോട്ടുകൾ പരമാവധി പോൾ ചെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം.
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024)
▶ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത്
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
- അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ
കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)
വയോജന സംരക്ഷണം
എസ് സി -എസ് ടി വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ
പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും
റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)
കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ
വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ
വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം
വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ
തണ്ണീർത്തട സംരക്ഷണം
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
- പരിഗണിക്കാത്ത വിഷയങ്ങൾ:
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ
ലൈഫ് മിഷൻ
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ
വായ്പ എഴുതി തള്ളൽ
പോലീസ് കേസുകൾ
ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)
ജീവനക്കാര്യം (സർക്കാർ)
റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.
അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.
▶ പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ്
തിരുവനന്തപുരം ആസ്ഥാനമാക്കി KERA (Kerala Climate Resilient Agri-Value Chain Modernization) പദ്ധതിയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. മൂന്ന് റീജിയണൽ പ്രോജക്ട് മാനേജ്‌മെന്‍റ് യൂണിറ്റുകൾ കോട്ടയം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ സ്ഥാപിക്കും. കേരള കാർഷിക സർവകലാശാല, വ്യവസായ വാണിജ്യ വകുപ്പിനു കീഴിലെ വ്യവസായ ഡയറക്ടറേറ്റ്, പ്ലാൻ്റേഷൻ ഡയറക്ടറേറ്റ്, കേരള ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്പ്മെന്റ്റ് കോർപ്പറേഷൻ (കിൻഫ്ര), കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലായി നാല് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളും സ്ഥാപിക്കും.
സംസ്ഥാന പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിൽ 14 തസ്തികകൾ പുതുതായി സൃഷ്ടിക്കും. മൂന്ന് റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റുകളില്‍ 15 തസ്തികകളും മൂന്ന് പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ യൂണിറ്റുകളില്‍ 7 തസ്തികകളും
സൃഷ്ടിക്കും. അന്യത്ര സേവന വ്യവസ്ഥയിലാകും നിയമനം.
▶ ടെണ്ടര്‍ അംഗീകരിച്ചു
കൊല്ലം പുനലൂര്‍ നിയോജക മണ്ഡലത്തില്‍ കല്ലറ ആറിന് കുറുകെ കുളത്തൂപുഴ ശ്രീശാസ്താ – അമ്പലക്കടവ് പാലത്തിന്‍റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട് മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിനുളള ടെണ്ടര്‍ അംഗീകരിച്ചു
തിരുവനന്തപുരം കൈതമുക്ക് – പേട്ട, സെന്‍റ് സേവിയേഴ്സ് ജംഗ്ഷന്‍ – വലിയതുറ, ഗാന്ധിപാര്‍ക്കിന് ചുറ്റും, കല്‍പക്കടവ് – ചാക്ക, ഈഞ്ചയ്ക്കൽ പുത്തന്‍ റോഡ് ജംഗ്ഷന്‍ – പൊന്നറപാലം റോഡ്, സീവേജ് ഫാം, വിദ്യാഗാര്‍ഡന്‍, എയര്‍പോര്‍ട്ട് – ശ്രീലാന്തിമുക്ക് റോഡ്, ഈഞ്ചയ്ക്കൽ – കാഞ്ഞിരവിളാകം, കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍ – വെസ്റ്റ് ഫോര്‍ട്ട്, പാസ്പോര്‍ട്ട് ഓഫീസ് – ഇരുമ്പ് പാലം – തേങ്ങാപ്പുര- കവറടി, വള്ളക്കടവ് – ആറാട്ട് ഗെയ്റ്റ് ജനറല്‍ സിവില്‍ വര്‍ക്ക് എന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.
▶ കരട് അംഗീകരിച്ചു
2024ലെ കേരള സ്പോര്‍ട്സ് ഭേദഗതി ബില്ലിന്‍റെ കരട് അംഗീകരിച്ചു
▶ ധനസഹായം
മലപ്പുറം മേല്‍മുടി മുട്ടിപ്പടിയില്‍ 20/06/2024ന് വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് അഷറഫ് – സാജിത ദമ്പതികളുടെ മൂന്ന് മക്കള്‍ക്കും കൂടി ആകെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. മൈനറായ കുട്ടികളെ വനിതാ – ശിശുവികസന വകുപ്പിന്‍റെ അനുയോജ്യമായ പദ്ധതിയില്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കും.
മനുഷ്യ-വന്യജീവി സംഘർഷം: പരിഹാരത്തിനായി സമഗ്ര കർമ്മ പദ്ധതി
*ഹാക്കത്തോൺ പോർട്ടൽ പ്രകാശനം ചെയ്തു
മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങളടങ്ങിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച സമഗ്ര പഠനം നടത്തിയതിൽ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും ഇതിൽ 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തി. 273 ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനുകളാകും തയ്യാറാക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായിട്ടുള്ള പ്രദേശങ്ങളെ 12 ലാൻഡ്സ്‌കേപ്പുകളായി തിരിച്ചിട്ടുണ്ട്. ലാൻഡ്സ്‌കേപ്പ്തല മാസ്റ്റർ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല കർമപദ്ധതിയും തയ്യാറാക്കും. കർമ്മപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കത്തോണായ സേഫ് ഹാബിറ്റാറ്റ് ഹാക്ക് പോർട്ടലും ബുക്ക്‌ലെറ്റും മന്ത്രി പ്രകാശനം ചെയ്തു.
ഹാക്കത്തോൺ
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും ആവാസവ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തനാണ് കെ-ഡിസ്‌കുമായി സഹകരിച്ച് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിവിധ സ്റ്റാർട്ടപ്പുകൾക്കും മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, ഇന്നൊവേറ്റർമാർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ, ഹാബിറ്റാറ്റ് പരിപാലന മേഖലയിലെ വിദഗ്ധർ തുടങ്ങിയവർക്കും പങ്കാളികളാകാം. സൗരോർജ വേലികൾ, മതിലുകൾ തുടങ്ങിയവയുടെ കാര്യക്ഷമതയിലെ അപര്യാപ്തത, തത്സമയ നിരീക്ഷണത്തിനുള്ള നൂതന ഉപകരണങ്ങളുടെ കുറവും അവ വനമേഖലയിൽ സ്ഥിരമായി ഉപയോഗിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് തുടങ്ങിയവ സംബന്ധിച്ച പ്രായോഗിക പരിഹാര മാർഗങ്ങളാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ വനമേഖല തുരുത്തുവത്കരിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പൂർണമായ സഹകരണം ഉറപ്പുവരുത്തൽ, പ്രദേശങ്ങൾക്ക് അനുയോജ്യമായ പ്രതിവിധികൾ കണ്ടെത്തുന്നതിലെ പോരായ്മകൾ എന്നിവ സംബന്ധിച്ച പരിഹാര മാർഗങ്ങൾക്കും ഹാക്കത്തോൺ ഊന്നൽ നൽകുന്നുണ്ട്.
പ്രൊട്ടോടൈപ്പുകൾ, പ്രൊഡക്ട് ഡെവലപ്മെന്റ്, നൂതന സ്റ്റാർട്ടപ്പ് ആശയങ്ങൾ തുടങ്ങിയവ ഹാക്കത്തോണിലൂടെ കണ്ടെത്താനാകും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജി ഐ എസ് അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ, പൊതുജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. ഡിസംബർ 20 വരെ ഹാക്കത്തോണിലേക്ക് ആശയങ്ങൾ സമർപ്പിക്കാം. വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾ 2025 ഫെബ്രുവരി 15 നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെയും കെ ഡിസ്‌കിന്റെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്.
മിഷൻ ഫെൻസിങ് – 2024
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് ‘മിഷൻ ഫെൻസിങ് 2024’. സംസ്ഥാനത്തെ 1400 കി.മീ-കളിലായി സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ തകരാറുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പൊതുജന പങ്കാളിത്തത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും. നവംബർ 25 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപയിനാണിത്. നവംബർ 25 മുതൽ നവംബർ 30 വരെയുള്ള ആദ്യഘട്ടത്തിൽ സൗരോർജ വേലികളുടെ തത്സ്ഥിതി പരിശോധിച്ചു തരംതിരിക്കുകയും തകരാറിലായവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പു നടത്തി ഫണ്ട് സമാഹരണം നടത്തുകയും ചെയ്യും. ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാം ഘട്ടത്തിൽ തകരാറിലായതായി കണ്ടെത്തിയ സൗരോർജ വേലികളുടെ അറ്റകുറ്റപ്പണികൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ നിറവേറ്റും. അവസാന ഘട്ടമായ ഡിസംബർ 16 മുതൽ 24 വരെ പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവർത്തനക്ഷമമാക്കിയ സൗരോർജവേലികൾ നാടിനു സമർപ്പിക്കും.
പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതി വനം വകുപ്പ് നടപ്പാക്കും. പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വർഷത്തിൽ 50 ശതമാനം കുറവ് വരുത്തുകയാണ് ഒന്നാം ഘട്ടത്തിലെ ലക്ഷ്യം. ആദ്യഘട്ടമായി പരിശീലനങ്ങൾ ജനുവരി മുതൽ ആരംഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്റിവെനം ലഭ്യമല്ലാത്തതാണ് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഉയരുന്നതിന് പ്രധാന കാരണമെന്നും ഇത് ഒഴിവാക്കാൻ ആരോഗ്യവകുപ്പുമായി സഹകരിച്ച് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു വർഷത്തിനുള്ളിൽ ആന്റിവെനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.



