spot_img
Thursday, July 9, 2026
Home Blog Page 298

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളില്ല :പോലീസ്

0

ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപെട്ട ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ മാത്രമേ ഇനിയും താരങ്ങളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തൂ. മറ്റ് സിനിമാതാരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണ‌ർ പുട്ട വിമലാദിത്യ അറിയിച്ചു.ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും രണ്ട് താരങ്ങളും മൊഴി നൽകിയിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. ഇവരുടെ മൊഴികളും താരങ്ങളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യം കണ്ടെത്തിയാലും മറ്റ് എന്തെങ്കിലും തെളിവു കിട്ടിയാലും മാത്രമാകും ഇനി ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും വിളിപ്പിക്കുക. കേസിൽ ഇതുവരെ ഇരുവർക്കുമെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഹോട്ടലിൽ എത്തിച്ച ബിനുവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകിയിരുന്നു. ഈ ഇടപാടുകളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടൽ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനും കാത്തിരിക്കുകയാണു അന്വേഷണസംഘം. മറ്റ് സിനിമാതാരങ്ങളാരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരിൽ ഒരാൾ അതേ ദിവസം മരടിലെ ആഢംബര ഹോട്ടലിൽ വന്നിരുന്നെങ്കിലും ലഹരിപാർട്ടിക്കെത്തിയതായി ഇതുവരെ സൂചനയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന കാര്‍ കിണറ്റില്‍ വീണു; നവദമ്പതികൾക്ക് അദ്ഭുതരക്ഷ

0

ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തിൽ നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്.എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. 15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാർ വീണത്.

ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം അനിൽ (27), വിസ്മയ (26), എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കാർ ഉള്ളിലേക്ക് വീണു. കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. നാട്ടുകാരുടെയും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരുടെയും സഹായത്തോടെ യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാറിന് സാരമായ കേടുപാടുകളുണ്ട്. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

മാറ്റം ചാറ്റുകളില്‍; വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇവ അറിഞ്ഞിരിക്കണം

0

പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മടിയില്ലാത്ത വാട്‌സ്ആപ്പ് അടുത്ത ചുവടുവെക്കുന്നു. ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്‍കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ അണിയറയില്‍ ഒരുങ്ങുന്നതായാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട്. 

ചാറ്റ്-സ്‌പെസിഫിക് തീമുകള്‍ ഒരുക്കുകയാണ് മെറ്റയുടെ സ്വന്തം വാട്‌സ്ആപ്പ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നത്. നമുക്ക് ആവശ്യമായ ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യുന്ന വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുകയാണ് എന്നാണ്. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് വിപുലമായി അവതരിപ്പിക്കുക. 

മെറ്റ എഐക്ക് ശബ്‌ദ നിര്‍ദേശം നല്‍കിയാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്‌ത് ലഭിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. റിയല്‍-ടൈം വോയ്‌സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും ബാക്ക്‌ഗ്രൗണ്ട് അഥവാ പശ്ചാത്തലം മാറ്റാനുമെല്ലാം ഇതിലൂടെ സാധിക്കും. ഈ ഫീച്ചറും വൈകാതെ വാട്‌സ്ആപ്പ് വ്യാപകമായി അവതരിപ്പിക്കും. ഒരു ചിത്രം അപ്‌ലോഡ് ചെയ്‌താല്‍ അതെന്താണ് എന്ന് മെറ്റ എഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുകയാണ്.

സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഒരു ഫീച്ചറും മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന (Block Unknown Account Messages) സംവിധാനമാണ് ഇത്. ഈ ഫീച്ചറും ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്. സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്താണ് ഇതാണ് ഉപയോഗിക്കേണ്ടത്. 

തുലാമഴ, സംസ്ഥാനത്ത് ഇന്ന് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ്

0

സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. അറബികടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം മഹാരാഷ്ട്ര തീരത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്ന ന്യുന മർദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു സമീപവും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് നിഗമനം

ചെന്നൈ കവരൈപേട്ടയിൽ ട്രെയിൻ അപകടം; 4 കോച്ചുകൾ പാളം തെറ്റി, 2 കോച്ചുകൾക്ക് തീപിടിച്ചു

0

ചെന്നൈ:തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ, ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ 4 കോച്ചുകൾ പാളം തെറ്റി. 2 കോച്ചുകൾക്ക് തീപിടിച്ചതായാണ് വിവരം. അപകടത്തിൽ ആളപായമില്ലെന്നാണ് സൂചന. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഭാഗമതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.‌

മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറംചേർക്കൽ വ്യാപകം; കടകൾക്കെതിരെ നടപടി

0

കോഴിക്കോട് : ഭക്ഷ്യവസ്‌തുവായ മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറംചേർക്കൽ വ്യാപകം. കോഴിക്കോട് ജില്ലയിലെ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന്‌ ശേഖരിച്ച മിക്സ്ചറുകളിൽ കണ്ടെത്തിയത്‌ ആരോഗ്യത്തിന്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ. തുടർന്ന്‌, ബന്ധപ്പെട്ട കടകളിലെ ഉൽപ്പാദനവും വിൽപ്പനയും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചു.  

പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ്‌ ബേക്ക് ബേക്കറിയിലേക്ക്‌ മിക്സ്‌ചർ നൽകിയ ഓമശേരി പുതൂർ റിയാ ബേക്കറിയുടെ മിക്‌സ്‌ചർ  ഉൽപ്പാദനവും നിരോധിച്ചു. മറ്റ്‌ മൂന്ന്‌ ബേക്കറികളും പുറത്തുനിന്നാണ്‌ മിക്‌സ്‌ചർ വാങ്ങിയത്‌. ബില്ലോ മറ്റ്‌ രേഖകളോ ഇല്ലാത്തതിനാൽ ഉൽപ്പാദന യൂണിറ്റ്‌ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അസി. കമീഷണർ സക്കീർ ഹുസൈൻ പറഞ്ഞു. സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കും.  

ടാട്രസിൻ അപകടകരം

കൃത്രിമ നിറത്തിനായി ചേർക്കുന്ന പദാർഥങ്ങളെല്ലാം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. താരതമ്യേന വീര്യംകൂടിയ ടാട്രസിൻ  അലർജി, ആസ്‌മ, ഉത്‌ക്കണ്‌ഠ, തൊലിപ്രശ്‌നങ്ങൾ എന്നിവ‌ക്ക്‌ കാരണമാകും. അതുകൊണ്ട്‌ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്‌ചറുകളിൽ മഞ്ഞനിറത്തിനായാണ്‌ ഇത്‌ ഉപയോഗിക്കുന്നത്.

കർശന നടപടിയിലേക്ക്‌

കൃത്രിമ നിറം ഉപയോഗിക്കുന്നതിനെതിരെ ജില്ലയിൽ ‘നിറമല്ല രുചി’ ബോധവൽക്കരണവും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണവും നൽകിയിരുന്നു. എന്നാൽ, ഉൽപ്പാദകർ ഇത്‌ ശ്രദ്ധിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കർശന നടപടിയിലേക്കാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നീങ്ങുന്നത്‌. വിൽക്കുന്നതും ഉൽപ്പാദിപ്പിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ കേസെടുക്കും. വരുംദിവസങ്ങളിൽ എല്ലാ നിർമാണ യൂണിറ്റുകളും പരിശോധിച്ച്‌ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌.

മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂൾ അടച്ചുപൂട്ടും; നോട്ടീസ് നൽകാൻ നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

0


മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഇതിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെയായിരുന്നു മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി തല്ലിയത്. ക്ലാസിൽ വച്ച് അധ്യാപിക ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടി വ്യക്തമായി ഉത്തരം നൽകിയില്ല എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലു കിട്ടിയതിന്റെ നിരവധി പാടുകളാണ് ഉള്ളത്. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് തല്ലുകൊണ്ട് പൊട്ടിയ പാടുകൾ കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതിയും നൽകി.

രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ടീച്ചറെ കസ്റ്റഡിയിലെടുക്കുകയും. വൈകിട്ടോടെ ടീച്ചറുടെ അറസ്റ്റും രേഖപ്പെടുത്തി. ഭാരതീയ ന്യായ സംഹിതയിലെ 118 (1) , ജെജെറ്റിലെ 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മണിക്കൂറുകള്‍ക്കൊടുവില്‍ തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ആശ്വാസം; വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

0


സാങ്കേതിക തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് ആശങ്ക സൃഷ്ടിച്ചിരുന്ന വിമാനം സുരക്ഷിതമായി ഇപ്പോള്‍ താഴെയിറക്കി. വിമാനം പറത്താനോ താഴെയിറക്കാനോ കഴിയാതെ ഏറെനേരം വട്ടമിച്ച് പറന്ന ശേഷമാണ് വിമാനം ഇപ്പോള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരിക്കുന്നത്. 141 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റേത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ സുരക്ഷിത ലാന്‍ഡിംഗ് ആണെന്നും സിഐഎസ്എഫ് സ്ഥിരീകരിച്ചു. വിമാനത്തിലുള്ള ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ AXB 613 വിമാനം രണ്ട് മണിക്കൂര്‍ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്. ഇന്ധനം തീര്‍ക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്‌നം. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ പ്രശ്‌നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഇന്ധനം തീര്‍ക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു.

വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു. സുരക്ഷിത ലാന്‍ഡിംഗിനെ വിമാനത്താവളത്തിലുള്ള മുഴുവന്‍ പേരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. യാത്രക്കാര്‍ക്ക് പോകാനുള്ള പകരം വിമാനം ഉടന്‍ സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകും; കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും മനാഫ്

0

കോഴിക്കോട് : പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ്. അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്നും മനാഫ് പറഞ്ഞു. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നുണ്ട്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.നമ്മൾ കൂട്ടിപിടിക്കേണ്ട അത്ഭുത വ്യക്തിയാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. ‘എല്ലാവരും ചേർന്ന് മക്കളുടെ ചികിത്സ എത്രയും പെട്ടന്ന് ഏറ്റെടുത്ത് നടത്തും. മനാഫ് ചാരിറ്റബൾ എന്ന പേരിൽ പുതിയതായി ഒരു ട്രസ്റ്റ് പൂരീകരിച്ചിട്ടുണ്ട്. ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇതിലും നന്നായി കുട്ടികളെ മാറ്റിയെടുക്കാൻ സാധിക്കുമെന്നുള്ള വിശ്വാസമുണ്ട്.

കേരളത്തെ മൊത്തം കൂട്ടി നല്ലൊരു വീടും കുട്ടികൾക്ക് താമസിക്കാവുന്ന തരത്തിൽ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം. മാൽപെയെ കൂടാതെ റെസ്ക്യൂ ടീമിൽ കുറച്ചുപേരുണ്ട്. അവരുടെ അവസ്ഥയും പരിതാപകരമാണ്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് തീർക്കും’, മനാഫ് പറഞ്ഞു.ഈശ്വർ മൽപെയെ മാജിക് മാൽപെയെന്നാണ് താൻ എപ്പോഴും വിളിക്കുന്നതെന്ന് മനാഫ് പറഞ്ഞു. താനിട്ട പേരാണിത്. തന്നെ സംബന്ധിച്ചിടത്തോളം എന്നും മാജിക് കാണിക്കുന്ന ആളാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ടെടുത്ത പ്രമുഖ വ്യവസായി മുംതാസ് അലിയുടെ കിട്ടില്ലെന്ന് കരുതിയ മൃതദേഹമാണ് മാൽപെ കണ്ടെത്തിയത്. മാനസിക സംഘർഷം കൂടിയായിരുന്നു അത്. കാരണം രണ്ടു ദിവസം തിരഞ്ഞിട്ട് ലഭിച്ചില്ല, മൂന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്. ഉപ്പുവെള്ളത്തിനടിയിൽ ഇത്രയും മണിക്കൂർ നിന്ന് പ്രവർത്തിക്കുക എന്നത് ചെറിയ കാര്യമല്ല. ഉറങ്ങാൻ കഴിയില്ല, കണ്ണെല്ലാം നീറിയിട്ട് ഉറങ്ങാൻ പറ്റാത്ത സമയങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും മനാഫ് കൂട്ടിച്ചേർത്തു

രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ

0

ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ. ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു.ആറു ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിനു സാന്നിധ്യമുണ്ട്. 2023-24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16,500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്