spot_img
Wednesday, July 8, 2026
Home Blog Page 336

നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

0

*കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകൾ

             സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലെന്നും ചിലർ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്ക്കെത്തിയവർക്ക് ഹെൽത്ത് കാർഡ് എടുക്കാനും കാലാവധി കഴിഞ്ഞവർക്ക് പുതുക്കാനുമുള്ള സാവകാശമാണ് നൽകുന്നത്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ നിരക്കിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

             സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകൾ ശക്തമായി നടന്നു വരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 28,42,250 രൂപ പിഴയായി ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 720 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 54 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും 90 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികളും സ്വീകരിച്ചു.

             ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനകൾ കൂടാതെ പ്രത്യേക ഡ്രൈവുകളും സംഘടിപ്പിച്ചു. ഷവർമ പ്രത്യേക സ്‌ക്വാഡ് 512 പരിശോധനകൾ നടത്തി. അതിൽ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി 1993 പരിശോധനകൾ നടത്തി. 90 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി 2645 പരിശോധനകൾ നടത്തുകയും 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തു. മത്സ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 583 പരിശോധനകൾ നടത്തി. 498 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ച് നടപടി സ്വീകരിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ഫിസിയോ തെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്തു

0

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ പൊലീസിൽ പരാതി ലഭിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തിരുന്നു. പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്

വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 സ്ഥാപനങ്ങളുടെ പ്രവർത്തനം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർത്തി വയ്പ്പിച്ചു

0

*2 ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത് രഹസ്യ ഡ്രൈവ്

        ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. ഈ ഡ്രൈവ് രഹസ്യമാക്കി വച്ച് മുന്നറിയിപ്പില്ലാതെയാണ് പരിശോധനകൾ നടത്തിയത്. കാലവർഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.

             രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തി. സംസ്ഥാനത്തുടനീളം 134 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 368 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 458 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 9 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികളും ആരംഭിച്ചു.

             തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂർ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂർ 169, കാസർഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂർ 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂർ 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചത്.

             ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്ന പരിശോധനകൾക്ക് പുറമേയാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം.ഓൺലൈൻ വിതരണക്കാരും തട്ടുകടക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു: ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്നലെ ഇടിയുകയായിരുന്നു. പവൻ ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54520  രൂപയാണ്.

രണ്ട് ദിവസംകൊണ്ട് 480  രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില ഒറ്റയടിക്ക്  720 രൂപ വർധിച്ച് 55,000  ത്തിലേക്ക് എത്തിയിരുന്നു. നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണ വില കുറയുന്നതിന് കാരണമായി. യുഎസ് ട്രഷറി വരുമാനം 25% വർധിച്ചതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. എല്ലാ ചൈന ഉൽപന്നങ്ങൾക്കും 60% തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നൽകിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര സ്വർണ്ണവില 2425 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6815 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5660 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയായി
 
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂലൈ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 – ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 –  ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 –  ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി  വില 53,680 രൂപ
ജൂലൈ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,680 രൂപ
ജൂലൈ 11 –  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 –  ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 14 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 15 –  ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 –  ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 –  ഒരു പവന് സ്വർണത്തിന് 720 രൂപ ഉയർന്നു. വിപണി വില 55,000 രൂപ
ജൂലൈ 18 –  ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ
ജൂലൈ 19 –  ഒരു പവന് സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 54,520 രൂപ

ഷിരൂരിലെ മണ്ണിടിച്ചില്‍; കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അര്‍ജുനെ രക്ഷിക്കാൻ കര്‍ണാടക മുഖ്യമന്ത്രിയുടെ ഇടപെടൽ

0

കോഴിക്കോട്:കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഇടപെടല്‍. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു .എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ.

ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. അതേസമയം, സംഭവ സ്ഥലത്ത് ഉടനെ എത്തുമെന്നും മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതായാണ് അറിയാൻ കഴിഞ്ഞതെന്നും അര്‍ജുന്‍റെ ഭാര്യാ സഹോദരൻ പറഞ്ഞു. നിലവില്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ജൂലൈ എട്ടിനാണ് അര്‍ജുൻ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അര്‍ജുന്‍റെ കോഴിക്കോട്ടുള്ള വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്‍റെ ഫോണ്‍ റിങ് ചെയ്തിരുന്നു.

പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ലോറിയിലാണ് അര്‍ജുൻ പോയിരുന്നത്. വാഹനത്തിന്‍റെ ജിപിഎസ് ലോക്കേഷൻ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണെന്നും വീട്ടുകാര്‍ പറഞ്ഞു.ഷിരൂരില്‍ ലോറി കുടുങ്ങിയതില്‍ സഹായം ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് തന്നെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് മെയില്‍ അയച്ചിരുന്നുവെന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും വീണ്ടും ബന്ധപ്പെടുമെന്നും ലോറി ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ നേതാവ് സ്റ്റാലിൻ പറഞ്ഞു.

അപകടത്തിൽപ്പെട്ട കാർ വാങ്ങി വഞ്ചിക്കപ്പെടാരിക്കാൻ ഇതാ ചില എളുപ്പവഴികൾ

0

സ്വന്തമായി ഒരു വാഹനം എന്നത് പലരുടെയും സ്വപ്‍നമാണ്. സെക്കൻഡ് ഹൻഡ് കാർ വാങ്ങിയാവും സാധാരണക്കാരിൽ പലരും തങ്ങളുടെ വാഹന സ്വപ്‍നം സഫലീകരിക്കുന്നത്.  നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ പരിശോധിക്കാൻ മറക്കരുത്. കാരണം ഇപ്പോൾ വിപണിയിൽ സെക്കൻ്റ് കാർ എന്ന പേരിൽ വലിയ കബളിപ്പിക്കൽ നടക്കുന്നുണ്ട്. വിലകുറഞ്ഞ കാർ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൾ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുന്നു. പിന്നീട് അതിൽ ഖേദിക്കുന്നു. പുതുപുത്തൻ എന്ന മട്ടിലാണ് പഴയ കാർ വിപണിയിൽ വിൽക്കുന്നത്. എന്നാൽ കാറിൻ്റെ പെയിൻ്റിന് താഴെയുള്ള സത്യം, കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ആക്‌സസറികളുടെ സത്യങ്ങൾ തുടങ്ങിയവ ആരും പറയുന്നില്ല. 

വിപണിയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചില കാറുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്തുകൊണ്ടാണ് ഇത് അങ്ങനെയെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അപകടത്തിന് ഇരയായ കാറുകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ബോധവാനായ ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങൾ അത്തരം വാഹനങ്ങളിൽ നിന്ന് മാറിനിൽക്കണം.  ഉപയോഗിച്ച കാറിന് അപകടത്തിൽ കേടുപാടുകൾ ഉണ്ടോയെന്ന് നിങ്ങൾക്ക് എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ച് അറിയാം. 

ഉടമയോട് ചോദിക്കുക
നിങ്ങൾ നേരിട്ട് ഉടമയിൽ നിന്ന് വാങ്ങുകയാണെങ്കിൽ, ഏറ്റവും അടിസ്ഥാനപരമായ സമീപനം ഉടമയോട് തന്നെ ചോദിക്കാം! മിക്ക കേസുകളിലും, അവരുടെ കാറുകളെക്കുറിച്ചുള്ള സത്യം പറയാൻ ഉടമകൾ മടിക്കാറില്ല. മറുവശത്ത്, നിങ്ങൾ സ്വയം ബോധവാനായ ഒരു ഉപഭോക്താവായിരിക്കണം കൂടാതെ വാഹനം സ്വയം പരിശോധിക്കാതെ ഉടമ പറയുന്നത് വിശ്വസിക്കരുത്.

സർവ്വീസ് ഹിസ്റ്ററി പരിശോധിക്കുക
നിങ്ങൾ കാറിൻ്റെ VIN നമ്പർ വാങ്ങിയ ശേഷം കാർ അപകട നാശനഷ്ടങ്ങൾക്കായി പരിശോധിക്കുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിനെതിരായ ഇൻഷുറൻസ് ക്ലെയിമുകൾക്കായി നിങ്ങൾ സേവന കേന്ദ്രത്തോട് ചോദിച്ചാൽ മതി. എങ്കിലും, ചില നിർമ്മാതാക്കൾ വിശദാംശങ്ങൾ പങ്കിടുന്നത് എതിർത്തേക്കാം,

വിദഗ്ധരോട് ചോദിക്കുക
ഉപയോഗിച്ച കാറിന് അപകട നാശനഷ്ടങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യം, എല്ലാം കൈകാര്യം ചെയ്യാൻ ഒരു മെക്കാനിക്കിനെ അനുവദിക്കുക എന്നതാണ്.  

ബമ്പറുകൾ പരിശോധിക്കുക
കാർ പുതിയതായി കാണുമ്പോൾ ബമ്പറിൽ കേടുപാടുകൾ സംഭവിച്ചതിൻ്റെ പ്രധാന ലക്ഷണങ്ങൾ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഉടമ തീർച്ചയായും നിങ്ങൾക്ക് ഒരു വിശദീകരണം നൽകണം. ബമ്പറിലെ സ്‌ക്രാപ്പുകൾ, ഡൻ്റുകൾ, പോറലുകൾ എന്നിവ ഉടമ കാർ എങ്ങനെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നു.

പാനലുകളിലെ വിടവുകൾ
ബമ്പറിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിൽ, ബോഡിലൈനിലേക്ക് പോകുക. ഉപയോഗിച്ച കാറിന് അപകടത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിൻ്റെ ആദ്യ സൂചന ഡോറുകളിലെ പാനൽ വിടവാണ്. ഡിസൈനിലെ ഏകതാനതയ്ക്കായി കാറിൻ്റെ എല്ലാ പാനലുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. രൂപകൽപ്പനയിൽ എന്തെങ്കിലും ക്രമക്കേട് നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, പാനൽ ശരിയായി നന്നാക്കാത്തതിനാൽ കാർ അപകടത്തിൽപ്പെടാനുള്ള ഉയർന്ന സാധ്യതയുണ്ട്.

പെയിൻ്റ് പരിശോധിക്കുക
അപകടത്തിൽ കേടുപാടുകൾ സംഭവിച്ച ഒരു ഉപയോഗിച്ച കാർ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് പരിശോധിക്കാവുന്ന മറ്റൊരു കാര്യം പെയിൻ്റാണ്. കാറിൻ്റെ ഏതെങ്കിലും പാനൽ വീണ്ടും പെയിൻ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ അതിൻ്റെ ചരിത്രത്തെക്കുറിച്ച് ഉടമയോടോ ഡീലറോടോ ചോദിക്കേണ്ടതുണ്ട്. പെയിൻ്റ് ചെയ്ത പാനൽ എളുപ്പത്തിൽ കണ്ടെത്താൻ, നിങ്ങൾ സൂര്യപ്രകാശത്തിൽ കാർ പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കുക. മറ്റ് പാനലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വീണ്ടും പെയിൻ്റ് ചെയ്ത പാനലിൻ്റെ പെയിൻ്റിലെ ചെറിയ വ്യത്യാസങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ കാണാൻ കഴിയും. പെയിൻ്റ് ചെയ്ത പുറം പ്രതലങ്ങൾ ആന്തരിക നാശനഷ്ടങ്ങളുടെ സൂചനയായിരിക്കാം, അത് അടിയന്തിര പരിചരണം ആവശ്യമായി വന്നേക്കാം.

അടിവശം പരിശോധിക്കുക
ഏതെങ്കിലും വർക്ക്‌ഷോപ്പുകളിലേക്ക് നിങ്ങൾ കൊണ്ടുപോകുകയാണെങ്കിൽ നിങ്ങൾക്ക് കാറിന്‍റെ അടിവശം കൃത്യമായി പരിശോധിക്കാം. എങ്ങനെയും കാർ വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ, ഒരു ടോർച്ച് പിടിച്ച് താഴേക്ക് സ്ലൈഡ് ചെയ്യുക. തുരുമ്പും ഉപ്പും അടിഞ്ഞുകൂടുന്നുണ്ടോയെന്ന് പരിശോധിക്കുക. നിങ്ങളുടെ കൈകൾ അടിവശത്തേക്ക് ഓടിക്കുക, ഒരു ഭാഗം ദുർബലമാണോ അല്ലെങ്കിൽ അമിതമായ തുരുമ്പും ഉപ്പും ഉണ്ടോ എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ അനുഭവപ്പെടും. വളഞ്ഞ ചേസിസ് പോലും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

വിൻഡ്ഷീൽഡ് പരിശോധിക്കുക
അപകട നാശത്തിൻ്റെ മറ്റൊരു അടയാളം വിൻഡ്ഷീൽഡാണ്. വിൻഡ്ഷീൽഡിൽ ശ്രദ്ധയോടെ നോക്കുക. ഇവിടെ നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയുന്ന ഒരു പ്രധാന കാര്യം ഒരു വിള്ളലാണ്. നിങ്ങൾ ഒരു പൊട്ടലും കണ്ടില്ലെങ്കിൽ, വിൻഡ്ഷീൽഡിൻ്റെ സീരിയൽ നമ്പർ നോക്കുക, മറ്റ് ഗ്ലാസുകളിൽ സ്റ്റാമ്പ് ചെയ്ത നമ്പറുമായി താരതമ്യം ചെയ്യുക. നമ്പർ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി മാറുകയാണെങ്കിൽ, ഒരു പ്രത്യേക ഗ്ലാസ് മാറ്റിയത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ഉടമയോട് ചോദിക്കണം. ഈ ഘട്ടത്തിലും അപകടസാധ്യത സംശയിക്കാം. 

ചുളിഞ്ഞ പ്രതലങ്ങൾ പരിശോധിക്കുക
ബോണറ്റ് തുറന്ന് എല്ലാ ജോയിന്റുകളും പരിശോധിക്കുക. നിങ്ങൾ ഏതെങ്കിലും ചളുങ്ങിയ പ്രതലം കണ്ടെത്തുകയാണെങ്കിൽ ഇതൊരു  ഒരു അപകടം കാരണം വളഞ്ഞതാണെന്നും അത് ശരിയായി അറ്റകുറ്റപ്പണി ചെയ്തിട്ടില്ലെന്നുമാണ്. കൂടാതെ, സ്ക്രൂകൾക്കും ബോൾട്ടുകൾക്കും സമാനമായ അവസ്ഥയുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. ചില സ്ക്രൂകൾ മറ്റൊന്നുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയതായി തോന്നുകയാണെങ്കിൽ, അവ എന്തിനാണ് മാറ്റിയതെന്ന് നിങ്ങൾക്ക് ഉടമയോട് ചോദിക്കാം.

കാറിൻ്റെ നട്ട്ബോൾട്ടുകളുടെ നിറം?
ഇതുകൂടാതെ, കാറിൻ്റെ ബോണറ്റ് തുറക്കുക, ബോണറ്റിന് തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന നട്ടിൻ്റെ നിറം ബോഡിയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ബോണറ്റ് നന്നാക്കിയിട്ടുണ്ടെന്ന് അർത്ഥമാക്കുന്നു. ഇതിനർത്ഥം കാർ എപ്പോഴെങ്കിലും മുന്നിൽ നിന്ന് ഇടിച്ചിട്ടോ മറ്റെവിടെയെങ്കിലുമോ അപകടം സംഭവിച്ചുവെന്നോ ആണ്.

എഞ്ചിൻ ബേ പരിശോധിക്കുക
നിങ്ങൾ ബോഡിലൈൻ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞാൽ, എഞ്ചിൻ ബേയിലേക്ക് നീങ്ങുക. ബോഡിലൈനിൽ പ്രശ്‌നങ്ങൾ കാണുമ്പോൾ നിങ്ങൾ ഒരു വൃത്തിയുള്ള എഞ്ചിൻ ബേ കണ്ടെത്തിയാൽ, അത് വീണ്ടും സംശയാസ്പദമാണ്! ബോഡിലൈനിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ എഞ്ചിൻ വളരെ വൃത്തിയുള്ളതാണെങ്കിൽ, ഉടമ എഞ്ചിനിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് . കാരണം ഇത് ഇതിനകം തന്നെ പ്രശ്‌നമുള്ളതായിരുന്നുവെന്ന് ഊഹിക്കാം. ആ എഞ്ചിനും കാറും എത്രയും വേഗം ഒഴിവാക്കണമെന്ന് ഉടമ ആഗ്രഹിക്കുന്നു. എഞ്ചിൻ പരിശോധിക്കാൻ, ഒരു എഞ്ചിൻ ഡിപ്സ്റ്റിക്കിൻ്റെ സഹായം തേടുക. കാർ സ്റ്റാർട്ട് ചെയ്ത് ശേഷം ഡിപ്സ്റ്റിക്ക് എഞ്ചിനിലേക്ക് തിരുകുക. ധാരാളം സ്പ്ലാറ്റർ പുറത്തേക്ക് വരുന്നുണ്ടെങ്കിൽ, അതിനർത്ഥം കാറിന്‍റെ എഞ്ചിൻ കാര്യമായ രീതിയൽ അറ്റകുറ്റപ്പമിക്ക് വിധേയമാക്കി എന്നാണ്.

ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
സെക്കൻഡ് ഹാൻഡ് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ, സിഗ്‍സാഗ് രിതിയിൽ വളഞ്ഞും പുളഞ്ഞും കാർ ഓടിച്ചുനോക്കുക. ഈ സമയത്ത് കാറിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ശബ്ദം വന്നാൽ, അതിനർത്ഥം ഈ കാർ വാങ്ങുന്നത് ഒരു നഷ്‍ടക്കച്ചവടം ആയിരിക്കും എന്നാണ്. 

‘നേരിടാം ചിരിയോടെ’; ആസിഫ് അലിയുടെ ചിരി ‘പരസ്യ’മാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

0

 നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്.  കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആസിഫിനൊപ്പമുള്ള ചിത്രവും പങ്കിട്ട് പിന്തുണയുമായെത്തി. സംഗീത ബോധം മാത്രം പോരാ, അല്‍പം സാമാന്യ ബോധം കൂടി വേണമെന്നാണ് രമേഷ് നാരായണനെതിരായ വിമർശനം. അവാര്‍ഡ് വീണ്ടും  കൊടുക്കാനെത്തിയ സംവിധായകൻ ജയരാജിനെയും സോഷ്യൽ മീഡിയ എയറിലാക്കി. ഈ സമയം ആസിഫിന് നേര്‍ക്ക് വന്ന് കൈകൊടുത്ത നടി ദുര്‍ഗ കൃഷ്ണയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ കിട്ടി.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ പുറത്തിറക്കിയ വേദിയിലാണ് സംഭവം. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിലാണ് ട്രെയ്ലർ ലോഞ്ച് നടന്നത്. ആന്തോളജി സീരിസിലെ  ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ, സംവിധായകന്‍ ജയരാജിനെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കിയാണ് രമേഷ് നാരായണൻ ഏറ്റുവാങ്ങിയത്. 

യുപിഐ ഇടപാടുകളിൽ പ്രശനങ്ങൾ ഉണ്ടോ? പണം നഷ്ടമാകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ചെയ്യാം

0

ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് അല്ലെങ്കിൽ യുപിഐയുടെ വരവോടു കൂടിയാണ് സാമ്പത്തിക ഇടപടികൾ എളുപ്പമായത്. ബാങ്കുകളിൽ കയറി ഇറങ്ങി സമയം കളയാതെയും ബുദ്ധിമുട്ടാതെയും പണം അയക്കാനും സ്വീകരിക്കാനും ബില്ലുകൾ അടയ്ക്കാനും വിവിധ ഇടപാടുകൾ നടത്താനാകും എന്നത് യുപിഐയ്ക്ക് സ്വീകാര്യത നൽകി. എന്നാൽ സ്ലോ ബാങ്ക് സെർവറുകൾ, സാങ്കേതിക തകരാറുകൾ അല്ലെങ്കിൽ അനധികൃത ഇടപാടുകൾ എന്നിവ പോലുള്ള പ്രശനങ്ങൾ  യുപിഐ ഇടപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.  ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരാതി നൽകുന്നത് എങ്ങനെയാണെന്ന് പോലും പലർക്കും അറിയില്ല. 

ഒരു യുപിഐ പരാതി എങ്ങനെ ഫയൽ ചെയ്യാം? ഒരു പരാതി ഫയൽ ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ അഭിമുഖീകരിക്കാനിടയുള്ള വിവിധ തരത്തിലുള്ള യുപിഐ പ്രശ്നങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്:

1. പിൻ 

ബ്ലോക്ക് ചെയ്‌ത പിന്നുകളോ അല്ലെങ്കിൽ അതിലെ തെറ്റുകളോ പോലുള്ള കാരണത്താൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാതെ വരും

2. പ്രോസസ്സിംഗ് പ്രശ്നങ്ങൾ

ഇടപാട് നടക്കാതെ പണം നഷ്ടപ്പെട്ടാൽ, തെറ്റായ അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കൽ, തീർപ്പുകൽപ്പിക്കാത്തതോ നിരസിച്ചതോ ആയ ഇടപാടുകൾ, ഇടപാട് പരിധികൾ കവിയുന്നത് അല്ലെങ്കിൽ ഇടപാടുകളുടെ സമയപരിധി എന്നിവ പ്രോസസ്സിംഗ് പ്രശനങ്ങളാണ്.

3. അക്കൗണ്ട് പ്രശ്നങ്ങൾ

അക്കൗണ്ട് വിശദാംശങ്ങൾ ലിങ്ക് ചെയ്യുന്നതിനോ ലഭ്യമാക്കുന്നതിനോ വരുന്ന പ്രശനങ്ങൾ, അല്ലെങ്കിൽ  ഒരു അക്കൗണ്ട് മാറ്റുന്നതിനോ നീക്കം ചെയ്യുന്നതിനോ, രജിസ്ട്രേഷൻ റദ്ദാക്കുന്നതിനോ നേരിടുന്ന ബുദ്ധിമുട്ടുകൾ.

4. മറ്റ് പ്രശ്നങ്ങൾ

ലോഗിൻ ചെയ്യാൻ കഴിയാതെ വരിക, രജിസ്ട്രേഷൻ പ്രശ്നങ്ങൾ അല്ലെങ്കിൽ ഒടിപി തെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടാം.

ഈ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത് അവയെ കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ നിങ്ങളെ സഹായിക്കും.

തെറ്റായ യുപിഐ  ഇടപാടിന് ഒരു പരാതി ഫയൽ ചെയ്യുന്നത് എങ്ങനെ

ഒരു യുപിഐ  ഇടപാടിനിടെ നിങ്ങൾക്ക് പ്രശ്‌നങ്ങൾ വരികയാണെങ്കിൽ, നിങ്ങൾക്ക് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) പരാതി നൽകാം. 

‘യുപിഐ’ ഓപ്ഷൻ തിരഞ്ഞെടുക്കാൻ എൻപിസിഐ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ‘What we do’ ടാബിലേക്ക് പോകുക.
‘യുപിഐ’ വിഭാഗത്തിന് കീഴിലുള്ള ‘തർക്ക പരിഹാര സംവിധാനം’ ക്ലിക്ക് ചെയ്യുക.
‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷനിലേക്ക് സ്ക്രോൾ ചെയ്യുക.
നിങ്ങളുടെ പരാതി പ്രകാരം ‘ഇടപാടിൻ്റെ സ്വഭാവം’ തിരഞ്ഞെടുക്കുക.
പ്രശ്നം ‘മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തു’ എന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രശ്‌നത്തിൻ്റെ ഒരു ചെറിയ വിവരണം നൽകുക.
ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി എന്നിവ നൽകുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുകയും നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
പെട്ടെന്നുള്ള പരിഹാരത്തിനായി എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.

 യുപിഐ ഇടപാട് പരാജയപ്പെട്ടാൽ നൽകേണ്ട പരാതി

‘യുപിഐ’ ഓപ്ഷൻ തിരഞ്ഞെടുക്കാൻ എൻപിസിഐ വെബ്സൈറ്റ് സന്ദർശിച്ച് ‘What we do’ ടാബിലേക്ക് പോകുക.
‘യുപിഐ’ വിഭാഗത്തിന് കീഴിലുള്ള ‘തർക്ക പരിഹാര സംവിധാനം’ ക്ലിക്ക് ചെയ്യുക.
‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷനിലേക്ക് സ്ക്രോൾ ചെയ്യുക.
നിങ്ങളുടെ പരാതി പ്രകാരം ‘ഇടപാടിൻ്റെ സ്വഭാവം’ തിരഞ്ഞെടുക്കുക.
‘ഇടപാട് പരാജയപ്പെട്ടു, പക്ഷേ തുക ഡെബിറ്റ് ചെയ്തു’ എന്ന് പ്രശ്നം തിരഞ്ഞെടുത്ത് പ്രശ്നത്തിൻ്റെ ഒരു ചെറിയ വിവരണം നൽകുക.
ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി എന്നിവ നൽകുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുകയും നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
പെട്ടെന്നുള്ള പരിഹാരത്തിനായി എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.

ആസിഫ് അലിയോട് ഖേദം പ്രകടിപ്പിച്ചു, രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ

0

ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

0

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‍മാന് ദാരുണാന്ത്യം. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്‍മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്‍മാൻ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് ദാരുണമായ സംഭവം. ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ സ്‍പൈയായി കാര്‍ത്തിയെത്തിയപ്പോള്‍ 100 കോടി ക്ലബിലെത്തിയിരുന്നു.  വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരുമുള്ളപ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം ജോര്‍ജ് സി വില്യംസും ആണ്.  കേരള പിആർഒ പി ശിവപ്രസാദ്.