spot_img
Friday, July 3, 2026
Home Blog Page 406

പൗരത്വ നിയമ ഭേദഗതിയനുസരിച്ച് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി

0

ദില്ലി: വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.

വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു. വലിയ വിമർശനമുയരുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്  കേന്ദ്രസര്‍ക്കാര്‍ നേട്ടമാക്കി ഉയർത്തിക്കാട്ടുകയാണ് ബിജെപി. മോദിയുടെ ​ഗ്യാരണ്ടി നടപ്പാകുമെന്നതിന് തെളിവാണിതെന്നാണ് കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത് പറഞ്ഞത്. ഇന്ത്യയിൽ കഴിയുന്ന ലക്ഷകണക്കിന് അഭയാർത്ഥികൾക്ക് സഹായമാകുന്ന നടപടിയാണിത്. കേന്ദ്ര സർക്കാറിന് ഇതിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. http://indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്.

രോഗികളുടെ വിവരങ്ങൾ ഇനി അത്യാഹിത വിഭാഗത്തിൽ തത്സമയം അറിയാം

0

എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി

രോഗിയുമായി ഇനി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയും. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിർവഹിച്ചു. മികച്ച ട്രോമാകെയർ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവർത്തനം മന്ത്രി വിലയിരുത്തി.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 108 ആംബുലൻസിൽ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കിൽ അയതിന്റെ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുൾപ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ തെളിയും.

കനിവ് 108 ആംബുലൻസ് പദ്ധതിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാൻ കഴിയും. ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്: മുഖ്യമന്ത്രി

0

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം. വർഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിർക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ്  മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത  കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.  ലോക്സഭാ  തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ്  വിജ്ഞാപനം പുറത്തിറക്കിയത്. ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് നീക്കം.  തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള ഈ നിയമം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽപെട്ടവർക്ക്  പൗരത്വം നൽകുകയും  ഇസ്ലാം മതവിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.  മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്. 

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ  നിയമസഭ കേരളത്തിന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കി.  സംസ്‌ഥാനത്ത്‌  എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കിലെടുക്കാതെ  വർഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാർ കാണിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

0

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പ്രക്ഷോഭങ്ങൾക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ  എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ വന്നുതുടങ്ങി.

കൊവിഡ് കാരണമാണ് പൗരത്വ  ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങൾ വൈകിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർത്ഥികൾക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്നും സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങൾ നിലനിർത്തും. ഇന്ത്യാക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്.

മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ മാസ്റ്റര്‍ സുരേഷ്; സൂര്യകിരണ്‍ അന്തരിച്ചു

0

ചെന്നൈ: ‘മൈ ഡിയര്‍ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ (48) അന്തരിച്ചു. ‘മൈ ഡിയര്‍ കുട്ടിച്ചാത്തൻ’ ആണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താൻ നല്ലതെങ്കിലും സംവിധായകൻ എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്‍റേത്.

മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം. ‘മൈ ഡിയർ കുട്ടിചാത്തൻ’ അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.

2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ ‘സത്യം’ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. എന്നാല്‍ മലയാളിയാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് സത്യം.  പ്രശസ്ത ടെലിവിഷൻ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുൻ ഭർത്താവ് കൂടിയാണ് സൂര്യകിരണ്‍.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യും

0

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്ന് വിജ്ഞാപനമുണ്ടാകുക.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്.

വടകര ഡിവൈ.എസ്.പി.യുടെ ഔദ്യോഗികവാഹനം തീവെച്ചുനശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

0

വടകര : പോലീസ് സബ് ഡിവിഷൻ ഓഫീസ് മുറ്റത്ത് നിർത്തിയിട്ട ഡിവൈ.എസ്.പി.യുടെ ഔദ്യോഗികവാഹനം തീവെച്ചുനശിപ്പിച്ചു. കുറച്ചകലെയായി ഒന്തം റോഡ് മേൽപ്പാലത്തിന് സമീപത്തെ ചാക്ക് വ്യാപാരകേന്ദ്രത്തിലെ ചാക്കുകളും കൂട്ടിയിട്ട് തീയിട്ടു. ഞായറാഴ്ച പുലർച്ചെ 1.30-നും 2.05-നും മധ്യേയാണ് രണ്ട് തീപ്പിടിത്തവും. സംഭവത്തിൽ താഴെ അങ്ങാടിയിലെ സാദാന്റവിട ജലീലി (46) നെ പോലീസ് അറസ്റ്റുചെയ്തു. രണ്ട് സ്ഥലത്തും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസിന് തെളിവുലഭിച്ചു.ഞായറാഴ്ച പുലർച്ചെ 1.45-നും 2.05-നും മധ്യേയാണ് ഡിവൈ.എസ്.പി. ഓഫീസിനു മുന്നിൽ നിർത്തിയിട്ട കെ.എൽ. 01. സി.എച്ച്. 3987 നമ്പർ ടാറ്റ സുമോ വാഹനത്തിന് തീവെച്ചത്. ഗ്ലാസ് തകർത്തശേഷം തീയിട്ടതാണെന്ന് സംശയിക്കുന്നു. വാഹനത്തിനുള്ളിൽനിന്ന് കല്ല് ലഭിച്ചിട്ടുണ്ട്. വണ്ടി ഏതാണ്ട് പൂർണമായും കത്തി. ഉള്ളിലുണ്ടായിരുന്ന നാല് ഗ്രനേഡുകൾ, നാല് കണ്ണീർവാതക ഷെല്ലുകൾ, വയർലെസ് സെറ്റ്, ജി.പി.എസ്., രണ്ട് ഹെൽമെറ്റ്, രണ്ട് ബോഡി പ്രൊട്ടക്ടർ, ആറ് ലാത്തികൾ എന്നിവയും കത്തിനശിച്ചു. ഡിവൈ.എസ്.പി. ഓഫീസ് കെട്ടിടത്തിന്റെ ഗ്ലാസും തകർന്നു. സമീപത്തെ പോലീസ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പോലീസുകാർ ശബ്ദംകേട്ട് ഓടിവന്നപ്പോഴാണ് വണ്ടി കത്തുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു.

ഇതിനുമുമ്പേയാണ് ഒന്തം റോഡിന് സമീപത്തെ കാലിച്ചാക്ക് വ്യാപാരകേന്ദ്രത്തിൽ തീവെച്ചത്. വി. ഫൈസലിന്റെ ഉടമസ്ഥതതയിലുള്ളതാണ് കട. 1.30-ഓടെയാണ് കടവരാന്തയിൽ സൂക്ഷിച്ച കാലിച്ചാക്കുകൾ കൂട്ടിയിട്ട് കത്തിച്ചത്. ആയിരത്തോളം ചാക്കുകൾക്ക് തീയിട്ടു. ഫൈസലിന്റെ കാറിന്റെ ചില്ല് ജലീൽ കഴിഞ്ഞദിവസം അടിച്ചുപൊട്ടിച്ചെന്ന് വടകര പോലീസിൽ പരാതിനൽകിയിരുന്നു. ഇതിലുള്ള വിരോധത്തിലാണ് ചാക്ക് കത്തിച്ചതെന്നാണ് ഫൈസലിന്റെ പരാതി. നേരത്തേ നൽകിയ പരാതിയിൽ ജലീലിനെ പോലീസ് വിളിച്ചിരുന്നു. ഇതിനിടെ തന്നെ മർദിച്ചെന്ന് കാണിച്ച് ജലീലും പരാതിനൽകി. ഇതിൽ വ്യക്തത ഇല്ലാത്തതിനാൽ പരാതിയിൻമേൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് പോലീസ് വാഹനം കത്തിക്കുന്നതിലേക്ക് നയിച്ചതെന്നാണ് സംശയം.ഡിവൈ.എസ്.പി. ഓഫീസിലെ തീവെപ്പിനുശേഷം ഇവിടെനിന്ന്‌ എടോടിയിലേക്ക് പോകുന്ന റോഡിൽ ഇയാളെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോൾ ജലീലിന്റെ സാന്നിധ്യം വ്യക്തമായെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിലാണ് ഇയാൾ സ്ഥലത്തെത്തിയത്.

45 വർഷത്തെ കാത്തിരിപ്പ്, തലശേരി – മാഹി ആറുവരി ബൈപാസ് തുറക്കുമ്പോൾ മറക്കരുത് ചില കാര്യങ്ങൾ…

0

കണ്ണൂർ: മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് എംവിഡി. 45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി – മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്. തൃശൂർ – വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയും ആറുവരി ആവുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഓർമിക്കണമെന്ന് എംവിഡി.

  • വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
  • വാഹനങ്ങൾ കുറവായാലും അല്ലെങ്കിലും അമിത വേഗത വേണ്ട.
  • മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാഹരണം- ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്.
  • രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
  • മൂന്നാമത്തെ ലെയിൻ  വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
  • ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടികൾ നോക്കി സിഗ്നലുകൾ നൽകിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലെയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.
  • ഏതെങ്കിലും കാരണവശാൽ മറികടക്കാൻ  ശ്രമിക്കുമ്പോൾ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കിൽ  മറ്റു അപകടങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിൻ്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
  • സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെർജിംഗ് ലെയിനിലൂടെ വേഗത വർദ്ധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
  • മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലെയിനിൽ നിന്ന് കണ്ണാടി നോക്കി, സിഗ്നൽ നൽകി ബ്ലൈൻ്റ് സ്പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സർവീസ് റോഡിലേക്ക് പ്രവേശിക്കാം .
  • കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
  • ലെയിൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 എ പ്രകാരം നിയമ നടപടികൾ കർശനമായിരിക്കും.

പോൽ ആപ്പിലൂടെ സ്‌റ്റേഷനിൽ പോകാതെ തന്നെ പരാതി നൽകാം

0

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം.

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി,

ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.പോൽ ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.#keralapolice

ഓർമകളുടെ കുളപ്പടവിൽ വീണ്ടുമെത്തി കുട്ടൻതമ്പുരാൻ

0

കൊയിലാണ്ടി : കുട്ടൻതമ്പുരാനായി മുചുകുന്നിൽ വീണ്ടുമെത്തിയ നടൻ മനോജ് കെ. ജയനെ വരവേൽക്കാൻ നൂറുകണക്കിനാളുകളാണ് തിങ്ങിക്കൂടിയത്. തന്റെ അഭിനയജീവിതത്തിൽ നിർണായകമായ ‘സർഗം’ സിനിമയുടെ പ്രധാന ലൊക്കേഷനായ മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കോവിലകം ക്ഷേത്രത്തിലെ പന്തൽസമർപ്പണച്ചടങ്ങിനെത്തിയത്.

സർഗം സിനിമയിലെ ‘എല്ലാവർക്കും പേടി. അല്ലെങ്കിൽ പരിഹാസം…’ എന്നുതുടങ്ങുന്ന കുട്ടൻ തമ്പുരാന്റെ സംഭാഷണം പുനരാവിഷ്കരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.മുചുകുന്നുമായുള്ള ആത്മബന്ധത്തെ അനുസ്മരിച്ച അദ്ദേഹം മുചുകുന്നിന്റെ സ്വന്തം കുട്ടൻ തമ്പുരാനെന്നാണ് സ്വയം വിശേഷിപ്പിച്ചത്. ആരാധകരുടെ അഭ്യർഥന മാനിച്ച് സർഗം സിനിമയിലേതുൾപ്പെടെ മൂന്നു ഗാനങ്ങളും പാടിയാണ് അദ്ദേഹം വേദിവിട്ടത്. തന്റെ അഭിനയരംഗത്തെ ഉയർച്ചയ്ക്ക് നിമിത്തമായ ‘സർഗം’ സിനിമയുടെ സംവിധായകൻ ഹരിഹരനും അദ്ദേഹം നന്ദി പറഞ്ഞു. 1992-ലായിരുന്നു മുചുകുന്ന് കോട്ടയിൽ ക്ഷേത്രക്കുളത്തിലും പരിസരത്തുമായി സിനിമാ ഷൂട്ടിങ് നടന്നത്. 32 വർഷത്തിനുശേഷമാണ് മനോജ് കെ. ജയൻ മുചുകുന്നിലെത്തിയത്