spot_img
Monday, June 15, 2026
Home Blog Page 41

ജയിച്ചത് രമേഷ് പിഷാരടി മാത്രം, ജനവിധിയിൽ രക്ഷപ്പെടാതെ ചലച്ചിത്ര-സീരിയൽ താരങ്ങൾ

0

ചലച്ചിത്ര-ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർ മത്സരിച്ച നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാർത്ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി.താര മത്സരാർത്ഥികളിൽ പ്രധാനപ്പെട്ടയാൾ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രനായ എൻഎംആർ റസാഖ് എന്നിവരായിരുന്നു എതിരാളികൾ. 13,147 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്.

തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരാണ് താരമത്സരാർത്ഥികളായെത്തിയത്. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയായെത്തിയത് നടൻ സുധീർ കരമനയാണ്. യുഡിഎഫിനുവേണ്ടി സിഎംപി കളത്തിലിറക്കിയ സി.പി. ജോൺ, ബിജെപിയുടെ കരമന ജയൻ എന്നിവരാണ് എതിർ സ്ഥാനാർഥികളായെത്തിയത്. അന്തിമഫലം വന്നപ്പോൾ സി.പി. ജോൺ 45586 വോട്ടിന് ജയിച്ചു. 35723 വോട്ടോടെ സുധീർ കരമന രണ്ടാമതായി.അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായെത്തിയത് നടൻ വിവേക് ഗോപനാണ്. സിപിഎമ്മിൻ്റെ ജി. സ്റ്റീഫൻ, കോൺഗ്രസിൻ്റെ വി.എസ്. ശിവകുമാർ എന്നിവരാണ് മണ്ഡലത്തിലെ മറ്റുപ്രധാന സ്ഥാനാർഥികൾ. 23,760 വോട്ട് നേടിയ വിവേക് ഗോപൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ശക്തമായ പോരാട്ടം നടന്ന മറ്റൊരു മണ്ഡലം അരൂർ ആണ്. സിറ്റിങ് എംഎൽഎയും ഗായികയുമായ ദലീമ ജോജോ ആണ് ഇവിടെ ഇടതുസ്ഥാനാർത്ഥി. കോൺഗ്രസിനായി ഷാനിമോൾ ഉസ്‌മാനും എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസിന്റെ പി.എസ്. ജ്യോതിസും കളത്തിലിറങ്ങി. ദെലീമയെ 9324 വോട്ടിന് ഷാനിമോൾ ഉസ്‌മാൻ പരാജയപ്പെടുത്തി.കൊല്ലം ജില്ലയിലും രണ്ട് താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു. പത്തനാപുരത്ത് ഇടത് സ്ഥാനാർത്ഥിയായെത്തിയ നടനും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ 8310 വോട്ടിന് കോൺഗ്രസിൻ്റെ ജ്യോതികുമാർ ചാമക്കാല തോൽപ്പിച്ചു. കുണ്ടറയിൽ ബിജെപി സ്ഥാനാർഥിയായി എത്തിയ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും തോൽവി രുചിച്ചു. 18,966 വോട്ടാണ് അദ്ദേഹത്തിന് നേടാനായത്.എറണാകുളം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലാണ് താരസാന്നിധ്യമുണ്ടായിരുന്നത്. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്ന നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ 21,424 വോട്ടും തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി നടി അഞ്ജലി നായർ 29,471 വോട്ടും അങ്കമാലിയിൽ മത്സരിച്ച ടെലിവിഷൻ താരം പ്രോമി കുര്യാക്കോസ് 9893 വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി.

ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച; തുണയായത് ജനകീയത

0

കോഴിക്കോട്:യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തുടനീളം എൽഡിഎഫിന് അടിപതറിയപ്പോൾ ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ.മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ യുഡിഎഫ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് വീണ്ടും വിജയക്കൊടി പാറിച്ചത്.ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇടതുമുന്നണി. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനത്തെയും റിയാസിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെയും മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഭരണവിരുദ്ധ വോട്ടുകൾ പി.വി.അൻവർ വലിയ തോതിൽ ഏകീകരിച്ചെങ്കിലും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളും റിയാസിന് തുണയായി. രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിൽ റിയാസിന്റെ ജനകീയതയ്ക്കുള്ള പിൻബലമാണ് തിരഞ്ഞെടുപ്പ് വിജയം. പഴുതടച്ച പ്രചാരണ തന്ത്രങ്ങൾക്കൊപ്പം മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജയത്തിനു കാരണങ്ങളായി.വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഉദ്വേഗജനകമായ നിമിഷങ്ങളാണ് ബേപ്പൂരിൽ ഉണ്ടായത്. ആദ്യ റൗണ്ടുകളിൽ മുഹമ്മദ് റിയാസ് വ്യക്തമായ ലീഡ് നിലനിർത്തിയെങ്കിലും പകുതി ഘട്ടമായപ്പോഴേക്കും പി.വി.അൻവർ നില മെച്ചപ്പെടുത്തി. മാത്രമല്ല ചില ഘട്ടങ്ങളിൽ അൻവർ റിയാസിന്റെ ലീഡ് നില കുറച്ചു കൊണ്ടുവരികയും ചെയ്തു. എന്നാൽ പരമ്പരാഗത ഇടതുപക്ഷ കേന്ദ്രങ്ങൾ റിയാസിനെ തുണച്ചു.

കഴിഞ്ഞ തവണ 28,747 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് വിജയിച്ച റിയാസിന് ഇത്തവണ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായി. എങ്കിലും ഉറച്ച മണ്ഡലങ്ങളിൽ പലതിലും മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ട സാഹചര്യത്തിൽ പി.എ.മുഹമ്മദ് റിയാസിന്റെ വിജയം സിപിഎമ്മിന് ഏറെ ആശ്വാസം നൽകുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേട്ട് അവർക്കൊപ്പം നിന്നു പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ എൽഡിഎഫിലേക്ക് അടുപ്പിച്ചതെന്നു വേണം കരുതാൻ

നടൻ സന്തോഷ് നായര്‍ വാഹനാപകടത്തിൽ മരിച്ചു

0

പത്തനംതിട്ട: സിനിമ, സീരിയൽ താരം സന്തോഷ് നായര്‍(66) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടെയൊക്കെ വില്ലനായി വേഷമിട്ടിട്ടുള്ള സന്തോഷ് മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നൂറിലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.

1960 നവംബർ 12 ന് സി എൻ കേശവൻ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് സന്തോഷിന്‍റ ജനനം. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ്, സെന്‍റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സന്തോഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മഹാത്മാ ഗാന്ധി കോളേജിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് സന്തോഷിന് രാഷ്ട്രീയ പ്രവർത്തനവുമുണ്ടായിരുന്നു.1982 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായിമാറി. 1985 ൽ പതിനെട്ടോളം സിനിമകളിൽ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയിൽ ചെയ്തു.1986 ൽ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാർ എന്ന പോസിറ്റീവ് റോൾ, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളിൽ കോമഡി ഫ്ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. അധ്യാപികയായ ശുഭശ്രീയാണ് ഭാര്യ. മകൾ ഡോ. രാജശ്രീ എസ് നായർ.

പേരാമ്പ്രയിൽ അട്ടിമറി; ഫാത്തിമ തെഹലിയയ്ക്ക് വിജയം

0

പേരാമ്പ്ര : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി.

നിയമസഭയിലെ 24-ാം നമ്പർ മണ്ഡലമായ പേരാമ്പ്ര, വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. കൊയിലാണ്ടി താലൂക്കിലെ അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര, തുറയൂർ എന്നീ പഞ്ചായത്തുകൾ ചേരുന്നതാണ് പേരാമ്പ്ര നിയമസഭ മണ്ഡലം. 2021-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ 86,023 വോട്ടുകൾ നേടിയാണ് വിജയിച്ചത്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സിഎച്ച് ഇബ്രാഹിംകുട്ടിയെ 22,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇബ്രാഹിംകുട്ടിക്ക് 63,431 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെവി സുധീർ 11,165 വോട്ടുകളും ലഭിച്ചു.

വാശിയേറിയ പോരാട്ടമായിരുന്നു ഇക്കുറി പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ ദൃശ്യമായത്. വികസത്തിനു പുറമെ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ മണ്ഡലം കൂടിയാണിത്. മാത്രമല്ല ലീഗ് സ്ഥാനാർഥി ഫാത്തിമാ തഹ്ലിയക്കെതിരെ നടന്ന അനൗൺസ്മെൻറ് വിവാദവും, അതിൻ മേൽ ലീഗും സിപിഎമും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളും ഇക്കുറി മണ്ഡലത്തിൽ കാര്യമായ ചർച്ചക്ക് ഇടം വെച്ചിരുന്നു.

ദ്രാവിഡ രാഷ്ട്രീയത്തിലെ വെള്ളിത്തിര വിപ്ലവം: വിജയ് എന്ന പുതിയ രാഷ്ട്രീയ സമവാക്യം

0

ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സിനിമയെ ഇത്രമേൽ ഗാഢമായി പുൽകിയ മറ്റൊരു ഭൂപ്രദേശം ലോകത്തുതന്നെ ഉണ്ടാകില്ല. തമിഴ്‌നാടിന്റെ അറുപത് വർഷത്തെ ചരിത്രം പരിശോധിച്ചാൽ അത് വെറും രാഷ്ട്രീയ പോരാട്ടങ്ങളല്ല, മറിച്ച് സിനിമാശാലകളിൽ രൂപംകൊണ്ട ആരാധനാക്രമങ്ങളെ വോട്ടുകളാക്കി മാറ്റിയ മാന്ത്രികതയുടെ കഥ കൂടിയാണെന്ന് വ്യക്തമാകും. തമിഴക വെട്രി കഴകത്തിലൂടെ വിജയ് ഇപ്പോൾ ശ്രമിക്കുന്നത് ഈ ചരിത്രത്തിന്റെ ഏറ്റവും പുതിയതും എന്നാൽ വ്യത്യസ്തവുമായ ഒരു അധ്യായം രചിക്കാനാണ്. ആദ്യ അങ്കത്തിൽ തന്നെ അധികാരത്തിലേറിയ എൻ.ടി. രാമറാവുവിന്റെയും അസം ഗണ പരിഷത്തിന്റെയും പാത പിന്തുടരുന്ന വിജയ്, തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത ദ്വന്ദ്വങ്ങളെ എപ്രകാരം മറികടക്കുന്നു എന്നത് സൂക്ഷ്മമായ വിശകലനം അർഹിക്കുന്നു.

തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം കേവലം താരപ്രഭയിൽ അധിഷ്ഠിതമല്ല, മറിച്ച് അത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ നട്ടെല്ലായിരുന്നു. സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും സിനിമാ സംഭാഷണങ്ങളിലൂടെയും തിരക്കഥകളിലൂടെയുമാണ് ദ്രാവിഡ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിച്ചത്. പിന്നീട് ഈ ആശയങ്ങളുടെ ബിംബമായി എം.ജി. രാമചന്ദ്രൻ എന്ന എംജിആർ പരിണമിച്ചു. സിനിമയിലെ രക്ഷകൻ യഥാർത്ഥ ജീവിതത്തിലും രക്ഷകനായി മാറുമെന്ന വിശ്വാസം തമിഴ് വോട്ടർമാരുടെ ഉപബോധമനസ്സിൽ ഇക്കാലത്താണ് വേരുറപ്പിച്ചത്. ജയലളിതയിലൂടെയും വിജയകാന്തിലൂടെയും ഈ പാരമ്പര്യം തുടർന്നെങ്കിലും, അവരെല്ലാവരും ഒന്നെങ്കിൽ നിലവിലുള്ള വലിയ പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്, അല്ലെങ്കിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് സംസാരിച്ചത്. ഇവിടെയാണ് വിജയ് തന്റെ രാഷ്ട്രീയ പരീക്ഷണത്തിലൂടെ വഴിമാറി നടക്കുന്നത്.വിജയിന്റെ രാഷ്ട്രീയ പ്രവേശനം കൃത്യമായ ഒരു പ്ലാനിംഗിന്റെ ഫലമാണ്. തമിഴ്‌നാട് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി ഭരിക്കുന്ന ഡിഎംകെ, എഐഎഡിഎം.കെ എന്നീ രണ്ട് വൻശക്തികൾക്ക് പിന്നാലെ പോകാൻ അദ്ദേഹം തയ്യാറായില്ല. പകരം, ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ് മണ്ണിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വീര്യം വീണ്ടെടുക്കാനെന്നോണം ‘തമിഴക വെട്രി കഴകം’ എന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇതിലൂടെ ഡിഎംകെ മുന്നോട്ടുവെക്കുന്ന കുടുംബ രാഷ്ട്രീയത്തെയും ബിജെപിയുടെ ദേശീയതയെയും ഒരേപോലെ എതിർക്കുന്ന ഒരു ‘മൂന്നാം പാത’ വെട്ടിത്തെളിക്കാനായതാണ് വിജയിനെ വ്യത്യസ്തനാക്കുന്നത്. തന്റെ സിനിമകളിൽ ഉടനീളം കെട്ടിപ്പടുത്ത ‘സാധാരണക്കാരന്റെ പ്രതിനിധി’ എന്ന പ്രതിച്ഛായയെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞതും വിജയ്‌യുടെ നേട്ടമായി വിലയിരുത്താം

എൻ ടി രാമറാവു ആന്ധ്രാപ്രദേശിൽ തെലുഗു ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തി മാസങ്ങൾക്കുള്ളിൽ ഭരണം പിടിച്ചെടുത്തതിന് സമാനമായ ഒരു തരംഗം സൃഷ്ടിക്കാൻ വിജയ് തന്റെ ഫാൻസ് അസോസിയേഷനുകളെ രാഷ്ട്രീയ കേഡറുകളായി പരിവർത്തനം ചെയ്തു. അസം ഗണ പരിഷത്ത് വിദ്യാർത്ഥി സമരങ്ങളിലൂടെ പ്രാദേശിക വികാരം ആളിപ്പടർത്തി അധികാരത്തിലെത്തിയതും ആം ആദ്മി പാർട്ടി ഭരണവിരുദ്ധ വികാരത്തെ പ്രായോഗിക രാഷ്ട്രീയമായി മാറ്റിയതും വിജയിന്റെ തന്ത്രങ്ങളിൽ നിഴലിക്കുന്നുണ്ട്. സിനിമയിലെ പാട്ടുകളിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും അദ്ദേഹം വർഷങ്ങളായി നടത്തിയ ‘രാഷ്ട്രീയ റിഹേഴ്സലുകൾ’ ഇപ്പോൾ വോട്ടുകളായി മാറുന്നത് തമിഴ്‌നാട് രാഷ്ട്രീയം ഒരു പുതിയ പരിണാമത്തിലേക്ക് കടക്കുന്നു എന്നതിൻറെ സൂചനയാണ്.ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത കൈവിടാതെ തന്നെ, അതിലെ ജീർണ്ണതകളെ ഒഴിവാക്കി ഒരു പുതിയ ഭരണക്രമം വാഗ്ദാനം ചെയ്യുന്നതിലാണ് വിജയിന്റെ വിജയം. പഴയ തലമുറയിലെ നേതാക്കൾ സിനിമയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ, വിജയ് രാഷ്ട്രീയത്തെ തന്നെ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ നാടകീയവും എന്നാൽ ജനപ്രിയവുമായ രീതിയിൽ അവതരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ വിജയിനുള്ള സ്വാധീനം ദ്രാവിഡ പാർട്ടികളുടെ അടിത്തറ ഇളക്കാൻ പോന്നതാണ്. സിനിമാ സ്ക്രീനിലെ ‘ദളപതി’ ഭരണസിംഹാസനത്തിലെത്തിയാൽ, അത് തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട പ്രണയത്തിന്റെ ഏറ്റവും പുതിയ വിജയഗാഥയായി മാറും

ആര് നേടും? ,ആകാംക്ഷയിൽ രാഷ്ട്രീയ കേരളം; പ്രതീക്ഷയിൽ മുന്നണികൾ

0

കേരളം ഇനി അഞ്ചുവർഷത്തേക്ക് കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. നിലവിൽ യുഡിഎഫ് 91 സീറ്റുകൾ നേടി മുന്നിലാണ്, എൽഡിഎഫ് 44, എൻഡിഎ 5 എന്നാണ് ലീഡ് നില.

എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ കെ എൻ ബാലഗോപാൽ എന്നീ മന്ത്രിമാരാണ് പിന്നിൽ.കോതമംഗലത്ത് ആദ്യ റൗണ്ടിൽ 1174 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം മുന്നിൽ. ധർമ്മടത്ത് പിണറായി പിന്നിലായി.

താനൂരിൽ പി.കെ നവാസ് 1600 വോട്ടുകൾക്ക് മുന്നിൽ. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആദ്യ അരമണിക്കൂറിനിടെ, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്. .

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു.

ചുവപ്പ് കണ്ടു മയങ്ങല്ലേ! തണ്ണിമത്തനിലെ വിഷാംശം വീട്ടിലിരുന്ന് തന്നെ തിരിച്ചറിയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

0

വേനൽക്കാലത്ത് ശരീരത്തിന് കുളിർമ നൽകുന്ന തണ്ണിമത്തൻ വിപണിയിൽ സജീവമാണ്. എന്നാൽ തണ്ണിമത്തന് ആകർഷകമായ ചുവപ്പ് നിറം ലഭിക്കാനും മധുരം വർദ്ധിപ്പിക്കാനും മാരകമായ രാസവസ്തുക്കളും ചായങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം വ്യാജ തണ്ണിമത്തനുകൾ വീട്ടിൽ തന്നെ വളരെ ലളിതമായ പരിശോധനകളിലൂടെ തിരിച്ചറിയാൻ സാധിക്കും.

നിറവും രൂപവും ശ്രദ്ധിക്കുക

സ്വാഭാവികമായ തണ്ണിമത്തന്റെ ഉൾഭാഗത്തിന് അമിതമായ ചുവപ്പ് നിറമുണ്ടാകില്ല. നിറം എല്ലാ ഭാഗത്തും ഒരുപോലെയാകില്ല എന്നതും പ്രത്യേകതയാണ്. എന്നാൽ രാസവസ്തുക്കൾ കുത്തിവെച്ച തണ്ണിമത്തന് അസ്വാഭാവികമായ കടും ചുവപ്പ് നിറമായിരിക്കും. കൂടാതെ പഴത്തിന്റെ തൊലിപ്പുറത്ത് അസാധാരണമായ ദ്വാരങ്ങളോ പാടുകളോ കാണുന്നുണ്ടെങ്കിൽ അത് സിറിഞ്ച് ഉപയോഗിച്ച് രാസവസ്തുക്കൾ കുത്തിവെച്ചതിന്റെ ലക്ഷണമാകാം.

കോട്ടൺ ബോൾ ടെസ്റ്റ്

ഏറ്റവും വേഗത്തിൽ ഫലം ലഭിക്കുന്ന പരിശോധനയാണിത്. തണ്ണിമത്തൻ മുറിച്ച ശേഷം അതിന്റെ ഉൾഭാഗത്ത് ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുന്നുണ്ടെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. പഞ്ഞിയുടെ നിറം മാറുന്നില്ലെങ്കിൽ അത് പ്രകൃതിദത്തമാണ്.

വെള്ളം ഉപയോഗിച്ചുള്ള പരിശോധന

തണ്ണിമത്തന്റെ ചെറിയ കഷ്ണങ്ങൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. വെള്ളത്തിന്റെ നിറം ഉടൻ തന്നെ ചുവപ്പായി മാറുന്നുണ്ടെങ്കിൽ അതിൽ ചായം ചേർത്തിട്ടുണ്ട്. സ്വാഭാവികമായ തണ്ണിമത്തനാണെങ്കിൽ വെള്ളത്തിന്റെ നിറത്തിൽ പെട്ടെന്ന് മാറ്റമുണ്ടാകില്ല.

വിത്തുകളുടെ നിറം

തണ്ണിമത്തന്റെ വിത്തുകൾ നോക്കിയും ഗുണനിലവാരം മനസ്സിലാക്കാം. പ്രകൃതിദത്തമായ തണ്ണിമത്തന്റെ വിത്തുകൾ കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് നിറത്തിലായിരിക്കും. എന്നാൽ വിത്തുകൾക്കും ചുവപ്പ് നിറമാണെങ്കിൽ അതിൽ രാസവസ്തുക്കൾ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് കരുതാം.

ഘടനയിലെ വ്യത്യാസം

സ്വാഭാവികമായ തണ്ണിമത്തന് എല്ലാ ഭാഗത്തും ഒരേ ഉറപ്പായിരിക്കും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയിൽ ചില ഭാഗങ്ങൾ അമിതമായി മൃദുവായതും മറ്റു ഭാഗങ്ങൾ കടുപ്പമുള്ളതുമായി അനുഭവപ്പെടാം.

കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത തണ്ണിമത്തൻ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും. അതിനാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ് റൂം വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ

0

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായ് ജില്ലയിൽ വോട്ടെണ്ണൽ ദിവസത്തിൽ പടക്കം വിൽപ്പനക്കും കർശന നിരോധനം ഏർപ്പെടുത്തി.ഇതിനിടെ പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ചട്ടലംഘനം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റണമെന്ന ആവശ്യം തള്ളിയതോടൊപ്പം, ഇവർക്കെതിരെ മറ്റ് നടപടികളും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.Also Read: വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം: ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോകൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിനടുത്ത് എത്തിയ സംഭവം പതിവ് പരിശോധനയുടെ ഭാഗമായിരുന്നുവെന്നും, അതിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

മുക്കത്ത് വിധവ പെൻഷന് എത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു പരിക്കേൽപ്പിച്ചു

0

മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയ സ്ത്രീയാണ് ജീവനക്കാരിയെ കടിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. വിധവ പെൻഷനായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനായാണ് ഇവർ നഗരസഭയിൽ എത്തിയത്.ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഇവർ പ്രകോപിതയായത്.

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും

0

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും, കാരണംആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’ രാജ്യവ്യാപകമായുള്ള പരിശോധന ഇന്ന് ആയിരിക്കും നടക്കുക. ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേ‌ർന്നാണ് ഈ പരീക്ഷണം നടത്തുക.തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങളാണ് നിലവിൽ നടത്തിവരുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ ഭൂരിഭാഗം മൊബൈൽ ഫോണുകളിലും ഉച്ചത്തിലുള്ള ശബ്ദത്തോടു കൂടി പരീക്ഷണ സന്ദേശങ്ങൾ ലഭിക്കും.പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനാണ് ഈ ട്രയൽ റൺ. ഇന്ന് നിങ്ങളുടെ മൊബൈൽ ഫോണിൽ ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടുകൂടി ‘Emergency Alert: Severe’ എന്ന തലക്കെട്ടിൽ ഒരു സന്ദേശം തെളിഞ്ഞുവന്നാൽ പരിഭ്രമിക്കേണ്ടതില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ വരാം. ഇതൊരു പരീക്ഷണ സന്ദേശമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.ഇനി സന്ദേശം ലഭിക്കുമ്പോൾ ഫോൺ സൈലന്റ് മോഡിലാണെങ്കിലും ശബ്ദം കേൾക്കാൻ സാധ്യതയുണ്ട്. സ്ക്രീനിൽ തെളിയുന്ന സന്ദേശത്തിന് താഴെയുള്ള ‘ഓക്കേ’ ബട്ടൺ അമർത്തുന്നതോടെ ശബ്ദം നിലയ്ക്കും. റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളെക്കാൾ വേഗത്തിൽ ഒരു നിശ്ചിത പ്രദേശത്തെ മുഴുവൻ ആളുകൾക്കും ഒരേസമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.