spot_img
Friday, July 3, 2026
Home Blog Page 410

‘മുഹബത്തി’ലേക്ക് ഇടിച്ചു കയറ്റി ‘മലബാര്‍’; യാത്രക്കാരുടെ ജീവന്‍ പന്താടി സ്വകാര്യ ബസ് ജീവനക്കാര്‍, അറസ്റ്റ്

0

കോഴിക്കോട്: ആരും ശ്വാസമടക്കിപ്പിടിച്ച്‌ കണ്ടുപോകുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മാവൂര്‍ ബസ് സ്റ്റാന്റിന് സമീപത്തെ സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങളായി പുറത്തുവന്നത്. സമയക്രമം പാലിക്കുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് ബസിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഒരു ഡ്രൈവര്‍ തന്റെ ബസ് അടുത്ത ബസില്‍ ബോധപൂര്‍വം ഇടിച്ചു കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഇതുകൊണ്ടും അവസാനിക്കാതെ സ്റ്റാന്റില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ തവണയും അതേ ബസില്‍ തട്ടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെ മാവൂര്‍ ബസ് സ്റ്റാന്റിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഹബത്ത്, മലബാര്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബസുകളുടെ ഇടിയില്‍ കലാശിച്ചത്. വൈകീട്ട് 4.25ഓടെ ബസ് സ്റ്റാന്റിലേക്ക് പ്രവേശിച്ച മുഹബത്ത് ബസ് അവിടെയുണ്ടായിരുന്ന മലബാര്‍ ബസിന് കുറുകെ നിര്‍ത്തിയിടുകയായിരുന്നു. ഇവിടെ തന്നെ യാത്രക്കാരെ ഇറക്കിയ ശേഷം ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വീണ്ടും മാര്‍ഗ്ഗതടസ്സമുണ്ടാകുന്ന തരത്തില്‍ മുഹബത്ത് ബസ് പുറകോട്ടെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് സംഭവങ്ങള്‍ കൈവിട്ടു പോയത്.

മലബാര്‍ ബസിലെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്ത് മുഹബത്ത് ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇത് സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് ഒരാള്‍ ഇരു ബസുകളുടെയും ഇടയില്‍ കൂടി കടന്നു പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. തലനാരിഴക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സമയത്ത് രണ്ട് ബസിലും യാത്രക്കാരുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവരും യാത്രക്കാരും ബഹളം കേട്ട് ഓടി കൂടിയതോടെ മുഹബത്ത് ബസ്, സ്റ്റാന്റില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെയെത്തിയ മലബാര്‍ ബസ് വീണ്ടും ഇടിപ്പിക്കുകയായിരുന്നു.

കൈയ്യാങ്കളി രൂക്ഷമായതോടെ മാവൂര്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാരായ പാഴൂര്‍ പള്ളിപ്പറമ്പില്‍ ഫാസില്‍(21), കണ്ണിപ്പറമ്പ് എളമ്പിലാശ്ശേരി മുഹമ്മദ് ഷഹദ്(23) എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 283, 279 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

‘ഓപ്പറേഷന്‍ ഓവര്‍ലോഡില്‍’ കുടുങ്ങി ലോറികള്‍

0

കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി വിജിലന്‍സ് ആരംഭിച്ച ‘ഓപ്പറേഷന്‍ ഓവര്‍ലോഡില്‍’ കുടുങ്ങി വയനാട്ടിലെ ചരക്കുലോറികള്‍. ക്വാറി ഉല്‍പ്പന്നങ്ങളുമായി ചുരം കയറിയെത്തുന്ന കൂറ്റന്‍ ടിപ്പറുകളെയാണ് പരിശോധിച്ചത്. പരിശോധനയില്‍ പതിനേഴ് വാഹനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇവയില്‍ നിന്നായി ഏഴ് ലക്ഷം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.

അമിതഭാരവുമായി സ്ഥിരം സര്‍വ്വീസ് നടത്തുന്ന ലോറികളെ കണ്ടെത്തി നടപടിയെടുക്കുന്നതിനാണ് ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ ആരംഭിച്ചത്. ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നഗര പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ചരക്കുസേവന നികുതി അടക്കാതിരിക്കുക, ജിയോളജി അനുമതി പത്രം ഇല്ലാതെ ക്വാറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകല്‍ തുടങ്ങിയ നിയമ ലംഘനങ്ങളും ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തി.

അതേസമയം, പരിശോധന കര്‍ശനമായി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ എയു ജയപ്രകാശ്, ടി മനോഹരന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂര്‍, കര്‍ണാടകയിലെ ചാമ് രാജ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും ക്വാറി ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ടോറസ് ലോറികള്‍ അമിത ഭാരം കയറ്റി ചുരം കയറിയെത്തുന്നത് നേരത്തെ തന്നെ പരാതിക്കിടയാക്കിയിരുന്നു.

താമരശ്ശേരി ചുരത്തില്‍ ചില നേരങ്ങളിലുണ്ടാകുന്ന രൂക്ഷമായ ഗതാഗത കുരുക്കിന്റെ പിന്നില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ വഹിച്ചെത്തുന്ന കൂറ്റന്‍ ടോറസ് ലോറികളാണെന്നാണ് യാത്രക്കാരുടെ പരാതി. ചുരത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ടിപ്പര്‍ ലോറികളെ നിരോധിക്കണമെന്ന ആവശ്യവും നിലനില്‍ക്കുകയാണ്.

പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് മാർച്ച് 31 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്.

പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്‌സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം.

ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്.

സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്‌കരണം. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകൾ. അടിസ്ഥാനകോഴ്‌സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. വിശദവിവരങ്ങൾക്ക്: https://literacymissionkerala.org/

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ആലപ്പുഴയിൽ രണ്ട് അധ്യാപികമാരുടെ ഫോണുകൾ പിടിച്ചെടുത്തു: മന്ത്രി വി.ശിവൻകുട്ടി

ആലപ്പുഴ: പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ല എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാൽ ഇത് പാലിക്കാൻ അപൂർവ്വം ചിലർ മടി കാണിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആലപ്പുഴ ജില്ലയിലെ നെടുമുടി എൻ.എസ്.എസ്.എച്ച്.എസ് ലെ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് (06.03.2024) ന് രാവിലെ 9.30 മുതൽ 12.15 വരെ നടന്ന എസ്.എസ്.എൽ.സി. പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരിൽ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഫോണുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

റേഷൻ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിർത്തിവയ്ക്കും

0

മാർച്ച് 15, 16, 17 റേഷൻ വിതരണം ഉണ്ടാകില്ല

റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗീകമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നടപടിയെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. ഇ-കെ.വൈ.സി (e-KYC) അപ്‌ഡേഷനിൽ നിന്ന് സംസ്ഥാനത്തിന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഈ മാസം 15, 16, 17 തിയതികളിൽ സംസ്ഥാനത്ത് റേഷൻ കടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തിൽ വച്ച് ഇ-കെ.വൈ.സി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ഇ-കെ.വൈ.സി അപ്‌ഡേഷന് ആവശ്യമായ പരിശിലനം ഫെബ്രുവരി 16, 17 തിയതികളിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഐ.റ്റി ഉദ്യോഗസ്ഥർക്കും മറ്റ് ബന്ധപ്പെട്ടവർക്കും നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥർ പിന്നീട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകി. ഇതിനു ശേഷമാണ് റേഷൻ കടകളിലെ ഇ-പോസ് മെഷീനിലൂടെ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ ആരംഭിച്ചത്.

മാർച്ച് അഞ്ചു വരെയുള്ള കണക്ക് പ്രകാരം 13,92,423 പേരുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പൂർത്തീകരിച്ചു. എന്നാൽ ഒരേ സമയം ഇ-കെ.വൈ.സി അപ്‌ഡേഷനും റേഷൻ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും തടസ്സം നേരിടുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഒരു ദിവസം നീട്ടി നൽകിയത്. ഫെബ്രുവരി മാസത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണതോത് 84 ശതമാനമായിരുന്നു. സാധാരണ മാസങ്ങളിലെ ശരാശരി റേഷൻ വിതരണ തോത് 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

മാർച്ച് മാസത്തിലും ഇ-കെ.വൈ.സി അപ്‌ഡേഷനും റേഷൻ വിതരണവും ഒരുമിച്ച് നടത്തേണ്ടി വന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവുണ്ടായി. തുടർന്ന് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന തരത്തിൽ പ്രവർത്തനം ക്രമീകരിച്ചു. ഇതിനുശേഷവും സാങ്കേതിക തടസ്സം പൂർണ്ണമായും മാറാത്ത സാഹചര്യത്തിലാണ് എൻ.ഐ.സി, ഐ.ടി മിഷൻ, ബി.എസ്.എൻ.എൽ. മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം കഴിഞ്ഞ ദിവസം നടത്തിയത്.

ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്മാർച്ച് 10 വരെ ഇ-കെ.വൈ.സി അപ്‌ഡേഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പൂർത്തീകരിക്കാനുള്ള തീയതി വിവിധ കാരണങ്ങളാൽ നീട്ടി നൽകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഡോക്ടർക്ക് മാർക്കിടാൻ ഇനി രോഗികൾക്കുൾപ്പെടെ അവസരം: ആയുഷ് പുരസ്‌കാരങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ

0

ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർമാർക്ക് കേരള സർക്കാർ ആയുഷ് വകുപ്പ് നൽകുന്ന ആയുഷ് പുരസ്‌കാരങ്ങൾക്കായുള്ള ആയുഷ് അവാർഡ് സോഫ്റ്റ് വെയർ മാർച്ച് അഞ്ചിന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.

ആയുഷ് അവാർഡ് സോഫ്റ്റ്‌വെയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആയുഷ് ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം രോഗികൾക്കും സഹപ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രതിനിധികൾക്കും ലഭിക്കും. അധ്യാപകരായ ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം വിദ്യാർത്ഥികൾക്കും ലഭിക്കും.

റേറ്റിങ്ങിലൂടെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളിൽ നിന്ന് സർക്കാർ തല അഭിമുഖത്തിലൂടെയാണ് അന്തിമവിജയിയെ കണ്ടെത്തുന്നത്. നാമനിർദേശ പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും അപേക്ഷ സമർപ്പണത്തിലും മറ്റും വരുന്ന കാലതാമസം ഒഴിവാക്കാനും ഈ ആപ്ലിക്കേഷൻ വഴി സാധ്യമാകുന്നു.

പുരസ്‌കാര നിർണയത്തിൽ പൊതുജനങ്ങളുടെ പങ്ക് ഉറപ്പുവരുത്തി ഒരു ജനാധിപത്യ സ്വഭാവം കൈക്കൊള്ളാനും ഈ സോഫ്റ്റ്വെയർ സഹായിക്കും. ദേശീയ ആയുഷ് മിഷൻ കേരളയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും നേതൃത്വത്തിലാണ് ആയുഷ് അവാർഡ് സോഫ്റ്റ് വെയർ നിർമ്മിച്ചിരിക്കുന്നത്.

നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

0

മലപ്പുറം: നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ആദിവാസിയുവാവിനാണ് കരടിയുടെ ആക്രമണമേറ്റത്. നിലമ്പൂർ ഉൾവനത്തിൽ വെച്ചാണ് കരടി യുവാവിനെ ആക്രമിച്ചത്.ചാലിയാർ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്.

തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തിൽ കയറിയാണ് അഖിൽ രക്ഷപ്പെട്ടത്. ഏഴു സുഹൃത്തുക്കൾക്കൊപ്പമാണ് അഖിൽ തേൻ ശേഖരിക്കാൻ പോയത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരം: ജില്ലാ കലക്ടർ

0

ലോക്സഭാ തെരഞ്ഞെടുപ്പ് 2024ലേക്കുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഇനിയും അവസരമുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കും.

വോട്ടര്‍പട്ടികയില്‍ നിന്ന് അനര്‍ഹരായവരുടെ പേരുകള്‍ ഒഴിവാക്കാനും പേര് പരിഷ്കരിക്കാനും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് വരെ സാധിക്കും. വോട്ടര്‍ പട്ടികയില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഉണ്ടെങ്കില്‍ അക്കാര്യം കൃത്യമായ വിവരങ്ങളോടെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റു ജില്ലകളില്‍ തെരഞ്ഞെടുപ്പു ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനുള്ള അവസരം നിലവിലുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് തീയ്യതിക്ക് ദിവസങ്ങൾക്ക് മുന്‍പ് സ്വന്തം മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യണം. ഇത് മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രയാസകരമാകുമെന്നും തീരുമാനം പുന:പ്പരിശോധിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ ഏതാനും പോളിംഗ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ മാറുമെന്നും ചില പോളിംഗ് സ്റ്റേഷനുകളുടെ പേരുകള്‍ മാറുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയുടെ നിരക്ക് സംബന്ധിച്ച് പാര്‍ട്ടി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

പ്രചാരണത്തിന് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. വോട്ടിംഗ് നില പൊതുവെ കുറവ് രേഖപ്പെടുത്താറുള്ള നഗരത്തിലെ അസംബ്ലി നിയോജക മണ്ഡലങ്ങളായ കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേരെ വോട്ട് ചെയ്യിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നഗര പ്രദേശങ്ങളില്‍ ഫ്‌ളാറ്റുകളും വില്ലകളും വന്നതിന്റെ ഭാഗമായി പലയിടങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരകര്‍ക്ക് പ്രവേശനം ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) ഡോ. ശീതള്‍ ജി മോഹന്‍, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് പി പ്രേംകുമാർ (സി.പി.ഐ.എം), പി എം അബ്ദുറഹ്മാൻ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പി കെ നാസർ (സി.പി.ഐ), കെ കെ അബ്ദുള്ള, പി ടി ആസാദ് (ജനതാദള്‍-എസ്), മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

പനി മുതല്‍ പ്രഷര്‍വരെ, പേരിനുപോലും മരുന്നില്ലാത്ത ‘ചാത്തൻ ഗുളികകള്‍’, നിര്‍മ്മാണത്തിന് മാവും ചോക്കും, മുന്നറിയിപ്പ്

0

അമരാവതി: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച്‌ വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍. റെയ്ഡില്‍ പൊളിഞ്ഞത് വൻ വ്യാജ മരുന്ന് ബിസിനസ്. മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകള്‍ പിടിച്ചെടുത്തത്. തെലങ്കാനയില്‍ നടന്ന പരിശോധനയിൽ 34 ലക്ഷം രൂപയുടെ മരുന്നാണ് ഡിസിഎ പിടിച്ചെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു ഈ ഗുളികകള്‍ നിർമ്മിച്ചിരുന്നത്.

മെഗ് ലൈഫ് സയൻസെസ് എന്ന കമ്പനിയുടെ പേരില്‍ ഹിമാചല്‍പ്രദേശിലെ സിർമോർ ജില്ലയിലെ പല്ലിയിലുള്ള ഖാസര എന്ന വിലാസമാണ് ഈ ചാത്തൻ ഗുളികകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം മുതല്‍ ജീവിത ശൈലീ രോഗങ്ങള്‍ക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളില്‍ ചോക്കും മാവും ആണ് അസംസ്കൃത വസ്തുവായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ ഗുളികകള്‍ കഴിക്കുന്നത് ചില ദുർബല വിഭാഗങ്ങള്‍ക്ക് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ കമ്പനിയുടെ പേരിലുള്ള മരുന്നുകള്‍ ലഭിച്ചാല്‍ അവ ഉപയോഗിക്കരുതെന്നും ഡിസിഎയെ അറിയിക്കണമെന്നുമാണ് തെലങ്കാനയിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യദ്രോഹികളാണ് ഇത്തരം മരുന്നുകള്‍ നിർമ്മിക്കുന്നതെന്നാണ് തെലങ്കാന ഡിസിഎ ഡയറക്ടർ ജനറല്‍ വി ബി കമലാസൻ റെഡ്ഡി മാധ്യമങ്ങളോട് വിശദമാക്കിയത്. റീട്ടെയില്‍ കടകള്‍ക്കും ഹോള്‍സെയില്‍ ഇടപാടുകാർക്കും ഇത് സംബന്ധിച്ച്‌ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഇലക്‌ട്രിക്ക് വാഹനങ്ങള്‍ തള്ളുന്നത് കൊടുംവിഷം!പെട്രോളും ഡീസലും ഭേദമെന്ന് പഠനം!

0

വൈദ്യുത വാഹനങ്ങളുടെ ആവശ്യം അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ വാഹന വ്യവസായം ഗണ്യമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ജനങ്ങളും ഗവണ്‍മെൻ്റുകളും വാഹന നിർമ്മാതാക്കളും കൂടുതല്‍ സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഇ വി -കള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്.

പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ കുറവ് ഹരിതഗൃഹ വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ഇലക്‌ട്രിക് കാറുകള്‍ അല്ലെങ്കില്‍ ഇവികള്‍ പരിസ്ഥിതിക്ക് മികച്ചതായി കാണുന്നു. എന്നാല്‍ ഞെട്ടിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇതു സംബന്ധിച്ച്‌ പുറത്തുവരുന്നത്.

എമിഷൻ അനലിറ്റിക്‌സ് എന്ന കമ്പനിയുടെ ഒരു പുതിയ പഠനം പറയുന്നത്, ഇവികള്‍ നമ്മള്‍ കാണുന്നതുപോലെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാകില്ലെന്നാണ്. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ പ്രവർത്തിക്കുന്ന പരമ്പരാഗത ഇന്ധന എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച്‌ ഇവികള്‍ കൂടുതല്‍ മലിനീകരണവും പരിസ്ഥിതിക്ക് ദോഷകരവുമാണെന്നാണ് വാള്‍ സ്‍ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം വ്യക്തമാക്കുന്നത്.

സാധാരണ കാറുകളേക്കാള്‍ കൂടുതല്‍ മലിനീകരണം ബ്രേക്കില്‍ നിന്നും ടയറില്‍ നിന്നും പുറത്തുവിടാൻ ഇവികള്‍ക്ക് കഴിയുമെന്നും ഈ പഠനം പറയുന്നു. നല്ല എക്‌സ്‌ഹോസ്റ്റ് ഫില്‍ട്ടറുകളുള്ള ആധുനിക പെട്രോള്‍ കാറുകളെ അപേക്ഷിച്ച്‌ ഇവികള്‍ക്ക് ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ അവയുടെ ബ്രേക്കില്‍ നിന്നും ടയറുകളില്‍ നിന്നും വളരെയധികം ചെറിയ കണങ്ങള്‍ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഇത് 1,850 മടങ്ങ് കൂടുതല്‍ മലിനീകരണത്തിന് കാരണമാകുമെന്നും പഠനം പറയുന്നു.

ഇവികള്‍ക്ക് അവയുടെ വലിയ ബാറ്ററികള്‍ കാരണം ഭാരം കൂടുതലാണ്, ഈ ഭാരം ടയറുകള്‍ വേഗത്തില്‍ തേയ്മാനമാക്കുന്നു. അസംസ്‌കൃത എണ്ണയില്‍ നിന്നുള്ള സിന്തറ്റിക് റബ്ബർ ഉപയോഗിച്ചാണ് മിക്ക ടയറുകളും നിർമ്മിക്കുന്നത്. ടയറുകള്‍ ദ്രവിക്കുന്നതോടെ അവ വായുവിലേക്ക് ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങളിലെ ഭാരമേറിയ ബാറ്ററികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതായും പഠനം പറയുന്നു. അവർ ബ്രേക്കുകളിലും ടയറുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു, ഇത് വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നു.

ഉദാഹരണത്തിന്, ടെസ്‌ല മോഡല്‍ വൈ, ഫോർഡ് എഫ്-150 ലൈറ്റ്‌നിംഗ് എന്നിവയ്ക്ക് ഏകദേശം 816 കിലോഗ്രാം ഭാരമുള്ള ബാറ്ററികളുണ്ട്. ഒരു ആധുനിക പെട്രോള്‍ കാർ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് ഉണ്ടാക്കുന്നതിനേക്കാള്‍ 400 മടങ്ങ് കൂടുതല്‍ മലിനീകരണം ടയർ തേയ്‌മാനത്തില്‍ നിന്ന് പുറത്തുവിടാൻ അര ടണ്‍ ഭാരമുള്ള ബാറ്ററിയുള്ള ഒരു ഇവിക്ക് കഴിയുമെന്ന് പഠനം പറയുന്നു.

കാർ എക്‌സ്‌ഹോസ്റ്റുകളില്‍ നിന്നുള്ള മലിനീകരണത്തെക്കുറിച്ച്‌ നമ്മള്‍ സാധാരണയായി ചിന്തിക്കുമ്പോള്‍, ഇവികള്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് പറയുമ്പോള്‍ ബ്രേക്കുകള്‍, ടയർ എന്നിവയില്‍ നിന്നുള്ള മലിനീകരണത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്ന് ഈ പഠനം കാണിക്കുന്നു.