spot_img
Thursday, July 2, 2026
Home Blog Page 411

മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച്‌ കേരളം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും.

ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിൽ: കുടുംബശ്രീയുടെ ‘ലഞ്ച് ബെല്ലി’ന് തുടക്കം

0

തിരുവനന്തപുരം : ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതിക്ക് തുടക്കമായി. ലഞ്ച് ബെല്ലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പുതിയ സാധ്യതകളെകൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തനത്തെ നവീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാൽനൂറ്റാണ്ടിന് മുമ്പ് ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവർത്തനമാരംഭിച്ചത്. ഇന്ന് രാജ്യത്തിലെ ഏറ്റവും ദാരിദ്ര്യം കുറവുള്ള സംസ്ഥാനമായി കേരളം മാറി. ഈ സാഹചര്യത്തിലേക്ക് കേരളത്തെ മാറ്റുന്നതിന് കുടുംബശ്രീ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇനി വരുമാന വർധനവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടി കുടുംബശ്രീ കൂടുതൽ ഊന്നൽ നൽകണം. ഇതിനായി പുതിയ മേഖലകളിലെ സാധ്യതകൾ കണ്ടെത്തി പ്രവർത്തനങ്ങൾ വ്യാപിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുടുംബശ്രീയുടെ ഏറ്റവും വലിയ കൈമുതൽ വിശ്വാസ്യതയാണ്. ആ വിശ്വാസയതയുള്ളത് കൊണ്ടാണ് ജനകീയ ഹോട്ടലുകളിലേക്ക് ആളുകൾ കൂടുതലെത്തുന്നത്. ആയിരത്തോളം ജനകീയ ഹോട്ടലുകൾ ജനകീയമായത് ഈ വിശ്വാസ്യത കാരണമാണ്. അങ്കമാലിയിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫേ നെറ്റ്‌വർക്കിന് നല്ല പ്രതികരണമാണ് കിട്ടിയത്. വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കുടുംബശ്രീക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

ലഞ്ച് ബെൽ പദ്ധതിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യേണ്ടത്. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരപ്രദേശത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ലഞ്ച് ബെൽ നടപ്പിലാക്കുന്നത്.

സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ളിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉച്ചയൂണ് എത്തിക്കും. 60 രൂപയ്ക്ക് ബജറ്റ് ലഞ്ചും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട 99 രൂപയുടെ പ്രീമിയം ലഞ്ചും ആപ്പിലൂടെ ഓർഡർ ചെയ്യാം. വിദഗ്ധ പരിശീലനം ലഭിച്ച യൂണിറ്റ് അംഗങ്ങളാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക.

തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ മുഖ്യാതിഥിയായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാമിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം സ്മിത സുന്ദരേശൻ, ഷൈന എ., കെ.കെ സൈനബ, കെ.കെ ലതിക തുടങ്ങിയവർ പങ്കെടുത്തു.

ആയുഷ് മേഖലയെ ഹെൽത്ത് ഹബ്ബാക്കി മാറ്റും: മന്ത്രി വീണാ ജോർജ്

0

ആയുഷ് മേഖലയെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് പുറത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. ആയുഷ് മേഖലയുടെ വികസനത്തിനായി 532 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു.

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ സാധ്യമാക്കി. ഇത് കൂടാതെയാണ് മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തിന് മാതൃകയായി 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. സർട്ടിഫിക്കേഷൻ നേടിയെടുക്കാനായതെന്ന് മന്ത്രി പറഞ്ഞു. 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്‌പോർട്‌സ് ആയുർവേദത്തിന് വലിയ സാധ്യതകളും പ്രാധാന്യവുമാണുള്ളത്. ആയുഷ് രംഗത്ത് സ്റ്റാന്റേഡൈസഷൻ കൊണ്ടുവരും. തെളിവധിഷ്ഠിത ഗവേഷണത്തിനായി കണ്ണൂരിൽ ആയുർവേദ ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാക്കി വരികയാണ്. സംസ്ഥാന ആയുഷ് മേഖലയെ സവിശേഷമായി കണ്ടുകൊണ്ടാണ് എൻഎബിഎച്ചിനായി കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ ആയുർവേദ രംഗം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് കേരളത്തിന് പുറത്ത് നിന്നുള്ളവരെ എത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിൽ നിന്നാണ് ഇതിലേക്ക് എത്തപ്പെട്ടത്.

കൃത്യമായ ഗുണനിലവാരത്തോടെ സേവനങ്ങൾ എത്തിക്കാൻ കഴിയണം. രാജ്യത്ത് ആദ്യമായി എൻഎബിഎച്ച് മാനദണ്ഡമുണ്ടാക്കി ക്വാളിറ്റി ടീമുകൾ സജ്ജമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് രാജ്യത്ത് ഇത്രയും ആയുഷ് സ്ഥാപനങ്ങൾക്ക് ഒന്നിച്ച് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചത്.

സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഈ കേന്ദ്രങ്ങളുടെ പ്രവർത്തന മികവും പദ്ധതി നിർവഹണ മേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങൾ കൂടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ എണ്ണം 700 ആകും. പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി തയ്യാറാക്കുന്നു. വർക്കലയിൽ ആധുനിക ആയുഷ് ചികിത്സാ കേന്ദ്രം സാധ്യമാക്കും. 14 ജില്ലകളിലും ഇതുപോലെയുള്ള ആശുപത്രികൾ സാധ്യമാക്കും.

ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകുന്നതിനാലാണ് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. ആയുഷ് മേഖലയിൽ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തി. എൻഎബിഎച്ച് കരസ്ഥമാക്കിയ എല്ലാ സ്ഥാപനങ്ങളേയും ആയുഷ് ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ ആയുഷ് മേഖലയെപ്പറ്റി പഠിക്കാനെത്തിയ ഉത്തരാഖണ്ഡിൽ നിന്നുള്ള സംഘത്തേയും മന്ത്രി സ്വാഗതം ചെയ്തു.

മരുന്നുകളുടെ സംഭരണ, വിതരണ പ്രക്രിയ ലഘുകരിക്കാനും പൊതു ജനങ്ങൾക്ക് ആവശ്യാനുസരണം മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താനും വേണ്ടിയുള്ള ആയുഷ് മെഡിസിൻ പ്രൊക്യുയർമെന്റ് സോഫ്റ്റ് വെയർ, ആയുഷ് മേഖലയിലെ മികച്ച സേവനം കണക്കിലെടുത്ത് കേരള സർക്കാർ ഏർപ്പെടുത്തിയ ആയുഷ് അവാർഡുകളുടെ പ്രവർത്തനങ്ങൾ സാധ്യമാക്കാനുള്ള ആയുഷ് അവാർഡ് സോഫ്റ്റ് വെയർ, ആയുഷ് മേഖലയിലെ വിജ്ഞാന, നൈപുണ്യ വികസനത്തിന് ഒരു മുതൽക്കൂട്ടാകുന്ന ആയുഷ് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു സ്വാഗതമാശംസിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി വിദ്യാഭ്യാസ പി.സി.ഒ. ഡോ. ഷീല എ.എസ്., നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ എന്നിവർ സംസാരിച്ചു.

സ്മാർട്ട്സിറ്റി പദ്ധതിയിൽ 684 കോടി രൂപ ചെലവഴിച്ചു: മുഖ്യമന്ത്രി

0

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇതുവരെ 684 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട് സിറ്റിയിൽ 504 കോടി രൂപ ചെലവഴിച്ച് 52 പദ്ധതികൾ പൂർത്തിയാക്കി. 17 പദ്ധതികൾ പുരോഗമിക്കുന്നു. ഇതിൽ ചിലത് ജൂൺ മാസം പൂർത്തിയാകും. സ്മാർട്ട് സിറ്റിയുടെ ഭാഗമായ സിറ്റീസ് 2.0 പദ്ധതിയിൽ 133 കോടി രൂപ കൂടി തിരുവനന്തപുരത്തിന് ലഭിക്കും.

സിറ്റീസിന്റെ ഭാഗമായി സ്മാർട്ട് സിറ്റി നഗരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്ത 18 നഗരങ്ങളിൽ തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധിക തുക ലഭിക്കുന്നത്. സിറ്റീസ് പദ്ധതിയിലൂടെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യ നിക്ഷേപം നിരീക്ഷിക്കാനും സമാഹരിക്കാനും മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റാനും കഴിയും.

അടുത്ത ഘട്ടമായി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾക്ക് നാലു കോടി രൂപ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിവിധ കോർപറേഷനുകളുടെ സൗന്ദര്യവത്ക്കരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നഗരസഭയിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, പാളയം മൾട്ടിലെവൽ കാർ പാർക്കിംഗ്, പാളയം മാർക്കറ്റിലെ പുനരധിവാസ ബ്ളോക്ക്, മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ റെസ്റ്റ് റൂം, വിവിധ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, എം. എൽ. എമാരായ ആന്റണി രാജു, വി. കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി. കെ. രാജു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

വിവാദ ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു

0

തിരുവനന്തപുരം: വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ. എന്നാല്‍ പിന്നീട് ജയില്‍ മോചിതനായിരുന്നു.

കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അതിന് മുമ്പ് വിവാദങ്ങളിലൂടെ രാജ്യത്താകെയും തന്നെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് മാധവൻ.

സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി ഏറെക്കാലം തുടര്‍ന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വര്‍ഷത്തേക്ക് തടവ് ശിക്ഷിച്ചത്. ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു.

സ്റ്റേഷനിലെ പാർക്കിംഗിൽ നിർത്തിയിട്ട് ട്രെയിനിൽ കയറി, തിരികെ വന്നപ്പോൾ പെട്രോളും ഹെൽമെറ്റുമില്ല, വ്യാപക പരാതി

0

മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന പെട്രോളും ഹെൽമറ്റും കാണാതാവുന്നതായി പരാതി. സ്റ്റേഷനിൽ വാഹനം നിർത്തിയിട്ട് ട്രെയിൻ കയറാനെത്തുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് വെട്ടിലാവുന്നതിൽ ഏറെയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരുടെ ഹെൽമറ്റാണ് നഷ്ടമായതായി പരാതി ഉയർന്നത്. കാലടി സ്വദേശിയായ യാത്രക്കാരന്റെ ഹെൽമറ്റും ബൈക്കിലെ പെട്രോളും നഷ്ടമായതാണ് ഒടുവിലത്തെ സംഭവം.

കഴിഞ്ഞ ദിവസം ബൈക്ക് സ്റ്റേഷന് മുൻവശത്തെ പാർക്കിങ് സ്ഥലത്ത് നിർത്തി ട്രെയിനിൽ യാത്ര പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ ഹെൽമറ്റില്ല. ടൗണിലെ കടയിൽ പോയി ഹെൽമറ്റ് വാങ്ങിയാണ് ഇയാൾ ബൈക്കുമായി വീട്ടിലേക്ക് പോയത്. ബൈക്കിലെ പെട്രോൾ പകുതിയിലേറെ കുറഞ്ഞതായും ഇയാൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായി.

സ്റ്റേഷനിൽ വിശാലമായ പാർക്കിങ് സ്ഥലം സജ്ജമായതോടെ വാഹന പാർക്കിങ് കരാർ ജീവനക്കാർക്കും മുഴുവൻ സമയം നിരീക്ഷിക്കാൻ കഴിയുന്നില്ല. സ്റ്റേഷന് പുറത്തും പാർക്കിങ് സ്ഥലത്തും റെയിൽവേ സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തതും മോഷണത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. മോഷണം തുടർച്ചയായ സാഹചര്യത്തിൽ പാർക്കിങ് സ്ഥലത്ത് സോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കാനാണ് വാഹന പാർക്കിങ് കരാർ എടുത്തവരുടെ ആലോചന.

‘നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ റൺ ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്’; രണ്ട് മണിക്കൂറിന് സക്കര്‍ബര്‍ഗ് നൽകിയ വില

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവര്‍ത്തനരഹിതയാതോടെയാണ് മെറ്റയുടെ ഓഹരി വിലയും ഇടിഞ്ഞത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ യുഎസ് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു

സംഗതി രണ്ട് മണിക്കൂറോളമാണ് പ്രവര്‍ത്തിക്കാതിരുന്നതൊക്കെ ശരി തന്നെ. പക്ഷെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ഉടമസ്ഥതയിലുള്ള മെറ്റയുടെ ഓഹരി വിപണിയിലെ മാത്രം നഷ്ടം 2,48,69,35,50,000 കോടി രൂപയാണ്! ഇന്നലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവര്‍ത്തനരഹിതയാതോടെയാണ് മെറ്റയുടെ ഓഹരി വിലയും ഇടിഞ്ഞത്.

സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ യുഎസ് ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു. മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും തടസം നേരിട്ടതോടെ 1.60 ശതമാനം ഇടിവാണ് മെറ്റ ഓഹരികളിലുണ്ടായത്. 3 ബില്ല്യണ്‍ ഡോളര്‍ അഥവാ 24000 കോടി രൂപയാണ് ഇതോടെ നഷ്ടമായത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവയ്ക്ക് പുറമേ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ചില തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഇതാദ്യമായല്ല മെറ്റ പ്ലാറ്റ്ഫോമുകള്‍ പണിമുടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പരസ്യങ്ങളിലൂടെ മികച്ച വരുമാനം നേടുന്ന മെറ്റയ്ക്ക് തിരിച്ചടിയാകുന്നതാണ് ഇത്തരം തടസങ്ങള്‍. മെറ്റയുടെ പ്രധാന വരുമാനവും പരസ്യങ്ങളില്‍ നിന്നാണ്.

യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് പാലിക്കുന്നതിന് ബിഗ് ടെക് കമ്പനികൾക്കുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് തകരാർ സംഭവിച്ചത്. മെറ്റാ, അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നാണ് സൂചന. ഇത് കോഡിംഗ് പിശകുകൾക്ക് കാരണമായേക്കാം. വൻകിട ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്പ് പാസാക്കിയ നിയന്ത്രണങ്ങളിലെ ഏറ്റവും പുതിയ നിയമമാണ് ഡിഎംഎ. തങ്ങളുപയോഗിക്കുന്ന ഡിവൈസുകളിൽ ഏതൊക്കെ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് തീരുമാനിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിലുണ്ട്.

സൈബര്‍ തട്ടിപ്പുകാര്‍ ഇനി വിയര്‍ക്കും; ഭാരതത്തിന്റെ ഡിഐപിയും ചക്ഷുവും തയ്യാര്‍

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനം അവതരിപ്പിച്ച്‌ കേന്ദ്രസർക്കാർ. തട്ടിപ്പുകാരുടെ സിം കണക്ഷനുകള്‍ വിഛേദിക്കാനുള്ള ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമും പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായുള്ള ചക്ഷു പ്ലാറ്റ്‌ഫോമും ആണ് കേന്ദ്രസർക്കാർ ആരംഭിച്ചത്.

സൈബർ നിയമലംഘനങ്ങള്‍ തടയുന്നതിനായുള്ള സംയോജിത പ്ലാറ്റ്‌ഫോമാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (ഡിഐപി). നിലവില്‍ വിവിധ പ്ലാറ്റ്‌ഫോമുകള്‍ സൈബർ നിയമലംഘനത്തിന്റെ പേരില്‍ ചില നമ്പറുകള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ ബ്ലോക് ചെയ്യാറുണ്ട്. എന്നാല്‍ ഇതേ നമ്പർ ഉപയോഗിച്ച്‌ തട്ടിപ്പുകാർ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ വെട്ടിപ്പ് തുടരുകയാണ് പതിവ്. ഇത് തടയാനായി ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഡിഐപി ആരംഭിച്ചിരിക്കുന്നത്.

അതായത് നിയമലംഘനത്തിന്റെ പേരില്‍ വാട്‌സാപ് ബ്ലോക്ക് ചെയ്യുന്ന നമ്പറുകള്‍ കമ്പനിയുടെ പ്രതിനിധി ഡിഐപിയില്‍ പ്രസിദ്ധീകരിക്കും. തുടർന്ന് ടെലികോം കമ്പനികള്‍ ഈ കണക്ഷനുകളുടെ റീ-വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണം. റീ-വെരിഫിക്കേഷനില്‍ വീഴ്ച കണ്ടാല്‍ ഈ നമ്പർ പൂർണ്ണമായും വിഛേദിക്കും.

കേന്ദ്ര ടെലികോം വകുപ്പ് പൊതുജനങ്ങളെ കേന്ദ്രീകരിച്ച്‌ ഇതിനകം തയ്യാറാക്കിയിട്ടുള്ള സഞ്ചാർ സാഥി (https://sancharsaathi.gov.in) എന്ന പോർട്ടലില്‍ ചക്ഷു (Chakshu) എന്ന അധിക സേവനവും ഇപ്പോള്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. മൊബൈല്‍ ഫോണിലേക്കും വാട്ട്‌സാപ്പിലേക്കും മറ്റും വരുന്ന തട്ടിപ്പ് കോളുകളും സന്ദേശങ്ങളേയും കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് ചക്ഷു.

അതേസമയം ഇതിനകം പ്രവർത്തനക്ഷമമായ സഞ്ചാർ സാഥി എന്ന സംവിധാനത്തിലൂടെ ഒരു കോടി കണക്ഷനുകള്‍ വിഛേദിച്ചതായും ഒന്നരലക്ഷം ഹാൻഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്തതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മൊബൈല്‍ ഹാൻഡ്‌സെറ്റുകളുടെ ഐഎംഇഐ നമ്പർ ബ്ലോക് ചെയ്യാനുള്ള സൗകര്യം സഞ്ചാർസാഥി പോർട്ടലിലുണ്ട് (sancharsaathi.gov.in). ഐഎംഇഐ നമ്പർ ബ്ലോക് ചെയ്താല്‍ ഈ ഫോണ്‍ മറ്റ് സിം ഉപയോഗിച്ചും ഉപയോഗിക്കാനാവില്ല.

പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി

റിയാദ്: വിദേശ തൊഴിലാളികളുടെ സൗദി അറേബ്യയിലുള്ള ആശ്രിത വിസക്കാരുടെ പ്രതിമാസ ലെവി പുനഃപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍. സോക്രട്ടീസ് പോഡ്കാസ്റ്റ് ചാനലിൽ ‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് ഉയർന്ന യോഗ്യതയുള്ള ആളുകളെ സകുടുംബം കൊണ്ടുവന്ന് രാജ്യത്തിനുള്ളിൽ സ്ഥിര താമസമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ പുനരാലോചന.

2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ മന്ത്രി ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ് തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ് രാജ്യത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുൾപ്പടെ ആശ്രിത വിസയിലെത്തുന്നവർക്ക് പ്രതിമാസം നിശ്ചിത തുക ലെവിയായി നിശ്ചയിച്ചത്. 2017 മുതലാണ് ഇത് ഈടാക്കി തുടങ്ങിയത്. ഏഴ് വർഷങ്ങൾക്കിപ്പുറം ഇതിൽ ഒരു പുനാരോലചനക്കുള്ള സാധ്യത ആരായുകയാണ്.

2015 മുതൽ സൗദി സാമ്പത്തിക മേഖലയിൽ ഒരു പരിവർത്തന യാത്രക്ക് തുടക്കമിടുകയായിരുന്നു. മൂല്യവർധിത നികുതി (വാറ്റ്) ചുമത്തൽ, അലവൻസുകൾ നിർത്തലാക്കൽ, വിദേശികളുടെ ആശ്രിതർക്ക് പ്രതിമാസ ഫീസ് (ലെവി) ചുമത്തൽ തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016-ൽ എടുക്കേണ്ടി വന്നു.

പച്ചക്കറി മാര്‍ക്കറ്റ് മാറ്റം; പാളയത്ത് ഹര്‍ത്താല്‍ പൂര്‍ണം

0

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച്‌ ജില്ലാ വെജിറ്റബിള്‍ മാർക്കറ്റ് കോ ഓർഡിനേഷൻ കമ്മിറ്റി പാളയത്ത് നടത്തിയ ഹർത്താല്‍ പൂർണം. തിങ്കളാഴ്ച അർദ്ധരാത്രി മുതല്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ഹർത്താല്‍. പാളയം മാർക്കറ്റും സമീപത്തെ കടകളും പൂർണമായും അടഞ്ഞു. ഉന്തുവണ്ടികളും ഹർത്താലില്‍ പങ്കെടുത്തു. ഹർത്താല്‍ വിവരം നേരത്തെ അറിയിച്ചതിനാല്‍ ചരക്ക് ലോറികളൊന്നും മാർക്കറ്റില്‍ എത്തിയില്ല.

പണിമുടക്കിയ തൊഴിലാളികളും കച്ചവടക്കാരും കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം അബ്ദുള്‍ സലാം വടകര ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ.സി.സതീശൻ എന്നിവർ പ്രസംഗിച്ചു.

കോ ഓർഡിനേഷൻ കമ്മിറ്റി ജനറല്‍ കണ്‍വീനർ എ.ടി. അബ്ദു സ്വാഗതവും ട്രഷറർ എം. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. കെ.നാസർ, കെ.വി.അബ്ദുള്‍ ജലീല്‍, പി. അബ്ദുള്‍ റഷീദ്, ടി. മുഹമ്മദ് മുസ്തഫ, എം.ടി. മുസ്തഫ, പി.കെ. ബഷീർ എന്നിവർ നേതൃത്വം നല്‍കി.

പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് പിൻവാങ്ങിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. അതിന്റെ തുടർച്ചയായി കച്ചവടക്കാരുടെയും തൊഴിലാളികളുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം നടത്തുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.