spot_img
Thursday, July 2, 2026
Home Blog Page 414

മുതിർന്ന പൗരന്മാർക്കുള്ള തപാൽ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവർക്ക്

0

തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവർക്ക് പോളിംഗ് കേന്ദ്രത്തിൽ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ദേശീയ ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നൽകണം. ബൂത്ത് ലെവൽ ഓഫീസർമാരിൽ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നൽകാം. അപേക്ഷകൾ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് പോസ്റ്റൽ ബാലറ്റ് നൽകും. വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് കൈപ്പറ്റി അധികൃതർക്ക് നൽകും.

വ്യാജ വാര്‍ത്തയുടെ കുത്തൊഴുക്കിൽ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം – മുഖ്യമന്ത്രി പിണറായിവിജയന്‍

0

കൊച്ചി: വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കിന്റെ കാലമായി ലോകസഭ തെരഞ്ഞെടുപ്പിനെ മാറ്റുന്നതിനെതിരായ സ്വയം വിമര്‍ശനവും ആത്മ പരിശോധനയും മാധ്യമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ കേരള മീഡിയ കോണ്‍ക്ലേവ്-24 അന്താരാഷ്ട്ര മാധ്യമോത്സവം കാക്കനാട് മീഡിയ അക്കാദമി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയും വര്‍ഗീയതയും ഏറ്റുമുട്ടുന്നിടത്ത് നിഷ്പക്ഷത കാപട്യമാണ്. അത് വര്‍ഗീതയുടെ പക്ഷംചേരലാണ്. മലയാള ഭാഷ വളരുന്നത് വൈവിധ്യങ്ങള്‍കൊണ്ടാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയുടെ വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ മാതൃകയില്‍ മലയാള ഭാഷയില്‍ വരുന്ന ന്യൂജനറേഷന്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഓരോ വര്‍ഷവും മലയാള ഭാഷാ നിഘണ്ടു ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും മീഡിയ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടെ സഹകരിച്ച് സംവിധാനം ഉണ്ടാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് പുലിറ്റ്സര്‍ പ്രൈസ് ജേതാവും കാശ്മീരി ഫോട്ടോഗ്രാഫറുമായ സന ഇര്‍ഷാദ് മട്ടുവിനും ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പ്രത്യേക പുരസ്‌കാരം ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാലിനും മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, ശില്‍പ്പവും, പ്രശസ്തി പത്രവുമാണ് ഓരോരുത്തര്‍ക്കും നല്‍കിയത്.

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കനത്ത വെല്ലുവിളി നേരിടുകയാണ്. കേരളത്തില്‍ സത്യമായ വാര്‍ത്തയോ വസ്തുതാപരമായ പേരോ നല്‍കിയതിന്റെ പേരിലോ സര്‍ക്കാരിനെയോ അതിന് നേതൃത്വം നല്‍കിയവരെയോ വിമര്‍ശിച്ചതിന്റെ പേരിലോ ഒരു മാധ്യമസ്ഥാപനത്തിനും പ്രവര്‍ത്തകനും ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലിന്റെ ക്രൂരതകള്‍ മൂടിവയ്ക്കുന്നതിനുളള മാധ്യമനയം ആഗോളമായി മേധാവിത്വം നേടിയിരിക്കുന്നു. അമേരിക്കന്‍-ഇസ്രയേല്‍ ലോബി മാധ്യമമേഖലയില്‍ ശക്തമാണ്. ഇതിന്റെ സ്വാധീനം ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’ അല്‍ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വയേല്‍ അല്‍ ദഹ്ദൂഹിനെ മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത് ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദഹ്ദൂഹിന്റെ ഭാര്യയും മക്കളും പേരക്കുട്ടിയും ഉള്‍പ്പെടെ കുടുംബത്തിലെ പത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അചഞ്ചലമായി മാധ്യമപ്രവര്‍ത്തനം തുടരുന്ന ദഹ്ദൂഹിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര ഭരണകൂടത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഒരു മാധ്യമസൗഹൃദ നയം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോ റെയിലിന്റെ മൂന്നാം ഘട്ടം വികസനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയുടെ നിലവിലുള്ള കെട്ടിടം പൊളിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലുമുള്ള സ്ഥാപനമായി വളര്‍ത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. അക്കാദമി മുന്‍ ചെയര്‍മാന്‍ തോമസ് ജേക്കബ്ബ്, സന ഇര്‍ഷാദ് മട്ടു, ആര്‍. രാജഗോപാല്‍, മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍, മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രി പ്രൊഫ. കെ.വി തോമസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ടി. വി സുഭാഷ്, കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കെ.യു.ഡബ്ബ്യു.ജെ സംസ്ഥാന സെക്രട്ടറി കിരണ്‍ബാബു, അക്കാദമി ജനറല്‍ കൗണ്‍സിലംഗം സ്മിത ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

കിളികളും കൂളാവട്ടെ’ ക്യാമ്പയിന് തുടക്കമായി, ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാം.

0

കോഴിക്കോട്: പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലിൽ കിളികൾക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘കിളികളും കൂളാവട്ടെ’ ക്യാമ്പയിന് തുടക്കമായി. സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ തണ്ണീർ കുടങ്ങളിൽ വെള്ളവും തീറ്റയും നിറച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

മാർച്ച് 2 മുതൽ 21 വരെ 20 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്. കലക്ടറുടെ സോഷ്യൽ മീഡിയ പേജിൽ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്.

പോസ്റ്റ് ചെയ്യുമ്പോൾ #kilikalum_coolavatte, #CollectorKKD എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും CollectorKKD യെ മെൻഷൻ ചെയ്യുകയും വേണം. ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ, കോഴിക്കോട് കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ പ്രസിദ്ധീകരിക്കും.

കേരളത്തിലെ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍: ശശികുമാര്‍

0

‘മലയാള പത്രപ്രവര്‍ത്തനം, 175 വര്‍ഷം’ സെമിനാര്‍ സംഘടിപ്പിച്ചു

കേരളത്തിലെ മാധ്യമങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. സാങ്കേതിക രംഗത്തെ എല്ലാ സാധ്യതകളും ഇവിടുത്തെ മാധ്യമങ്ങള്‍ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജേര്‍ണലിസം ഫെസ്റ്റിവലില്‍ ‘മലയാള പത്രപ്രവര്‍ത്തനത്തിന്റെ 175 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് പത്രങ്ങളെ മാത്രമായിരുന്നു വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. പിന്നീട് ടെലിവിഷന്‍ ചാനലുകള്‍ ആരംഭിച്ചെങ്കിലും പത്രങ്ങളുടെ മുന്‍തൂക്കം കുറയ്ക്കാന്‍ ഇവയ്ക്ക് ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പതിയെ ടെലിവിഷന്‍ ചാനലുകള്‍ മാധ്യമ രംഗത്ത് ആധിപത്യം സ്ഥാപിച്ചു തുടങ്ങി. പിന്നീട് ഡിജിറ്റല്‍ മീഡിയ രംഗം കീഴടക്കി. സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇന്റഗ്രേറ്റഡ് മള്‍ട്ടിമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആണ് വാര്‍ത്തകള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തനം എന്തിന് എന്ന ചോദ്യം ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ജനങ്ങളും ഈ ചോദ്യം ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വന്നതോടെ സാധാരണ ജനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നാഷണല്‍ ജേര്‍ണലിസം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ശശികുമാര്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബുവിന് നല്‍കി നിര്‍വഹിച്ചു. കേരള മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പി.പി.ശശീന്ദ്രന്‍ സെമിനാറില്‍ ആമുഖം അവതരിപ്പിച്ചു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ തോമസ് ജേക്കബ് സെമിനാര്‍ നയിച്ചു.

കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍മാരായ കെ.മോഹനന്‍, എസ്.ആര്‍.ശക്തിധരന്‍, സെര്‍ജി ആന്റണി, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.സി നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

പശ്ചിമ ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ

തിരുവനന്തപുരം: പശ്ചിമ ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവർ പശ്ചിമ ഓസ്ട്രേലിയൻ മന്ത്രിയും സംഘാംഗങ്ങളുമായി ചർച്ച നടത്തി. ഓസ്ട്രേലിയൻ കോൺസുൾ ജനറൽ സിലായിസാകി ആരോഗ്യ, വിദ്യാഭ്യാസ  വകുപ്പിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വേസ്റ്റേൺ ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിലുള്ള തൊഴിലവസരങ്ങൾ കേരളത്തിലെ തൊഴിലന്വേഷകർക്ക് മുമ്പിൽ തുറന്നു കാട്ടുന്നതിനും അവിടങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് കേരളത്തിലെ യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രത്യേക ഉന്നതതല സംഘത്തെ നിയോഗിച്ചുകൊണ്ടും വിദ്യാർത്ഥി, അധ്യാപക വിനിമയം സാധ്യമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

വകുപ്പിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ ഒഡെപെകുമായി വിദേശ നിയമനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി കൈകോർക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. ആദ്യ പടിയായി ആരോഗ്യ മേഖലയിലെ ഡോക്ടർ, നഴ്സ്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒഡെപെക് മുഖേന പശ്ചിമ ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കും.

കേരളത്തിലെ തൊഴിലന്വേഷകർക്ക് പശ്ചിമ ഓസ്ട്രേലിയയിൽ ജോലി നേടാൻ ആവശ്യമായ നൈപുണ്യ വികസന പരിശീലനങ്ങളും ഒഡെപെക് നൽകും. പശ്ചിമ ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തി.

സെക്രട്ടേറിയറ്റ് അനെക്സ് രണ്ടിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ആരോഗ്യ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഫ്, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പു സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ, ഒഡെപെക് ചെയർമാൻ അഡ്വ. കെ.പി അനിൽ കുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ.പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നു

വെയിൽസ് ഗവൺമെന്റുമായി ധാരണപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെയിൽസ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.

സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായാണ് ഇത്തരത്തിൻ ധാരണപത്രം കൈമാറുന്നതെന്ന് എലുനെഡ് മോർഗൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവർത്തകർ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയിൽസിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്‌മെന്റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൻ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയ്ക്കു പുറമേ മറ്റു മേഖലകളിലുള്ളവർക്കും തൊഴിവസരം ഒരുക്കുമെന്നും വെൽഷ് ആരോഗ്യ മന്ത്രി അറിയിച്ചു.

സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തുടർന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ചർച്ചയിൽ സഹകരണ സാധ്യതയുളള മേഖലകൾ കണ്ടെത്താനും തീരുമാനമായി. ചർച്ചയിൽ ആഗോളതലത്തിലെ റിക്രൂട്ട്‌മെന്റ് സാധ്യതകളും കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി വിശദീകരിച്ചു.

ചടങ്ങിൽ വെയിൽസിലെ നഴ്സിംഗ് ഓഫീസർ ഗില്ലിയൻ നൈറ്റു, ഗവൺമെന്റ് പ്രതിനിധികളായ ഇന്ത്യൻ ഓഫീസ് മേധാവി മിച്ച് തിയേക്കർ, ഇന്റർനാഷണൽ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ്, നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ മനോജ്.ടി, അസി. മാനേജർമാരായ രതീഷ്, പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു. വെൽഷ് പ്രതിനിധിസംഘം ഇന്ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജും, നഴ്‌സിങ് കോളേജും സന്ദർശിക്കും.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; കർശന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്

0

പുതിയ പരിഷ്കരണങ്ങള്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്ന് മുതൽ നടപ്പാക്കണമെന്ന് കർശന നിർദേശം. ആർടിഒ, ജോയിന്റ് ആർടിഒമാർക്കാണ് മോട്ടോർ വാഹനവകുപ്പ് നിർദേശം നല്‍കിയത്. മെയ് ഒന്ന് മുതൽ പുതിയ പരിഷ്കരണങ്ങള്‍ നടപ്പിലായില്ലെങ്കിൽ ആർടിഒ, ജോയിന്റ് ആർടിഒമാർക്കെതിരെ നടപടിയെടുക്കും. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൽ തന്നെ പുതിയ ഡ്രൈവിങ് ടെസ്റ്റ് ​ഗ്രൗണ്ട് ഒരുക്കണം എന്നാണ് നിർദേശം.

നിലവിലുള്ളയിടത്ത് സാധിച്ചില്ലെങ്കിൽ പുതിയ സ്ഥലം കണ്ടെത്തണം. ഇതിനായി സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി ഉപയോ​ഗിക്കാം. സർക്കാർ ഭൂമി ലഭിച്ചില്ലെങ്കിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കാം. സ്വകാര്യ ഭൂമിക്കായുള്ള വാടക വിവരങ്ങൾ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ അറിയിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്നു. അപേക്ഷകര്‍ക്ക് വിശ്രമിക്കാന്‍ സംവിധാനമൊരുക്കണമെന്നും ശുചിമുറിയും കുടിവെള്ളവും ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ അടങ്ങിയ സർക്കുലർ കഴിഞ്ഞ ദിവസമാണ് കേരള മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയത്. മെയ് ഒന്നുമുതൽ ഡ്രെവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലർ പറയുന്നത്. കാറുകൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിന് ഗിയർ വാഹനങ്ങൾ നിർബന്ധമാണെന്നും സർക്കുലർ പറയുന്നു.

100 കിമീ ചുറ്റളവില്‍ 2 വിമാനത്താവളം; ‘രാജ്യത്തെ രണ്ടാംനിര നഗരങ്ങള്‍ക്ക് മാതൃകയാകാനുള്ള ശേഷി കോഴിക്കോടിനുണ്ട്’

0

കോഴിക്കോട്: രാജ്യത്തെ രണ്ടാംനിര നഗരങ്ങളില്‍ ഐടി വ്യവസായവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സാധ്യതയുള്ള നഗരമാണ് കോഴിക്കോടെന്ന് കെടിഎക്സ് 2024 സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യം, ബഹുസ്വരത, ഭൂപ്രകൃതി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കോഴിക്കോടിനെ വേറിട്ടു നിറുത്തുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ രണ്ടാംനിര നഗരങ്ങള്‍ക്ക് മാതൃകയാകാനുള്ള മികച്ച ശേഷി കോഴിക്കോടിനുണ്ടെന്ന് സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. തൊഴിലിടത്തോടുള്ള ഐടി ജീവനക്കാരുടെ കാഴ്ചപ്പാടിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ക്രിയാത്മകമായ മാറ്റമുണ്ടായി. വന്‍നഗരങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ചെറുനഗരങ്ങളോടാണ് ഐടി ജീവനക്കാരുടെ സമൂഹത്തിന് ഇപ്പോള്‍ താത്പര്യം. ഇവരെ ആകര്‍ഷിക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും കോഴിക്കോടുണ്ട്.

മികച്ച ജീവിതനിലവാരം, രുചികരമായ ഭക്ഷണവൈവിദ്ധ്യങ്ങള്‍, മികച്ച ഗതാഗത സൗകര്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന നൂറ്റാണ്ടുകളായുള്ള വാണിജ്യബന്ധം എന്നിവയെല്ലാം ഐടി വ്യവസായത്തിന്‍റെ വികസനത്തിന് ഉപയുക്തമാക്കാവുന്ന ഘടകങ്ങളാണ്. ധനശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും നിരവധിയുള്ള ഈ മേഖലയില്‍ ഐടി വ്യവസായത്തിലെ നിക്ഷേപത്തിനും സാധ്യതകളേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ക്രോഡീകരിക്കുന്ന പുതിയ ഐടി നയത്തില്‍ വികേന്ദ്രീകൃതമായ ഐടി വ്യവസായത്തിന്‍റെ സാധ്യതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) എം ഡി സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. ഉപയോഗപ്പെടുത്താന്‍ നിരവധി സാധ്യതകളുണ്ടെന്നതാണ് കോഴിക്കോടിന്‍റെ ഏറ്റവും വലിയ മേന്മയെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനത്തിലൂടെ മികച്ച റോഡ് കണക്ടിവിറ്റി, നൂറു കിമി ചുറ്റളവില്‍ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മികച്ച സൗകര്യങ്ങളുള്ള സൈബര്‍ പാര്‍ക്ക് തുടങ്ങിയവ കോഴിക്കോടിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഐടി നഗരമായി മാറുന്നതിന് കോഴിക്കോട് സ്വയം പാകപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി. തമിഴ്നാട് , കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതു പോലുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. എന്നാല്‍ കോഴിക്കോട്ടെ ബിസിനസ് സമൂഹം കൂട്ടായി പരിശ്രമിച്ചാല്‍ വന്‍കിട ഐടി കമ്പനികള്‍ പോലും പ്രവര്‍ത്തനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ആവാസവ്യവസ്ഥ ഇവിടെ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയുമായി കോഴിക്കോടിനുള്ള പരമ്പരാഗത ബന്ധം ഐടി മേഖലയില്‍ ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്ന് കോഴിക്കോട് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. സൈബര്‍പാര്‍ക്കിലുള്ള പല കമ്പനികള്‍ക്കും ഗള്‍ഫ് മേഖലയില്‍ സജീവ സാന്നിദ്ധ്യവും ഉപഭോക്താക്കളുമുണ്ട്. ഐടി കമ്പനികള്‍ ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ മികച്ച ഐടി നഗരമായി കോഴിക്കോട് മാറുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സൈബര്‍ പാര്‍ക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷന്‍ & ടെക്നോളജി ഇനിഷ്യേറ്റീവ്) യുടെ നേതൃത്വത്തിലാണ് കെടിഎക്സ് 2024 സംഘടിപ്പിച്ചത്.

കണ്ണില്‍നിന്നു 10 സെന്‍റീമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു

0

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ അമിതമായ കണ്ണുവേദനയും കണ്ണിന് ചുവപ്പുനിറവും ബാധിച്ചെത്തിയ മൂര്‍ക്കനാട് സ്വദേശിയുടെ കണ്ണില്‍ നിന്നു പത്ത് സെന്‍റിമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു.

നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍ ശാരികമേനോന്‍റെ നേതൃത്വത്തില്‍ ഡോ. രേവതി രവിനാഥനും ഡോ. വിസ്മയരാജും ചേര്‍ന്നാണ് വിരയെ പുറത്തെടുത്തത്. “ഡിറോഫിലാറിയ റെപന്‍സ്’ ഇനത്തില്‍പ്പെട്ട വിരയാണെന്ന് കണ്ടെത്തി.

സാധാരണയായി നായ്ക്കളിലും പൂച്ചകളിലും കാണപ്പെടുന്ന ഇത്തരം വിരകള്‍ വളരെ അപൂര്‍വമായേ മനുഷ്യരില്‍ കാണാറുള്ളൂ. കൊതുകുകളിലൂടെയാണ് ഇതു പകരുന്നത്.

മാവൂര്‍ റോഡ് ശ്മശാനത്തിന്‍റെ നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

0

കോഴിക്കോട്: മാവൂർ റോഡ് ശ്മശാനത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കെട്ടിടനിർമാണം ഏറെക്കുറെ പൂർത്തിയായി. വൈദ്യുതിവത്കരണ ജോലികളാണ് ആരംഭിക്കാനുള്ളത്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ 4.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 2020 സെപ്റ്റംബറിലാണ് നവീകരണം ആരംഭിച്ചത്.

2019 മാർച്ചില്‍ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ നിർവഹിച്ചെങ്കിലും പണി തുടങ്ങാനായില്ല. കരാർ നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ ഒരു കൊല്ലം പണി മുടങ്ങാൻ കാരണമായി. ശ്മശാനത്തില്‍ പരമ്പരാഗത സംസ്കരണം നിർത്തിയപ്പോഴുള്ള പ്രതിഷേധങ്ങളും കോവിഡ് നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമെല്ലാം പ്രവൃത്തി നീണ്ടുപോകാൻ കാരണമായി. ഇലക്ട്രിക് ശ്മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് പണി നടക്കുന്നത്. പ്രധാന പ്രശ്നമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിലധികം ഉയർത്തിയാണ് പണിയുന്നത്. നൂതന സാങ്കേതിക വിദ്യയില്‍ സംസ്കാരം നടത്താൻ മൂന്ന് ഗ്യാസ് ചൂളകളോട് കൂടിയ ശ്മശാനമാണ് പണിയുന്നത്.

നവീകരണ പ്രവൃത്തിയുടെ ഭാഗമായി അടച്ചതോടെ മാവൂർ റോഡ് ശ്മശാനത്തിലെ ശവസംസ്കാരം പൂർണ്ണമായി നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് ഇപ്പോള്‍ നഗരത്തില്‍ സംസ്കാരം പ്രധാനമായി നടക്കുന്നത്. മാവൂർ റോഡ്, വെസ്റ്റ്ഹില്‍ ശ്മശാനങ്ങളിൽ ഗ്യാസില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തോടെയുള്ള അമൃത് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൊത്തം അഞ്ചുകോടിയാണ് ഇതിനായി വകയിരുത്തിയത്.