spot_img
Thursday, July 2, 2026
Home Blog Page 415

തീരദേശ ജനതയ്ക്ക് കൈത്താങ്ങായി പുനര്‍ഗേഹം

0

കോഴിക്കോട്: തിരയേയും കടലിനേയും ഭയപ്പെടാതെ കടലിന്‍റെ മക്കള്‍ക്ക് അന്തിയുറങ്ങാൻ പുനർഗേഹം പദ്ധതിയിലൂടെ ജില്ലയില്‍ പൂർത്തീകരിച്ചത് 98 വീടുകള്‍. ബേപ്പൂർ മുതല്‍ വടകര വരെ നീണ്ടുകിടക്കുന്ന കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വീടുകള്‍ നിർമിച്ചു നല്‍കുന്നത്.

തീരദേശ ജനതയെ സുരക്ഷിത ഭവനങ്ങളില്‍ താമസിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പുനർഗേഹം പദ്ധതിയിലൂടെയാണ് ജില്ലയില്‍ വീടുകളൊരുങ്ങുന്നത്. കടലോരത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന കുടുംബങ്ങളെയാണ് ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പുനർഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മൊത്തം 2,609 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരള മീഡിയ കോണ്‍ക്ലേവ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി, ഐ ആൻഡ് പിആർഡിയുടെയും കേരള പത്രപ്രവർത്തക യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കേരള മീഡിയ കോണ്‍ക്ലേവ്- 24’ ഇന്‍റർനാഷണല്‍ ജേർണലിസം ഫെസ്റ്റിവല്‍ മാർച്ച്‌ 2, 3, 4 തീയതികളില്‍ കാക്കനാട് കേരള മീഡിയ അക്കാദമി ക്യാമ്പസില്‍ നടക്കും. ‘മീഡിയ കോണ്‍ക്ലേവ്’ ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരള മീഡിയ അക്കാദമിയുടെ 2023ലെ മീഡിയ പേഴ്സണ്‍ ഓഫ് ദ- ഇയർ അവാർഡ് ജേതാവ് വയേല്‍ അല്‍ ദഹ്ദൂഹ്, വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ കാശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സണ്‍ സ്പെഷല്‍ അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ആർ. രാജഗോപാല്‍ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിക്കും.

കേരള മീഡിയ കോണ്‍ക്ലേവ് 2, 3, 4 തീയതികളില്‍ നടക്കുന്ന ഇന്‍റർനാഷണല്‍ ജേർണലിസം ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നുരാവിലെ 11ന് ‘മലയാള പത്ര പ്രവർത്തനം 175 വർഷം’ എന്ന വിഷയത്തെ അധികരിച്ച്‌ സെഷൻ നടക്കും.

ഏഷ്യൻ സ്കൂള്‍ ഓഫ് ജേണലിസം ചെയർമാൻ ശശികുമാർ, മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ, അക്കാദമി മുൻ ചെയർമാൻമാരായ തോമസ് ജേക്കബ്, കെ. മോഹനൻ, എസ്.ആർ. ശക്തിധരൻ, എൻ.പി. രാജേന്ദ്രൻ , സെർജി ആന്‍റണി എന്നിവരും മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോള്‍, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി. നാരായണൻ, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പി.പി. ശശീന്ദ്രൻ എന്നിവരും പ്രസംഗിക്കും.

ഡൽഹി ന്യൂ ഡല്‍ഹിയായതുപോലെ കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റാന്‍ മിഷന്‍-30 പദ്ധതി നടപ്പാക്കും ; മന്ത്രി മുഹമ്മദ് റിയാസ്

0

കോഴിക്കോട് : ഡല്‍ഹി ന്യൂ ഡല്‍ഹിയായതു പോലെ കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റാന്‍ മിഷന്‍-30 പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനീഷ്യേറ്റീവിന്റെ (സിറ്റി 2.0) നേതൃത്വത്തില്‍ നടത്തുന്ന കേരള ടെക്‌നോളജി എക്സ്‌പോ (കെ.ടി.എക്സ്-24) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിനെ നാളെയുടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാന്‍ 1200 കോടി രൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത നവീകരണവും പാലങ്ങളും ജലഗതാഗത പാതയും പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും വരുന്നതോടെ കോഴിക്കോട് ന്യൂ കോഴിക്കോടായി മാറുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം-കാസര്‍കോട് ആറുവരിപ്പാതയുടെ നിര്‍മാണം അടുത്തവര്‍ഷം അവസാനം പൂര്‍ത്തിയാവും. റോഡുകൊണ്ടുമാത്രം നമുക്ക് എത്രകാലം മുന്നോട്ടു പോകാനാവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കേരളത്തില്‍ ഇനി റോഡുകള്‍ നിര്‍മിക്കാന്‍ ഭൂമിയില്ല. അതുകൊണ്ടാണ് സില്‍വര്‍ലൈന്‍ പദ്ധതി മുന്നോട്ടുവെച്ചത്. പലരും എതിര്‍ത്തു. എന്നാല്‍ വന്ദേഭാരത് വന്നതോടെ സില്‍വര്‍ലൈനിനെ അനുകൂലിക്കുന്നവരുടെ എണ്ണംകൂടി.വന്ദേഭാരത് ഉദ്ദേശിച്ച വേഗതയില്‍ ഓടണമെങ്കില്‍ ഒട്ടേറെ വളവുകള്‍ നിവര്‍ത്തണം. അതിന് ചെലവഴിക്കുന്ന തുക വേണ്ട സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാക്കാനെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കനോലി കനാലെല്ലാം ഉള്‍പ്പെടുത്തി കോവളംമുതല്‍ ബേക്കല്‍വരെ ജലപാതയും യാഥാര്‍ഥ്യമാക്കും. കോഴിക്കോടിന്റെ ഐ.ടി. വികസനത്തിനുള്ള സമഗ്രരൂപരേഖകൂടി ഐ.ടി എക്സ്‌പോയ്ക്കൊപ്പം രൂപപ്പെടുത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ. മെഹബൂബ് അധ്യക്ഷനായി. ഐ.ഐ.എം. ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ടാറ്റാ എലക്സി മാനേജിങ് ഡയറക്ടര്‍ മനോജ് രാഘവന്‍, ഗ്രാന്‍ഡ് തോര്‍ട്ടണ്‍ ഭാരത് ദേശീയമേധാവി രാമേന്ദ്ര വേർമ, കെ.എസ്.ഐ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് സി.ഇ.ഒ. സുശാന്ത് കുരുന്തില്‍, സിറ്റി 2.0 ചെയര്‍മാന്‍ അജയന്‍ കെ. ആനാട്ട്, ജനറല്‍സെക്രട്ടറി അനില്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

മറ്റൊരു സിലിക്കണ്‍ വാലിയാകുമോ കോഴിക്കോട് ! പ്രതീക്ഷ വാനോളമുയര്‍ത്തി പ്രമുഖര്‍

0

കോഴിക്കോട്: ഐ.ടി. അടക്കമുള്ള സാങ്കേതികരംഗത്ത് കോഴിക്കോടിന്റെ സവിശേഷതകള്‍ പ്രഭാഷകർ എണ്ണിപ്പറഞ്ഞത്, മലബാറിന്റെയും കോഴിക്കോടിന്റെയും പ്രതീക്ഷകള്‍ വാനോളമുയർത്തി. കോഴിക്കോട് ഐ.ടി. കമ്പനികള്‍ക്ക് ഏറെ സാധ്യത നല്‍കുന്നതോടൊപ്പം ഓപ്പറേഷൻ ചെലവുകളില്‍ മുപ്പതുശതമാനം കുറവെന്ന വലിയൊരു ഗുണംകൂടി നല്‍കുന്നുണ്ടെന്നും ഗ്രാൻഡ് തോർടണ്‍ ഭാരത് എല്‍.എല്‍.പി.യുടെ ദേശീയമേധാവി രാമേന്ദ്ര വർമ ചൂണ്ടിക്കാട്ടി.

സംസ്കാരത്തിലും ഭക്ഷണത്തിലും സംഗീതത്തിലുമെല്ലാം വേറിട്ട പെരുമയുള്ള കോഴിക്കോടിന് കൂട്ടായ പരിശ്രമമുണ്ടായാല്‍ വിവരസാങ്കേതിക ഭൂപടത്തിലും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍നിന്നും ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍നിന്നും തീർത്തും വ്യത്യസ്തമായ ഒരിടം കണ്ടെത്താമെന്ന് കെ.എസ്.ഐ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.

മറ്റൊരു സിലിക്കണ്‍ വാലിയായി മാറാൻ എല്ലാവിധ സാധ്യതകളും പശ്ചാത്തല സൗകര്യങ്ങളുമുള്ള നഗരമാണ് കോഴിക്കോടെന്ന് സൈബർ പാർക്ക് സി.ഇ.ഒ. സുശാന്ത് കുരുന്തില്‍ പറഞ്ഞു. നമ്മള്‍ ഒത്തുപിടിച്ചാല്‍ അത് സംഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബശിഷ് ചാറ്റർജിയും ഈ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ച്‌ ആധികാരികമായ പഠനങ്ങളടക്കം ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു.

മലയോര ഹൈവേ: മാനന്തവാടിയില്‍ ഊരാകുടുക്ക്

0

മാനന്തവാടി: മലയോര ഹൈവേ റോഡ് പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന പാർക്കിംഗും പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന വഴിയും തടസപ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ.

കോഴിക്കോട് റോഡില്‍ ബസ് ഇറങ്ങുന്ന നിരവധിയാളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെയാണ് മെഡിക്കല്‍ കോളജ്, വില്ലേജ് ഓഫീസ്, നഗരസഭ, രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കെല്ലാം വർഷങ്ങളായി കടന്ന് പോയി കൊണ്ടിരിക്കുന്നത്. സമീപത്തെ കെട്ടിടത്തില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പാർക്കിംഗ് സൗകര്യവുമുണ്ടായിരുന്നു.

എന്നാല്‍ ഇതെല്ലാം തടസപ്പെടുത്തി കൊണ്ടാണ് റോഡരികില്‍ നിർമാണ പ്രവർത്തികള്‍ നടത്തിയിരിക്കുന്നത്. ഇത് പൊതുജനത്തിനും വ്യാപാരികള്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്. വളരെയെറെ ബുദ്ധിമുട്ടിയാണ് ആളുകള്‍ ഇതിലൂടെ ഇപ്പോള്‍ കടന്ന് പോകുന്നത്. അപകടങ്ങള്‍ക്കും കാരണമായി മാറുന്നുണ്ട്. അശാസ്ത്രീയമായ റോഡ് പ്രവർത്തികള്‍ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇവിടെ ബാനറും സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.

ഹജ്ജ്: കോഴിക്കോട് നിന്നുള്ള യാത്രാനിരക്ക്‌ 42,000 രൂപ കുറച്ചു

0

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുറഹ്മാൻ നല്‍കിയ കത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,65,000/- ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്‌ചയിച്ചിരുന്ന നിരക്ക്. ഇതില്‍ 42,000 രൂപയാണ് കുറച്ചത്. ഇതോടെ കരിപ്പൂർ വഴിയുള്ള നിരക്ക് 1,23,000/- രൂപ ആയി കുറയുമെന്ന് മന്ത്രി അബ്ദുറഹ്മാന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ ഇടതടവില്ലാതെയും സമയബന്ധിതവുമായും നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാനം 2023-ല്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യം 2024-ലും നിലനിര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

യാത്രാക്കൂലി കുറയ്ക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാനം ആവശ്യപ്പെട്ട കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ വിളിച്ച ടെണ്ടറുകളില്‍ ക്വാട്ടുകള്‍ ലഭിക്കുന്നത് വിവിധ സാങ്കേതിക കാര്യങ്ങള്‍ മുന്‍നിര്‍ത്തി ആണെന്നും അതാണ്‌ കോഴിക്കോട്ട് നിന്നുള്ള നിരക്ക് ഉയരാനിടയാക്കിയതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയും തീര്‍ത്ഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ്‌ യാത്രാക്കൂലിയില്‍ കുറവ്‌ വരുത്തിയതെന്നും കേന്ദ്ര മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

0

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച്‌ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി. കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായും വര്‍ധിച്ചു. ഫെബ്രുവരിയില്‍ 14 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഇനി പരീക്ഷാക്കാലം, ഹയര്‍ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങി. ഹയർ സെക്കൻഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നു.വിഎച്ച്‌ എസ് ഇയില്‍ 57, 707 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.

ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ നേതൃത്വത്തില്‍ വിതരണം പൂർത്തിയായി.

ആർ ടി എ യോഗം ചേർന്നു

0

കോഴിക്കോട് : കോഴിക്കോട്, വടകര റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പുതിയ ബസ്, ഓട്ടോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ, സ്റ്റേജ് കാരിയേജ് വാഹനങ്ങളുടെ നിലവിലെ പെർമിറ്റ് കൈമാറ്റം, പുതുക്കൽ, ബസ് റൂട്ടിലെ മാറ്റം ഉൾപ്പടെ വിവിധ തരത്തിലുള്ള 304 അപേക്ഷകൾ യോഗത്തിൽ സ്വീകരിച്ചു.

ബസ് സർവീസുകളുടെ പെർമിറ്റിന്റെ കാലാവധി പുതുക്കാനുള്ള അപേക്ഷകളും പുതിയ ബസ് സ്റ്റോപ്പ്‌ അനുവദിക്കുന്നതിനുള്ള അപേക്ഷകളും ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും യോഗം ചർച്ച ചെയ്തു. കോഴിക്കോട് ആർടിഒ ക്ക് കീഴിൽ 153 അപേക്ഷകളും വടകര ആർടിഒ ക്ക് കീഴിൽ 151 അപേക്ഷകളുമാണ് പരിഗണിച്ചത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാർ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ്‌, കോഴിക്കോട് ആർടിഒ പി ആർ സുമേഷ്, വടകര ആർടിഒ വി എ സഹദേവൻ, വിവിധ ബസ്സ് സംഘടന പ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഗ്രന്ഥശാലകൾക്ക് പുസ്തകോപഹാരവുമായി കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്

0

കോഴിക്കോട്: മണ്മറഞ്ഞ കേരളത്തിലെ സാംസ്കാരിക നായകരെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്മൃതിപഥം പദ്ധതിയുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരം ഒരു പദ്ധതി  നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രന്ഥശാല സംഘത്തിൻ്റെ അംഗീകാരമുള്ള മുഴുവൻ ഗ്രന്ഥാലയങ്ങൾക്കും പുസ്തകങ്ങൾ നൽകി ഗ്രന്ഥാലയങ്ങളെ ഉയർത്തികൊണ്ട് വരികയാണ്. ഇതിനോടനുബന്ധിച്ച് വയലാർ അവാർഡ് നേടിയ മുഴുവൻ കൃതികളും കൂടാതെ അവ സൂക്ഷിക്കാനുള്ള മനോഹരമായ അലമാരയും ഗ്രന്ഥശാലകൾക്ക് കൈമാറി കഴിഞ്ഞു. 2023-24 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പുതിയ കെട്ടിടം, പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഷെൽഫുകൾ, സൗണ്ട് സിസ്റ്റം, കമ്പ്യൂട്ടർ, കസേരകൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്.

ഗ്രന്ഥശാലകളുടെ വികസനത്തിൽ ത്രിതല പഞ്ചായത്തുകൾ നടത്തുന്ന ഇടപെടലിൻ്റെ ഏറ്റവും നൂതനമായ ആശയമാണ് ഈ പദ്ധതി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കേരളത്തിൻ്റെ വായനാ സമൂഹം നെഞ്ചേറ്റിയ ഒട്ടുമിക്ക കൃതികളും സ്മൃതിപഥം പദ്ധതി വഴി നൽകാൻ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ പറഞ്ഞു.