spot_img
Thursday, July 2, 2026
Home Blog Page 413

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ; വനിതാദിനത്തില്‍ വനിതകള്‍ക്കായി വിനോദയാത്ര

0

കോഴിക്കോട് : ലോക വനിതാ ദിനത്തോടനുബന്ധിച്ച്‌ വനിതകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളൊരുക്കി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. ഈമാസം എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വനിതാ യാത്രികര്‍ക്ക് സവാരി പോകാം. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് നടത്താം.

നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടര്‍ലാ, ഗവി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള പാക്കേജുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ, കൂടുതല്‍ വനിതകള്‍ പുത്തന്‍ സ്ഥലങ്ങളുടെ ആശയങ്ങളുമായി സമീപിച്ചാല്‍ അവിടേക്കും ട്രിപ്പുകള്‍ സജ്ജീകരിക്കും.

ഇത് കൂടാതെ വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി വണ്ടര്‍ലാ, ജാനകിക്കാട്, പെരുവണ്ണാമൂഴി, കരിയാത്തന്‍ പാറ, വാഗമണ്‍, കുമളി സ്‌പെഷ്യല്‍ ട്രിപ്പുകളുണ്ടാകും. നിരക്കിളവോടെയാണ് എല്ലാ ട്രിപ്പുകളും ഒരുക്കുന്നത്.

എട്ടിന് വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്കിലേക്കുളള യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. പ്രവേശന ഫീസും യാത്രാ നിരക്കും ഉള്‍പ്പടെ 1,935 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. രാവിലെ നാലിന് പുറപ്പെട്ട് വൈകിട്ട് ആറിന് തിരിച്ചെത്തുന്ന രീതിയിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ജാനകിക്കാട്, പെരുവണ്ണാമൂഴി, കരിയാത്തന്‍ പാറ എന്നിവിടങ്ങളിലേക്ക് 360 രൂപയാണ് നിരക്ക്. രാവിലെ നാലിന് പുറപ്പെട്ട് വൈകിട്ട് ആറിന് തിരിച്ചെത്തും. വാഗമണ്‍- കുമളി മൂന്ന് ദിവസത്തെ യാത്രക്ക് ഭക്ഷണം, യാത്ര, താമസം ഉള്‍പ്പെടെ 4,430 രൂപയാണ് ഈടാക്കുന്നത്.

ബുക്കിംഗിനായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ 9846100728, 9544477954, 99617 61708 നമ്പറുകളില്‍ ബന്ധപ്പെടാം. അവധിക്കാലം ആഘോഷിക്കാന്‍ ജില്ലയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര തുടങ്ങുന്നതും പരിഗണനയിലുണ്ടെന്ന് കോഴിക്കോട് ഡിപ്പോയിലെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ പി കെ ബിന്ദു പറഞ്ഞു. യാത്രകള്‍ക്ക് 38 പേര്‍ക്ക് സഞ്ചരിക്കാവുന്ന സൂപ്പര്‍ ഡീലക്‌സ് പുഷ്ബാക്ക് ബസുകള്‍ ലഭ്യമാണ്.

മള്‍ട്ടി ലെവല്‍ മോഡുലര്‍ കാര്‍ പാര്‍ക്കിംഗില്‍ “കുരുങ്ങി’ നഗരത്തിലെ ആദ്യ പാര്‍ക്കിംഗ് പ്ലാസ

0

കോഴിക്കോട്: ഗതാഗതക്കുരുക്കഴിക്കാൻ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡില്‍ എട്ടുവര്‍ഷം മുന്‍പ് നിര്‍മാണ പ്രവൃത്തി ആരംഭിച്ച ആദ്യ പാര്‍ക്കിംഗ് പ്ലാസയുടെ പ്രവൃത്തി പാതി വഴിയില്‍. ഏറ്റവുമൊടുവില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീർക്കാത്തതിന് കരാറുകാർക്ക് പിഴയിട്ടിരിക്കുകയാണ് കോർപറേഷനിപ്പോള്‍.

ബിഒടി അടിസ്ഥാനത്തില്‍ പത്തുനില പാർക്കിംഗ് സമുച്ചയം പണിയാണ് അനിശ്ചിതമായി നീളുന്നത്. സ്വന്തമായി പാര്‍ക്കിംഗ് നയരേഖയുള്ള സംസ്ഥാനത്തെ ആദ്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ ആദ്യ പാര്‍ക്കിംഗ് പ്ലാസയാണ് പാതിവഴിയില്‍ തുടരുന്നത്. നഗരസഭയുടെ കുട്ടികള്‍ക്കുള്ള പാർക്ക് സ്ഥാപിച്ചിരുന്ന 24 സെന്‍റ് സ്ഥലത്താണ് പാർക്കിംഗ് പ്ലാസ നിർമാണം.

2008ല്‍ കോർപറേഷൻ കൗണ്‍സില്‍ അംഗീകാരം നല്‍കി 2015ല്‍ പണി തുടങ്ങിയ പ്ലാസ 2019 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഗ്രൗണ്ട് ഫ്ലോറടക്കം അഞ്ചുനിലകളുടെ നിർമാണം പൂർത്തിയായെങ്കിലും ഇതിന് മുകളില്‍ കാറുകള്‍ നിർത്താനുള്ള ഇരുമ്പില്‍ തീർത്ത 10 നിലകളുടെ പണിയാണ് നിന്നുപോയത്. കരാറുകാർ പണി പൂർത്തിയാക്കാത്തതാണ് പ്രശ്നം. 90 കാറുകള്‍ നിർത്താൻ സൗകര്യമുള്ള ഇരുമ്പ് കൊണ്ടുള്ള 10 നിലകള്‍ തിരുവനന്തപുരത്ത് തയാറായതായി കരാറുകാർ പറഞ്ഞിരുന്നു. ഇവ കോഴിക്കോട്ടെത്തിച്ച്‌ നിർമാണം തീർന്ന നാല് കോണ്‍ക്രീറ്റ് നിലകള്‍ക്ക് നടുവില്‍ സ്ഥാപിക്കുന്ന ജോലിയാണ് നടക്കേണ്ടത്.

‘ഓട്ടോമാറ്റഡ് മള്‍ട്ടി ലെവല്‍ മോഡുലർ കാർ പാർക്കിംഗ്’ എന്ന നവീന സാങ്കേതിക വിദ്യയാണിത്. തിരുവനന്തപുരം ടെക്നോ പാർക്കില്‍ ഇത് പരീക്ഷിച്ച്‌ വിജയമെന്ന് തെളിഞ്ഞതായി കരാറുകാർ അവകാശപ്പെട്ടിരുന്നു. ഗ്രൗണ്ട് ഫ്ലോറില്‍നിന്ന് വാഹനം ലിഫ്റ്റിലെന്നപോലെ പൊക്കിയെടുത്ത് മുകള്‍ നിലയില്‍ അടുക്കിവയ്ക്കുന്നതാണ് രീതി. 15 മീറ്ററോളം വ്യാസമുള്ള സ്ഥലത്ത് 10 നിലകളിലായി 90 കാറുകള്‍ അടുക്കിവയ്ക്കാനാവുമെന്നായിരുന്നു വാഗ്ദാനം.

മാലിന്യ സംസ്‌കരണം; കെ.എസ്.ആര്‍.ടി.സി സ്വന്തമായി സൗകര്യം ഒരുക്കും

0

കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേർന്നു

കോഴിക്കോട്: മാലിന്യ സംസ്‌ക്കരണത്തിന് ഇനി കെ.എസ്.ആർ.ടി.സി സ്വന്തമായി സൗകര്യം ഒരുക്കും. കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

അജൈവ മാലിന്യങ്ങള്‍ കോർപ്പറേഷന് കൈമാറുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സി യൂസർ ഫീ നല്‍കണം. ബീച്ച്‌ ശുചീകരണം അതിരാവിലെ പൂർത്തീകരിക്കണം. റോഡില്‍ വാഹനങ്ങള്‍ നിർത്തിയിടുന്നത് മൂലം ശുചീകരണ പ്രവൃത്തി തടസപ്പെടുന്നത് പൊലീസില്‍ അറിയിക്കണം. ചിക്കൻ മാലിന്യങ്ങള്‍ എടുക്കുന്ന സ്ഥാപനം നല്‍കുന്ന തൂക്കത്തിലുള്ള ആധികാരികത സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇത് പരിഹരിക്കാനായി മൊബൈല്‍ ആപ്പ് നിർമ്മിക്കും.

കനോലി കനാലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങളില്‍ എസ്.ടി.പി സ്ഥാപിച്ചു എന്നതില്‍ കൃത്യത വരുത്തും. നിലവില്‍ കോളിഫോം ബാക്ടീരിയ, ഇ-കോളി എന്നിവയില്‍ വലിയ വർദ്ധനവ് ആണുള്ളത്. 2024 ഡിസംബർ ആകുമ്പോഴേക്കും ടെസ്റ്റ് റിപ്പോർട്ടിൻ മേല്‍ ബാക്റ്റീരിയയുടെ എണ്ണം കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തണം.

കോഴിക്കോട് കോർപറേഷനിലെ അജൈവ മാലിന്യങ്ങള്‍ കൊണ്ട് പോകുന്ന ഏജൻസികളുടെ സംസ്‌ക്കരണ സൗകര്യത്തിലുള്ള പോരായ്‌മ മൂലം മാലിന്യങ്ങളുടെ യഥാവിധി നീക്കം നടക്കുന്നില്ല. അതിനാല്‍ 10 വീതം വാർഡുകളെ ക്ലസ്റ്റർ ആക്കി മാറ്റി, അവിടങ്ങളിലെ മാലിന്യ നീക്കം മറ്റ്‌ ഏജൻസികളെ ഏല്‍പ്പിക്കുന്നതാവും നല്ലതെന്ന് കോർപ്പറേഷൻ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

സാനിറ്ററി വേസ്റ്റ് കളക്ഷൻ സെന്റർ, കണ്‍സ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് കളക്ഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിനു മറ്റു വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വിട്ടു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാൻ വകുപ്പ് തലവൻമാരോട് കലക്ടർ നിർദ്ദേശിച്ചു.

സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

സര്‍ക്കാർ/ സര്‍ക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികള്‍ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിനു അപേക്ഷാ തീയതി നീട്ടി. മാർച്ച് 4 വരെയാണ് അവസാന തീയതി. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥിനികൾക്കാണ് സ്കോളർഷിപ്പ്.

മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്കു അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റെപന്റിനായി അപേക്ഷിക്കാവുന്നതാണ്.

കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.

സമഗ്രമായ ഭവനനയം രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജൻ

0

സമഗ്രമായ ഭവന നയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡും ഭവന നിർമ്മാണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപ്രകൃതിയുടെ വൈവിധ്യവും സവിശേഷതയും അറിഞ്ഞു പ്രകൃതി ചൂഷണം ഒഴിവാക്കുന്ന ഭവന നിർമ്മാണങ്ങള്‍ പരീക്ഷിക്കണം. പ്രവചനാതീതമായ നമ്മുടെ കാലാവസ്ഥയില്‍ പ്രകൃതി വിഭവങ്ങള്‍ വരും തലമുറയ്ക്ക് കൂടി കരുതി വയ്ക്കുന്ന തരത്തില്‍ കാലത്തിന് അനുയോജ്യമായ നിർമ്മിതികളാണ് നാടിന് വേണ്ടത്.

ദേശീയ ഹൗസ് പാർക്ക് തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകും. കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരുവനന്തപുരം വാഴമുട്ടത്ത് ആറര ഏക്കർ ഭൂമിയില്‍ പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഭവന നിർമ്മാണ മേഖലയിലെ സാമഗ്രികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന വിപുലമായ പദ്ധതിയാണ് നാഷണല്‍ ഹൗസ് പാർക്ക്.

കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചെലവ് കുറഞ്ഞ രീതിയില്‍ നിർമ്മിക്കാവുന്ന 40 ഓളം നിർമ്മിതികളാണ് നാഷണല്‍ ഹൗസ് പാർക്കില്‍ പ്രദർശനത്തിനായി ഒരുക്കുന്നത്. 20 കോടി രൂപയില്‍ ഒരുങ്ങുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാകുന്ന കണ്‍സ്ട്രക്ഷൻ ടെക്നോളജി ഹബ്ബായി മാറും.

സാധാരണക്കാർക്ക് താങ്ങാനാകുന്ന ഭവന നിർമ്മാണ ഓപ്ഷനുകള്‍ നല്‍കുന്നതില്‍ കേരള ഹൗസിംഗ് ബോർഡ് നിർണായക പങ്കു വഹിക്കുന്നുണ്ട്. നിർമ്മിതികളാല്‍ പരിസ്ഥിതി നിറയ്ക്കുന്നതിന് പകരം പ്രകൃതിക്കും മനുഷ്യനും ഒരുമിച്ച്‌ നിലനില്‍ക്കുന്നതിന് അനുയോജ്യമായ നിർമ്മിതികളാണ് പണിതുയർത്തേണ്ടത്.

കേരളത്തില്‍ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ പരിപാലനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി വാർദ്ധക്യ സൗഹൃദ ഭവനങ്ങള്‍ ഒരുക്കും. ജിംനേഷ്യം, നീന്തല്‍കുളം, സെക്യൂരിറ്റി സിസ്റ്റം, വായനാമുറി, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തുമാണ് ആദ്യഘട്ടത്തില്‍ വാർദ്ധക്യ സൗഹൃദ ഭവനങ്ങള്‍ ഒരുങ്ങുന്നത്.

എറണാകുളത്ത് മറൈൻഡ്രൈവ് കേന്ദ്രീകരിച്ച്‌ മറൈൻ ഇക്കോ സിറ്റി നിർമ്മിക്കും. പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം നല്‍കി. നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചു വരികയാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഭവന വാണിജ്യ സമുച്ചയമാണ് 2150 കോടി രൂപ ചെലവില്‍ മറൈൻഡ്രൈവില്‍ യാഥാർത്ഥ്യമാകുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 17.9 ഏക്കർ സ്ഥലത്ത് വാണിജ്യ സമുച്ചയം, റസിഡൻഷ്യല്‍ കോർട്ട്, പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മറൈൻ ഇക്കോ സിറ്റി നിർമ്മിക്കുക.

പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്ന, സാധാരണക്കാരുടെ സാമ്പത്തികത്തിന് അനുയോജ്യമായ ഭവന നിർമ്മാണങ്ങളാണ് കേരളം കാത്തിരിക്കുന്നതെന്നും ദേശീയ അന്തർ ദേശീയതലത്തില്‍ ഭവന നിർമ്മാണ മേഖലയില്‍ വിദഗ്ധരായ വ്യക്തികള്‍ പങ്കെടുക്കുന്ന ശില്പശാലയിലെ ആശയങ്ങള്‍ കേരളത്തിലെ ഭവന നിർമ്മാണ മേഖലയില്‍ ശക്തി പകരുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിലെ മെറിഡിയൻ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി രാഹുല്‍ കൃഷ്ണ ശർമ്മ, ചെയർമാൻ പി.പി സുനീർ, കിഫ്‌ബി അഡീഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യജിത്ത് രാജൻ, സി.ആർ.ഇ.എ.ഡി. ഐ സെക്രട്ടറി (കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) പി. എഡ്‌വേർഡ് ജോർജ് തുടങ്ങിയവർ ശില്പശാലയില്‍ പങ്കെടുത്തു.

പത്താം തരം/ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സ് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അർഹതയുണ്ട്.

ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോർഡുമാണ്.

പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ്സ് പൂർത്തിയായവർക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്ക് വച്ച്‌ പഠനം നിർത്തിയവർക്കും ഹയർ സെക്കന്ററി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്സിന് സമാനമായ വിഷയങ്ങള്‍ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 1950 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്. എസ് സ്/എസ് ടി വിഭാഗത്തില്‍ പെട്ടവർക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. അവർക്ക് പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും.

40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജൻഡർ പഠിതാക്കള്‍ക്കും കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാൻസ്ജൻഡർ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷൻ നാലാം നിലയില്‍ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്ന തുടർ/ വികസന വിദ്യാകേന്ദ്രങ്ങളെയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

2024 മാർച്ച്‌ 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാം. ഫോണ്‍ നമ്പർ-0484- 2426596, 9496877913. കൂടാതെ സാക്ഷരതാ മിഷൻ നടത്തുന്ന സാക്ഷരതാ കോഴ്സ്, നാലാം തരം തുല്യതാ കോഴ്സ്, ഏഴാം തരം തുല്യതാ കോഴ്സ് എന്നീ കോഴ്‌സുകളിലേക്കും ഇക്കാലയളവില്‍ അപേക്ഷിക്കാം.www.literacymissionkerala.org വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷിക്കാം.

ഇത് ചരിത്രം; ഇനിമുതല്‍ കാലിക്കറ്റില്‍ ഇരട്ട ബിരുദം; 2022 ലെ യുജിസി നിര്‍ദേശം യൂണിവേഴ്‌സിറ്റി നടപ്പിലാക്കി

മലപ്പുറം : കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരേസമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. റഗുലറായി ഒരു ബിരുദമെടുത്തവര്‍ക്ക് പിന്നീട് മറ്റൊരു ബിരുദ കോഴ്‌സിന് ചേരാനാവില്ലെന്ന നിബന്ധനയും ഒഴിവാക്കി. 2022 ലെ യുജിസി നിര്‍ദേശം സര്‍വകലാശല ഭാഗികമായി നടപ്പാക്കിയതോടെയാണ് ചരിത്രത്തില്‍ ആദ്യമായി ഇരട്ട ബിരുദ പഠനത്തിന് അവസരമൊരുങ്ങിയത്.

ഒരേ കാലയളവില്‍ 2 വിഷയങ്ങളില്‍ യോഗ്യത അനുസരിച്ച്‌ ബിരുദമോ, ബിരുദാനന്തര ബിരുദമോ എടുക്കാം. റഗുലര്‍ കോഴ്‌സില്‍ ചേരാനാവില്ല. എന്നാല്‍ റഗുലറായി ബിരുദമോ പിജിയോ പഠിച്ച്‌ കൊണ്ടിരിക്കുന്ന കാലയളവില്‍ തന്നെ ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം, ഓണ്‍ലൈന്‍ മോഡ് എന്നിവയില്‍ മറ്റൊരു കോഴ്‌സിന് ചേരാനാണ് അവസരം. റഗുലര്‍ വിദ്യാര്‍ഥിക്ക് അതേ കാലയളവില്‍ മറ്റൊരു റഗുലര്‍ കോഴ്‌സിന് ചേരാമെന്നാണ് യുജിസി നിര്‍ദേശമെങ്കിലും കാലിക്കറ്റ് അനുമതി നല്‍കിയിട്ടില്ല.

കാലിക്കറ്റിലെ നിലവിലെ നിയമപ്രകാരം റഗുലറായി ബിരുദമെടുത്തവര്‍ക്ക് പിന്നീട് മറ്റൊരു വിഷയത്തില്‍ റഗുലറായി ബിരുദ പഠനം സാധ്യമല്ല. പുതിയ ഉത്തരവ് വന്നതോടെ, ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് മറ്റൊരു കോഴ്‌സിന് ചേരുന്നതിനുള്ള തടസം ഒഴിവായി.

എന്നാല്‍, അധികമായി എടുക്കുന്ന കോഴ്‌സിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ഫീസില്‍ ഇളവ് ലഭിക്കില്ല. സംവരണത്തിനും അര്‍ഹതയുണ്ടാകില്ല.

മാഹി ബൈപാസ് തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു

0

വടകര: നിർമാണം പൂർത്തിയായ മാഹി ബൈപാസ് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിച്ച പാത മാർച്ചോടെ കമ്മീഷൻ ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ദേശീയപാത അതോറിറ്റി ഉരുണ്ടുകളിക്കുകയാണ്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്‌ ഉദ്ഘാടനം നടത്താനായിരുന്നു നീക്കം. എന്നാല്‍, തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടതാണ് ഉദ്ഘാടനത്തെ ബാധിച്ചതെന്നാണ് പറയപ്പെടുന്നത്.

ബൈപാസ് നിർമാണം കേന്ദ്ര സർക്കാറിന്റെ വിജയമായി ഉയർത്തിക്കാട്ടുമ്പോള്‍ സംസ്ഥാന സർക്കാറിന്റെ മികച്ച നേട്ടമാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഇരു കക്ഷികളും തമ്മിലുള്ള ശീതസമരവും ഉദ്ഘാടനം വൈകാനിടയാക്കുന്നുണ്ട്. മാഹിയിലെ ഒഴിയാക്കുരുക്ക് വർഷങ്ങളായി ദേശീയപാതയുടെ ശാപമായി മാറിയിട്ട്. പാത തുറന്നു കൊടുത്താല്‍ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. ഉദ്ഘാടനം വൈകുകയാണെങ്കില്‍ താല്‍ക്കാലികമായി തുറന്നുകൊടുത്താല്‍ ആശ്വാസമാകുമെങ്കിലും നടപടികളുണ്ടാവുന്നില്ല. ഉദ്ഘാടനം സംബന്ധിച്ച്‌ അധികൃതരുടെ പ്രതികരണം ലഭ്യമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ ഉദ്ഘാടനം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നാണ് സൂചന.

2017 ഡിസംബർ നാലിനാണ് ബൈപാസ് നിർമാണ ജോലികള്‍ തുടങ്ങിയത്. കരാര്‍ വ്യവസ്ഥപ്രകാരം 2020 മേയ് 31ന് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. എന്നാല്‍, മൂന്നു വർഷത്തോളം അധികമായി നീളുകയുണ്ടായി. നീണ്ട കാത്തിരിപ്പിനുശേഷം പാത പൂർത്തിയായെങ്കിലും ഉദ്ഘാടനം നീളുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അഴിയൂർ കാരോത്ത് റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തിക്ക് റെയില്‍വേ അനുമതി വൈകിയതാണ് സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ വൈകിയത്.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടു നിന്നാരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ അവസാനിക്കുന്ന 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപാസ്. 18 പ്രധാന ജങ്ഷനും ഇരുഭാഗത്തുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡുമുള്ള പാത മുഴപ്പിലങ്ങാട്, ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴിയാണ് കടന്നുപോകുന്നത്.

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

0

മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും പടര്‍ന്നു പിടിക്കുകയാണ് കേരളത്തില്‍. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. സ്‌കൂളുകളില്‍ മിക്കവാറും ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ അതുവഴി കൂടുതല്‍ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ഇത്തവണ നേരത്തേ തന്നെ വലിയ ചൂട് തുടങ്ങിയതിനാല്‍ ചിക്കന്‍പോക്സ് കൂടുതലായി കണ്ടേക്കാമെന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലും ചിക്കന്‍പോക്സും മുണ്ടിനീരും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. എന്നാല്‍ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആര്‍. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായം കൂടിയവരും ചിക്കന്‍പോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു.

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ മൂവായിരത്തിലധികം പേര്‍ക്ക് ചിക്കന്‍പോക്സ് വന്നതായാണു റിപ്പോര്‍ട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ചിക്കന്‍പോക്സ് പിടിപെടുന്നവര്‍ക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാന്‍ മുന്‍പ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തു കളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനഃസ്ഥാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സാധാരണഗതിയില്‍ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാല്‍ അത്യപൂര്‍വമായിട്ടാണെങ്കിലും ചിക്കന്‍പോക്സ് മൂലം രോഗി മരിച്ച സംഭവവും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുന്‍പ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്.

എസ്.എസ്.എൽ.സി: 4,27,105 വിദ്യാർഥികൾ പരീക്ഷ എഴുതും

ഈ വർഷത്തെ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി / എ.എച്ച്.എൽ.സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതും.

സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085.

ഗവ. എച്ച്.എസ്.എസ് ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്.എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല), എൻ.എസ്.എസ്.എച്ച്.എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളിൽ ഓരോ കുട്ടികൾ വീതമാണ് പരീക്ഷ എഴുതുന്നത്.

റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആൺകുട്ടികൾ 2,732, പെൺകുട്ടികൾ 212). എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ. കുട്ടികളുടെ എണ്ണം 60.

എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും, റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 2 പരീക്ഷാ കേന്ദ്രങ്ങളിൽ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 3 മുതൽ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ 20 വരെ. മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും, അസിസ്റ്റന്റ് എക്സാമിനർമാരുടേയും നിയമന ഉത്തരവുകൾ 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാം വാരത്തിൽ ആരംഭിക്കും.