spot_img
Thursday, July 2, 2026
Home Blog Page 418

കുറഞ്ഞ നിരക്ക് 30-നു പകരം 10 രൂപയാകും; പാസഞ്ചര്‍ തീവണ്ടികളില്‍ ആശ്വാസം

കണ്ണൂർ: കേരളത്തിലെ മെമു, എക്സ്‌പ്രസ് വണ്ടികളില്‍ (പഴയ പാസഞ്ചർ) കുറഞ്ഞ നിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില്‍ 30 രൂപയാണ്. ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർക്ക് നിർദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല.

കമേഴ്‌സ്യല്‍ വിഭാഗം കമ്പ്യൂട്ടർ സംവിധാനത്തില്‍ ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയില്‍വേയുടെ യു.ടി.എസ്. ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓർഡിനറി’ വിഭാഗം എന്ന ഓപ്ഷൻ വന്നു. ഇതില്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ്. ബെംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിയില്‍ കോവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ നടപ്പാക്കിയിട്ടുണ്ട്.

10 രൂപയ്ക്ക് 45-കിലോമീറ്റർ സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററില്‍ അഞ്ചുരൂപ വർധിക്കും. നിലവില്‍ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപ നല്‍കണം. ബസില്‍ ഇത് 18 രൂപയാണ്. 200 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചർ വണ്ടികള്‍ ഇപ്പോള്‍ എക്‌സ്‌പ്രസാണ്. 12 മെമു തീവണ്ടികളാണുള്ളത്.

ബോര്‍ഡില്‍ മാത്രം ഒതുങ്ങുന്ന മെഡിക്കല്‍ കോളജല്ല വയനാടിന് ആവശ്യം: ഹ്യൂമൻ റൈറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്‌ഷൻ കൗണ്‍സില്‍

0

മാനന്തവാടി: മെഡിക്കല്‍ കോളജ് പ്രവർത്തനം കാര്യക്ഷമമാകണമെന്നും ബോർഡില്‍ മാത്രമൊതുങ്ങുന്ന ആശുപത്രിയല്ല അത്യാധുനിക സൗകര്യമുള്ള ആശുപത്രിയാണ് വയനാട്ടുകാർക്ക് വേണ്ടതെന്നും ഹ്യൂമൻ റൈറ്റ് കണ്‍സ്യൂമർ പ്രൊട്ടക്‌ഷൻ കൗണ്‍സില്‍ ആശുപത്രി സൂപ്രണ്ടിനോട് നടത്തിയ ചർച്ചയില്‍ ആവശ്യപ്പെട്ടു.

500 കിടക്കകളുള്ള ആശുപത്രിയാക്കിയിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റാഫ് പാറ്റേണ്‍ ഉയർത്താത്തത് വയനാട്ടുകാരോടുള്ള വെല്ലുവിളിയാണ്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ കാഷ്വാലിറ്റിയില്‍ മാത്രം നിത്യേന എത്തുന്ന 280 ല്‍ അധികം അത്യാസന്ന രോഗികളെ പരിചരിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി ആറ് ഡോക്ടർമാരും ഒൻപത് നഴ്സുമാരുമാണ് ഉള്ളത്. ഇത് മൂലം രോഗികള്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട യഥാർത്ഥ ചികിത്സ ലഭിക്കുന്നില്ല.

മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നഴ്സ് പാരാമെഡിക്കല്‍ സ്റ്റാഫുകളെ പോസ്റ്റ് ചെയ്യാത്തതും മെഡിക്കല്‍ കോളജിലെ സീനിയർ ഡോക്ടർമാർ വാർഡ് ഡ്യൂട്ടി എടുക്കാത്തതും ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നുണ്ട്. ജൂനിയർ ഡോക്ടർമാരുടെ സേവനം മാത്രമാണ് മെഡിക്കല്‍ കോളജില്‍ സ്ഥിരതയോടെ ലഭിക്കുന്നതെന്നും എച്ച്‌ആർപിസി സൂപ്രണ്ടിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

എച്ച്‌ആർപിസി സംസ്ഥാന പ്രസിഡന്‍റ് പി.ജെ. ജോണ്‍, ജില്ലാ ഭാരവാഹികളായ ഗോവിന്ദ് രാജ്, കെ.ജെ. ഷിജു, പ്രകാശൻ, സ്വപ്ന ആന്‍റണി, സാറാമ്മ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. കാഷ്വാലിറ്റിയുടെ കാര്യത്തില്‍ പ്രത്യേകമായ പരിഗണന നല്‍കാമെന്ന് സൂപ്രണ്ട് ഉറപ്പു നല്‍കിയതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ

0


ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ  ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം.

മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്കൂളിൽ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. 

ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും കാര്യമായ പരിക്കേറ്റിട്ടില്ല. പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് രാവിലെ മുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഏത് കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിക്കുകയാണ്. പരിക്കേറ്റവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ മാസം 23 ന് മൂന്നാർ ഗുണ്ടുമലയിലും ഒരാൾ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്

0

നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും. 28ന് ഉച്ചയ്ക്ക് 1.10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.

രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെയും നാളെ രാവിലെ 11 മണി മുതല്‍ ഉച്ച വരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വിശദ വിവരങ്ങള്‍ ഇങ്ങനെ

27ന് രാവിലെയാണ് പ്രധാനമന്ത്രി എത്തുന്നത്. കനത്ത സുരക്ഷയായതിനാല്‍ തന്നെ പുലര്‍ച്ചെ 5 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എയര്‍പോര്‍ട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് – പേട്ട – ആശാന്‍ സ്‌ക്വയര്‍ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല.

28 -ാം തിയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.

ഏത് വഴി പോകും

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരടക്കം മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്‌ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കില്‍ വെണ്‍പാലവട്ടം – ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തിരഞ്ഞെടുക്കാവുന്നതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. മേല്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.

0

മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു.കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45 ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി.കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

നാടൻ പാട്ട് മത്സരം: അപേക്ഷ ക്ഷണിച്ചു

0

കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ സ്മരാണാർത്ഥം നടത്തുന്ന നാടൻ പാട്ട് മത്സരത്തിൽ ജില്ലയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് / യുവ/ യുവതി ക്ലബ്ബുകൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. മത്സരത്തിൽ ടീമുകൾക്ക് പരമാവധി 10 പേരെ പങ്കെടുപ്പിക്കാം. 10 മിനിറ്റാണ് മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം. പിന്നണിയിൽ പ്രീ റെക്കോഡിംങ്ങ് മ്യൂസിക്ക് അനുവദിക്കുന്നതല്ല.

ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000, 10000, 5000 വീതം പ്രൈസ് മണിയായി ലഭിക്കും. സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 100000, 75000, 50000, വീതം പ്രൈസ് മണിയായി ലഭിക്കും.

പ്രായപരിധി 18 നും 40 നും മധ്യേ. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 29. മത്സര തിയ്യതി : 2024 മാർച്ച് രണ്ട് വൈകീട്ട് അഞ്ചിന്. വേദി : കുന്നുമ്മൽ ബ്ലോക്കിലെ കുറ്റ്യാടി പഞ്ചായത്തിൽ ( പഞ്ചായത്ത് സ്റ്റേഡിയം നിട്ടൂർ) ഫോൺ : 0495 2373371, 9605098243, 8138898124.

കോഴിക്കോട്ടെ പോലീസുകാരുടെ പരാതി പരിഹാരത്തിന് ഡിജിപിയുടെ ഓൺലൈൻ അദാലത്ത് ഏപ്രിൽ 16ന്

0

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടേയും സർവീസ് സംബന്ധമായ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഏപ്രിൽ 16ന് ഓൺലൈൻ അദാലത്ത് നടത്തും.
പരാതികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് എട്ട്.

പരാതികൾ spctalks.pol@kerala.gov.in എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെല്പ് ലൈൻ-9497900243.

സ്പെഷ്യൽ ആർമ്ഡ് പോലീസ് (എസ്.എ.പി), കേരള ആർമ്ഡ് പോലീസ് (കെ.എ.പി) മൂന്ന്, നാല്, അഞ്ച്, ആറ് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ഏപ്രിൽ 30ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 18.

എസ് പി സി ടോക്ക്സ് വിത്ത്‌ കോപ്സ് എന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇത് നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേനയല്ലാതെ നേരിട്ട് തന്നെ പരാതി നൽകാം എന്നതാണ് പ്രത്യേകത.

മത്സ്യത്തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് പദ്ധതി

0

മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷവും, അപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷവും, ഭാഗികമായ സ്ഥിരമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് ശുപാർശ പ്രകാരം പരമാവധി 10 ലക്ഷവും, മരണത്തിലേക്കോ സ്ഥിരമായ അംഗവൈകല്യത്തിലേക്ക് നയിച്ചില്ലെങ്കിൽ കൂടി അപകട മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് ആയി ഒരു ലക്ഷവും കോമറ്റോസ് ആനുകൂല്യമായി ഒരു ലക്ഷം രൂപയും അപകടം സംഭവിച്ച് ഏഴ് ദിവസത്തിൽ കൂടുതൽ അഡ്മിറ്റ് ആക്കുന്നതിനുളള അനുകൂല്യമായി 10000 രൂപയുമാണ് ലഭിക്കുക.

അപകട മരണം ആണെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടു പോകുന്നതിന് ആംബുലൻസ് ചാർജായി 5000 രൂപ, അന്ത്യകർമ്മങ്ങൾക്കുളള ചെലവായി 5000 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സിൽ താഴെ പ്രായമുളള മക്കളുടെ പഠനാവശ്യത്തിന് പരമാവധി 100000 രൂപയും കുടുംബത്തിന് ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നൽകും.

18 നും 70 നും ഇടയിൽ പ്രായമുളളവർക്ക് പദ്ധതിയിൽ അംഗമാകാം. 2024 മാർച്ച് 30 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 509 രൂപ അടുത്തുളള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അടയ്ക്കണം. പോളിസിയുടെ കാലാവധി 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയാണ്.

മൂഴുവൻ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വളളത്തിലെ/ബോട്ടിലെ എല്ലാ തൊഴിലാളികളെയും എസ്.എച്ച്.ജി ഗ്രൂപ്പുകൾ എല്ലാ അംഗങ്ങളെയും (വനിതകളുൾപ്പെടെ) മുഴുവൻ അനുബന്ധ തൊഴിലാളികളേയും ഇൻഷൂർ ചെയ്യണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ജില്ലാ ഓഫീസ് – 0495 2380344, 9446300813, ക്ലസ്റ്റർ ഓഫീസുകൾ – 9961132780, 9074106734, 7561027919, 9562992323.

ഇന്ത്യൻ ഗസൽ സംഗീതത്തിന്‍റെ സുൽത്താൻ, പദ്മശ്രീ പങ്കജ്​ ഉദാസ് അന്തരിച്ചു

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉദാസ് 72 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്

‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഗസൽ സംഗീതം ആരാധകരുടെ ഹൃദയത്തിൽ പകർത്തിയ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ.ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. സംഗീതതാൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലേക്ക് അതിമനോഹരമായി പകർന്നേകാൻ സാധിച്ചു എന്നതായിരുന്നു പങ്കജ്​ ഉദാസിന്‍റെ ഏറ്റവും വലിയ മികവ്. പങ്കജ്​ ഉദാസിന്‍റെ അന്ത്യത്തിൽ രാഷ്ട്രീയ – സാസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖർ അനുസ്മരിച്ചു.

ഭാര്യയും മക്കളും എത്തിയ അതേ ദിവസം തീരാനോവായി പ്രവാസിയുടെ വേര്‍പാട്

ദുബൈ: വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രവാസിയുടെ വേര്‍പാട് ഏറെ വേദനാജനകമാണ്. 

15 വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒരിക്കല്‍ പോലും തന്‍റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. അവസാനം അതിന് അവസരം ലഭിക്കുകയും ഭാര്യയും മക്കളും അദ്ദേഹത്തിന്‍റെ അരികിലെത്തുകയും ചെയ്തു. എന്നാല്‍ ആ സന്തോഷം പെട്ടെന്ന് തീരാനോവായി മാറുകയായിരുന്നു.  കുടുംബം ദുബൈയിലെത്തിയ അന്ന് തന്ന അദ്ദേഹം മരണപ്പെട്ടു. അതും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി….പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വേദനിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. 

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങിനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും.
നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ……..