spot_img
Thursday, July 2, 2026
Home Blog Page 417

കോഴിക്കോട് ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

0

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്‍റെ ബോഗിയിലാണ് തീപിടിച്ചത്.

പെട്ടെന്നു തന്നെ തീ അണച്ചതിനാല്‍ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം ഡിപ്പോയിലെ ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.

ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷം- ലെന

0

ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷമെന്ന് നടി ലെന. ജനുവരിയില്‍ വിവാഹം കഴിഞ്ഞുവെന്ന് ആരാധകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.

‘എന്റെ ജീവിതത്തില്‍ നല്ല സമയം ആണെന്ന് തോന്നുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. ജനുവരി 17-ന് ഞാൻ വിവാഹിതയായി. എന്റെ ഭർത്താവ് ഫോഴ്സിലുള്ള ആളാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷം. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സംഭവം തന്നെയായിരുന്നു. അദ്ദേഹം വളരെ കോണ്‍ഫിഡൻഷ്യലായൊരു നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായത് കൊണ്ടാണ് എനിക്ക് ഈ വിവരം ഇതുവരെ നാട്ടുകാരെ അറിയിക്കാൻ സാധിക്കാത്തത്. ഇന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതുകൊണ്ട് എനിക്കിത് എല്ലാവരോടും പറയാം’, ലെന പറഞ്ഞു.

2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നാണ് ലെന സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാന്റർ ശുബാൻഷു ശുക്ല എന്നിവരാണ് ആ നാലുപേർ.

ഡ്രൈവിംഗ് ലെെസൻസ് പരിഷ്കാരം : പ്രതിഷേധമുയര്‍ത്തി ഡ്രൈവിംഗ് സ്കൂളുകള്‍

0

സമരത്തിനൊരുങ്ങി ആള്‍ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ

കോഴിക്കോട്: മോട്ടാർ വാഹന വകുപ്പിന്റെ പുതിയ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സംഘടന രംഗത്ത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടെസ്റ്റ് പരിഷ്കരിക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് വലിയ ബാദ്ധ്യതയാണുണ്ടാക്കുകയെന്നും ചെറിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ പൂട്ടിപ്പോവുന്ന സാഹചര്യമുണ്ടാവുമെന്നും സംഘടന ആരോപിക്കുന്നു.

ചെറുകിട ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ ഒഴിവാക്കി വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാതൊരു പഠനവും നടത്താതെ പുതിയ ടെസ്റ്റ് രീതിയെന്ന് ആള്‍ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂള്‍ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഡ്രൈവിംഗ് പരിശീലനച്ചെലവ് ഇരട്ടിയിലധികമാകും. സർക്കുലറിലുള്ള മോട്ടോർ സൈക്കിള്‍ പാർട്ട് 2 ടെസ്റ്റ് ഗതാഗതമുള്ള റോഡില്‍ നടത്തണം എന്ന നിർദ്ദേശം റോഡപകടങ്ങള്‍ വർദ്ധിക്കാനും ഗതാഗതകുരുക്ക് ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് സംഘടന ആരോപിച്ചു.

നിലവില്‍ 120 ടെസ്റ്റ് നടക്കുന്നത് 30 ആയി കുറക്കുന്നത് ഗതാഗത നിയമലംഘനത്തിന് വഴിയൊരുക്കുകയാണ്. ഡ്രൈവിംഗ് സ്കൂളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കിയതും ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് തിരിച്ചടിയായി. നിലവില്‍ മേഖലയില്‍ 6003 സ്‌കൂളുകളും മൂന്ന് ലക്ഷം തൊഴിലാളികളുമാണ് പ്രവർത്തിക്കുന്നത്. പുതിയ ടെസ്റ്റ് രീതി നടപ്പിലാക്കുന്നത് തൊഴില്‍ നഷ്ടടമുണ്ടാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യം സ‌ർക്കാ‌ർ ഒരുക്കണം

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുമ്പോള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സർക്കാർ ഒരുക്കി നല്‍കണമെന്നും ഡ്രൈവിംഗ് സ്കൂള്‍ മേഖലയെ ബാധിക്കുന്ന പരിഷ്കാരങ്ങള്‍ പിൻവലിക്കണമെന്നും ആള്‍ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂ‌ള്‍ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സെക്രട്ടറിയേറ്റ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.

വാർത്താസമ്മേളനത്തില്‍ അസോ.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഷറഫ് നരിമുക്കില്‍, ട്രഷറർ സൗമിനി മോഹൻദാസ്, ജില്ലാ പ്രസിഡന്റ് പ്രകാശൻ പേരാമ്പ്ര, സെക്രട്ടറി ഷൈജു ബാലുശ്ശേരി എന്നിവർ പ്രസംഗിച്ചു.

‘പക്ഷിക്ക് കുടിവെള്ളം’ പദ്ധതിക്ക് തുടക്കമായി.

0

കോഴിക്കോട്: ജില്ലയിലെ സ്‌കൂള്‍ എക്കോ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായ ‘പക്ഷിക്ക് കുടിവെള്ളം’ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പിലും അവരവരുടെ വീടുകള്‍ക്ക് സമീപവും ഒരു പരന്ന പാത്രത്തില്‍ പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമായി കുടിവെള്ളം ഒരുക്കുന്ന പദ്ധതിയാണ് ഇത്.

സഹജീവി സ്‌നേഹവും പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയറ ബിഇഎം യുപി സ്‌കൂളില്‍ നടന്ന പദ്ധതി കേരള സര്‍ക്കാരിന്‍റെ വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പക്ഷിക്ക് കുടിവെള്ളം നല്‍കുന്നത് പോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനതിന്‍റെ സന്ദേശം പുതു തലമുറകളിലേക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹെഡ്മാസ്റ്റര്‍ പി.എല്‍.ജയിംസ് അധ്യക്ഷനായി. ഷജീര്‍ഖാന്‍ വയ്യാനം, എക്കോ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അനിത റോസ്, വിദ്യാര്‍ഥി കണ്‍വീനര്‍മാരായ ഇഷ ഇര്‍ഷാല്‍, ക്രിസ്റ്റീന ഹെൻ‌റി, അധ്യാപകരായ സൂസന്‍ ആഗ്‌നസ്, ബീന ജോസഫ്, ഷര്‍മ്മിള ഡെന്നീസ്,സജ്‌ന സന്തോഷ്, ആന്‍സി ചീരന്‍, ടി.രേഷ്മ, യു.കെ.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

പോത്തുകല്ലില്‍ മഞ്ഞപ്പിത്തം : വ്യാപനം രൂക്ഷം

0

എടക്കര: പോത്തുകല്ലില്‍ മഞ്ഞപ്പിത്തം വ്യാപനം രൂക്ഷമാകാന്‍ കാരണം ആരോഗ്യവകുപ്പ് അധികൃതരുടെ ജാഗ്രതക്കുറവ്. ജനുവരി മുതല്‍ പോത്തുകല്ലില്‍ ഒറ്റപ്പെട്ട മഞ്ഞപ്പിത്തം ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ പത്തോളം കേസുകളാണ് ഉണ്ടായത്. തുടര്‍ന്ന് ഫെബ്രുവരി ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. ഇപ്പോള്‍ നൂറിനടുത്ത് ആളുകള്‍ക്കു പോത്തുകല്ലില്‍ മഞ്ഞപ്പിത്തം പിടിപ്പെട്ടിട്ടുണ്ട്.

പഞ്ചായത്തില്‍ അമ്പതിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. പോത്തുകല്‍ ടൗണിലെ ഹോട്ടല്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും നോട്ടീസ് വിതരണം, ക്ലോറിനേഷന്‍, ബോധവത്ക്കരണ അനൗണ്‍സ്മെന്‍റ് തുടങ്ങിയവ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.

ടൗണിലെ കിണറുകളില്‍ നടത്തിയ പരിശോധനകളില്‍ ഭൂരിഭാഗം കിണറുകളിലെയും ജലം മലിനമാണെന്ന് കണ്ടെത്തിയിരുന്നു. ഇവ ക്ലോറിനേഷന്‍ നടത്തുകയും ശുദ്ധമായ ജലം പുറത്തുനിന്ന് കൊണ്ടുവന്നു ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇവ കൊണ്ടൊന്നും മഞ്ഞപ്പിത്തം വ്യാപനം കുറഞ്ഞില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വെള്ളി മുതല്‍ ഞായര്‍ വരെയുള്ള മൂന്നു ദിവസങ്ങളില്‍ ഹോട്ടലുകളും കൂള്‍ബാറുകളും പഞ്ചായത്ത് അധികൃതര്‍ അടപ്പിക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് എടക്കര പഞ്ചായത്തിലെ പൊട്ടന്‍തരിപ്പ സ്വദേശി സാരംഗിയില്‍ സജിത്ത്(47) മഞ്ഞപ്പിത്ത ബാധയെത്തുര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച്‌ മരണപ്പെട്ടത്. സജിത്തിന്‍റെ ഭാര്യയെയും രണ്ടു മക്കളെയും മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജിത്ത് മരണപ്പെട്ട ശേഷമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാള്‍ക്ക് മഞ്ഞപ്പിത്തം ബധിച്ചിരുന്നുവെന്ന് അറിയുന്നത്. ഞായറാഴ്ച വൈകിട്ട് ഞെട്ടിക്കുളം സ്വദേശി പുളിക്കത്തറ മാത്യു ഏബ്രഹാം എന്ന പൊന്നച്ചനും(60) മഞ്ഞപ്പിത്തത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരണപ്പെട്ടു.

കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പോത്തുകല്‍ സ്വദേശികളായ മഞ്ഞപ്പിത്ത ബാധിതര്‍ കഴിയുന്നുമുണ്ട്. നിരവധി പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും പച്ചമരുന്ന് ചികിത്സ നടത്തിയവരുമായുണ്ട്.

രോഗവ്യാപനം വരും ദിവസങ്ങളില്‍ കൂടാന്‍ സാധ്യത വളരെയേറെയാണ്. മഞ്ഞപ്പിത്ത ബാധയ്ക്ക് പുറമെ ഡെങ്കി പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ഊര്‍ജിതമാക്കിയിരുന്നുവെങ്കില്‍ മഞ്ഞപ്പിത്ത വ്യാപനം തടയാമായിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കും: മന്ത്രി എം ബി രാജേഷ്

0

കോഴിക്കോട് : ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മെഡിക്കല്‍ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. ഇത്തരത്തിലുളള മലിനജല സംസ്‌കരണ പ്ലാന്റുകള്‍ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വേണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ മലിനജല സംസ്‌കരണ പ്ലാന്റിന് എതിരായല്ല, പ്ലാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടത്. ഖരമാലിന്യ സംസ്‌കരണവും ദ്രവമാലിന്യ സംസ്‌കരണവും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്ന മേഖലയാണ്. നിയമലംഘനങ്ങള്‍ക്കെതിരെ നിയമ നടപടി കര്‍ശനമായി നടപ്പാക്കും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ഈടാക്കും. ജലം മലിനമാക്കുന്നവര്‍ക്കെതിരെ ഒരു ലക്ഷം പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന രീതിയില്‍ നിയമം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ അനിവാര്യമാണ്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ ചില എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. പ്ലാന്റുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്നും എതിര്‍പ്പുകള്‍ കര്‍ശനമായി നേരിട്ട് ആശങ്കകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ടാമത്തെ മലിനജല സംസ്‌ക്കരണ പ്ലാന്റാണ് ഉദ്ഘാടനം ചെയ്തത്.

നഴ്‌സിങ് കോളേജിന് സമീപം പ്രവര്‍ത്തന സജ്ജമായ പ്ലാന്റില്‍ ഡെന്റല്‍ കോളേജ്, നഴ്‌സിങ് കോളേജ്, പേ വാര്‍ഡ്, നഴ്‌സിങ് ഹോസ്റ്റല്‍, ലെക്ചര്‍ കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്‌ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്‌ട്രോലിറ്റിക് ടെക്‌നോളജി ഉപയോഗിച്ച്‌ ദ്രവമാലിന്യം സംസ്‌കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ആശംസ അറിയിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ ഡോ. എസ് ജയശ്രീ, പി സി രാജന്‍, ഒ പി ഷിജിന, പി ദിവാകരന്‍, പി കെ നാസര്‍, സി രേഖ, കൗണ്‍സിലര്‍മാര്‍, അമൃത് മിഷന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപ്, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് സ്വാഗതവും എംസിഎച്ച്‌ പ്രിന്‍സിപ്പല്‍ ഡോ. എന്‍ അശോകന്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സ്പോര്‍ട്സ് അരീനയില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി

0

കോഴിക്കോട്: ജോലിയുടെ പിരിമുറുക്കം കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമായി കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ ആരംഭിച്ച സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികളുടെ നേതൃത്വത്തിലുള്ള സഹ്യ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച സഹ്യ ക്രിക്കറ്റ് ലീഗ് ആണ് ആദ്യ ടൂര്‍ണമെന്‍റ്. ആദ്യ ദിവസം 10 കമ്പനികളുടെ അഞ്ച് മത്സരങ്ങള്‍ നടന്നു. 28 കമ്പനികളെ പ്രതിനിധീകരിച്ച്‌ ആകെ 27 മത്സരങ്ങളാണുള്ളത്. മാര്‍ച്ച്‌ 8 നാണ് ഫൈനല്‍.

നേരത്തെ എല്ലാ ആഴ്ചയിലും സൈബര്‍പാര്‍ക്ക് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഇതിന് പുറത്തെ ഗ്രൗണ്ടുകളെയാണ് ആശ്രയിച്ചിരുന്നതെന്നും സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. പാര്‍ക്ക് ക്യാമ്പസില്‍ ഗ്രൗണ്ട് സാധ്യമായതോടെ ജീവനക്കാരുടെ കായിക, മാനസികോല്ലാസത്തിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ലീഗിലെ മത്സരങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് തുടങ്ങുന്നത്. 6 ഓവര്‍ വീതമാണ് മത്സരം. രാത്രി 10.30 ന് അവസാനിക്കും. രണ്ട് ഫുട്ബോള്‍ ടര്‍ഫുകള്‍ കൂട്ടിച്ചേര്‍ത്താണ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയത്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് ടര്‍ഫ് തയ്യാറാക്കിയത്.

കായിക മത്സരങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു. മാന്‍ ഓഫ് ദ മാച്ചിനുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.സൈബര്‍ സ്പോര്‍ട്സ് അരീന ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്.

1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ്ബോള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍ ഒരുക്കിയിട്ടുള്ളത്.

വ്യായാമവും ഉല്ലാസവേളകളും ജോലിയുടെ പിരിമുറുക്കം കുറയ്ക്കുകയും ജോലിയിലൂടെയുള്ള ഉത്പാദനക്ഷമത കൂട്ടുമെന്നും ആധുനിക പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ ക്ഷേമപദ്ധതികളുടെ ഭാഗമായി ഇത്തരമൊരു ഉദ്യമം സൈബര്‍പാര്‍ക്ക് തുടങ്ങിയത്.

ടി പി ചന്ദ്രശേഖരൻ വധക്കേസ്; 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്

0


കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പുതുതായി കൊലപാതക ഗൂഡാലോചനയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്,   കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്. 

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍റെ  കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വാദം കേൾക്കുന്നതിനിടെ ആണ് പരമാർശം. ജയിലിൽ വെച്ച് അടി ഉണ്ടാക്കിയ ആളുകൾക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ഇനി തനിക്ക് ഭീഷണിയില്ലാതിരിക്കാനുള്ള വിധി വേണമെന്നാണ് കെകെ രമയുടെ ആവശ്യം. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ അടക്കം നൽകാതിരിക്കാൻ കാരണം എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിക്കാൻ അവനുവദിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നുമായിരുന്നു പ്രതികളുടെ വാദം. അതേസമയം, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം, പ്രതികളുടെ മാനസിക, ശാരീരിക നില പരിശോധിച്ച ജയിൽ അധികൃതരുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിയിട്ടുണ്ട്.  ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും  ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവർ.

ട്രാഫിക് ഫൈൻ അടക്കേണ്ട പിഴ ‘0’ എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനര്‍ഥം

0

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച്‌, നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെങ്കിലോ വാഹനമോടിക്കുമ്പോള്‍ മറ്റേതെങ്കിലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴ അടക്കേണ്ടി വരും.

ചില നിയമ ലംഘനങ്ങള്‍ക്ക് ഉടമയ്ക്ക് ലഭിക്കുന്ന ചലാനില്‍ പിഴത്തുക വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റുചില കേസുകളില്‍ അടക്കേണ്ട പിഴ ‘പൂജ്യം (0)’ എന്നുള്ള ചലാൻ ലഭിക്കാം. ഇതിനർഥം ഒരു തുകയും അടക്കേണ്ട എന്നല്ല എന്നറിയാമോ?

എന്താണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍?

പിഴയില്ലെന്ന് കരുതി പലരും ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ അവഗണിക്കുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം. അത്തരം ചലാനുകള്‍ ചെറിയ പിഴ അടച്ച്‌ തീർപ്പാക്കാൻ കഴിയുന്നവയല്ല.

കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി ഫേസ്ബുക് പേജിലൂടെ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച്‌ വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാൻ സാധിക്കുകയുള്ളു. കോടതി നടപടികളെക്കുറിച്ച്‌ പരിചയമില്ലാത്തവർ അഭിഭാഷകരുടെ സഹായം തേടേണ്ടി വരും. ഇത് വ്യക്തി ചെലവഴിക്കേണ്ട തുക ഇനിയും വർധിപ്പിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രധാനമായും ട്രാഫിക് സിഗ്നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിർത്താനുള്ള ചുവപ്പ് സിഗ്നല്‍ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ് ലൈനും (സീബ്ര ക്രോസിങ്ങിന് മുൻപായി വാഹനം നിർത്താൻ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് കാല്‍നടയാത്രികർക്ക് റോഡ്‌ മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളില്‍ നിർത്തിയിടുന്നത്. ട്രാഫിക് സിഗ്നലുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ ലാഭിക്കാം. അത്തരം ഇ -ചലാൻ ലഭിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്കായി ആർടിഒ എൻഫോഴ്‌സ്‌മെന്റിനെ ബന്ധപെടുകയോ അല്ലെങ്കില്‍ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യുക.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ, ട്രാഫിക് ലൈൻ പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്നലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയില്‍ ഓവർടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്താലും ഇത്തരം ശിക്ഷാ വിധികള്‍ തന്നെയായിരിക്കും.

ഇ-ചലാനിൻ്റെ വിശദാംശങ്ങളും പിഴ തുകയും ഇ-കോടതിയുടെ https://vcourts.gov.in/virtualcourt എന്ന വെബ് സൈറ്റ് സന്ദർശിക്കുന്നതിലൂടെ അറിയാൻ കഴിയും.

ഇവര്‍ ഇന്ത്യയുടെ ഗഗനചാരികള്‍! ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും  

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല  എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. 

തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.

പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്‍റെ തലവൻ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാന നിമിഷമായി മാറി. നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. ​നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്.

തുമ്പയിലെ വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്. തിരുവനന്തപുരം വിഎസ്എസ്‍സിയിലെത്തി നരേന്ദ്ര മോദി മോദി ​ഗ​ഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റ​ഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇന്‍റഗ്രേഷൻ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതൽക്കൂട്ടാകാൻ പോകുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.