spot_img
Thursday, July 2, 2026
Home Blog Page 419

Health Tips:ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

0

അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഈ പൊള്ളുന്ന വെയിലത്ത് പലരും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 

ഒന്ന്… 

തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. 95% വരെയും ജലാംശം  അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിനും ഏറെ നല്ലതാണ്. 

രണ്ട്… 

ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. 

മൂന്ന്… 

വെള്ളരിക്കയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലും ചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

നാല്… 

മോരിന്‍ വെള്ളം , തൈര് സാദം തുടങ്ങിയവയൊക്കെ ദാഹം മാറ്റാനും നിര്‍‌ജ്ജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

അഞ്ച്… 

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ആറ്… 

വാഴപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ശരീരത്തിലെ ചൂടിനെ കുറയ്ക്കാനും വാഴപ്പഴം  കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

മെഡി. കോളേജില്‍ പ്ലാന്റ് ഒരുങ്ങി: മലിനജലം സംസ്കരിച്ച്‌ കനോലി കനാലിലേക്ക്

0

മലിനജല സംസ്കരണപ്ലാന്റ് ഉദ്ഘാടനം നാളെ

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി. കോർപ്പറേഷൻ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. നാളെ രാവിലെ 10ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.

നഴ്‌സിംഗ് കോളേജിന് സമീപം സ്ഥാപിച്ച പ്ലാന്റില്‍ ദന്തല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, പേ വാർഡ്, നഴ്‌സിംഗ് ഹോസ്റ്റല്‍, ലക്ചർ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്‌ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇലക്‌ട്രോലിറ്റിക് ടെക്‌നോളജി ഉപയോഗിച്ച്‌ ദ്രവമാലിന്യം സംസ്‌കരിക്കുന്ന രീതിയിലാണ് പ്ലാന്റ് തയ്യാറാക്കിയിട്ടുള്ളത്. മാലിന്യം സംസ്‌കരിച്ച ശേഷമുള്ള ശുചീകരിച്ച ജലം കനോലി കനാലിലേക്ക് ഒഴുക്കിവിടും. ഭാവിയില്‍ ട്രീറ്റ് ചെയ്ത വെള്ളം മെഡിക്കല്‍ കോളേജിലെ ശുചിമുറികളിലു മറ്റും ഉപയോഗിക്കാൻ സാധിക്കും.

14.12 കോടി രൂപ ചെലവഴിച്ച പദ്ധതിയില്‍ 2.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം നേരത്തെ പൂർത്തിയായതാണ്.പ്ലാന്റിന്റെ നിർമാണം, ഇൻസ്റ്റാലേഷൻ, ടെസ്റ്റിംഗ്, കമ്മിഷനിംഗ് എന്നിവയ്ക്ക് പുറമേ അഞ്ച് വർഷത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് പ്രവൃത്തി കൂടി നിലവിലെ കരാർ കമ്പനിയായ ഗ്രീൻ ഇക്കോ വാട്ടർ സിസ്റ്റംസ്, എല്‍.സി.ജി.സി എൻവയോണ്‍മെന്റല്‍ എൻജിനിയറിംഗ് കമ്പനികള്‍ ചേർന്ന് നിർവഹിക്കും.

മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ മെഡിക്കല്‍ കോളേജിന്റെയും സമീപവാസികളുടെയും മലിനജലപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സണ്‍ ഡോ. എസ് ജയശ്രീ പറഞ്ഞു.

മലബാറിനെ കേരളത്തിലെ പ്രധാന ടൂറിസം ‌കേന്ദ്രമാക്കി മാറ്റും: മന്ത്രി മുഹമ്മദ്‌ റിയാസ്

0

കോഴിക്കോട്: മലബാറിനെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. ഫറോക്ക് പള്ളിത്തറ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ തീർത്ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനവും കലംകൊള്ളി-പടന്ന റോഡ് ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വളർച്ചയുടെ വലിയൊരു ശതമാനം ടൂറിസം മേഖലയാണ്. കേരളത്തിന്‍റെ ഭാവിയാണ് ടൂറിസം. ആ നിലയില്‍ കേരളത്തിന്‍റെ ടൂറിസത്തെ ഇനിയും ഉയർത്തി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

പൈതൃക സങ്കല്‍പങ്ങള്‍, അടയാളപ്പെടുത്തലുകള്‍ ഇവയൊക്കെ സംരക്ഷിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് വ്യത്യസ്തങ്ങളായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. പൈതൃക സംരക്ഷണ പദ്ധതികളും തീർത്ഥാടന ടൂറിസം പദ്ധതികളും ആവിഷ്കരിച്ചത് ഇതിന്‍റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ‌തീർത്ഥാടന ടൂറിസം വികസനത്തിന്‍റെ ഭാഗമായി പള്ളിത്തറ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികള്‍ക്കായി വിനോദസഞ്ചാര വകുപ്പ് 99.50 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതി പ്രകാരം ഓപ്പണ്‍ സ്റ്റേജ് നിർമാണം, ഗേറ്റ് വേ, കോമ്പൗണ്ട് വാള്‍, സ്റ്റോണ്‍ പേവിംഗ് വർക്കുകള്‍, സീറ്റിംഗ് നിർമാണം എന്നിവ നടപ്പിലാക്കും.

ഹാർബർ എൻജിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ 42.14 ലക്ഷം രൂപ ചെലവഴിച്ചാണ് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കലംകൊള്ളി-പടന്ന റോഡ് നിർമാണം. ഫറോക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. നിഷാദ് അധ്യക്ഷത വഹിച്ചു.

റോഡിൽ പൊടുന്നനെ ഗർത്തം, പിന്നാലെ അഗ്നിപർവത സ്‌ഫോടനം പോലെ ജലപ്രവാഹം!- വീഡിയോ

0

കുന്ദമംഗലം: വൈകീട്ട് 5.30ഓടെയാണ് കുന്ദമംഗലം പന്തീര്‍പാടം ജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാരെയും കച്ചവടക്കാരെയും യാത്രക്കാരെയും ഞെട്ടിത്തരിപ്പിച്ചുകൊണ്ട് ആ സംഭവം നടന്നത്. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാകുന്ന ലാവാ പ്രവാഹം പോലെ കുടിവെള്ളം ഒരു തെങ്ങോളം ഉയരത്തില്‍ കുതിച്ചുയരുകയുമായിരുരന്നു. ഒരു നിമിഷം ജനങ്ങള്‍ സ്തബ്ധരായെങ്കിലും കോഴിക്കോട് – വയനാട് സംസ്ഥാന പാതയിലുണ്ടായ ഈ സംഭവം മറ്റ് അപകടങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ ഇവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയിലാണ് ഞെട്ടലുളവാക്കുന്ന ഈ സംഭവം നടന്നത്. വാഹനങ്ങളെ പരമാവധി അരികിലൂടെ കടത്തിവിട്ട് നാട്ടുകാര്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു

തുടര്‍ന്ന് നാട്ടുകാര്‍ പതിമംഗലം ആമ്പ്രമ്മല്‍ കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ ടാങ്ക് ഓപറേറ്ററെ സമീപിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ വാല്‍വ് പൂട്ടിയെങ്കിലും ഒന്നര മണിക്കൂറോളം ഇതേ അവസ്ഥയില്‍ വെള്ളം കുതിച്ചൊഴുകുകയായിരുന്നു. രാത്രി ഏഴ് മണിയോടെയാണ് ഇതില്‍ ശമനമുണ്ടായത്.വൈദ്യുതി ലൈനില്‍ തട്ടുന്ന തരത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കെ എസ് ഇ ബി അധികൃതരെത്തി ലൈന്‍ ഓഫാക്കിയിരുന്നു. കുന്നമംഗലം പോലീസും സ്ഥലത്തെത്തി സമീപത്തായി ഡിവൈഡറുകള്‍ സ്ഥാപിച്ചു. വിവരം അറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതിന് മുന്‍പും പന്തീര്‍പാടത്ത് ആറോളം തവണ ഇത്തരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത്തതും പരിചയമില്ലാത്ത ജോലിക്കാരെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിച്ചതുമാണ് നിരന്തരം പൈപ്പ് പൊട്ടുന്നതിന് കാരണമാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന താപനിലയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

0

തിരുവനന്തപുരം: ഉയർന്ന താപനിലയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്‌.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്. കേരള, തമിഴ്‌നാട്‌ തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തീരദേശത്ത്‌ ജാഗ്രത പാലിക്കണം.

ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള പുതിയ നിയമങ്ങള്‍; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

0

ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്‌ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്‌എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ് നിലവില്‍ വരുന്നത്.

2023 ഓഗസ്റ്റ് 11ലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ഈ മൂന്ന് ബില്ലുകളും ആദ്യമായി അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11ന് ബില്ലുകള്‍ പിന്‍വലിച്ചിരുന്നു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകള്‍ സഭ പാസാക്കി. ഡിസംബര്‍ 25ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി.

ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചത്. സിആർപിസി ആണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാക്കിയത്. തെളിവു നിയമമാണ് ഭാരതീയ സാക്ഷ്യ എന്നാക്കിയിരുന്നത്. പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നത്.

ഐപിസിയിലെ 22 വകുപ്പുകള്‍ റദ്ദാക്കി 175 വകുപ്പുകള്‍ക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകള്‍ ചേർത്ത് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയില്‍ സിആര്‍പിസിയുടെ 9 വകുപ്പുകള്‍ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളില്‍ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകള്‍ റദ്ദാക്കുകയും 23 വകുപ്പുകളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബില്‍ അവതരിപ്പിച്ചത്.

പുതിയ ടെസ്റ്റ് പരിഷ്‌കരണത്തിനു മുന്‍പേ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടമോടി അപേക്ഷകര്‍

0

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കും മുന്‍പ് ലൈസന്‍സെടുക്കാന്‍ നെട്ടോട്ടമോടുകയാണ് അപേക്ഷകർ . മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

പുതിയ രീതിയിലെ ഡ്രൈവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും. മേയ് ഒന്നുവരെ പഴയ മാതൃകയിലാകും ടെസ്റ്റ്. അതിനാല്‍, ഉടന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെട്ടെന്നു പഠിച്ച്‌ ലൈസന്‍സ് എടുക്കാമെന്നാണു പലരും കരുതുന്നത്.

എന്നാല്‍, അത്രവേഗം ലൈസന്‍സ് എടുക്കാനാകില്ല. ടെസ്റ്റിനു ഹാജരാകുന്നതിനു മുന്‍പ് ടെസ്റ്റ് തീയതിയെടുക്കണം. നിശ്ചിത എണ്ണം ടെസ്റ്റുകളേ ഒരു ദിവസം അനുവദിക്കൂ. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

കോഴിക്കോട്ടെ ഭക്ഷണത്തെരുവിന് നാളെ തറക്കല്ലിടും: ചെലവ് മൂന്നുകോടി

0

കോഴിക്കോട്: മൂന്ന് കോടിയോളം ചെലവിട്ട് നിര്‍മിക്കുന്ന കോഴിക്കോട്ടെ ഭക്ഷണത്തെരുവിന് നാളെ തറക്കല്ലിടും. കോഴിക്കോട് കടപ്പുറത്ത് ആധുനിക ഭക്ഷണത്തെരുവിന്‍റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും വൈകുന്നേരം ആറിന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.

90 കച്ചവടക്കാർക്ക് ശുദ്ധജലം, മലിനജലം സംസ്കരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഉറപ്പാക്കി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. കോർപറേഷൻ ഓഫിസിന് മുന്നിലുള്ള കടലോരമാണ് ഇതിനായി ഉപയോഗിക്കുക. മെയ് മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

കോർപറേഷന്‍റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെയും ഫുഡ്സേഫ്റ്റി വകുപ്പിന്‍റെയും സംയുക്ത പദ്ധതിയായി ബീച്ചില്‍ വെന്‍റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റാണ് ഉയരുക. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും കോർപറേഷന്‍റെയും പദ്ധതികള്‍ ഒന്നിച്ചുചേർത്താണ് ബീച്ചില്‍ പ്രത്യേക ഇടമൊരുക്കുന്നത്. വൃത്തിയോടെ ഗുണമേന്മയുള്ള തെരുവുഭക്ഷണം നല്‍കുകയെന്നതാണ് ലക്ഷ്യം.

രാജ്യത്തൊട്ടാകെ 100 സ്ട്രീറ്റ് ഫുഡ് ഹബുകള്‍ ഒരുക്കുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ പരിഗണിച്ചിരുന്നു. സംസ്ഥാനത്തെ മറ്റ് മൂന്നിടങ്ങളിലും പദ്ധതി നടപ്പാക്കിയെങ്കിലും സ്ഥലം നല്‍കാൻ താമസിച്ചതിനാല്‍ കോഴിക്കോട്ട് ഒന്നും നടന്നില്ല. തുടർന്നാണ് കോർപറേഷൻ നേരത്തെ ദേശീയ നഗര ഉപജീവന ദൗത്യ പ്രകാരം ബീച്ചിലൊരുക്കുന്ന വെന്‍റിങ് സോണ്‍ പദ്ധതിക്കൊപ്പം ചേർത്ത് ഫുഡ്സ്ട്രീറ്റുമാക്കാമെന്ന് ധാരണയായത്. കേന്ദ്രത്തിന്‍റെ ഫുഡ് ഹബ് പദ്ധതി പ്രകാരം ഒരു കോടിയും വെന്‍റിംഗ് സോണ്‍ പദ്ധതി പ്രകാരം 2.5 കോടിയിലേറെയും ചെലവഴിച്ചാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കുക.

ഹൈസ്‌കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണത്തില്‍ ആശങ്ക; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍

കോഴിക്കോട്: ഹൈസ്‍കൂള്‍ – ഹയർസെക്കന്‍ഡറി ഏകീകരണത്തില്‍ മാനേജ്മെന്റുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും ആശങ്ക. അക്കാദമിക നിലവാരം തകർക്കുന്നതും അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്നതുമാണ് സ്കൂള്‍ ഏകീകരണമെന്നാണ് വിമർശനം. കൂടിയാലോചന ഇല്ലാത്ത നടപടിയുമായി മുന്നോട്ടുപോയാല്‍ പ്രതിഷേധമുണ്ടാകുമെന്നും ഹയർ സെക്കൻഡറി അധ്യാപക സംഘടനകളും സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും മുന്നറിയിപ്പ് നല്‍കി.

ഹയർ സെക്കൻഡറിയെയും ഹൈസ്കൂളിനെയും ഏകീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്കൂള്‍ മാനേജ്മെന്റുകള്‍ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ നടത്തേണ്ട കൂടിയാലോചന നടന്നിട്ടില്ലെന്നും തീരുമാനം തിരുത്തണമെന്നും മാനേജ്മെൻ്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വലിയ തോതില്‍ അധ്യാപക തസ്തിക നഷ്ടപ്പെടുന്നതിലൂടെ അക്കാദമിക നിലവാരം തകരുമെന്ന് ഹയർസെക്കന്ററി അധ്യാപക സംഘടനകളും പറയുന്നു.

കേരള ഹയർ സെക്കൻ്ററി ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ചു നടന്ന യോഗത്തില്‍ എസ്.എന്‍ ട്രസ്റ്റ്, എം. ഇ.എസ്, രൂപത പ്രതിനിധികള്‍ക്കൊപ്പം സ്കൂള്‍ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.

തിരുവല്ലയിൽ കാണാതായ പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം മുങ്ങി; യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

0

തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രണ്ടു പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരാളെ ബസില്‍ പിന്തുടര്‍ന്നും മറ്റൊരാളെ അന്തിക്കാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് പെണ്‍കുട്ടിയും യുവാക്കളും തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയെ എത്തിച്ച ശേഷം യുവാക്കള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ഇന്നലെ പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിന്നാലെ പൊലീസിനെ സമീപിക്കുകയായിരുന്നു.