spot_img
Wednesday, July 1, 2026
Home Blog Page 443

കാൻസര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം :സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാർബദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്‌.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്‌.പി.വി. വാക്സിനേഷൻ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാൻസർ ദിനമായി ആചരിക്കപ്പെടുന്നത്. ‘Close the Care Gap’ എന്നതാണ് ഈ വർഷത്തെ കാൻസർ ദിന സന്ദേശം. കാൻസർ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവർക്കും കാൻസർ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

കാൻസർ പരിചരണത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നവകേരള കർമ്മ പദ്ധതി ആർദ്രം മിഷനില്‍ പ്രധാന പദ്ധതികളിലൊന്നാണ് കാൻസർ പരിചരണം. കാൻസർ രോഗികളുടെ വർധനവ് മുന്നില്‍ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാൻസർ കണ്‍ട്രോള്‍ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്സ് കാൻസർ സെന്ററുകള്‍ക്ക് പുറമേ 5 മെഡിക്കല്‍ കോളേജിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ കാൻസർ ചികിത്സ ഉറപ്പാക്കാൻ സ്റ്റാന്റേർഡ് ട്രീറ്റ്മെന്റ് ഗൈഡ്ലൈൻ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാൻസർ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് എല്ലാ സർക്കാർ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സർക്കാർ ആശുപത്രികളില്‍ വ്യാപിപ്പിക്കുന്നതാണ്.

കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗ നിർണയ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാർഷികാരോഗ്യ പരിശോധന നടത്തി. ഇതിലൂടെ കാൻസർ സംശയിച്ചവർക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതുവരെ 9 ലക്ഷത്തിലേറെ പേരെ കാൻസർ സ്‌ക്രീനിംഗിന് റഫർ ചെയ്തു. ഇതില്‍ 41,000 പേരെ വദനാർബുദം, 79,000 പേരെ സ്തനാർബുദം, 96,000 പേരെ ഗർഭാശയഗളാർബുദം എന്നിവ പരിശോധിക്കാനായി റഫർ ചെയ്തു.

കേരളത്തിലെ എംസിസിയിലേയും ആർസിസിയിലേയും ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി കണക്കുകള്‍ പ്രകാരം പുരുഷൻമാരില്‍ ശ്വാസകോശ കാൻസറും സ്ത്രീകളില്‍ സ്തനാർബുദവുമാണ് കൂടുതലായി കണ്ടു വരുന്നത്. തെക്കൻ ജില്ലകളില്‍ പുരുഷൻമാരില്‍ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളില്‍ തൈറോയ്ഡ് കാൻസറും വടക്കൻ ജില്ലകളേക്കാള്‍ കൂടുതലായി കണ്ടുവരുന്നു. വടക്കൻ ജില്ലകളില്‍ ആമാശയ കാൻസർ തെക്കൻ ജില്ലകളേക്കാള്‍ കൂടുതലായും കണ്ടുവരുന്നുണ്ട്.

കാൻസർ അവബോധത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും രോഗ നിർണയ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. താലൂക്ക്തല ആശുപത്രികളില്‍ ബയോപ്സി ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കും.

രോഗികളെ ചികിത്സയ്ക്കായി വളരെ ദൂരം യാത്ര ചെയ്യിക്കാതിരിക്കാൻ റഫറല്‍ പാത്ത് വേ രൂപീകരിക്കും. ഇതിലൂടെ തൊട്ടടുത്തില്ലാത്ത സങ്കീർണ ചികിത്സകള്‍ക്ക് മാത്രം അപെക്സ് കാൻസർ സെന്ററിലേക്ക് പോയാല്‍ മതിയാകും. ഈ പ്രക്രിയ സുഗമമാക്കുന്നതിന് കാൻസർ കെയർ സ്യൂട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇവ ഏകോപിപ്പിക്കാൻ കേരള കാൻസർ ഗ്രിഡും രൂപീകരിച്ചിട്ടുണ്ട്.

കാൻസറിന്റെ മൂന്നും നാലും സ്റ്റേജിലാണ് പലരും ചികിത്സയ്ക്കായി എത്തുന്നത്. അതിനാല്‍ തന്നെ സങ്കീർണതകളും കൂടുന്നു. നേരത്തെ കാൻസർ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാല്‍ ഫലപ്രദമായി ചികിത്സിച്ച്‌ ഭേദമാക്കാൻ സാധിക്കും.

വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു

0

കോഴിക്കോട്: സംസ്ഥാന ഗവർണർക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ഒരു വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ (ഡ്രൈവർ ഉൾപ്പെടെ) വിട്ടു നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലീറോ, ടാറ്റാ സുമോ, മാരുതി എർട്ടിഗ, സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ഷെവർലെ എൻജോയ്, ടാറ്റാ ഇൻഡിഗോ വിഭാഗങ്ങളിൽ വരുന്ന വാഹനമാണ് വേണ്ടത്.

ദർഘാസ് ഫോമിന്റെ വില 1000 രൂപയും(ജി.എസ്.ടി പുറമെ) നിരതദ്രവ്യം 5400 രൂപയുമാണ്. ഫെബ്രുവരി 24 മുതൽ 27 വരെ പ്രവൃത്തി ദിവസങ്ങളിൽ ഉച്ച ഒരു മണി വരെ ദർഘാസ് ഫോം വിൽക്കും. ഫോം സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 28 വൈകീട്ട് 4 മണിയും ഫോം തുറക്കുന്നത് ഫെബ്രുവരി 29 രാവിലെ 11നും ആയിരിക്കും. ദർഘാസ് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കോഴിക്കോട് കോട്ടപ്പറമ്പിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0495-2720744.

ജില്ലാതല ഭിന്നശേഷി കായികോത്സവം സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസിവ് കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ തല കായികോത്സവം ഫെബ്രുവരി 17 ന് തളി സാമൂതിരി എച്ച്.എസ്.എസിൽ നടക്കും. ബി.ആർ.സി തലം മുതൽ സംസ്ഥാനതലം വരെ നടത്തുന്ന കായികോത്സവത്തിൽ ഏഴു ഇനങ്ങളിലായി ജില്ലാ തലത്തിൽ 300 ൽ അധികം ഭിന്നശേഷി കുട്ടികൾ പങ്കാളികളാവും.

പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കായിക മത്സരങ്ങളിൽ തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലാണ് ഇൻക്ലൂസീവ് കായികോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ ബീനാ ഫിലിപ്പ് ചെയർപേഴ്സണായും എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ എ കെ അബ്ദുൾ ഹക്കീം ചീഫ് കോർഡിനേറ്ററായും എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ കൺവീനറായുള്ള സംഘാടകസമിതിക്ക് രൂപം നൽകി. വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ രൂപീകരിച്ചു.

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, ഡി.ഡി.ഇ മനോജ് മണിയൂർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലന്‍ ഹൈസന്ത് മെന്റോസ്, സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പൽ യു കെ നാസർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപുൽ പ്രേംനാഥ്, മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

0

കോഴിക്കോട് : പോലീസ് കോൺസ്റ്റബിൾ (എപിബി ) കാറ്റഗറി നമ്പർ 537/2022 തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ആറ്,എട്ട്,ഒമ്പത്,12,13,14 തിയ്യതികളിൽ കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ഗ്രൗണ്ട്, സെൻ്റ് സേവ്യർ യു പി സ്കൂൾ പെരുവയൽ എന്നീ ഗ്രൗണ്ടുകളിൽ നടത്തുമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസൽ എന്നിവയുമായി രാവിലെ 5.30 ന് മുൻപ് അതാത് ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. കായികക്ഷമതാപരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ പ്രമാണ പരിശോധന അതാത് ദിവസങ്ങളിൽ നടത്തുന്നതിനാൽ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും അസൽ കൈവശം വെക്കേണ്ടതാണ്.

പൂനം പാണ്ഡെ മരിച്ചിട്ടില്ല. കാൻസർ ബോധവത്കരണമാണ് താൻ ഉദ്ദേശിച്ചതെന്ന് താരം

0

താരം മരിച്ചെന്ന വാർത്ത പരന്നതോടെ നിരവധി പേരാണ് വാർത്ത പങ്കുവെച്ചത് .തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം പതിയെ കാര്‍ന്നു തിന്നുന്നതാണ്.ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്.പി.വി വാക്‌സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക”- പൂനം പറഞ്ഞു .

ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം ; പഴയ രീതിയില്‍ ഇനി സേവനം ലഭിക്കില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കല്‍ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതല്‍ പുതിയ ഫോം ഉപയോഗിക്കണം.ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങള്‍ നല്‍കാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്ബർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച്‌ 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച്‌ പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ച പരിശോധനയുടെ ഫോമിലും മാറ്റം വരുന്നത്.

ഇതനുസരിച്ച്‌ അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച്‌ പരിശോധിക്കുകയും കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നം. 1A യില്‍ അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശം പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മാറ്റം വരുത്തിയ ഫോമായിരിക്കണം ഇനി ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടുമെന്നും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പില്‍ അറിയിച്ചു

ആദ്യം താലികെട്ട്, ശേഷം മാപ്പിളപ്പാട്ട്; ഇത് മതസൗഹാര്‍ദത്തിന് മാതൃക

0

കണ്ണൂർ :വീടിന് വടക്കുവശത്തെ ക്ഷേത്രത്തിലെ കുലദേവതയെ വണങ്ങി ബ്രാഹ്മണ ആചാരത്തോടെ താലിചാർത്തല്‍. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡംഗങ്ങളുടെയും നേതൃത്വത്തില്‍ വധൂവരന്മാരെ അനുഗ്രഹിച്ച്‌ മാപ്പിളപ്പാട്ട്.

കണ്ണൂർ വളപട്ടണത്ത് നടന്ന വേറിട്ട കല്യാണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

വളപട്ടണം ഗ്രാമപ്പഞ്ചായത്തംഗവും മുൻ പ്രസിഡന്റുമായ വടക്കെ ഇല്ലം കൂടോത്ത് ലളിതാദേവിയുടെ മകൻ വി.കെ.മനോജിന്റെ മകള്‍ അഞ്ജനയും കോഴിക്കോട് മാങ്കാവ് സ്വദേശി തയ്യില്‍ ഇല്ലത്ത് ഹരിനാഥുമാണ് വിവാഹിതരായത്. ബെംഗളൂരു ഇൻഫോസിസില്‍ സോഫ്റ്റ്വേർ എൻജിനീയറാണ് അഞ്ജന. ഹരിനാഥ് മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനും. ‘മതസൗഹാർദത്തിന് മാതൃക’ എന്ന കുറിപ്പോടെയാണ് കല്യാണാഘോഷത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.

വളപട്ടണത്തെ വീട്ടില്‍ നടന്ന വിവാഹത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷമീല, വൈസ് പ്രസിഡന്റ് വി.കെ.സി.ജംഷീറ, സ്ഥിരംസമിതി ചെയർമാൻ സമീറ, വാർഡംഗങ്ങളായ മൈമൂനത്ത്, ഖദീജ, രാധിക എന്നിവർ ചേർന്നാണ് വധൂവരന്മാരെ ഇരുത്തി മാപ്പിളപ്പാട്ട് പാടിയത്. നാട്ടുകാരും ബന്ധുക്കളും പാട്ടിനൊപ്പം ചുവടുവെച്ചു. കളരിവാതുക്കല്‍ ക്ഷേത്ര സമുദായസ്ഥാനികൻ കേശവൻ മൂത്ത പിടാരരുടെ നേതൃത്വത്തില്‍ മധുരവിതരണവുമുണ്ടായിരുന്നു. പാട്ട് വൈറലായതില്‍ സന്തോഷമുണ്ടെന്ന് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷമീലയും രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റായ റിട്ട. അധ്യാപിക ലളിതാദേവിയും പറഞ്ഞു.

മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു.

0

മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്.

ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം. ബന്ദിപ്പൂരില്‍ എത്തിച്ചശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍റെ ജഡം ബന്ദിപ്പൂരിലെ രാമപുര ക്യാമ്പിലാണുള്ളത്. ആനയുടെ പരിക്ക്, ശാരീരികഅവസ്ഥ എന്നിവ വിശദമായി പരിശോധിക്കും. ഇന്ന് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വെറ്റിനറി സര്‍ജന്മാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക

‘തമിഴക വെട്രി കഴകം; നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു.

0

ചെന്നൈ: തമിഴ്നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലെത്തി പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെന്നാണ് വിവരം.2024 ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കില്ല. മറ്റൊരു പാർട്ടിയേയും പിന്തുണക്കില്ലെന്നുമാണ് സൂചന. 2026ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കും.

പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് വർഷങ്ങളായി അഭ്യൂഹമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്‍, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്‌നാട്ടിലുടനീളം ചെയ്തു കൊണ്ടിരിക്കുന്നത്.

കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.

0

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2023– 24 ലെ സൂക്ഷ്‌മ ഗവേഷക ഫെലോഷിപ്പുകൾ ടി എസ് അഖിലിനും (സബ്‌എഡിറ്റർ, ദേശാഭിമാനി), ജെബി പോളിനും (സീനിയർ റിപ്പോർട്ടർ, മംഗളം) നൽകുമെന്ന്‌ ചെയർമാൻ ആർ എസ്‌ ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരുലക്ഷം രൂപയാണ്‌ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ്‌.

സമഗ്ര ഗവേഷക ഫെലോഷിപ്പിന് എം പ്രശാന്ത് (ദേശാഭിമാനി), അപർണ കുറുപ്പ് (ന്യൂസ് 18), കെ രാജേന്ദ്രൻ (കൈരളി), നിലീന അത്തോളി (മാതൃഭൂമി), എ പി ഷെബിൻ മെഹബൂബ് (മാധ്യമം), എം വി നിഷാന്ത് (ഏഷ്യനെറ്റ് ന്യൂസ്), കെ എ ഫൈസൽ (മാധ്യമം), ദീപക് ധർമ്മടം (24 ന്യൂസ്), പി ആർ റിസിയ (ജനയുഗം) എന്നിവർക്ക് നൽകും. 75,000 രൂപയാണ് ഇവർക്ക് ലഭിക്കുക.

പൊതു ഗവേഷണ മേഖലയിൽ കെ ആർ അജയൻ (ദേശാഭിമാനി), ബിജു പരവത്ത് (മാതൃഭൂമി), അലീന മരിയ വർഗ്ഗീസ് (മാതൃഭൂമി), ബിലു അനിത് സെൻ (കേരള ടുഡേ), അജിത്ത് കണ്ണൻ (ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), സി റഹീം (മലയാളം ന്യൂസ്), എ ആർ ആനന്ദ് (വീക്ഷണം), പി സുബൈർ (മാധ്യമം), സുനി അൽഹാദി (സുപ്രഭാതം), പി എസ് റംഷാദ് (സമകാലിക മലയാളം), പി നഹീമ (മാധ്യമം), ജി ഹരികൃഷ്ണൻ (മംഗളം), എ കെ വിനോദ്കുമാർ- (ജനം), കെ എൻ സുരേഷ്‌കുമാർ – (കേരള കൗമുദി) എന്നിവർക്ക് 10,000- രൂപ വീതം ഫെലോഷിപ്പ് നൽകും.

തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, എം പി അച്യുതൻ, ഡോ. പി കെ രാജശേഖരൻ, എ ജി ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്‌ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. ഈമാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഫെലോഷിപ്പുകൾ വിതരണം ചെയ്യും.