spot_img
Tuesday, June 16, 2026
Home Blog Page 45

കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ല: ബാലാവകാശ കമ്മിഷൻ

0

കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ല: ബാലാവകാശ കമ്മിഷൻ ചൂട് കാലാവസ്ഥ മാറുന്നതു വരെ കുട്ടികളെ നിർബന്ധിപ്പിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വരാതിരിക്കുന്ന കട്ടികൾക്ക്, അർഹമായ പോഷകാഹാരങ്ങൾ അവരുടെ വീട്ടിൽ എത്തിക്കണം. കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ, സിസിലി ജോസഫ് എന്നിവരുടെ ഫുൾബഞ്ചിന്റെതാണ് ഉത്തരവ്. കൃത്യമായ വായു സഞ്ചാരമില്ലാത്തതും ടിൻഷീറ്റ് മേൽക്കൂരയുള്ളതും സൗകര്യങ്ങൾ കുറവുള്ളതുമായ അങ്കണവാടികൾ പ്രവർത്തിക്കുന്നില്ല എന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഉറപ്പുവരുത്തണം. പകൽ 11 മുതൽ 3 വരെ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതെ കളികൾ രാവിലെയോ വൈകുന്നേരമോ മാത്രമായി നിജപ്പെടുത്തണം.

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി ഇടക്കിടെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണ്. മതിയായ ഭക്ഷണം ശുചിത്വ സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തണം. കുഞ്ഞുങ്ങൾക്ക് ചൂട് താങ്ങാവുന്ന അവസ്ഥയല്ലെന്നും കാലാവസ്ഥ മാറുന്നതു വരെ അങ്കണവാടികൾക്ക് അവധി നൽകണമെന്നും മറ്റുമുള്ള പരാതികൾ കമ്മിഷൻ പരിഗണിച്ചാണ് ഉത്തരവ്. സൂര്യതാപം മൂലം അങ്കണവാടിയിൽ പഠിക്കുന്ന കുട്ടികളുടെ ശരീര താപനില അമിതമായി ഉയരുന്നത് കുട്ടികൾ കുഴഞ്ഞു വീഴാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. കുട്ടികൾക്ക് നിർജ്ജലീകരണം ഉണ്ടാകുന്നതിലൂടെ ക്ഷീണം, തലകറക്കം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകുന്നു. അതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അങ്കണവാടികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടുന്ന ചുമതല വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറും അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും നിർവ്വഹിക്കേണ്ടതാണ്. സ്വീകരിച്ച നടപടി റിപ്പോർട്ട് 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കണം.

‘സർപ്പ’ വോളന്റീയർമാർ 24 മണിക്കൂറും സജ്ജം; പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം; മുഖ്യമന്ത്രി

0

സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ‌ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു.

ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും.

എന്തൊക്കെ ശ്രദ്ധിക്കണം?

പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകൾ, മാളങ്ങൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യുക.

ഇരകളെ ആകർഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് എലികൾ എത്തുന്നതും, വീടുകളിൽ പക്ഷികളെ വളർത്തുന്നതും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാൽ കുട്ടികൾ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം.

വീടിനുള്ളിലെ ജാഗ്രത: വേനൽക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോൾ പാമ്പുകൾ ഉള്ളിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനുള്ളിലേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ള വിടവുകൾ, പൈപ്പുകൾ എന്നിവ അടക്കുകയും വള്ളിച്ചെടികൾ, മരച്ചില്ലകൾ എന്നിവ നീക്കം ചെയ്യുകയും വേണം.

പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം?

ഒട്ടും വൈകാതെ, ആന്റിവെനം (Anti-venom) ചികിത്സാ സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ രോഗിയെ എത്തിക്കുക.

രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനിപ്പിക്കുകയും, ശാരീരികായാസം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

സഹായത്തിന് വനം വകുപ്പ് സജ്ജം:

സർപ്പ വോളന്റീയർമാർ: പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം ‘സർപ്പ’ വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്.

സർപ്പ ആപ്പ് (SARPA App): ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ ‘SARPA’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക.

വിദ്യാർത്ഥികൾക്കായി ‘സർപ്പപാഠം’ എന്ന പേരിൽ ബോധവൽക്കരണ പരിപാടികളും, വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സർപ്പസുരക്ഷ’ പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കി വരുന്നു.

2020-ൽ ആരംഭിച്ച ‘സർപ്പ’ പദ്ധതിയിലൂടെ പാമ്പുകടി മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും പൂർണ്ണ സഹകരണവും ജാഗ്രതയും അഭ്യർത്ഥിക്കുന്നു.


പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:

തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്
2. SAT തിരുവനന്തപുരം
3. ജനറൽ ആശുപത്രി, തിരുവനന്തപുരം
4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര
5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര
6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം
7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

കൊല്ലം ജില്ല
1. ജില്ലാ ആശുപത്രി, കൊല്ലം
2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ
4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട
5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി
7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി
8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം
10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം
11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം
12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം

പത്തനംതിട്ട ജില്ല
1. ജനറൽ ആശുപത്രി, പത്തനംതിട്ട
2. ജനറൽ ആശുപത്രി, അടൂർ
3. ജനറൽ ആശുപത്രി, തിരുവല്ല
4. ജില്ലാ ആശുപത്രി, കോഴഞ്ചേരി
5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി
6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല
8. ഹോളിക്രോസ് ആശുപത്രി, അടൂർ
9. തിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴ ജില്ല
1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2. ജില്ലാ ആശുപത്രി, മാവേലിക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ
5. കെ സി എം ആശുപത്രി, നൂറനാട്

കോട്ടയം ജില്ല
1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം
3. ജനറൽ ആശുപത്രി, കോട്ടയം
4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി
5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി
6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം
7. കാരിത്താസ് ആശുപത്രി
8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം

ഇടുക്കി ജില്ല
1. ജില്ലാ ആശുപത്രി, പൈനാവ്
2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ
3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം
4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്
5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി
6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം

എറണാകുളം ജില്ല
1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി
2. ജനറൽ ആശുപത്രി, എറണാകുളം
3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി
4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല)
5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല)
6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ
7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി
8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം
10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം
12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം
13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

തൃശ്ശൂർ ജില്ല
1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്
2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ
3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി
4. മലങ്കര ആശുപത്രി, കുന്നംകുളം
5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി
6. അമല മെഡിക്കൽ കോളേജ്, തൃശൂർ
7. ജനറൽ ആശുപത്രി, തൃശ്ശൂർ
8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി
9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ
10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി
11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്
12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട് ജില്ല
1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
2. പാലന ആശുപത്രി
3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം
4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്
6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി
7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ
8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്
9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം

മലപ്പുറം ജില്ല
1. മഞ്ചേരി മെഡിക്കൽ കോളേജ്
2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ
3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ
6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
9. ജില്ലാ ആശുപത്രി, തിരൂർ
10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

കോഴിക്കോട് ജില്ല
1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്
2. ആസ്റ്റർ മിംസ് ആശുപത്രി
3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്
4. ആഷ ഹോസ്പിറ്റൽ, വടകര
5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6. ജനറൽ ആശുപത്രി, കോഴിക്കോട്
7. ജില്ലാ ആശുപത്രി, വടകര
8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

വയനാട് ജില്ല
1. ജില്ലാ ആശുപത്രി, മാനന്തവാടി
2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി
3. ജനറൽ ആശുപത്രി, കൽപ്പറ്റ

കണ്ണൂർ ജില്ല
1. പരിയാരം മെഡിക്കൽ കോളജ്
2. സഹകരണ ആശുപത്ര, തലശേരി
3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ
4. ജനറൽ ആശുപത്രി, തലശ്ശേരി
5. ജില്ലാ ആശുപത്രി, കണ്ണൂർ

കാസർഗോഡ് ജില്ല
1. ജനറൽ ആശുപത്രി, കാസർഗോഡ്
2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം

കോഴിക്കോട്ട് വൻ മയക്കുമരുന്ന് വേട്ട; യുവതിയും യുവാവും പിടിയിൽ

0

കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വന്‍ലഹരി വേട്ട. രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന രാസലഹരി മരുന്നുകളാണ് വിവിധ എക്‌സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തില്‍ പിടികൂടിയത്. 3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്. വിപണിയില്‍ ഇവയ്ക്ക് 3.5 കോടി രൂപയിലേറെ വിലവരും. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്റീന്‍(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പികെ ഷഫീഖ്(35) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ്, കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ്, എക്‌സൈസ് സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ബോണറ്റിന് ഉള്ളില്‍ ഡാഷ്‌ബോര്‍ഡിനോട് ചേര്‍ന്നുള്ള രഹസ്യ അറയില്‍ ഒന്‍പതു പൊതികളിലാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.

പിടിയിലായ ഷഫീഖ് നേരത്തെയും നിരോധിത ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ആളാണെന്നാണ് എക്‌സൈസ് സംഘം നല്‍കുന്ന വിവരം. ഇയാള്‍ക്കെതിരെ വയനാട്, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. പ്രതിദിനം 3,500 രൂപ വാടകയ്ക്കാണ് ഷഫീഖ് ഈ വാഹനം എടുത്തതെന്നാണ് വിവരം. ചേലമ്പ്ര തൈപ്പറമ്പ് സ്വദേശി ഫാറൂഖിന്റെ ഉടമസ്ഥതയില്‍ ഉളളതാണ് കാര്‍.പ്രാഥമിക അന്വേഷണത്തില്‍ മലപ്പുറം ചേലമ്പ്രയിലേക്കാണ് ലഹരിമരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തി. മംഗളൂരുവില്‍ നിന്ന് കുടുംബയാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കാനാണ് ഫാത്തിമ നസ്‌റീനെ വാഹനത്തില്‍ യാത്രക്കാരിയായി ഉള്‍പ്പെടുത്തിയെന്നാണ് ഷഫീഖ് നല്‍കിയ മൊഴി. കോഴിക്കോട് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ തുടര്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്

0

വിവോ (Vivo), iQ00 സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ‘ഒറിജിൻ ഒ എസ് അപ്‌ഡേറ്റ്’ (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതിയെന്ന് കേരള പോലീസ്.മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഔദ്യോഗിക അപ്‌ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എപി കെ (APK) ഫയലുകൾ ഡൗൺലോഡ് ആകുന്നു.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.Settings മെനുവിലെ ‘System Update’ വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.’ഫോൺ ബ്ലോക്ക് ചെയ്യും’ എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ അവ പൂർണ്ണമായും അവഗണിക്കുക.ഫോണിലെ ‘Install from Unknown Sources’ എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുക.വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കുക.അബദ്ധവശാൽ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ തന്നെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോൺ സുരക്ഷാ ആപ്പുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്‌ത്‌ അജ്ഞാതമായ ആപ്പുകൾ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടൻ മാറ്റുക.സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക. #keralapolice #statepolicemediacentre

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

0

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച വരെ സംസ്ഥാനത്ത് താപനില ഉയര്‍ന്ന് നില്‍ക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കൊല്ലം ജില്ലയില്‍ 39 °C, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഉറക്കത്തിൽ മൂര്‍ഖന്റെ കടിയേറ്റു; ചിറയിന്‍കീഴിൽ എട്ടു വയസ്സുകാരൻ മരിച്ചു

0

തിരുവനന്തപുരം: ചിറയിന്‍കീഴ് എട്ടു വയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.

ചിറയിന്‍കീഴ് മൂലയില്‍ വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് കുട്ടിയെ പാമ്പു കടിച്ച വിവരം അറിഞ്ഞത്.ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നാട്ടുകാർ വീട്ടിൽ നടത്തിയ തിരിച്ചിലിൽ കുട്ടി കിടന്ന മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റതിൽ ഒരു കുട്ടി മരിച്ചതിന്റെ നൊമ്പരം മാറും മുമ്പാണ് മറ്റൊരു കുട്ടിയുടെ മരണം കൂടി ഉണ്ടായിരിക്കുന്നത്.

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

0

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ജില്ലാ കളക്ടർ മുഖേന സഹായം നൽകുമന്ന് എംഎ യൂസഫലി അറിയിച്ചു.

നേരത്തെ സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.

ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും നൽകും.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഓൺ ലൈനായാണ് യോഗം ചേർന്നത്. തൃശൂർ കളക്ടറേറ്റിൽ നിന്നും മന്ത്രിമാരായ വി.എൻ വാസവൻ ,ആർ. ബിന്ദു ,കെ. രാജൻ, എം.ബി രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വാഹന നമ്പർ ലേലം: തുക അടക്കാതെ പിന്മാറിയാൽ നടപടി

0

കേരള മോട്ടോർ വാഹന വകുപ്പിന്റെ ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്ത ശേഷം, ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്നവർക്ക് ഇനി മുന്നറിയിപ്പില്ലാതെ നടപടി!​ലേലത്തിൽ വിജയിച്ച ശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ റവന്യൂ റിക്കവറി (Revenue Recovery) ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ ഉണ്ടാകും​ ശ്രദ്ധിക്കുക:​ലേലത്തിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ആലോചിച്ച് മാത്രം തുക രേഖപ്പെടുത്തുക.​ലേല തുക അടയ്ക്കാതെ പിന്മാറുന്നത് നിയമനടപടികൾക്ക് പുറമെ, പ്രസ്തുത വാഹനത്തിൻ്റെ രജിസ്ട്രേഷൻ തടസ്സപ്പെടുന്നതിനും ഭാവിയിൽ ലേലങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും നിങ്ങളെ വിലക്കുന്നതിനും കാരണമായേക്കാം.​നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ ലേലത്തിൽ പങ്കെടുക്കുക.​

മോട്ടോർ വാഹന നിയമപ്രകാരം 31/12/2024 വരെ ലഭിച്ചിട്ടുള്ള വാഹന ചലാനുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്റ്റി സ്കീം) അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനും പിഴ അടയ്ക്കുന്നതിനുമുള്ള കാലാവധി 30/04/2026 വരെ മാത്രമായിരിക്കും.പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഈടാക്കിയ ചലാനുകൾ അടച്ച് തീർപ്പാക്കാനായി പൊതുജനങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈനായി ഇളവ് ചെയ്ത തുക അടയ്ക്കാനും സാധിക്കും.വിവിധ പരിവാഹൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന ചലാനുകളുടെ വലിയ കുടിശ്ശിക തീർപ്പാക്കുന്നതിനാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ചലാനുകൾ നിലവിലുണ്ടെങ്കിൽ സേവനങ്ങൾ നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം 167-ലെ ഭേദഗതിക്ക് ശേഷം, കുടിശ്ശികകൾ തീർക്കാൻ പൗരന്മാർക്ക് ഒരവസരം കൂടി നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഇളവ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. https://services.mvd.kerala.gov.in അപേക്ഷ സമർപ്പിച്ചാൽ ആയതിന്റെ സ്റ്റാറ്റസ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുന്നതും പെയ്മെൻറ് നടത്താവുന്നതുമാണ്. https://services.mvd.kerala.gov.in/etax/otc/status

MVD #MVDKerala #VehicleNumberAuction #TrafficRules #legalalert

‘അകത്ത് ഭയങ്കര ചൂടായിരുന്നു, ജോലി ചെയ്ത എല്ലാവരും മലയാളികള്‍’; മുണ്ടത്തിക്കോട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വില്‍സണ്‍

0

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണശാലയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് ജോലി ചെയ്ത എല്ലാവരും മലയാളികളായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വില്‍സണ്‍. താന്‍ ജോലി ചെയ്തിരുന്ന പടക്കനിര്‍മാണ ശാലയിലാണ് ആദ്യം സ്‌ഫോടനം നടന്നതെന്നും ഓടിരക്ഷപ്പെടുന്നതിനിടെ തനിക്ക് പിറകെ ഒന്നൊന്നായി ശാലകള്‍ കത്തിയമരുന്നത് കാണേണ്ടിവന്നെന്നും വില്‍സണ്‍ മീഡിയവണിനോട് പ്രതികരിച്ചു. ജോലി ചെയ്യുമ്പോള്‍ കടുത്ത ചൂടായിരുന്നു അവിടെയെന്നും അതായിരിക്കാം അപകടകാരണമെന്നും വില്‍സണ്‍ പറഞ്ഞു.’ജോലി ചെയ്യുന്ന സമയം മുഴുവന്‍ കടുത്ത ചൂടുണ്ടായിരുന്നു. തിരി എടുത്തിടുന്നതിനിടയില്‍ ആ ചൂട് പറ്റിയതായിരിക്കും പൊട്ടിത്തെറിക്ക് കാരണമായത്. സാധാരണ പോലെ ജോലി ചെയ്യുമ്പോള്‍ പെട്ടെന്നാണ് അഞ്ച് മീറ്റര്‍ അകലെ കനത്ത ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ ഞാന്‍ അവിടെന്ന് മാറി. കയ്യിലുണ്ടായിരുന്ന കരിമരുന്നും തിരികളും അവിടെ ഇട്ടിട്ടാണ് ഓടിയത്. എല്ലാം തകര്‍ന്നെന്ന് മനസിലാക്കി ഓടിരക്ഷപ്പെടാന്‍ നോക്കുമ്പോഴേക്ക് പിന്നിലുള്ള ഷെഡുകള്‍ ഒന്നൊന്നായി പൊട്ടുകയായിരുന്നു. എവിടെയും നില്‍ക്കാതെ ഓടുകയാണ് ചെയ്തത്’. വില്‍സണ്‍ പ്രതികരിച്ചു.

‘മലയാളികളല്ലാതെ പുറത്ത് നിന്നാരും പണിക്ക് വന്നിരുന്നില്ല. നിയമവിരുദ്ധമായതോ, അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതോ ആയ യാതൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും, ഇതെങ്ങനെ പൊട്ടിത്തെറിച്ചെന്ന് മനസിലാവുന്നില്ല. മിക്കവാറും തിരിയിലോ കരിമരുന്നിലോ ചൂട് തട്ടിയതായിരിക്കാം കാരണം’. വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.വൈകുന്നേരത്തോടെ തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേർ മരിച്ചതായാണ് വിവരം. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.