spot_img
Sunday, June 28, 2026
Home Blog Page 471

ബിജു രാധാകൃഷ്ണന്റെ മകനെ മരിച്ചനിലയില്‍ കണ്ടെത്തി

0

കൊല്ലം: സോളാര്‍ കേസിലെ പ്രതിയായിരുന്ന ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരനെ (19) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ്‌ സംഭവം. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ്‌ യദു. മുത്തച്ഛനും മുത്തശ്ശിമാര്‍ക്കൊപ്പമാണ്‌ തറവാട്ടില്‍ താമസിച്ചിരുന്നത്‌.

പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക്‌ രണ്ടിന്‌ മുളങ്കാടകം ശ്മശാനത്തില്‍. വെസ്റ്റ് പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. ഹരി പരമേശ്വരനാണ്‌ സഹോദരന്‍.2006ല്‍ യദുവിന്റെ അമ്മ രശ്മിയെയും വീട്ടിലെ കുളിമുറിയിൽ  മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രശ്മിയുടെ അസ്വഭാവിക മരണത്തിൽ ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഹെെക്കോടതിയും സുപ്രീംകോടതിയും വെറുതെ വിടുകയായിരുന്നു.

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാതാപിതാക്കളുടെ പരാതിയിന്മേൽ സ്വീകരിച്ച നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിക്കും. സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി.

അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ ഏകപ്രതി സന്ദീപിനെ പിടികൂടി, അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ഷവോമി ഫോണുകളില്‍ നിന്നും അത് ഒഴിവാക്കുന്നു; ഉപയോഗിക്കുന്നവര്‍ അറിയേണ്ടത്.!

0

ഷവോമിയുടെ ഫോണുകൾ ഇതുവരെ പ്രവർത്തിച്ചിരുന്ന കസ്റ്റം ഒഎസിനോട് വൈകാതെ കമ്പനി ​ഗുഡ്ബൈ പറയും. കഴിഞ്ഞ 13 വർഷമായി ഷവോമിയുടെ ഫോണുകളെല്ലാം പ്രവർത്തിച്ചിരുന്നത് ആൻഡ്രോയിഡ് അധിഷ്ടിതമായ എംഐയുഐ (MIUI) എന്ന കസ്റ്റം ഒഎസിലാണ്. 

കഴിഞ്ഞ മാർച്ചിലാണ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 പുറത്തിറക്കിയത്. ഷാവോമി 13 പ്രോയിലാണ് ആദ്യമായി പുതിയ ഒഎസ് അവതരിപ്പിച്ചത്. പുതിയ ഒഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയ ഒഎസിനോട് ​ഗുഡ്ബൈ പറയാൻ ഷവോമി തയ്യാറെടുക്കുന്നത്. 

ഹൈപ്പർ ഒഎസ് (Hyper OS) എന്നാണ്  പുതിയ ഒഎസിന്റെ പേര്. ഷാവോമി സിഇഒ ലെയ് ജുൻ ആണ് പുതിയ സോഫ്റ്റ് വെയർ പുറത്തിറക്കുന്ന വിവരം സമൂഹമാധ്യമങ്ങൾ വഴി പ്രഖ്യാപിച്ചത്. പുതിയ ഒഎസിന്റെ പേര് അല്ലാതെ മറ്റൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഷാവോമി 14 ൽ പുതിയ ഒഎസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

ആൻഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും (Vela System) അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമണ്. വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത്. 

സമൂഹമാധ്യമമായ വെയ്‌ബോയിൽ പങ്കുവെച്ച പോസ്റ്റിലാണ്  ലേ ജുൻ ഇതെക്കുറിച്ച് പറയുന്നത്. ഹൈപ്പർ ഒഎസ് കേവലം സ്മാർട്‌ഫോണുകൾക്ക് വേണ്ടി മാത്രമുള്ള ഒസ് ആയിരിക്കില്ല എന്നും പറയുന്നുണ്ട്. ഷാവോമിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പർ ഒഎസിന്റെ സാന്നിധ്യമുണ്ടാവും.പഴയ ഒഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് തുടരും എന്നാണ് ഷവോമി അറിയിക്കുന്നത്. 

ഷവോമി പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന സൂചനയുമുണ്ട്.  എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 24 ന് സ്‌നാപ്ഡ്രാഗൺ 8ജെൻ 3 പ്രൊസസർ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക എന്നാണ് സൂചന. നവംബർ 11 ന് മുമ്പ് ഫോൺ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.  ഷാവോമി 14, 14 പ്രോ സ്മാർട്‌ഫോണുകൾക്ക് യഥാക്രമം 6.4 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീൻ വലിപ്പത്തിലുള്ളതായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 യെക്കാൾ കൂടുതൽ ഫീച്ചറുകളോടെയാവും ഫോൺ എത്തുക എന്നും സൂചനയുണ്ട്. 

ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു

0

കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (71) അന്തരിച്ചു. ഇന്ന് രാത്രിയോടെ നെഞ്ചുവേദന തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇന്ന് രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്.

1979 ൽ അഗ്നിപർവതം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം. ചെങ്കോൽ,നാടോടി കാറ്റ്, ഗോഡ് ഫാദർ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തോട്ടുമുക്കത്ത് ജെസിബി ഇടിച്ച്‌ യുവാവ് മരിക്കാനിടയായ സംഭവം:അന്വേഷണത്തിൽ വീഴ്ച, എസ് ഐക്ക് സസ്പെൻഷൻ

0

മുക്കം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ പരിസരത്തുനിന്നും കടത്തിക്കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ടു വെച്ച സംഭവത്തിൽ മുക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ നൗഷാദിന് സസ്പെപെൻഷൻ.

ബൈക്കിന് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിലാണ് ഫിറ്റ്നനസ് ഇല്ലാത്ത ജെ സി ബി പിടികൂടി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്നത്.ഇവിടെ നിന്നുമാണ് JCB കടത്തിക്കൊണ്ട് പോയത്, ഇതിൽ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം നടന്നത്. CC tv ദൃശ്യങ്ങൾ പരിശോധിച്ച് jcb കടത്തിക്കൊണ്ടുപോയ പ്രതികളെ തിരിച്ചറിയുകയായിരുന്നു, പ്രതികളെ പിടികൂടാൻ വീഴ്ച വരുത്തി എന്ന കണ്ടെത്തലിനെ തുടർന്നാണ് മുക്കം പ്രിൻസിപ്പൾ എസ്ഐ
നൗഷാദിനെ അന്വേഷണ വിധേയമായി സസ്പെപെൻ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസോ നമ്പർ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകട കാരണം.

എന്നാൽ ഫിറ്റ്നസില്ലാത്ത വാഹനം കേസിൽ ഉടമയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രതികള്‍ ജെ.സി.ബി മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിച്ച തൊണ്ടി മുതലായ ജെ.സി.ബിയും പൊലീസ് കണ്ടെത്തി. ആറു പ്രതികളെയാണ് ഈ കേസുമായി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്ത പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട; മുക്കം സ്വദേശി പിടിയിൽ

0

വയനാട്: മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 93 ഗ്രാം ന്യൂ ജൻ മയക്കുമരുന്ന് പിടികൂടി. മുക്കം സ്വദേശി ഷർഹാൻ കെ കെ എന്നയാളാണ് എംഡിഎംഎ കടത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി എഴ് മണിയോടെയെത്തിയ കെഎസ്ആർടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിക്കുന്ന വൻ എംഡിഎംഎ വേട്ടയാണിത്.

‘വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കണോ? വഴികളുണ്ട്’

0

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ വിവരിച്ച് പൊലീസിന്റെ വീഡിയോ സന്ദേശം. ടൂ സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ഉപയോഗിച്ച് എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടും സുരക്ഷിതമാക്കാമെന്നാണ് പൊലീസ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. ടൂ സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ പിന്‍, ആക്ടിവേഷന്‍ ഒടിപി എന്നിവ ആരോടും പങ്കുവയ്ക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ‘വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ വലത് വശത്ത് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന മെനുവില്‍ നിന്ന് സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ശേഷം അക്കൗണ്ട് സെലക്ട് ചെയ്ത് ടൂ സ്റ്റെപ്പ് വേരിഫിക്കേഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് എനബിള്‍ ക്ലിക്ക് ചെയ്യുക. പിന്നാലെ പിന്‍ ടൈപ്പ് ചെയ്യുക, പിന്‍ കണ്‍ഫേം ചെയ്യുക. ഇമെയില്‍ ഐഡി ടൈപ്പ് ചെയ്യക. ഇതോടെ ടൂ സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ പൂര്‍ണമാകും.’-പൊലീസ് അറിയിച്ചു.

വിഴിഞ്ഞത് ചരിത്ര നിമിഷം; ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി

0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്‍റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനുല്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭവനയാണ്. കേന്ദ്ര സർക്കാരും പദ്ധതിക്ക് മുൻഗണ നല്‍കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിനെയും പ്രശംസിച്ചു.

കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്.

സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജന്‍ ഇനി വാഹനം ഓടിക്കില്ല

0

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് തീരുമാനം. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

വാഹനമിടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയെന്ന ക്രൂരകൃത്യം നടത്തിയ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കണമെന്ന ശുപാര്‍ശയാണ് അന്വേഷണം നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് വാഹനം ഉപയോഗിച്ച് നടത്തിയ ഹീനമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാര്‍, കുട്ടി സൈക്കിളില്‍ കയറിയപ്പോള്‍ മുന്നോട്ടെടുത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

പത്ത് ദിവസങ്ങള്‍ക്ക് ശേഷം പ്രിയരഞ്ജനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്. നിസ്സാരമായ വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന്‍ വലിയ പക വെച്ചുപുലര്‍ത്തിയിരുന്നു എന്ന കാര്യം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയര‍ഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്.കാട്ടാക്കട ചിന്മയാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ആദിശേഖർ

കനത്ത മഴ; ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ

0

തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം സംബന്ധിച്ച് റെയില്‍വെയുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണം

അതേസമയം സംസ്ഥാനത്ത് ഇന്ന് ഉള്‍പ്പെടെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയാണ് അധികൃതര്‍ അറിയിക്കുന്നത്.ഒക്ടോബര്‍ 18വരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെ 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് നിലവില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ശക്തമായ മഴയില്‍ കെടുതി തുടരുന്നതിനിടെയാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തുവിടുന്നത്