spot_img
Tuesday, June 16, 2026
Home Blog Page 48

തുരത്തുന്നതിനിടെ അക്രമാസക്തയായി; പെരുവണ്ണാമുഴിയിൽ കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

0

കോഴിക്കോട്: പെരുവണ്ണാമുഴിയില്‍ കമ്പി തുളഞ്ഞു കയറി കാട്ടാന ചരിഞ്ഞു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം.പെരുവണ്ണാമുഴി പയ്യാനിക്കോട്ടയില്‍ രാത്രി രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെയാണ് സംഭവം.വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് അക്രമാസക്തയായ പിടിയാന ജീവനക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തൊട്ടടുത്തുള്ള വീട്ടില്‍ കയറിയാണ് വനംവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെട്ടത്

വീടിന് മുന്നിലെത്തിയ ആന വീടിനോട് ചേര്‍ന്നുള്ള കാര്‍ ഷെഡ് തകര്‍ക്കുന്നതിനിടെയാണ് കമ്പി തുളഞ്ഞു കയറിയത്. ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ ദേഹത്ത് തുളഞ്ഞുകയറുകയായിരുന്നു. കമ്പി തുളഞ്ഞു കയറിയ ആന കുറച്ചുദൂരം പോയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു

ഗുണ്ടല്‍പേട്ടില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

0

ഗുണ്ടല്‍പേട്ട്: കര്‍ണാടക ചാമരാജനഗറില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ദേശീയ പാത 766-ല്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരിച്ചത്.

മുഹമ്മദ് അസീര്‍ ബംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറില്‍ ചെന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

കന്നിവോട്ടിന് ഹൽവ കിട്ടിയില്ല; പരാതിപ്പെട്ട 19കാരന് പാഴ്സലയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0

കോട്ടയം: കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം ചെയ്ത ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് പരാതി നൽകിയ യുവാവിന് ഒടുവിൽ മധുരം ലഭിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിലെ നീരേറ്റുപുറം സ്വദേശിയായ ആരോൺ ഫിലിപ്പ് എന്ന 19കാരനാണ് തന്റെ അവകാശം ചോദിച്ചുവാങ്ങിയത്.തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തിയ ശേഷം ആരോൺ ഹൽവയെക്കുറിച്ച് അന്വേഷിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമേ വിതരണമുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് തന്റെ പരാതി ഇലക്ഷൻ കമ്മീഷനെയും പത്തനംതിട്ട കലക്ടറെയും അറിയിക്കാൻ ആരോൺ തീരുമാനിച്ചത്. പിന്നാലെ കലക്ടര്‍ക്ക് മെയില്‍ അയച്ചു.

ഇ-മെയിൽ അയച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പരാതി സ്വീകരിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചു. തുടർന്ന് അഡീഷണൽ സിഇഒ, ആരോണുമായി നേരിട്ട് ബന്ധപ്പെടുകയും ഹൽവ എത്തിച്ചുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോൺ താമസിക്കുന്ന കോട്ടയത്തെ വിലാസത്തിൽ ഹൽവ പാഴ്സലായി എത്തിച്ചേരുകയായിരുന്നു. തന്റെ ചെറിയൊരു ഇടപെടലിലൂടെ കൃത്യമായ മറുപടിയും ഫലവും ലഭിച്ചതിന്റെ ആവേശത്തിലാണ് ഈ കന്നിവോട്ടർ.അതേസമയം തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം ഇനിയും പുറത്തുവന്നിട്ടില്ല. അന്തിമ കണക്ക് പുറത്തുവന്നാലും സംസ്ഥാനത്ത് പോളിങ് ശതമാനം 80 തൊടില്ലെന്നാണ് വിലയിരുത്തൽ. പോസ്റ്റൽ, ഹോം വോട്ടുകൾ ഉൾപ്പടുത്തി പുറത്തുവിട്ട കണക്ക് പ്രകാരം 79.63 ശതമാനം പോളിങ്ങാണുള്ളത്. ഇനി ഇതിനോടൊപ്പം ചേർക്കാനുള്ളത് 0.2 ശതമാനം വരുന്ന സർവീസ് വോട്ടുകൾ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങി; നിർമാണ, ഹോട്ടൽ മേഖലകൾ പ്രതിസന്ധിയിൽ

0

അസമിലെയും ബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തി​ലെ നിർമാണ, ഉൽപാദന, ഹോട്ടൽ മേഖലക​ൾ പ്രതിസന്ധിയിൽ. തൊഴിലാളികൾ ഇല്ലാതായതോടെ പല സ്ഥാപനങ്ങളും അടച്ചിടൽ ഭീഷണിയിലാണ്​. ബംഗാൾ തെരഞ്ഞെടുപ്പും, ബക്രീദും കഴിഞ്ഞ്​ ജൂൺ പകുതിയോടെ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുകയുള്ളൂവെന്നാണ്​ റിക്രൂട്ട്മെൻറ്​ ഏജൻറുമാർ പറയുന്നത്​.എസ്​ഐആർ പേടിയിലാണ്​ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയത്​. വോട്ട്​ ചെയ്​തില്ലെങ്കിൽ പൗരത്വം പോലും നഷ്​ടപ്പെടുമെന്ന രീതിയിൽ നാട്ടിൽ നിന്ന്​ വിളിയെത്തിയ​തോടെ ​പെ​ട്ടെന്നായിരുന്നു മടക്കം. ഇ​തോ​ടെ​ എന്ത്​ ​ചെയ്യണമെന്ന്​ അറിയാതെ സ്ഥാപന ഉടമകൾ പ്രതിസന്ധിയിലായി​. ചെറുകിട ഹോട്ടലുകൾ മുതൽ വലിയ കമ്പനികൾ വരെ ഒരേപോലെ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്​. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ ​തന്നെ തൊഴിലാളികൾ മടങ്ങിയത്​ പല സ്ഥാപനങ്ങളുടെയും സ്​റ്റോക്ക്​ പുതുക്കലിനെ ബാധിച്ചു.

കൂലി ​കൂടുതൽ വാഗ്​ദാനം നൽകിയിട്ടും തൊഴിലാളികളെ കിട്ടാനില്ലെന്നാണ്​ ഇതര സംസ്ഥാന തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യുന്നവർ പറയുന്നത്​. നാട്ടി​ലേക്ക്​ പോയ തൊഴിലാളികൾ പലരും ഫോൺ എടുക്കുന്നില്ല. വരാൻ ആ​ഗ്രഹിക്കുന്നവർക്കാകട്ടെ​ ട്രെയിനിൽ ടിക്കറ്റും ലഭിക്കുന്നില്ല. 1500 രൂപയുടെ ട്രെയിൻ ടിക്കറ്റിന്​ 3000 രൂപ വരെ ഈടാക്കുന്നുണ്ട്​. പാചക വാതക ​പ്രതിസന്ധി തുടരുന്നതും ​തൊഴിലാളികളുടെ മടങ്ങിവരവിനെ തടയുന്നുണ്ട്​.കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിന്​ അസമിലെ തെരഞ്ഞെടുപ്പും പൂർത്തിയായിട്ടുണ്ട്​. അസമിൽ നിന്നുള്ളവരെ തിരിച്ചെത്തിച്ചും മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഉപ​യോഗിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ്​ വിവിധ സ്ഥാപനങ്ങൾ നടത്തുന്നത്​. അസമിൽ നിന്ന്​ സ്​പെഷൽ ട്രെയിൻ ഏർപ്പെടുത്തണമെന്നും ഇതിന്​ സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ്​ ആവശ്യം

അറ്റകുറ്റപ്പണിക്കിടെ ബസ്സ് ദേഹത്ത് അമർന്ന് യുവാവ് മരിച്ച സംഭവം:സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

0

വാഹനങ്ങൾ റിപ്പയർ ചെയ്യുമ്പോൾ സംഭവിക്കുന്ന ഇത്തരം അപകടങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം നമുക്കൊരു പാഠമാകട്ടെ.ഓർക്കുക, നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്: വാഹനം ഉയർത്താൻ മാത്രമാണ് ജാക്ക് ഉപയോഗിക്കേണ്ടത്. ഉയർന്ന നിലയിലുള്ള വാഹനത്തിന്റെ ഭാരം താങ്ങാൻ ജാക്കിന് എപ്പോഴും കഴിഞ്ഞെന്നു വരില്ല. ജാക്ക് തെന്നിമാറാനോ അല്ലെങ്കിൽ ഹൈഡ്രോളിക് തകരാർ മൂലം പെട്ടെന്ന് താഴേക്ക് അമരാനോ സാധ്യതയുണ്ട്.

വാഹനം ഉയർത്തിക്കഴിഞ്ഞാൽ നിർബന്ധമായും ലോഹനിർമ്മിതമായ ‘ജാക്ക് സ്റ്റാൻഡുകൾ’ (Jack Stands) അടിയിൽ വച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം അതിനടിയിൽ പ്രവേശിക്കുക. വാഹനം തെന്നി നീങ്ങാതിരിക്കാൻ ടയറുകൾക്ക് മുൻപിലും പിന്നിലും കട്ടകളോ ‘വീൽ ചോക്കുകളോ’ (Wheel Chocks) വച്ച് ഉറപ്പിക്കുക.നിരപ്പായതും ഉറപ്പുള്ളതുമായ തറയിൽ മാത്രം വാഹനം പാർക്ക് ചെയ്ത് ഉയർത്തുക. മണ്ണിലോ ചരിവിലോ ജാക്ക് ഉപയോഗിക്കുന്നത് അപകടകരമാണ്.ടയർ അഴിച്ചു മാറ്റുകയാണെങ്കിൽ, ആ ടയർ വാഹനത്തിന്റെ അടിയിൽ ബോഡിക്ക് താഴെയായി വെക്കുന്നത് ജാക്ക് തെന്നിയാലും വാഹനം പൂർണ്ണമായി താഴേക്ക് പതിക്കാതിരിക്കാൻ സഹായിക്കും.”അറ്റകുറ്റപ്പണികൾ ആവാം, പക്ഷേ അത് നിങ്ങളുടെ ജീവൻ നൽകിക്കൊണ്ടാകരുത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൂ, സുരക്ഷിതരായിരിക്കൂ.”#SafetyFirst #VehicleMaintenance #RoadSafety #MVDKerala #Awareness SafetyTips JackSafety

16 കാരിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. നസ്രീന, അദ്നാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.ഇന്നലെ അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്.

16 വയസുള്ള പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന് 20കാരനായ ബന്ധു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് വിവരം നാട്ടുകാർ അറിയുന്നത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോ​ഗമിക്കുകയാണ്.കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ കുടുംബാം​ഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദ്നാൻ എങ്ങനെ എത്തിയെന്നതുൾപ്പെടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ, കുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ ബന്ധുക്കളെല്ലാവരും മെഡിക്കൽ കോളേജിലാണുള്ളത്. ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് പൊലീസിന് വ്യക്തത വരികയുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പ്:പോളിങ്79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വീസ് വോട്ടുകള്‍ ഒഴികെയുള്ള കണക്കാണിത്. സര്‍വീസ് വോട്ടുകളുടെ കണക്ക് ലഭിക്കുക വോട്ടെണ്ണല്‍ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കണക്ക് വൈകിയിട്ടില്ലെന്നും മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് നാലാംദിവസവും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനമുയരവേയാണ് കമ്മീഷന്റെ വിശദീകരണം.

വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്തവര്‍ 78.27 ശതമാനമാണെന്ന് ആണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇതിന്റെ മണ്ഡലം തിരിച്ചുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണ്. ആകെ വോട്ട് ചെയ്തത് 99,40,379 പുരുഷന്മാരാണ്. ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ 1,13,03,410. 153 ട്രാന്‍സ് ജെന്‍ഡര്‍മാര്‍ വോട്ട് ചെയ്തു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. നിലവിലെ കണക്കുകള്‍ക്കൊപ്പം സര്‍വീസ് വോട്ട് കൂടി ചേര്‍ത്താല്‍ മാത്രമേ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ പൂര്‍ണ്ണ ചിത്രം വരൂ.എല്ലാം സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഫോം 17 സി എല്ലാ പോളിങ് ഏജന്റുമാര്‍ക്കും നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ ഈ കണക്കിലില്ല. ഇന്നലെയാണ് അത് അന്തിമമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഡെക്‌സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. അതിലാണ് അന്തിമ കണക്കുകളുണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37 ശതമാനം). 53,984 സര്‍വീസ് വോട്ട് പോളിങ് ദിവസം വരെയുണ്ടായി. 96.3% ആണ് മുതിര്‍ന്ന പൗരന്മാരുടെ വോട്ട് ശതമാനം. 60,734 ഭിന്ന ശേഷിക്കാര്‍ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകള്‍ ചെയ്തു. 32,172 അവശ്യവിഭാഗം ജീവനക്കാരും വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പരാതിയുള്ളവര്‍ക്ക് നിയമപരമായ പരിഹാരം തേടാമെന്നും കമ്മീഷന്‍ പറഞ്ഞു.

അവധിക്കാലം ആഘോഷിക്കാം സുരക്ഷിതമായി :മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ

0

മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണല്ലോ.
കുട്ടികൾ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു പരിധി വരെ ചില രക്ഷിതാക്കൾക്കെങ്കിലും വേനലവധിക്കാലം ദുഃഖപൂരിതമാകാറുള്ളത് നമ്മൾക്കെല്ലാമറിയാവുന്നതാണ്.

അമിതാഘോഷത്തിൻ്റെ നാളുകൾ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിൻ്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്.

പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ  കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ.

1. കുട്ടികൾ നന്നായി കളിക്കട്ടെ – പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക

2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത്

3. ബൈക്കുകളിൽ  ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് ഗ്രൂപ്പായി.

4. വിനോദയാത്രകൾ മുൻകൂട്ടി റൂട്ട് പ്ലാൻ ചെയ്ത് സമയമെടുത്ത് നടത്തുക.

5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടൽ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോൾ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ ഉപയോഗപ്പെടുത്തുക. അവരെ പകൽ കൃത്യമായി വിശ്രമിക്കാൻ അനുവദിക്കുക.

6. ടാക്സി / കോൺട്രാക്റ്റ് ക്യാര്യേജുകളാണെങ്കിൽ പോലും ഡ്രൈവർമാർ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെൽട്ട്, ഹെൽമെറ്റ്  എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.

8. വാഹനത്തിൻ്റെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക.

9. നമ്മുടെ വാഹനത്തിൻ്റെ ലൈറ്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.

10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.

11. വാഹനങ്ങളിൽ സീറ്റിംഗ്‌ കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ യാത്രയിൽ കൊണ്ടു പോകരുത്.
#vecationtime
#summerholidays☀️

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

0

മുംബൈ: മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലായി 12,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധായകർക്കാപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശ ഭോസ്‌ലെ. എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പത്മവിഭൂഷൺ അവാർഡ് ജേതാവ് കൂടിയായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 1981,86 വർഷങ്ങളിലായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം, 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി.

ദശാബ്ദങ്ങളായി സംഗീതലോകത്ത് നിറസാന്നിധ‍്യമറിയിച്ച ആശാ ഭോസ്‌ലെ വൈവിധ‍്യങ്ങളിലൂടെയാണ് തന്‍റെ കരിയർ കൊണ്ടുപോയിരുന്നത്. `ആവോ ഹുസൂർ തുംകോ’, `ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ നിരവധി ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്ക് പരിചിതമാണ്. `പിയാ തൂ അബ് തോ ആജാ’, `യേ മേരാ ദിൽ’ തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദി സിനിമാസംഗീതത്തിൽ പുതിയി തരംഗം സൃഷ്ടിച്ചു. 90കളുടെയും 2000 ത്തിന്‍റെയും തുടക്കത്തിൽ എ.ആർ റഹ്മാന്‍റെ സംഗീതസംവിധാനത്തിലിറങ്ങിയ `തന്‍ഹ തന്‍ഹ’, ‘രംഗീല റേ’, തുടങ്ങി ഐകോണിക് ഗാനങ്ങളും സംഗീതലോകത്തിന് കിട്ടിയ സമഗ്രസംഭാവനയായിരുന്നു.

പുതുതലമുറകളെ നിരവധി ഗാനങ്ങളും ആശാ ഭോസ്‌ലെ സമ്മാനിച്ചു. ഓരോ കാലഘട്ടത്തിലെയും സംഗീതമാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നതാണ് അവരുടെ കരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

0


കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പൊലീസ് സാഹസികമായി പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്,മെഡിക്കൽ കോളേജ് എസ്‌ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ മുൻപിൽ വലിയ വെല്ലുവിളിയായിരുന്നു വിനീഷിനെ കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഡിസംബർ 10 ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റുന്നത്. എന്നാൽ പിന്നീട് ശുചിമുറിയുടെ പിൻഭാഗം തുരന്ന് ഡിസംബർ 29 ന് പുലർച്ചെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. കേസിൽ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

വിനീഷിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം പൊലീസ് പുറത്തിറക്കിയിരുന്നു. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലായിരുന്നു. 10 ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ്സ് ഉപോയോഗിച്ച് ടൈൽ ഇളക്കി നീക്കി ഭിത്തി തുരന്ന് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപെട്ടത്.

2021 ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്.