spot_img
Thursday, August 6, 2026
Home Blog Page 5

വടക്കൻ കേരളത്തിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശം; മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യത.

​കോഴിക്കോട്: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ അതിതീവ്ര കാലാവസ്ഥയ്ക്ക് (Extremely Severe Alert) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.​ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 2, പുലർച്ചെ 04:00 മണി മുതലാണ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നത്.​ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജാഗ്രതാ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ശക്തമായ മഴ: ജില്ലകളിലെ സ്ഥിതി വിലയിരുത്തി, ജാഗ്രതാ നിർദേശം നൽകി മന്ത്രി കെ മുരളീധരൻ

0

ശക്തമായ മഴയെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം മന്ത്രി കെ മുരളീധരൻ. ഏത് സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറോട് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും (ഡി.എം.ഒ) എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും (ഡി.പി.എം) അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആവശ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഏകോപനം ഉറപ്പാക്കാനും നിർദ്ദേശിച്ചു.ഇന്ന് രാവിലെ 11ന് ഓൺലൈനായി ആരോഗ്യവകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത ഡി.എം.ഒ, ഡി.പി.എംമാരുടെ യോഗത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ക്രമീകരണം നടത്താൻ നിർദ്ദേശം നൽകി.

താഴ്ന്ന മേഖലകളിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക ഭീഷണിയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ഉപകരണങ്ങളും മരുന്നുകളും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. ആരോഗ്യപ്രവർത്തകരും ആംബുലൻസും സജ്ജമായിരിക്കണം. ഒഴിവാക്കാനാകാത്ത അടിയന്തരാവശ്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പോയിട്ടുള്ള ജീവനക്കാരെ തിരികെ വിളിക്കും. മഴക്കാലക്കെടുതി മുൻനിർത്തിയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാർ പൊതുജനങ്ങളോട് ഇടപെടുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉറപ്പുവരുത്തേണ്ടതാണ്. ടെറ്റനസ് ഇഞ്ചക്ഷൻ, ഒസൾട്ടാമിവീർ ഗുളിക, ഒ.ആർ.എസ്, ഡോക്‌സിസൈക്ലിൻ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. കടുത്ത ജലദോഷം, ചുമ, ശ്വാസം മുട്ട് എന്നിവയുള്ള രോഗികൾക്ക് ഒസൾട്ടാമിവീർ മരുന്ന് നൽകേണ്ടതാണ്. ജലദോഷ ലക്ഷണങ്ങളുള്ള എല്ലാ ഗർഭിണികൾക്കും ഒസൾട്ടാമിവീർ മരുന്ന് നിർബന്ധമായും നൽകണം.ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എലിപ്പനി മുൻകരുതൽ മരുന്ന് നൽകേണ്ടതാണ്. പാമ്പുകടിക്കും പേവിഷബാധയ്ക്കും എതിരെയുള്ള കുത്തിവെപ്പുകൾ നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രികൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ വാക്സിനുകൾ നിർബന്ധമായും നൽകണം. ഇതിനുള്ള മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പടർന്നു പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന രോഗികൾ അതിനും മുടക്കം വരുത്തരുത്.

ജില്ലാതലത്തിലും ആരോഗ്യ സ്ഥാപനത്തിലും റാപ്പിഡ് റെസ്‌പോൺസ് സെൽ രൂപീകരിക്കണം. ക്യാമ്പിൽ ജലദോഷവും പനിയുമുള്ളവർക്ക് മാസ്‌ക് നൽകണം. അതോടൊപ്പം തന്നെ ഇവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യവും കണ്ടെത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇതിന് ബ്ലീച്ചിംഗ് പൗഡറോ, ക്ലോറിൻ ടാബ്ലറ്റുകളോ, ക്ലോറിൻ ലിക്വിഡോ ഉപയോഗിക്കാം.ക്യാമ്പുകളിൽ താമസിക്കുന്ന ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യം വേണ്ട പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ നൽകേണ്ടതാണ്. ആശുപത്രികളിൽ സംഭരിച്ചിരിക്കുന്ന എല്ലാ വാക്‌സിനുകളുടെയും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ വാക്സിൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതാണ്.സ്ഥാപനങ്ങളിലെ പവർ ബാങ്കുകളും ഇൻവർട്ടുകളും മുഴുവനായി ചാർജ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് ആറ്റിയതും ഭക്ഷണം അടച്ച് സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം മൂലം നിരവധി പകർച്ചവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ അവയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കേണ്ടതാണ്. നടപടികളിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായും റവന്യൂ വകുപ്പുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്കുള്ള കൂടുതൽ മാർഗ്ഗനിർദേശങ്ങൾ https://dhs.kerala.gov.in/en/animal-bite/ എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.

ഓപ്പറേഷൻ തൂഫാൻ: 25 പേർ കൂടി അറസ്റ്റിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 8908

0

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 20 കേസുകളിലായി 25 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8278 ആയി ഉയർന്നു. ആകെ 8908 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6691.126 ഗ്രാം എം.ഡി.എം.എ.യും 784.244 കി.ഗ്രാം കഞ്ചാവും 296.657 ഗ്രാം ഹെറോയിനും 4698.749 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 11 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ടു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഏഴു കേസുകളും കോട്പ (COTPA) പ്രകാരം 25 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 6.680 ഗ്രാം എം.ഡി.എം.എയും 0.196 കി.ഗ്രാം കഞ്ചാവും 1.40 ഗ്രാം ഹെറോയിനും 8.12 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 74 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8343 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 484 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6139 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. #keralapolice #statepolicemediacentre

റെഡ് അലര്‍ട്ട്, കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച്‌ കളക്ടറുടെ ഉത്തരവ്, ജലാശയങ്ങളിലും ജാഗ്രത

കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരുമെന്നും എം എസ് മാധവിക്കുട്ടിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജലാശയങ്ങളില്‍ ജാഗ്രതപുഴകള്‍, അരുവികള്‍, തടയണകള്‍, ജലാശയങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും മീന്‍പിടിത്തം, കുളി, നീന്തല്‍, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ അടച്ചിടാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും വനം വകുപ്പിനും ഡി ടി പി സിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.താമരശ്ശേരിയില്‍ നിയന്ത്രണംഅതേസമയം വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണവും കോഴിക്കോട് കളക്ടർ ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഗതാഗത നിയന്ത്രണ ഉത്തരവിറക്കിയത്. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.

വാക്കുതർക്കം:കോഴിക്കോട്ട് വ്യാപാരി കുത്തേറ്റ് മരിച്ചു

കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ.നേരത്തെ തന്നെ പരിചയക്കാരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്ത് സുൽത്താനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപുതന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങളും ഏകദേശ സൂചനകളും ലഭ്യമായിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

0

താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ തോട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയനാട് ചുരം മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഈങ്ങാപ്പുഴ ടൗണിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.​ചുരത്തിലും താഴ്‌വരയിലും തുടരുന്ന ശക്തമായ പെയ്ത്തിൽ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.​അപകടസാധ്യത കണക്കിലെടുത്ത് യാത്രക്കാർ ചുരം മേഖലയിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പുറത്തിറങ്ങി നിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം എന്നും അഭ്യർത്ഥിക്കുന്നു.വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കൈതപ്പൊയിലിൽ നിന്നും നോളജ് സിറ്റി വഴി കോടഞ്ചേരിയിലൂടെ മാത്രമാണ് ഇപ്പോൾ വാഹനഗതാഗതം സുഗമമായുള്ളത്.കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ ഇതുവഴി വയനാട് ഭാഗത്തേക്ക് കടന്നു പോകാവുന്നതാണ്.

സംസ്ഥാനത്ത് ശക്തമായ മഴ; രണ്ട് മരണം; ഒരാൾക്കായി തിരച്ചിൽ, ഇടുക്കിയിലും കോട്ടയത്തും വൻനാശ നഷ്ടം

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന് സമീപമുള്ള വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. സുമതിയെന്നയാളാണ് മരിച്ചത്. സുമതിയും കുടുംബവും താമസിച്ചിരുന്ന വീട് ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. ഭര്‍ത്താവ് രവിയും മകനും രക്ഷപ്പെട്ടു. എൻഡിആർഎഫ് സേനാംഗങ്ങളും തൊടുപുഴ മൂലമറ്റം ഫയർ ഫോഴ്‌സ് സേനാംഗങ്ങളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മണ്ണിടിഞ്ഞത്. കനത്ത മഴയെ തുടർന്ന് രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ജെസിബിയും ഹിറ്റാച്ചിയും ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തെരച്ചിൽ.ഇടുക്കി കോലാഹലമേട്ടിൽ മണ്ണിടിച്ചിലിൽ കാണാതായ വൈക്കം സ്വദേശി പ്രഭാകരനായി തിരച്ചിൽ പുരോഗമിക്കുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ബന്ധു ലീലാമണി രക്ഷപ്പെട്ടു.കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണം സ്ഥിരീകരിച്ചു. മണപ്പാട്ട് ജോണിയുടെ മകനാണ് മരിച്ചതെന്നാണ് വിവരം. ജോണിയുടെ ഭാര്യയും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. മലയില്‍ നിന്ന് ഉരുള്‍ പൊട്ടി വരികയായിരുന്നുവെന്ന് പ്രദേശവാസിയായ മനീഷ് പറഞ്ഞു. മുണ്ടക്കയം കോസ് വേ വെള്ളം കയറി മുങ്ങി. പലയിടത്തും വീടുകളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗത തടസമുണ്ടായി. ഇടുക്കി ഏലപ്പാറയിലും വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്.

പത്തനംതിട്ടയില്‍ പെയ്ത കനത്ത മഴയില്‍ കോന്നി നെല്ലിക്കാപാറയില്‍ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സീതത്തോട് വീടുകളില്‍ വെള്ളം കയറി.കക്കാട്ട് ആറിലെ ജലനിരപ്പ് ഉയര്‍ന്നു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നു. പേട്ട ജംഗ്ഷന് സമീപം വെള്ളം കയറി. മാമുക്ക് ചെറിയ പാലത്തിന് സമീപം വെള്ളമെത്തി.ഇട്ടിയപ്പാറയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.അതേസമയം, സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി.

അതിശക്തമായ മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

0

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറിയതിനാൽ ദേശീയപാത വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ജലാശയങ്ങളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. മലയോര മേഖലയിലെ പുഴകളിലും തോടുകളും കര കവിഞ്ഞ് ഒഴുകുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് 01/08/2026 (ശനി) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പി.എസ്.സി പരീക്ഷകളും സർവകലാശാല പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട് ജില്ലയിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കും: ആഘോഷങ്ങൾ ഓഗസ്റ്റ് 24 മുതൽ 30 വരെ

0

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ തീരുമാനം. ഓഗസ്റ്റ് 24 മുതല്‍ 30 വരെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും ധാരണയായി. രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കാനും പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം ഒരുക്കും. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ അണിനിരക്കുന്ന മത്സരം താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുക. ഓരോ താലൂക്കില്‍നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് വീതം ടീമുകളുടെ പൂക്കളങ്ങള്‍ ജില്ലയില്‍നിന്നുള്ള പ്രത്യേക ജഡ്ജിങ് പാനല്‍ വിലയിരുത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ പെരുമ നിലനിര്‍ത്തുന്ന രീതിയില്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കണമെന്നും പരിപാടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു, കെ.കെ രമ, കെ.എം അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, സബ് കലക്ടര്‍ ഗൗതം രാജ്, അസി. കലക്ടര്‍ മാളവിക ജി നായര്‍, കോഴിക്കോട് സിറ്റി അഡീഷണല്‍ എസ്.പി സുനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ സംഘാടനത്തിനായി റവന്യൂ വകുപ്പ് മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയില്‍നിന്നുള്ള എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പറേഷന്‍ മേയര്‍, മുന്‍ മന്ത്രിമാരായ എം.കെ മുനീര്‍, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ടി.പി രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വ്യവസായി പി.വി ചന്ദ്രന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും അഡ്വ. കെ ജയന്ത് എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ജനറല്‍ കണ്‍വീനറും ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറിയും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുമായ പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ കോ-ഓഡിനേറ്റര്‍മാരുമായി വിപുലമായ സംഘാടക സമിതിയും യോഗത്തില്‍ രൂപീകരിച്ചു.