കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ മൂന്നാം തവണയും നിരക്കു വർധിപ്പിച്ചു. 5 രൂപ മുതൽ 25 രൂപ വരെയാണു വർധന. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ പാസിന്റെ നിരക്ക് 350 രൂപയിൽ നിന്നു 360 രൂപയാക്കി. ടോൾ ഏജൻസി മാറിയിട്ടുണ്ട്. ഹുലെക്കു പകരം സ്കൈലാർക്കിനാണ് 3 മാസത്തേക്കു ചുമതല. ഹുലെ, വെട്ടിച്ചിറയിൽ തുടരും. വാർഷിക ഫാസ്റ്റാഗ് തുക മൂന്നു മാസം മുൻപ് 3075 രൂപയാക്കിയിരുന്നു. ഫാസ്റ്റാഗ് ഇല്ലാത്തവർ യുപിഐ വഴി പണം അടയ്ക്കുമ്പോൾ, 25% അധിക തുക അടയ്ക്കേണ്ടി വരും.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി; മാവിന്‍കൊമ്പില്‍ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെ കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്ത് രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് പാലത്തിന് മുകളിലൂടെ ശക്തമായി വെള്ളം ഒഴുകുന്നതിനിടെയാണ് അപകടമുണ്ടായത്.വെള്ളത്തിന്റെ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവർ സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. മാമ്പുഴയില്‍ നിന്ന് വരുന്ന ഈ തോട്ടില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലായിരുന്നു. പുലര്‍ച്ചെ ശക്തമായ മഴയും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.ഓട്ടോറിക്ഷ ഓടിച്ചിരുന്ന കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. മാവിന്‍കൊമ്പില്‍ പിടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. സാരമായ പരിക്കുകള്‍ ഒന്നുമില്ല. ഓട്ടോയില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും, ആളപായം ഇല്ലാത്തതിനാല്‍ അവര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാട് സംഭവിച്ചു.മഴ ശക്തമായ സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും പാലങ്ങളിലൂടെയും യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51ഗ്രാം മയക്കുമരുന്ന്; വയനാട്ടില്‍ 16കാരനടക്കം നാലുപേര്‍ പിടിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 51.350 ഗ്രാം എംഡിഎംഎ യുമായി 4 പേര്‍ പിടിയില്‍. ബി വിഷ്ണു (30), മുഹമ്മദ് അന്‍സില്‍ (21), 16 വയസ്സുകാരന്‍, കൂടാതെ ഗുണ്ടല്‍പെട്ടില്‍ വച്ച് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട സി.എസ് അമല്‍(33) എന്നിവരെയാണ് പിടികൂടിയത്.
മുത്തങ്ങയില്‍ ഗേറ്റ് അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ പരിശോധിക്കുന്നതിനിടെ, അതിലുള്ളവരുടെ പരിഭ്രമം കണ്ട് ദേഹപരിശോധന നടത്തുന്നതിനിടെ വിഷ്ണുവിന്റെ മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയിയിലായിരുന്നു എംഡിഎംഎ. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ അജികുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
വാഹന മോഡിഫിക്കേഷൻ: നിയമങ്ങളിൽ ഇളവ് വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം പറയാം; സർവേയുമായി എംവിഡി
വാഹനപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുകൾ വരുത്തുമെന്നത്. യു.ഡി.എഫ് സർക്കാറിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായിരുന്നു ഇത്. ഭരണത്തിലെത്തിയതിന് ശേഷം, അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒഴിച്ച് ബാക്കിയുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും, ആദ്യഘട്ടമായി ചില ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ മോഡിഫിക്കേഷൻ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തണോ എന്ന കാര്യത്തിൽ പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും നേരിട്ടുള്ള അഭിപ്രായം തേടുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി വിപുലമായ ഒരു ജനകീയ സർവേ നടത്താൻ എം.വി.ഡി തീരുമാനിച്ചിട്ടുണ്ട്. മോഡിഫിക്കേഷൻ നിയമങ്ങൾ ലഘൂകരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും, സുരക്ഷാ കാരണങ്ങളാൽ അതിനെ എതിർക്കുന്നവർക്കും ഒരുപോലെ ഈ സർവേയിലൂടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.സർവേയിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾപൊതുജനങ്ങളുടെ പ്രതികരണം അറിയാനായി പ്രധാനമായും ഒൻപത് തരം മോഡിഫിക്കേഷനുകളെക്കുറിച്ചാണ് എംവിഡി സർവേയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്താൻ സാധ്യതബോഡി ഡിസൈനിലെ മാറ്റങ്ങൾ: വാഹനത്തിന്റെ ആകൃതിയിലും ഘടനയിലും വരുത്തുന്ന മാറ്റങ്ങൾ.
എൻജിൻ പെർഫോമൻസ്: എൻജിന്റെ ശേഷി കൂട്ടുന്നതിനായി വരുത്തുന്ന മാറ്റങ്ങൾ.ബ്രേക്കിങ് സിസ്റ്റം: വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനം പൊളിച്ചെഴുതുന്നത്.ലൈറ്റിങ് സംവിധാനങ്ങൾ: ആകർഷകവും വലിപ്പമേറിയതുമായ എക്സ്ട്രാ ലൈറ്റുകൾ സ്ഥാപിക്കുന്നത്.സൗണ്ട് സിസ്റ്റം: കാതടിപ്പിക്കുന്ന ശബ്ദമുള്ള സ്പീക്കറുകളും വൂഫറുകളും ഘടിപ്പിക്കുന്നത്.
വെറുമൊരു അഭിപ്രായമല്ല; കൃത്യമായ കാരണവും വേണം!ഏതെങ്കിലും മോഡിഫിക്കേഷനുകൾ വേണമെന്ന് വെറുതെ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം കാര്യമായില്ല. അതിന് കൃത്യമായ വിശദീകരണങ്ങൾ കൂടി പൊതുജനങ്ങൾ നൽകേണ്ടതുണ്ട്: ഇത്തരം മോഡിഫൈ ചെയ്ത വാഹനങ്ങൾ ഏത് തരം റോഡുകളിലാണ് (ഓഫ്-റോഡ് / ഹൈവേ / നഗരപാതകൾ) ഓടിക്കാൻ ആഗ്രഹിക്കുന്നത്? ഈ മാറ്റങ്ങൾ വാഹനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയെ ബാധിക്കുമോ? വരുത്തുന്ന മാറ്റങ്ങൾ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാക്കാൻ കാരണമാകുമോ?തുടങ്ങിയ പ്രധാന ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്. സർവേയിലൂടെ ലഭിക്കുന്ന പൊതുജന അഭിപ്രായങ്ങൾ കൃത്യമായി ക്രോഡീകരിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ടായി കൈമാറും. തുടർന്ന് മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും വിഷയത്തിൽ അന്തിമ ഉത്തരവിറക്കുക.
https://forms.gle/RTfZFtS1KqRz5pFY8കേരള മോട്ടോർ വാഹന വകുപ്പ്, വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും, അവയുടെ നിയമസാധുതകൾ പരിശോധിക്കുന്നതിനുമായി നടത്തുന്ന സർവേയാണിത്. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുതന്നെ, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ സഹായിക്കും. ഇതോടൊപ്പമുള്ള ലിങ്കു വഴി/ QR കോഡ് സ്‌കാൻ ചെയ്ത് ഈ സർവേയിൽ പങ്കെടുക്കാവുന്നതാണ്.https://forms.gle/RTfZFtS1KqRz5pFY8
ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ആട്ട ഒന്‍പത് രൂപാ നിരക്കിലും ലഭിക്കും. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. നീല കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപയ്ക്കും രണ്ട് കിലോ സ്‌പെഷല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും മൂന്ന് കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും. വെള്ള കാര്‍ഡിന് ഏഴ് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്പെഷല്‍ വിഹിതമായി രണ്ട് കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാര്‍ഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ഇതിനുപുറമേ വെള്ള, നീല, തവിട്ട് കാര്‍ഡുകള്‍ക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി 26 രൂപ നിരക്കില്‍ ഈ മാസം 10 മുതല്‍ ലഭിക്കും.
കോഴിക്കോട് താലൂക്കിൽ അഞ്ചുക്യാമ്പുകൾ തുടങ്ങി
കോഴിക്കോട് : ഇടതടവില്ലാതെപെയ്ത മഴയിൽ നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. ചിലയിടങ്ങിൽ വീടുകളിൽ വെള്ളംകയറി. ശക്തമായ കാറ്റിൽ മരംപൊട്ടിവീണു. കോഴിക്കോട് താലൂക്കിൽ അഞ്ചു ക്യാമ്പുകൾ തുടങ്ങി. ക്യാമ്പുകളിൽ 105 പേരുണ്ട്.കോട്ടൂളി പറയഞ്ചേരി ഭാഗങ്ങളിൽ റോഡിൽ മുട്ടറ്റം വെള്ളംകയറി. ഇത് ഏറെനേരം ഗതാഗതക്കുരുക്കിന് കാരണമായി. കൊമ്മേരി, മാവൂർ റോഡ്, സ്റ്റേഡിയം ജങ്ഷൻ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. പാലാഴി അത്താണിക്കൽ എം.എൽ.എ. റോഡ് ജങ്ഷനിൽ റോഡ് വെള്ളത്തിലായി. കടകളിൽ വെള്ളംകയറുന്ന സ്ഥിതിയായിരുന്നു. തടമ്പാട്ടുതാഴം, കക്കോടി ഭാഗങ്ങളിലെല്ലാം പ്രയാസമുണ്ടായി. കോവൂർ ഇരിങ്ങാടൻപള്ളി റോഡിലും മീഞ്ചന്ത മില്ലത്ത്‌കോളനി ഭാഗത്തും ഏതാനുംവീടുകളിൽ വെള്ളംകയറി. ചേവരമ്പലം ചെമ്മച്ചേരിത്താഴത്തും ആറുവീടുകളിൽ വെള്ളംകയറി. ദേശീയപാതയ്ക്കുസമീപം പാച്ചാക്കൽ മമ്മിളിത്താഴം ഭാഗത്ത് വെള്ളംകയറി.
മതിലിടിഞ്ഞു, കിണർതാഴ്ന്നുപെരുവയൽ പഞ്ചായത്തിലെ മുണ്ടക്കലിൽ കാങ്ങോശ്ശേരി ജിൻസിയുടെ വീടിന്റെ മുകളിലേക്ക് തൊട്ടടുത്ത പറമ്പിലെ മതിൽക്കെട്ടിടിഞ്ഞുവീണു. വീടിന്റെ ചുമരുപൊട്ടുകയും പൈപ്പുകൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തു.കുണ്ടൂപ്പറമ്പ് തിരുത്തിക്കുന്നത് ബാബുവിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഒന്നരയടിയോളമാണ് താണത്. വീട്ടുകാരോട് മാറിത്താമസിക്കാൻ വില്ലേജ് ഓഫീസിൽ നിർദേശം നൽകി. മലാപ്പറമ്പ് പ്രോവിഡൻസ് കോളേജിനുസമീപം റീജണൽ ഫാമിലി വെൽഫെയർ സ്റ്റോർ കെട്ടിടത്തിനുമുകളിൽ മരം വീണു.പ്രളയക്കെടുതിയിലകപ്പെട്ട് മലയോരം. ഇടമുറിയാതെ തിമിർത്തുപെയ്ത മഴയിൽ പ്രളയക്കെടുതിയിലകപ്പെട്ട് മലയോരം. ഇരുവഴിഞ്ഞിപ്പുഴയും കൈവഴികളും കരകവിഞ്ഞൊഴുകിയതോടെ റോഡുകളിൽ വെള്ളം കയറി. പല സ്ഥലങ്ങളിലും ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. വിവിധ പാലങ്ങൾ വെള്ളത്തിനടിയിലായി.
പുഴയോരങ്ങളിലെ വീടുകളിൽ വെള്ളം കയറിതോടെ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. ഇരുവഴിഞ്ഞിപ്പുഴയിലും പൊയിലിങ്ങാപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. തിരുവമ്പാടി-മറിപ്പുഴ റോഡിലെ മുത്തപ്പൻപുഴ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സമീപത്ത് പുതുക്കിപ്പണിയുന്ന പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കക്കുണ്ട് തോട്ടിൽ ജലവിതാനം കുത്തനെ ഉയർന്ന് തിരുവമ്പാടി കറ്റിയാട് വെള്ളം കയറിയതിനാൽ കോടഞ്ചേരി, പുല്ലൂരാംപാറ റൂട്ടിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.താഴെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങി. പുല്ലൂരാംപാറ പള്ളിപ്പടി കുറ്റിയാനിക്കൽ പയസ്സിന്റെയും കൈതോട്ടുപറമ്പിൽമുഹമ്മദിന്റെയും കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. കൂടരഞ്ഞി പഞ്ചായത്തിലെ കൽപ്പൂര്, കൂട്ടക്കര, കുളിരാമുട്ടി, പൂവാറൻതോട് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളംകയറി. കുളിരാമുട്ടി പാലവും പൂവാറൻതോട് പള്ളിപ്പാലവും വെള്ളത്തിൽ മുങ്ങി. മഞ്ഞപ്പൊയിലിൽ മണ്ണിടിച്ചിലുണ്ടായി. മഞ്ഞക്കടവ് വസന്ത രാജന്റെ വീട് ഭാഗികമായി തകർന്നു. അഷറഫിന്റെ വീടിന് കേടുപാടുപറ്റി. കോലോത്തുംകടവ് തീരത്ത് ചായംപുറത്ത് മനോജിന്റെ കിണർ ഇടിഞ്ഞു. പൂവാറൻതോട് ഒഴുകയിൽ ദാമോദരന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ ഹോം സ്‌റ്റേകളും റിസോർട്ടുകളും അടച്ചിടാനും എല്ലാവിധ നിർമാണ പ്രവൃത്തികളും നിർത്തിവെക്കാനും നിർദേശിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മലയോരത്തെത്തുന്ന വിനോദസഞ്ചാരികൾ അതീവജാഗ്രത പാലിക്കണം
വൈദ്യുതി സംബന്ധമായ പരാതികൾ, അപകടസാധ്യതകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ 1912അടിയന്തരമായി KSEB യെ അറിയിക്കേണ്ടതാണ്
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ പരാതികൾ, അപകടസാധ്യതകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ അടിയന്തരമായി KSEB യെ അറിയിക്കേണ്ടതാണ്.ശ്രദ്ധിക്കുക തകരാറിലായ ലൈനുകൾ, പൊട്ടിവീണ കമ്പികൾ, ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ കാണുകയാണെങ്കിൽ ഒരു കാരണവശാലും അടുത്ത് പോവുകയോ തൊടുകയോ ചെയ്യരുത്. ഉടൻ തന്നെ കെ എസ് ഇ ബി യിൽ വിവരം അറിയിക്കേണ്ടതാണ്
വടക്കൻ കേരളത്തിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശം; മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യത.
കോഴിക്കോട്: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ അതിതീവ്ര കാലാവസ്ഥയ്ക്ക് (Extremely Severe Alert) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 2, പുലർച്ചെ 04:00 മണി മുതലാണ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നത്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജാഗ്രതാ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ശക്തമായ മഴ: ജില്ലകളിലെ സ്ഥിതി വിലയിരുത്തി, ജാഗ്രതാ നിർദേശം നൽകി മന്ത്രി കെ മുരളീധരൻ
ശക്തമായ മഴയെ തുടർന്നുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം മന്ത്രി കെ മുരളീധരൻ. ഏത് സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറോട് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും (ഡി.എം.ഒ) എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും (ഡി.പി.എം) അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആവശ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഏകോപനം ഉറപ്പാക്കാനും നിർദ്ദേശിച്ചു.ഇന്ന് രാവിലെ 11ന് ഓൺലൈനായി ആരോഗ്യവകുപ്പ് ഡയറക്ടർ വിളിച്ചുചേർത്ത ഡി.എം.ഒ, ഡി.പി.എംമാരുടെ യോഗത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ക്രമീകരണം നടത്താൻ നിർദ്ദേശം നൽകി.
താഴ്ന്ന മേഖലകളിൽ സ്ഥിതി ചെയ്യുന്ന വെള്ളപ്പൊക്ക ഭീഷണിയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ഉപകരണങ്ങളും മരുന്നുകളും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. ആരോഗ്യപ്രവർത്തകരും ആംബുലൻസും സജ്ജമായിരിക്കണം. ഒഴിവാക്കാനാകാത്ത അടിയന്തരാവശ്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പോയിട്ടുള്ള ജീവനക്കാരെ തിരികെ വിളിക്കും. മഴക്കാലക്കെടുതി മുൻനിർത്തിയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാർ പൊതുജനങ്ങളോട് ഇടപെടുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ഉറപ്പുവരുത്തേണ്ടതാണ്. ടെറ്റനസ് ഇഞ്ചക്ഷൻ, ഒസൾട്ടാമിവീർ ഗുളിക, ഒ.ആർ.എസ്, ഡോക്‌സിസൈക്ലിൻ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. കടുത്ത ജലദോഷം, ചുമ, ശ്വാസം മുട്ട് എന്നിവയുള്ള രോഗികൾക്ക് ഒസൾട്ടാമിവീർ മരുന്ന് നൽകേണ്ടതാണ്. ജലദോഷ ലക്ഷണങ്ങളുള്ള എല്ലാ ഗർഭിണികൾക്കും ഒസൾട്ടാമിവീർ മരുന്ന് നിർബന്ധമായും നൽകണം.ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എലിപ്പനി മുൻകരുതൽ മരുന്ന് നൽകേണ്ടതാണ്. പാമ്പുകടിക്കും പേവിഷബാധയ്ക്കും എതിരെയുള്ള കുത്തിവെപ്പുകൾ നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രികൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ വാക്സിനുകൾ നിർബന്ധമായും നൽകണം. ഇതിനുള്ള മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്തേണ്ടതാണ്. ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പടർന്നു പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന രോഗികൾ അതിനും മുടക്കം വരുത്തരുത്.
ജില്ലാതലത്തിലും ആരോഗ്യ സ്ഥാപനത്തിലും റാപ്പിഡ് റെസ്‌പോൺസ് സെൽ രൂപീകരിക്കണം. ക്യാമ്പിൽ ജലദോഷവും പനിയുമുള്ളവർക്ക് മാസ്‌ക് നൽകണം. അതോടൊപ്പം തന്നെ ഇവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യവും കണ്ടെത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇതിന് ബ്ലീച്ചിംഗ് പൗഡറോ, ക്ലോറിൻ ടാബ്ലറ്റുകളോ, ക്ലോറിൻ ലിക്വിഡോ ഉപയോഗിക്കാം.ക്യാമ്പുകളിൽ താമസിക്കുന്ന ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യം വേണ്ട പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ നൽകേണ്ടതാണ്. ആശുപത്രികളിൽ സംഭരിച്ചിരിക്കുന്ന എല്ലാ വാക്‌സിനുകളുടെയും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ വാക്സിൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതാണ്.സ്ഥാപനങ്ങളിലെ പവർ ബാങ്കുകളും ഇൻവർട്ടുകളും മുഴുവനായി ചാർജ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് ആറ്റിയതും ഭക്ഷണം അടച്ച് സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം മൂലം നിരവധി പകർച്ചവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ അവയ്‌ക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കേണ്ടതാണ്. നടപടികളിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായും റവന്യൂ വകുപ്പുമായും ഏകോപനം ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങൾക്കുള്ള കൂടുതൽ മാർഗ്ഗനിർദേശങ്ങൾ https://dhs.kerala.gov.in/en/animal-bite/ എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.
ഓപ്പറേഷൻ തൂഫാൻ: 25 പേർ കൂടി അറസ്റ്റിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 8908
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 20 കേസുകളിലായി 25 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8278 ആയി ഉയർന്നു. ആകെ 8908 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6691.126 ഗ്രാം എം.ഡി.എം.എ.യും 784.244 കി.ഗ്രാം കഞ്ചാവും 296.657 ഗ്രാം ഹെറോയിനും 4698.749 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 11 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ടു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഏഴു കേസുകളും കോട്പ (COTPA) പ്രകാരം 25 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 6.680 ഗ്രാം എം.ഡി.എം.എയും 0.196 കി.ഗ്രാം കഞ്ചാവും 1.40 ഗ്രാം ഹെറോയിനും 8.12 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 74 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8343 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 484 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6139 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. #keralapolice #statepolicemediacentre



