പുല്ലാളൂർ: ലോകകപ്പ് ആവേശത്തിന്റെ നിറങ്ങളിൽ നാടും നഗരവും കൂറ്റൻ ഫ്ലക്സുകളും ബോർഡുകളും പതാകകളും ഉയർത്തി ആഘോഷിക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആഘോഷത്തിനായി മാറ്റിവെച്ചിരുന്ന തുക അത്താണിക്ക് കൈമാറി പാസ്ക് ആർട്സ് & സ്‌പോർട്സ് ക്ലബ് വെള്ളാട്ടുമ്മൽ താഴം (പുല്ലാളൂർ ) ക്ലബ്ബ് പ്രതിനിധികളായ ഇബ്രാഹിംകുട്ടി എ.കെ., ജംഷീർ യു., ഫായിസ് യു.പി., സഫ്‌വാൻ, ഷഹീൽ എന്നിവർ നരിക്കുനിയിലെ അത്താണി സന്ദർശിച്ച് തുക കൈമാറി.കായിക ആവേശത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കൈകോർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ലഹരി; വയനാട് സ്വദേശിയായ മോഡല്‍ അറസ്റ്റിൽ.
മുംബൈ: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍.മാനന്തവാടി പുതുശ്ശേരി സ്വദേശിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. 11 കിലോ വരുന്ന ഉയര്‍ന്ന നിലവാരമുളള ‘ഹൈഡ്രോപോണിക് മരിജുവാന’യാണ് കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലിറങ്ങിയ ഹര്‍ഷയെ പതിവ് പരിശോധനയ്ക്കിടെ സംശയാസ്ദപദമായ പെരുമാറ്റം കണ്ടതോടെ മുംബൈ വിമാനത്താവളത്തില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് ഹര്‍ഷ ജൂണ്‍ പത്തിന് അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഹര്‍ഷ സണ്ണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അവരെ തടയുകയായിരുന്നു. ഹര്‍ഷയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് വാക്വം സീല്‍ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈ ക്വാളിറ്റി ഹൈഡ്രോപോണിക് മരിജ്വാനയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വീണ്ടും തെരുവുനായ ആക്രമണം: തിരുവനന്തപുരത്ത് വയോധികയെ തെരുവുനായ വീടിനുള്ളിൽ കയറി ആക്രമിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വയോധികയെ തെരുവുനായ ആക്രമിച്ചു. പനി ബാധിച്ച് വീടിനുള്ളില്‍ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. നായ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെയാണ് നായ അകത്ത് കയറിയത്. നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ നായ കൈയ്യില്‍ കടിക്കുകയായിരുന്നു.പരിക്കേറ്റ വയോധികയെ തിരുനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലമ്പലം കരവാരത്ത് മറ്റു നാല് പേരെയും തെരുവുനായ ആക്രമിച്ചിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം. ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.
കെ.എം.ബഷീർ മാധ്യമ പുരസ്‌കാരം മുഹമ്മദ് അനീസിന്.
കോഴിക്കോട് ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ സ്മരണാർഥം മർകസ് അലമ്‌നൈ ഏർപ്പെടുത്തിയ 2026ലെ മാധ്യമ പുരസ്‌കാരം (20,001 രൂപ) മലയാള മനോരമ കോ ഓർഡിനേറ്റിങ് എഡിറ്റർ (കണ്ണൂർ) മുഹമ്മദ് അനീസിന്. 14ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അലമ്‌നൈ ഡെലിഗേറ്റസ് കോൺക്ലേവിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പുരസ്കാരം സമ്മാനിക്കും
സൗജന്യയാത്ര തിങ്കളാഴ്ച രാവിലെ 8.30 മുതൽ; ഈ സ്റ്റിക്കർ നോക്കി കയറിയാൽ മതി; സൗജന്യം 3125 ബസുകളിൽ.
തിരുവനന്തപുരം∙ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകള്‍ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. ലാഭനഷ്ടക്കണക്കിന്റെ കള്ളിയില്‍ ചുരുക്കിക്കാണേണ്ട പദ്ധതിയല്ല ഇതെന്നും സ്ത്രീകള്‍ക്ക് അവരുടെ കൂലി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍വഹിക്കുന്നത്. ആദ്യ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
8.30ന് ശേഷമായിരിക്കും സ്ത്രീകള്‍ക്കു സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുക. ടൗണ്‍ ടു ടൗണ്‍ ഉള്‍പ്പെടെ ഓര്‍ഡിനറി എന്നെഴുതിയ എല്ലാ ബസുകളിലും സൗജന്യം ലഭിക്കും. സിറ്റി ഫാസ്റ്റില്‍ സൗജന്യം കിട്ടില്ലെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെ കുറച്ചു ദൂരം ആദ്യ സര്‍വീസില്‍ യാത്ര ചെയ്യും. പ്രത്യേകം കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ റജിസ്‌ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും. ആദ്യഘട്ടത്തില്‍ 3125 ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെഎസ്ആര്‍ടിസിയുടെ ചുമലില്‍ വയ്ക്കില്ല.
സര്‍ക്കാര്‍ ഗ്രാന്റായി പണം നല്‍കും. ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകള്‍ കൃത്യമായി അറിയാന്‍ എല്ലാ സ്ത്രീകള്‍ക്കും സീറോ ടിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ധനപരമായി നഷ്ടമാണെന്നു തോന്നുമെങ്കിലും സ്ത്രീകള്‍ മിച്ചംവയ്ക്കുന്ന പണം വിപണിയിലേക്കു തന്നെ എത്തുന്നത് സാമ്പത്തികരംഗത്തിനു നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പരസ്യങ്ങള്‍ നല്‍കുകയും ബസുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയും ചെയ്യും. ഇപ്പോഴുള്ള 58 ഗ്രാമവണ്ടികള്‍ 500 ആക്കി ഉയര്‍ത്തും. ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വികസനസമിതി രൂപീകരിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്.
സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തു വര്‍ഷം മുന്‍പ് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ 30000 ബസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് പതിനായിരത്തില്‍ താഴെയാണ്. സ്വകാര്യബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അവരോട് ഒരു ശത്രുതയുമില്ല. അവരെ നശിപ്പിക്കുക എന്നുള്ള ലക്ഷ്യം കെഎസ്ആര്‍ടിസിക്കോ ഗവണ്‍മെന്റിനോ ഇല്ല. ഒപ്പം തിരിച്ചും പാടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി റൂട്ട് റിസര്‍ച്ച് നടത്തി ആ റൂട്ടുകളിലേക്കു സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി ട്രക്കുകളുടെ പുകപരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ.
തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മന്ത്രി ശക്തമായ മറുപടി നൽകി. സർവകലാശാലകളിലെ ഇത്തരം അനാവശ്യ ഇടപെടലുകൾക്ക് തുടക്കമിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്.
സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എൽഡിഎഫ് സർക്കാരാണെന്നും, ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതോടെ അത്തരം സമരങ്ങൾ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ ഫലം പൂർണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കൂ. പ്രവേശന നടപടികൾ വൈകുന്നത് മറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന കുറ്റ്യാടി സ്വദേശിയായ പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു.
പെരിന്തൽമണ്ണ:ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നു കളഞ്ഞു. നിരവധി കേസുകളിലെ പ്രതിയായ മരുതാങ്കര കുറ്റ്യാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീറാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.ജയിലിന് മുന്നിൽ വച്ചാണ് വിലങ്ങുമായി പ്രതി രക്ഷപ്പെട്ടത്. എംഡിഎംഎയുമായി കഴിഞ്ഞ ദിവസമാണ് അമീർ പൊലീസിന്റെ പിടയിലാകുന്നത്. പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ, ജയിലിന്റെ മുന്നിൽ നിന്ന് ഇയാൾ ചാടിപ്പോവുകയായിരുന്നു. പൊലീസ് പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
കരിപ്പൂർ സ്വർണ്ണം പൊട്ടിക്കൽ; ഒരേസമയം വെട്ടിച്ചത് 5 ക്വട്ടേഷൻ സംഘങ്ങളെ; കാരിയറും കൂട്ടാളിയും അറസ്റ്റിൽ.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വലിയ സ്വർണ്ണക്കവർച്ചാ ആസൂത്രണ കേസിൽ നിർണ്ണായക വഴിത്തിരിവ്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കുപ്രസിദ്ധ സ്വർണ്ണപ്പൊട്ടിക്കൽ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചു കടന്ന മുഖ്യ കാരിയറും ഇയാളുടെ കൂട്ടാളിയും പോലീസ് പിടിയിലായി.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ വിവിധ ക്വട്ടേഷൻ സംഘങ്ങളിൽ പെട്ട 13 പേരെ പോലീസ് പിടികൂടിയിരുന്നു.
പ്രതികൾ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അതീവ രഹസ്യ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ സ്വർണ്ണക്കവർച്ചാ സംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് കാരിയറായ സൽമാൻ സാലിഹ് തന്ത്രപരമായി മുങ്ങിയത്. സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി.
കേസിൽ ഉൾപ്പെടുകയും നിലവിൽ ഒളിവിൽ പോകുകയും ചെയ്ത മറ്റ് രണ്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൽമാൻ സാലിഹ് വിദേശത്ത് നിന്നും കൊണ്ടുവരുന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണം വിമാനത്താവളത്തിന് പുറത്തുവെച്ച് തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്.കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ പ്രാദേശിക-സംസ്ഥാന ക്വട്ടേഷൻ സംഘങ്ങളിൽ പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാരിയറായ സൽമാന് സ്വർണ്ണം സുരക്ഷിതമായി തങ്ങൾക്ക് കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കൽ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നത്.
കുപ്രസിദ്ധ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങൾക്ക് നൽകാൻ സൽമാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വലിയ വാഗ്ദാനവും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും ഒരേസമയം വെട്ടിച്ച് സൽമാൻ സ്വന്തം സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായും ഒളിപ്പിച്ചുവെച്ചിരിക്കുന്ന വലിയ അളവിലുള്ള സ്വർണ്ണം കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പാകുന്നില്ല; ചുരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് ഭാരവാഹനങ്ങൾ, ഗതാഗതകുരുക്ക് രൂക്ഷം.
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രം നടപ്പായില്ല. ചുരത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിയന്ത്രണം പാലിക്കാതെയാണ് പല ഭാരവാഹനങ്ങളും ചുരത്തിലൂടെ കടന്നുപോകുന്നത്. നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. ഭാരവാഹനങ്ങൾ സമയക്രമം പാലിക്കാതെ ഏതുസമയത്തും ചുരത്തിലൂടെ പായുന്നത് ഗതാഗത കുരുക്കിന് കാരണമായിത്തീരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വന്ന മൾട്ടി ആക്സിൽ ലോറി നവീകരണ പ്രവൃത്തി നടക്കുന്ന 6ാം വളവിൽ കുടുങ്ങിയിരുന്നു ഇതോടെ അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്.
സ്ഥലത്ത് പോലീസ് ഇല്ലാതിരുന്നതിനാൽ വാഹനങ്ങളിൽ നിന്നും ആളുകൾ തന്നെ പുറത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തും ലക്കിടിയിലും പോലീസ് പരിശോധന ഇല്ലാത്തതുമൂലമാണ് ഇത്തരത്തിൽ ഭാരവാഹനങ്ങൾ ചുരത്തിൽ സമയക്രമം പാലിക്കാതെ കയറിയിറങ്ങുന്നത്.രാവിലെ ആറുമണി മുതൽ രാത്രി എട്ടുമണി വരെ രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തിലൂടെ യാത്രാനുമതി ഉണ്ടായിരിക്കില്ല എന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കിയിരുന്നു.
കാലവർഷം അവസാനിക്കുന്നതുവരെയോ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ അനാസ്ഥ മൂലം ഈ നിയന്ത്രണം നടപ്പിലാക്കാതെ പോകുകയാണ്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 6ാം വളവിൽ മണ്ണു കല്ലും ഇടിച്ചിട്ടതിനെ തുടർന്ന് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമാണ് ഇപ്പോൾ വളവിലൂടെ പോകാൻ കഴിയുന്നത്. അവിടെ മൾട്ടി ആക്സിൽ വാഹനങ്ങൾ വളവുതിരിഞ്ഞു പോകുന്നത് ഏറെ പ്രയാസമാണ്. വിലക്കേർപ്പെടുത്തിയ വാഹനങ്ങൾ ത്രി കൂട്ടത്തോടെ കടത്തിവിടുന്നതും ചുരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.നവീകരണ പ്രവൃത്തി കഴിയും വരെ ദിവസം മുഴുവൻ ചുരത്തിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് പരിക്ക്.
താമരശ്ശേരി: അമ്പായത്തോട്ടിൽ ദേശീയപാത 766-ൽ (കോഴിക്കോട്-കൊല്ലഗൽ റോഡ്) മരക്കൊമ്പ് ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. പുതുപ്പാടി കൃഷി ഓഫീസിലെ അസിസ്റ്റന്റ്, മാടത്തുപുറായി സ്വദേശി ഷിജിലിനാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9:30-ഓടെയായിരുന്നു സംഭവം.അടിവാരത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷിജിലിന്റെ ബൈക്കിന് മുകളിലേക്ക് റോഡരികിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.
മരക്കൊമ്പ് വീഴുന്നത് കണ്ട് നിയന്ത്രണം വിട്ട മറ്റൊരു കാർ സമീപത്തെ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ഭാഗ്യവശാൽ തട്ടുകട അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിന്റെ ആഘാതത്തിൽ കാറിനും സമീപത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനും സാരമായ കേടുപാടുകൾ സംഭവിച്ചു.അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരുടെ സുരക്ഷയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.



