spot_img
Thursday, June 25, 2026
Home Blog Page 507

മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി; പൊലീസ് അകമ്പടിയില്ല, കൊല്ലത്ത് താമസിക്കാം

0

ന്യൂഡൽഹി∙ കേരളത്തിലേക്ക് പോകാനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാൻ കോടതി അനുവദിച്ചു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും കോടതി നിർദ്ദേശിച്ചു.

ഇത്തവണ കേരളത്തിലേക്കു പോകാൻ അനുമതി നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശിച്ചിട്ടില്ല. കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ കോടതി നടപടികളിൽ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. മാത്രമല്ല മഅദനിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടിൽ പോയി താമസിക്കാൻ മഅദനിക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാൽ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും, പിതാവിനെ കാണാനാകാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേൽനോട്ടം കേരള പൊലീസിനെ ഏൽപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ആവശ്യപ്പെട്ടു. കർണാടക സർക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.നേരത്തെ, മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, കർണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലെത്തിയത്. അന്ന് കേരളത്തിലെത്തിയതിനു പിന്നാലെ അസുഖബാധിതനായിതിനെ തുടർന്ന് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല. ബെംഗളൂരുവിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് വീണ്ടും കേരളത്തിലേക്കു പോകാൻ അനുമതി തേടി മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.

പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി

0

കാസർഗോഡ് അംഗാടി മുഗർ ഗവൺമെന്റ് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ സ്‌കൂൾ വിട്ടുപോകുന്ന വേളയിൽ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട സംഭവത്തിൽ സ്‌കൂളിലെ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലം മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സർക്കുലർ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി. ഇ., പ്രഥമാധ്യാപികയായ ഷീബ ബി എന്നിവരെയാണ് സ്ഥലം മാറ്റിയത്. മഞ്ജു വി.ഇ യെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും ഷീബ ബി യെ ജി.എച്ച്.എസ്.എസ്. ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയിരിക്കുന്നത്.

സെൻട്രൽ ജയിലിലേക്ക് പ്രതികളുമായി പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു, എട്ട് പേർക്ക് പരിക്ക്

0

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്. പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെ പൊലീസുകാര്‍ സഞ്ചരിച്ച ബസ്  ഇന്നോവയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

കാത്തിരിപ്പ് വിഫലം; വയനാട്ടിൽ അമ്മയോടൊപ്പം പുഴയിൽ വീണ 5 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

0

വെണ്ണിയോട്:ഒരു നാട് ഒന്നാകെ പ്രാ‍ർഥനയോടെ കാത്തിരുന്ന ദക്ഷ എന്ന അഞ്ചു വയസ്സുകാരി ഇനി മടങ്ങി വരില്ല. വ്യാഴാഴ്ച വയനാട്ടിലെ വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽനിന്ന് അമ്മയോടൊപ്പം പുഴയുടെ ഓളങ്ങളിൽ കാണാതായ ദക്ഷയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. പുഴയിൽ വീണ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ.

വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ആണ് മകൾ ദക്ഷയുമായി കഴിഞ്ഞ ദിവസം പുഴയിലേക്ക് ചാടിയത്. ദർശനയെ അന്നു തന്നെ സമീപവാസിയായ യുവാവ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങിയിരുന്നു. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.ഇരുവരും പുഴയിൽ വീണ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ അഗ്നിരക്ഷാസേന, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പനമരം സിഎച്ച് റെസ്ക്യു ടീം, തുർക്കി ജീവൻ രക്ഷാ സമിതി, ബെറ്റ് പിണങ്ങോട് റെസ്ക്യു ടീം, പൾസ് എമർജൻസി, ദുരന്ത നിവാരണ സേന തുടങ്ങിയവർ കുഞ്ഞിനായുള്ള തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.

വ്യാഴാഴ്ച 3 മണിയോടെ ആയിരുന്നു വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32), മകൾ 5 വയസ്സുകാരി ദക്ഷയുമായി പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്നു പുഴയിലേക്ക് ചാടിയത്. വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ആയിരുന്നു ഇവർ ചാടിയ സ്ഥലം. ഒഴുക്കിൽപ്പെട്ട ദർശനയെ സമീപവാസിയായ അഖിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ശേഷമാണു കുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്.തുടർന്നു നടത്തിയ തിരച്ചിൽ ശക്തമായ കുത്തൊഴുക്കും വെളിച്ചക്കുറവും കാരണം വൈകിട്ട് 7 മണിയോടെ നിർത്തുകയായിരുന്നു. ഗർഭിണിയായിരുന്ന ദർശന മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു.

ആശുപത്രിയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം

0

അങ്കമാലി :മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ സുഹൃത്തിന്റെ കുത്തേറ്റു യുവതി മരിച്ചു. ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കു കൂട്ടിരിക്കാനെത്തിയ തുറവൂർ ഉതുപ്പുകവല തൈവാലത്ത് ലിജി രാജേഷാണു (41) കുത്തേറ്റു മരിച്ചത്. സുഹൃത്ത് ആലുവ കാസിനോ തിയറ്ററിനു സമീപം തൊണ്ടിയിൽ മഹേഷിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ 2ന് ആശുപത്രിയിലെ നാലാംനിലയിൽ ലിജിയുടെ അമ്മ ലില്ലിക്കായി എടുത്തിരുന്ന മുറിയുടെ വരാന്തയിൽ വച്ചാണു കുത്തേറ്റത്. ഏറെ വർഷങ്ങളായി പരിചയമുള്ള ലിജിയും മഹേഷും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണു കൊലപാതകത്തിൽ കലാശിച്ചത്. സൗഹൃദം തുടരുന്നത് ലിജി നിരസിച്ചതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ലിജിയുടെ ഭർത്താവ് രാജേഷിനു ഖത്തറിലാണു ജോലി. വെൽഡിങ് ജോലി ചെയ്യുന്ന പ്രതി മഹേഷ് അവിവാഹിതനാണ്. മരിച്ച ലിജി മഞ്ഞപ്ര അമ്പാട്ട് പരേതനായ വിജയന്റെയും ലില്ലിയുടെയും മകളാണ്. മക്കൾ: ആദിത്യരാജ്, അതീന്ദ്രരാജ്

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

0

ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.

അടുത്തിടെ യുബിസിയില്‍ നിന്ന് സൗഭ്യ സുരേഷ് ബരുദം നേടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

അഞ്ച് ലക്ഷം രൂപയ്ക്ക് പത്ത് ലക്ഷത്തിന്റെ സ്വര്‍ണം; വന്‍ വ്യാജ വാഗ്ദാനം നല്‍കി കബളിപ്പിച്ചിരുന്ന സംഘം പിടിയില്‍

0

കോഴിക്കോട്: വ്യാജ സ്വർണ നാണയങ്ങൾ നൽകി കബളിപ്പിച്ച കേസിൽ കർണാടക സ്വദേശികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂർ സ്വദേശി കുമാർ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗയിലെ മോഹൻ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. 

വടകര കുരിയാടിയിലെ രാജേഷിനെയാണ് കഴിഞ്ഞ വർഷം പ്രതികൾ വ്യാജനാണയങ്ങൾ നൽകി കബളിപ്പിച്ചത്. പത്ത് ലക്ഷം രൂപയുടെ അഞ്ച് ലക്ഷത്തിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യം കാണിക്കുന്നത് യഥാര്‍ത്ഥ സ്വര്‍ണമായിരിക്കുമെങ്കിലും പിന്നീട് നല്‍കുന്നത് മുഴുവന്‍ വ്യാജമായിരിക്കും. സ്വര്‍ണം വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ വ്യാജമെന്ന് കണ്ടെത്തി പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വടകര പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കേസ് തെളിയിക്കാനായില്ല. 

കർണാടക സംഘം വീണ്ടും തട്ടിപ്പ് നടത്തുന്നതായി മനസിലാക്കിയ രാജേഷ് ആവശ്യക്കാരനായി മറ്റൊരു സുഹൃത്തിനെ ഉപയോഗിച്ച് ബന്ധപ്പെട്ടു. ഇതിനു പിന്നാലെ സംഘം വടകരയിലെത്തുകയും വ്യാജ സ്വർണനാണയങ്ങൾ സുഹൃത്തിനു കൈമാറുമ്പോൾ പൊലീസ് പിടികൂടുകയുമായിരുന്നു. പൊലീസിനെ കണ്ട് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേരെ പിന്നീട് പിടികൂടി. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കബളിപ്പിക്കലിൽ വേറെ ആളുകളും ഇരയായിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

പൊലീസ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു

0

കോഴിക്കോട്: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് നേരെ പ്രതിയുടെ ആക്രമണം, പിന്നാലെ കൈ ഞരമ്പ് മുറിച്ചു; ഹാൻസും കഞ്ചാവും കണ്ടെടുത്തു

0

കോഴിക്കോട്: ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്തീൻ എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.  ഇയാളുടെ പക്കൽ നിന്ന് ഹാൻസും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. ഇയാളുടെ താമസ സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫീസർ മാരായ  രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ്  ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിയെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വ്യാജന്മാരെ ഒഴിവാക്കാന്‍ ട്രൂ കോളറുമായി സഹകരിച്ച് വോഡഫോൺ ഐഡിയ

0

ട്രൂ കോളറുമായി സഹകരിച്ച് വോഡഫോൺ ഐഡിയ. ഉപയോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് ജൂലൈ 13 നാണ്. ഉപഭോക്തൃ സേവന തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ തടയുക, വിശ്വസനീയമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം. കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണം ഈയിടെയായി വർധിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ സ്പാം കോളുകൾ തിരിച്ചറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കാനാണ് ടെലികോം കമ്പനി ട്രൂകോളറുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. കൂടാതെ, ട്രൂകോളർമാർ ഇതിനകം തന്നെ പരിശോധിച്ചുറപ്പിച്ച ബിസിനസ്സ് സൊല്യൂഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. തങ്ങൾക്ക് 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോഞ്ച് ചെയ്‌തതിനുശേഷം ഇത് ഒരു ബില്യണിലധികം തവണ ആളുകൾ ഡൗൺലോഡ് ചെയ്‌തുവെന്നും 2021-ൽ ഏകദേശം 50 ബില്യൺ അനാവശ്യ കോളുകൾ കണ്ടെത്തി കമ്പനി ബ്ലോക്ക് ചെയ്‌തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാസമാണ് പുതിയ കോൾ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളർ എത്തിയത്. ഗൂഗിളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ നീക്കം ചെയ്തിരുന്നു. ഈ ഫീച്ചർ സൗജന്യമല്ല. നിലവിൽ യുഎസിലാണ് ഇത് ലഭ്യമാവുക. 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപയോക്താക്കൾക്കായാണ് എഐ പവർഡ് കോൾ റെക്കോർഡിങ് ഫീച്ചർ ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. കോൾ റെക്കോർഡിങ് കൂടാതെ, പ്ലാറ്റ്‌ഫോം നിങ്ങളുടെ കോളുകളെ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലേക്കും ട്രാൻസലേറ്റ് ചെയ്യും. ഒരു പ്രധാന മീറ്റിംഗിലോ മറ്റെന്തെങ്കിലുമോ പങ്കെടുക്കുമ്പോൾ ഇത് ഗുണം ചെയ്യും. ചർച്ച ചെയ്യപ്പെടുന്നതെല്ലാം ട്രാൻസ്‌ക്രൈബ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ഫീച്ചറിലിപ്പോൾ ഇപ്പോൾ ഇംഗ്ലീഷ് മാത്രമാണ് സപ്പോർട്ട് ചെയ്യുന്നത്. ഈ ഫീച്ചറുകൾ ആപ്പിന്റെ പ്രീമിയം പതിപ്പ് ഉപയോഗിക്കുന്നവർക്കും യുഎസിലുള്ളവർക്കും മാത്രമേ ലഭ്യമാകൂ. വരും മാസങ്ങളിലോ ആഴ്ചകളിലോ ഇന്ത്യ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.