spot_img
Friday, June 19, 2026
Home Blog Page 564

കെ എസ് ശബരിനാഥൻ അറസ്റ്റില്‍

0

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥന്‍ അറസ്റ്റില്‍.വിമാനത്തിനുള്ളില്‍ വച്ചു നടന്ന വധശ്രമക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിനാഥന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

തത്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിന്റെ സമയവും മറ്റു രേഖകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിമാനത്തില്‍ വച്ച്‌ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇന്ന് ചോദ്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെയായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നെന്ന് സിപിഎം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദ്ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ശബരിനാഥനാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ ശബരിനാഥന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്‌സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിരുന്നു.

പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

0

പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തിൽ നിന്നും താഴെ പുഴയിലേക്ക് ചാടിയത്.

ബാഗും ചെരുപ്പും ഷാളും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആരും യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നില്ല. റോഡരികിൽ ബാഗും ചെരിപ്പും ഷോളും കണ്ട് ഇതുവഴി പോയവർ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന തുടങ്ങിയിരുന്നു. വെളിച്ചക്കുറവ് മൂലം രാത്രി വൈകി തിരച്ചിൽ നിർത്തി. 

ഇന്ന് രാവിലെ തെരച്ചിൽ വീണ്ടും തുടങ്ങി. ഈ ഘട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ, രേഷ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൊപ്പം പൊലീസിൽ പരാതി നൽകിയിരുന്നു. രേഷ്മയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത് അപലപനീയം; കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

0

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അടക്കം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ അപലപിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്ത്. പരീക്ഷ കേന്ദ്രത്തിൽ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം, കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ബിന്ദു

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം Aഅഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്. കൊല്ലം ആയൂരിലെ കോളേജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്‍പിക്ക് പരാതി നൽകി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു.

പരാതി കൊടുത്ത കുട്ടിയുടെ പിതാവിന്റെ വാക്കുകൾ

എന്റെ മൂത്തമകൾ നീറ്റ് പരീക്ഷ എഴുതി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുമായാണ് ഇന്നലെ നീറ്റ് പരീക്ഷയ്ക്ക് പോയത്. ഇതിന് മുൻപും നീറ്റ് പരീക്ഷകൾക്ക് പോയി പരിചയമുണ്ട്. എന്റെ ഭാര്യ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ്. അവര്‍ക്ക് പരീക്ഷാ പ്രോട്ടോകോളിനെ പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ചും സാധനങ്ങൾ എടുത്തുമാണ് ഞങ്ങൾ മകളേയും കൊണ്ട് പരീക്ഷയ്ക്ക് പോയത്. 

എന്നാൽ അവിടെ വച്ച് അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം ഊരിച്ചത്. മകളുടെ മാത്രമല്ല അവിടെ എത്തിയ 90 ശതമാനം പെണ്‍കുട്ടികളുടേയും അടിവസ്ത്രം ഊരിവയ്പ്പിച്ചാണ് അവര്‍ പരീക്ഷ എഴുതിപ്പിച്ചത്. ഈ സംഭവം കാരണം മാനസികമായി തകര്‍ന്നുവെന്നും നല്ല രീതിയിൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നും ആണ് മകൾ പറഞ്ഞത്. ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തത് ആരാണ് എന്നറിയില്ല. കോളേജ് അധികൃതര്‍ക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തെ ഒരു ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും എന്നുമാണ് പൊലീസ് എന്നെ അറിയിച്ചത്. 

ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് എവിടെയെങ്കിലുമോ ഇങ്ങനെയൊരു അപമാനം പെണ്‍കുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം കൊണ്ട് മാത്രമല്ല. നാളെ മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാവാൻ പാടില്ല എന്ന നിര്‍ബന്ധം കൊണ്ടാണ് ഞാനിപ്പോൾ പരാതിയുമായി മുന്നോട്ട് പോകുന്നത്. വളരെ കഷ്ടപ്പെട്ട് ആണ് എന്റെ മകൾ ഈ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അവളിപ്പോഴും ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല. അപമാനിക്കപ്പെടുകയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിന്റെയും സങ്കടത്തിൽ ആകെ തകര്‍ന്നിരിക്കുകയാണ് അവൾ.

വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം

0

കൊച്ചി: എറണാകുളം വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 31കാരന്റെ നില തൃപ്തികരമാണ്.

കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. നേരത്തെ കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി വീണാ ജോര്‍ജ് അറിയിച്ചു. ചിക്കന്‍പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച്‌ അവര്‍ക്ക് മങ്കി പോക്‌സ് ഇല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാന്‍ഡമായി പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

.

പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്‍റെ 3 കൂട്ടാളികൾ പിടിയിൽ

0

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ കൂട്ടാളികൾ ആയ മൂന്ന് പേർ പിടിയിൽ. വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്. അബുദാബിയിൽ നടന്ന രണ്ട് കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാരിസിന്‍റെ ദുരൂഹ മരണത്തിൽ കോടതിയുടെ നിർദേശ പ്രകാരം രണ്ട് ദിവസം മുമ്പ് നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നു. കേസെടുക്കുന്നത് വൈകുന്നതിനെതിരെ ഹാരീസിന്‍റെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ ഷൈബിൻ അഷ്‌റഫ്‌ കൊലപ്പടുത്തി എന്ന് ആരോപണം ഉയർന്നിരുന്നു. 2020 ല്‍ അബുദാബിയിലെ ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തിൽ ഷൈബിന്റെ ബിസിനസ് പങ്കാളി കൂടിയായ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്. ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരം നിലമ്പൂർ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.

പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.

ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പൊലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും.

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

0

പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്.

ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്

0

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ KSRTC ആണ് അപകടത്തിൽപെട്ടത് . ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത് .

അപകടത്തിൽ 20 പേർക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്.

ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

0

ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മറ്റ് അനിഷ്ടങ്ങളില്ല, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ അറേബ്യ ജി9- 426 വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് താഴെയിറക്കിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം 07.13ന് ലാന്‍ഡ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 06.41ന് കൊച്ചി വിമാനത്താവളത്തില്‍ എമര്‍ജന്‍സിലാന്‍ഡിങ്ങിന്റെ ഭാഗമായുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള പ്രഖ്യാപനം നടത്തി. 07.29തോടെ റണ്‍വേ ഒമ്പതില്‍ വിമാനം സുരക്ഷിതമായിറക്കി. ഒരു മണിക്കൂര്‍ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയത്

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു.

0

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്നുയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ്. എന്നാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  37280 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4660 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നലെ 30 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3845രൂപയാണ്. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില – 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില – 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില – 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില – 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില –  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില –  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില –  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില – 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.   വിപണി വില – 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,480  രൂപ
ജൂലൈ  09-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.       വിപണി വില –  37,560  രൂപ
ജൂലൈ  10-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  11-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില –  37,560   രൂപ
ജൂലൈ  12-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.   വിപണി വില –  37440  രൂപ
ജൂലൈ  13-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.     വിപണി വില –  37360  രൂപ
ജൂലൈ  14-  ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.     വിപണി വില –  37520  രൂപ
ജൂലൈ  15-  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.   വിപണി വില –  37200  രൂപ