spot_img
Wednesday, June 17, 2026
Home Blog Page 571

കൊല്ലം അഞ്ചലിൽ കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാടും പൊലീസുകാരും

0

കൊല്ലം: കൊല്ലം അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ട് വയസ്സുകാരനെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാടും പൊലീസുകാരും. എന്നാൽ കഴിഞ്ഞ ഒരു ദിവസം രാത്രി മുഴുവൻ നാടൊട്ടാകെ തെരഞ്ഞ ഫർഹാൻ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം മാറുന്നില്ല നാട്ടുകാർക്കും പൊലീസിനും. 

രാത്രി നല്ല മഴയായിരുന്നു. ഈ മഴ അടക്കം കൊണ്ട് കരയുക പോലും ചെയ്യാതെ ഫർഹാൻ രാത്രി മുഴുവൻ റബ്ബർ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചതാണോ? ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. 

തടിക്കാട് സ്വദേശികളായ അൻസാരി – ഫാത്തിമ ദമ്പതികളുടെ മകനായ രണ്ട് വയസ്സുകാരനായ ഫർഹാനെ രാത്രി മുഴുവൻ നാടും പൊലീസുകാരും ചേർന്ന് തിരയുകയായിരുന്നു. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ന് രാവിലെ ഏഴരയോടെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഫർഹാനെ കണ്ടെത്തിയത്. കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. 

പക്ഷേ ആൾക്കൂട്ടത്തെയും പൊലീസിനെയും കണ്ട് ആകെ ബഹളമായതോടെ കുഞ്ഞ് പരിഭ്രമിച്ചു. ആൾക്കൂട്ടം മൊത്തം ഓടിയെത്തുന്നതിന് മുമ്പേ കുഞ്ഞ് ഫർഹാനെ കോരിയെടുത്ത് ഓടുകയായിരുന്നു പൊലീസുദ്യോഗസ്ഥർ. ആകെ പരിഭ്രമിച്ചതിന്‍റെ ബുദ്ധിമുട്ട് മാത്രമേ കുഞ്ഞിനിപ്പോഴുള്ളൂ. തൊട്ടടുത്തുള്ള പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകാനായി എത്തിച്ചിരിക്കുകയാണിപ്പോൾ കുഞ്ഞ് ഫർഹാനെ. പരിശോധനകൾക്ക് ശേഷം അച്ഛനുമമ്മയ്ക്കും ഒപ്പം കുഞ്ഞിനെ വിടും. 

മഴ കൊണ്ട് ഇരുന്നോ കുഞ്ഞ്?

കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി കുഞ്ഞിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു നാട്ടുകാരും പൊലീസും ബന്ധുക്കളുമെല്ലാം. രാത്രി നല്ല മഴയായിരുന്നു കൊല്ലം അഞ്ചലിൽ കുഞ്ഞിന്‍റെ വീടിന്‍റെ പരിസരത്തെല്ലാം. അതിനാൽത്തന്നെ നല്ല ക്ഷീണമുണ്ട് കുഞ്ഞ് ഫർഹാന്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഫർഹാനെ കാണാതാകുന്നത്. കുഞ്ഞിന്‍റെ അമ്മ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞിനെ അച്ഛന്‍റെ അമ്മയെ ഏൽപിച്ചാണ് അമ്മ പോയത്. കുട്ടി ഉറക്കെ കരയുന്ന ശബ്ദം കേട്ട് വീട്ടിലേക്ക് വിളിച്ച് ചോദിച്ച അമ്മ തിരികെ വീട്ടിലേക്ക് വന്നു. കുട്ടിയെ കുളിപ്പിക്കാനായി എവിടെയെന്ന് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം മനസ്സിലായത്. 

ആകെ പരിഭ്രമിച്ച അമ്മ ഫാത്തിമ ബന്ധുക്കളെ വിവരമറിയിച്ചു. അവരും നാട്ടുകാരും ചേർന്ന് വീടിന് പരിസരത്തെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫയർ ഫോഴ്സുമടക്കമുള്ള വലിയ സംഘം തന്നെ തെരച്ചിലിനെത്തി. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തൊട്ടടുത്തുള്ള കിണറുകളിലെല്ലാം പരിശോധിച്ചു. രാത്രി 12 മണിയോടെ നല്ല മഴ പെയ്തതിനാൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ തെരച്ചിൽ വീണ്ടും തുടങ്ങി. പരിസരത്തെല്ലാം പകൽ വെളിച്ചത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ രാവിലെ ഏഴരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. വലിയൊരു പറമ്പിന് നടുവിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. വീട്ടിൽ നിന്ന് ഏതാണ്ട് 500 മീറ്ററോളം ദൂരത്തുള്ള പ്രദേശത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയിരിക്കുന്നത്. ചെങ്കുത്തായ പ്രദേശമാണിത്. രാത്രി മുഴുവൻ ഈ പ്രദേശത്ത് പരിശോധിച്ചിട്ടും അവന്‍റെ കരച്ചിലൊന്നും കേട്ടില്ലെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. ഒറ്റയ്ക്ക് വന്നതാണെങ്കിൽ ഫർഹാൻ ഇത്ര ദൂരം പോകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും പൊലീസെത്തി തെരച്ചിൽ നടത്തിയതോടെ കുഞ്ഞിനെ റബ്ബർ തോട്ടത്തിലുപേക്ഷിച്ച് പോവുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ റബ്ബർ തോട്ടത്തിലടക്കം ഇന്നലെ രാത്രി പൊലീസും ഫയർഫോഴ്സും പരിശോധിച്ചതാണ്. ഇക്കാര്യമടക്കം വിശദമായി പരിശോധിക്കുമെന്ന് തന്നെയാണ് പൊലീസ് ബന്ധുക്കളെ അറിയിക്കുന്നത്.  ആശുപത്രിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. കുഞ്ഞിനെ അൽപ്പസമയത്തിനകം അച്ഛനമ്മമാർക്ക് വിട്ട് നൽകും.

മലപ്പുറത്ത് അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറിയിടിച്ച് 13 കാരൻ മരിച്ചു; അപകടം സ്‌കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ

0

മലപ്പുറം: സ്‌കൂൾവിട്ട് വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മലപ്പുറത്ത് 13കാരൻ മരിച്ചു. മലപ്പുറം കാരക്കുന്ന് മുപ്പത്തിനാലിൽ ഓടംകുണ്ടിൽ സിദ്ദീഖിന്റെ ഏക മകൻ ഫാരിസ് (13) ആണ് മരിച്ചത്.

കാരക്കുന്ന് ഗവൺമെന്റ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്നു വൈകിട്ട് സ്‌കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അപകടം നടന്നതു കണ്ടയുടൻ നാട്ടുകാർ ഓടിക്കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.സിദ്ദീഖിന്റേയും ഭാര്യ അനീഷയുടേയും ഏകമകനായിരുന്നു 13കാരനായ ഫാരിസ്. വീട്ടുകാർ അപകടം നടന്ന വിവരം അറിഞ്ഞയുടൻ തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു. നാട്ടുകാർക്കു ബന്ധുക്കൾക്കും സഹപാഠികൾക്കും മരണം സംഭവിച്ചത് വിശ്വസിക്കാനായിട്ടില്ല. ലോറിക്കു അമിത വേഗതയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

പെട്രോൾ പമ്പ് കവർച്ച: സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം

0

കോഴിക്കോട് : കോട്ടൂളിയിൽ പെട്രോൾപമ്പ് ജീവനക്കാരനെ കെട്ടിയിട്ട് അരലക്ഷംരൂപ കവർന്നസംഭവത്തിൽ പ്രതികൾക്കായി സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച പുലർച്ച 1.40-നാണ് കോട്ടൂളിയിലെ നോബിൾ പെട്രോൾ പമ്പിൽ കവർച്ച നടന്നത്.

പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങൾക്ക് പുറമേ സമീപപ്രദേശത്തെ റോഡിലെയും കടകളുടെയും സി.സി.ടി.വി.കൾ പോലീസ് പരിശോധിച്ചു. കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പരിശോധന തുടരുകയാണെന്നും മെഡിക്കൽകോളേജ് ഇൻസ്പെക്ടർ ബെന്നിലാലു പറഞ്ഞു. മുളകുപൊടി വിതറിയതിനാൽ ഡോഗ്‌ സ്ക്വാഡിന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല.

കവർച്ചനടത്താൻ വന്നയാൾ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. പമ്പ് ജീവനക്കാരനായ റാഫി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കവർച്ചനടത്താൻ എത്തിയ ആൾ ഹിന്ദിയാണ് സംസാരിച്ചതെന്ന് റാഫി ‌മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണോ ഭാഷ മാറ്റി സംസാരിച്ചതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

പുതുപ്പാടിയിൽ വാതിൽപ്പടി സേവനം; പഞ്ചായത്തുതല ഉദ്ഘാടനം നടത്തി

0

പുതുപ്പാടി : നാട്ടിലുണ്ടാകുന്ന ദുരന്തങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസമനുഭവിക്കുന്നവർക്ക് വൊളന്റിയർമാർ മുഖേന സഹായം ലഭ്യമാക്കുന്ന വാതിൽപ്പടിസേവന പ്രവൃത്തിയുടെ ഗ്രാമപ്പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പാടിയിൽ നടന്നു.രോഗവും വാർധക്യവും കാരണം അവശത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി അഞ്ചംഗ സന്നദ്ധ വൊളന്റിയർമാരെ എല്ലാവാർഡുകളിലും തിരഞ്ഞെടുക്കുകയും പദ്ധതിയ്ക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തു. പദ്ധതി ഉദ്ഘാടനം കൊട്ടാരക്കോത്ത് വാർഡിലെ ഒരു ഗുണഭോക്താവിന്റെ വാർധക്യകാല പെൻഷൻ അപേക്ഷ സ്വീകരിച്ച് രസീത് നൽകി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ നിർവഹിച്ചു.ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എം.കെ. ജാസിൽ അധ്യക്ഷനായി.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ആയിഷ ബീവി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷിജു ഐസക്ക്, ഷംസു കുനിയിൽ, ഷിൻജോ തൈക്കൻ, ബിജു തോമസ്, റംലാ അസീസ്, കെ. രാധ, മോളി ആന്റോ, അമൽ രാജ്, പഞ്ചായത്ത് ടെക്‌നിക്കൽ അസിസ്റ്റന്റ് ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

കൂമ്പാറ വൈദ്യുതി ഓഫീസ് നിർമാണോദ്ഘാടനം 21-ന്

0

തിരുവമ്പാടി : കൂമ്പാറ വൈദ്യുതി സെക്‌ഷൻ ഓഫീസിനുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഈമാസം 21-ന് ഉച്ചയ്ക്ക് 12-ന് നടക്കും.

കൂമ്പാറ അങ്ങാടിക്കുസമീപം ഷാജി ജോസഫ് കുഴിക്കരക്കാട്ട് സൗജന്യമായി കെ.എസ്.ഇ.ബി.ക്ക്‌ നൽകിയ 11 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.

വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്യും.ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. രാഹുൽഗാന്ധി എം.പി. പ്രഭാഷണം നടത്തും. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ സ്വാഗതസംഘം യോഗംചേർന്നു

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

0

തിരുവമ്പാടി: തിരുവമ്പാടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ രാത്രി 10.30 ന് മരിച്ചത്.

തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ ബിപി പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഷഹനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി

ശബ്നയുടെ മാതാവ്: ജമീല സഹോദരൻ: ശാനിഫ്

ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം

0

ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം അതിനായി ആവശ്യമുള്ള രേഖകൾ കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്.

സ്‌കാന്‍ ചെയ്ത ഫോട്ടോ. സ്‌കാന്‍ ചെയ്ത ഒപ്പ്. ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്.

👉 സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)ഇത്രയും രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ചിലരെങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിൻ്റെ ആവശ്യമെന്ന് കരുതുന്നുണ്ടാവും. അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.ലൈസന്‍സ് പുതുക്കുന്നത്തിനായി

1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്.

ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.

സ്കൂൾ സമയത്തെ ഗതാഗതം നിയന്ത്രിക്കണം:യൂത്ത് ലീഗ്

0

തിരുവമ്പാടി : വർഷങ്ങളായി പണിതീരാതെ കിടക്കുന്ന റോഡിലൂടെയും ഫുട്പാത്തിലൂടെ യുമൊക്കെ വളരെ പാടുപെട്ടാണ് വിദ്യാർത്ഥികൾ നടന്നു കൊണ്ട് സ്കൂളുകളിലേക്ക് പോകുന്നത്. അതിനിടയിലാണ് സ്കൂൾ സമയത്ത് വലിയ ഗതാഗതകുരുക്ക് വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിന് പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

വിദ്യാർഥികൾക്ക് ഭയമില്ലാതെ റോഡ് ക്രോസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി സ്കൂൾ സമയങ്ങളിൽ തിരുവമ്പാടി കുരിശു പള്ളിക്ക് സമീപം പോലീസിനെയോ മറ്റു സംവിധാനങ്ങളോ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഭയം കൂടാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് നാളെ (11/062022 )നിവേദനം കൈമാറാനും യോഗം തീരുമാനമെടുത്തു..

യോഗത്തിൽ അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതംവീട്ടിൽ, ജംഷീദ് കാളിയേടത്ത്, നിഷാദ് ഭാസ്കരൻ, ജൗഹർ പുളിയംകൂട്ടുമ്മൽ ഷൻഫാരി വൈത്തല, കബീർ ആലുങ്ങാതൊടി, കെ ടി ഫൈസൽ, സുഹൈൽ ആശാരികണ്ടി, ആഷിക് നരിക്കോട്, അബ്ബാസ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു

സ്വപ്‍നവാഹനം സെക്കന്‍ഡ് ഹാന്‍ഡ് ആണോ..? കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രതൈ

0

സ്വന്തമായൊരു കാര്‍ എന്ന സ്വപ്‍നം സാക്ഷാത്കരിക്കാന്‍ പലരും ആശ്രയിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളെയാവും. സാമ്പത്തികമായ പരിമിതികളില്‍ ഉഴലുന്ന സാധാരണക്കാരാവും ഇത്തരം ഉപയോഗിച്ച വാഹനങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും.എന്നാല്‍ ഇങ്ങനെ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം പരിശോധിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലം. മാത്രമല്ല ചിലപ്പോള്‍ അപകടങ്ങള്‍ക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:

1. ഉടമസ്ഥാവകാശ രേഖകള്‍
നിരവധി  ഉടമസ്ഥരിലൂടെ കടന്നുവന്ന കാറുകള്‍ക്ക് മൂല്യം കുറയും. അതിനാല്‍ കാറിന്റെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം

2. യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷന്‍
കാര്‍ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും അപഗ്രഥിച്ചു പഠിക്കുക. ഇതിന് യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം

3. എക്സ്റ്റീരിയര്‍
കാഴ്ചയില്‍ ഭംഗിയേറിയതാണെങ്കില്‍ കാര്‍ നല്ലതാണെന്ന ചിന്താഗതി ഉപേക്ഷിക്കുക. മുന്‍കാല ഉടമസ്ഥന്‍ കാറിനെ എങ്ങനെ പരിപാലിച്ചു എന്നത് സൂക്ഷമ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കും.

4. സ്‍പീഡോ മീറ്റര്‍
വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്‍റെ സ്‍പീഡോ മീറ്റര്‍  വിശദമായി പരിശോധിക്കുക. സ്‍പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാന്‍ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക

5. ഫീച്ചേഴ്‍സ്
സെന്‍ട്രല്‍ ലോക്ക്, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍, അലോയ് വീല്‍സ്, പാര്‍ക്കിംഗ് സെന്‍സെഴ്‍സ്, ഫോഗ് ലാമ്പ്‍സ്, ഡിആര്‍എല്‍എസ്, റിയര്‍ വൈപ്പര്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

6. ടെക്നിക്കല്‍ ഇന്‍സ്‍പെക്ഷന്‍
വാഹനത്തിന്‍റെ അകം, പുറം അവസ്ഥകള്‍ വിശദമായി പരിശോധിക്കുക. വിശ്വസ്തനായ ഒരു മെക്കാനിക്കിനെ ഈ പരിശോധനയിലും ഒപ്പം കൂട്ടുക. വാഹനത്തിന്‍റെ വെളിച്ചം എത്താത്ത ഇടങ്ങളില്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുക.

7. വേരിയന്‍റ്
കാറിന്‍റെ പിന്‍ഭാഗത്ത് വലതുവശത്തായി വേരിയന്‍റ് രേഖപ്പെടുത്തിയിരിക്കും. ഇതില്‍ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഈ പരിശോധന സഹായകമാവും

8. ഫാന്‍ ബെല്‍റ്റുകള്‍
ഫാന്‍ ബെല്‍റ്റില്‍ പൊട്ടലുകളില്ലെന്നു ഉറപ്പുവരുത്തുക

9. ഓയിലുകള്‍
ബ്രേക്ക് ഫ്ലൂയിഡ്, റേഡിയേറ്റര്‍ കൂളന്‍റ്, എഞ്ചിന്‍ ഓയില്‍ ഉള്‍പ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിതമായ അളവില്‍ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയില്‍ ടാങ്കുകളില്‍ ചെളിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ ആയുസ്സും കുറയും.  കൂടാതെ ലീക്കേജുകളും പരിശോധിക്കുക

10. ടയറുകള്‍
ടയറുകളില്‍ അവ നിര്‍മ്മിച്ച വര്‍ഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിര്‍ബന്ധമായും പരിശോധിച്ച് കാലപ്പഴക്കം നിര്‍ണ്ണയിക്കുക

11. മെറ്റാലിക്ക് കളര്‍
മെറ്റാലിക്ക് നിറങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക

12.  സീറ്റ് കണ്ടീഷന്‍
സീറ്റുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ സുഗമാമാണോ എന്ന് പരിശോധിക്കുക

13. ഡ്രൈവര്‍ സീറ്റ്
 ഡ്രൈവര്‍ സീറ്റിലിരുന്ന ശേഷം അവിടെയുള്ള എല്ലാ സാങ്കേതികവിദ്യകളും വിശദമായ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക. സ്റ്റിയറിംഗ് വീല്‍, എ സി, മ്യൂസിക്ക് സിസ്റ്റം, ഹോണ്‍, ലൈറ്റ്സ് തുടങ്ങിയവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്

14 സര്‍വ്വീസ് ഹിസ്റ്ററി റിപ്പോര്‍ട്ട്
വാഹനത്തിന്‍റെ സര്‍വ്വീസ് ഹിസ്റ്ററി വിശദമായി പരിശോധിച്ച് പ്രശ്നങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുക

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

0

9.40 കോടി രൂപയുടെ വാർഷിക പദ്ധതി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നമ്മുടെ ഗ്രാമത്തെ ദാരിദ്ര്യരഹിതവും ഉയർന്ന ഉപജീവന മാർഗ്ഗമുള്ളതുമായ ഗ്രാമം, ആരോഗ്യ ഗ്രാമം, ശിശു സൗഹൃദ പഞ്ചായത്ത്, ജല പര്യാപ്ത ഗ്രാമം, ഹരിത ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഗ്രാമം, സാമുഹിക സുരക്ഷിത ഗ്രാമം, സദ്ഭരണം, ഗ്രാമങ്ങളിൽ ലിംഗ സമത്വം വികസനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നീ രംഗത്ത് മികവുറ്റതാക്കാൻ ആവശ്യമായ പദ്ധതികൾക്കാവശ്യമായ തുക പദ്ധതിയിൽ മാറ്റി വെച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്ച്ചപാട് – നയസമീപനവും – വികസന തന്ത്രവും വിശദീകരിച്ച് സംസാരിച്ച വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ പറഞ്ഞു.

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പദ്ധതി അവതരണം നടത്തി.വികസന ഫണ്ട് 2,38,21000 രൂപയിൽ ലൈഫ് ഭവന പദ്ധതിക്കായി 47,64200 രൂപ മാറ്റി വെച്ചിട്ടുണ്ട്. സ്ത്രീകകൂടെ വികസനത്തിനായി 19,05680 രൂപയും, ഭിന്നശേഷി – കുട്ടികൾ -ഭിന്ന ലിംഗകാർ എന്നിവരുടെ വികസനത്തിനായി 9,52,840 രൂപയും വകയിരുത്തിയിട്ടുണ്ട്.ഗ്രാമത്തിന്റെ നാട്ടല്ലായ ഉദ്പാദന മേഖലയിൽ നൂതന പദ്ധതികൾ നടപ്പാക്കുന്നതിനും ക്ഷീരവികസന പദ്ധതിക്കുമായി 57,1740 രൂപ നീക്കിവെച്ചിട്ടുണ്ട്. പച്ചക്കറി പാൽ – മുട്ട എന്നിവയിൽ ഗ്രാമത്തെ സ്വയം പര്യാപ്തമാക്കാൻ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തുക മാറ്റി വെച്ചിട്ടുണ്ട്.

സോളാർ പെൻസിംഗ്, മഴമറ, സമഗ്ര പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളും ഉണ്ടാകും. ഫാം ടൂറിസം വികസിപ്പിക്കുന്നതിനായി നൂതന പദ്ധതികൾക്ക് തുക വകയിരിത്തിയിട്ടുണ്ട്.സേവന മേഖലയിൽ അങ്കവാടി വികസനം പോഷകാഹാരം, ഭിന്നശേഷി സ്കോളർഷിപ്പ് , മുച്ചക്ര വാഹനം, സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, വയോജ ക്ഷേമ പദ്ധതി, ജീവിത ശൈലി രോഗ മൊബൈൽ ലാബ്, പാലിയേറ്റിവ് പരിചരണം, അഗതി ആശ്രയ,അതി ദാരിദ്ര്യ സുഷ്മപദ്ധതി, തെരുവ് വിളക്ക് സ്ഥാപിക്കൽ, ഗ്രാമം കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കായി സേവന മേഖലയിൽ 95,28,400 രൂപ വകയിരുത്തിയിട്ടുണ്ട്.പട്ടികവർഗ വികസനത്തിനായി 6,33000 രൂപയും പട്ടികജാതി വികസനത്തിനായി 37, 80000 രൂപയുടെ പദ്ധതിയും വെച്ചിട്ടുണ്ട്.ഘടക സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി 42,08000 രൂപ നീക്കി വെച്ചിട്ടുണ്ട്. അങ്കണവാടികളെ ക്രാഡിൽ അങ്കണവാടികൾക്കി മാറ്റുന്നതിനും , തിരുവമ്പാടി ലൈബ്രററി നവീകരണം, സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ, കുടുംബാരോഗ്യ കേന്ദ്രം ഐ.എസ്. സെർട്ടിഫിക്കേഷൻ തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കും.

ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവ്യത്തികൾക്കായി 5 കോടി 14 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനവും വകയിരുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഉൾപെടുത്തി ബസ് സ്റ്റാന്റ് ഷോപിംഗ് സെന്റർ നവീകരണം, ബസ് സ്റ്റാന്റ് ഡ്രൈനേജ് നിർമ്മാണം എന്നീ പദ്ധതികൾക്കാണ് തുക മാറ്റി വെച്ചത്.വികസന സെമിനാറിൽ പങ്കെടുത്ത ഗ്രാമസഭാ പ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഘടക സ്ഥാപന മേധാവികൾ, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകർ പതിനാല് വർക്കിംഗ് ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.പരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേകബ്, മുഹമ്മദലി കെ എം , ആസൂത്രണ സമിതി ഉപാധ്യക്ഷൻ കുര്യാച്ചൻ തെങ്ങുമൂട്ടിൽ,സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്,അസി. സെക്രട്ടറി ടി മനോജ് തുടങ്ങിയവർ സംസാരിച്ചു.