സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.
ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 40560 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 110 രൂപ ഉയർന്നു. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. 18 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4190 രൂപയാണ് വില.925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് 77 രൂപയായി വില വർധിച്ചു. രണ്ടു രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്.
അന്താരാഷ്ട്ര സ്വർണവില ഇന്നലെ ഔൺസിന് 2069 ഡോളറിലേക്ക് ഉയർന്നിരുന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. മുൻനിര സ്വർണ കയറ്റുമതി രാഷ്ട്രമായ റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചതാണ് ഇത്തരത്തിൽ സ്വർണവില ഉയരാൻ കാരണമായത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ നിന്ന് പിന്മാറുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതും വില വർധിക്കാൻ കാരണമായിട്ടുണ്ട്.
കൊച്ചി: ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കിൽ തീപിടുത്ത൦ സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു൦ കത്തി നശിച്ചു.
പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമന൦.
കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണം രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഇപ്പോൾ ഓൺലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തൽ
തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു.
മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് കുത്തിയത്.
ശ്രീജിത്ത്,വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുകാർക്കാണ് കുത്തേറ്റത്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അക്രമവിവരം അറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തി അനസിനെ കീഴ് പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്.
ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്.
കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്. അതുപ്രകാരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. കളബിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് അധ്യാപിക പരാതി നല്‍കിയത്.
ദില്ലി: നിരവധി ഫോണ്‍ ലോഞ്ചുകള്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്നു. വണ്‍പ്ലസ് കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മുന്‍നിര വണ്‍പ്ലസ് 10 പ്രോ ഈ മാസം എപ്പോഴെങ്കിലും എത്തിയേക്കും. അതേസമയം, ഈയാഴ്ച നാല് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഐഫോണ്‍ എസ്ഇ 3, റെഡ്മി നോട്ട് 11 പ്രോ, സാംസങ്ങ് ഗ്യാലക്‌സി എഫ് 23, എന്‍ട്രി ലെവല്‍ സി 35 എന്നിവ ഉള്‍പ്പെടുന്നു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന ഫോണുകളെ അടുത്തറിയാം.
ഐ ഫോണ്‍ എസ്ഇ 3
ഈ ഫോണ്‍ മിക്കവാറും മാര്‍ച്ച് 8 ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് ഐഫോണ്‍ എസ്ഇ 3. ഔദ്യോഗിക നാമം എന്തായിരിക്കുമെന്ന് നിലവില്‍ അറിവായിട്ടില്ല. ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇതിനെ എസ്ഇ 3 അല്ലെങ്കില്‍ എസ്ഇ പ്ലസ് എന്ന് വിളിക്കാം. എസ്ഇ 2020-ല്‍ കണ്ട അതേ ഡിസൈനിലാണ് ഇത് വരുന്നതെന്ന് പറയപ്പെടുന്നു. ഇതിനര്‍ത്ഥം കട്ടിയുള്ള ബെസലുകളും ഒരു കോംപാക്റ്റ് 4.7 ഇഞ്ച് സ്‌ക്രീനും ചുവടെ ഒരു ഫിസിക്കല്‍ ഹോം ബട്ടണും കാണുമെന്നാണ്.
കൂടാതെ, ഐഫോണ്‍ 13 സീരീസിനുള്ളില്‍ കാണപ്പെടുന്ന പുതിയതും ഏറ്റവും ശക്തവുമായ 5nm എ15 ബയോണിക് 5ജി ചിപ്സെറ്റ് ഈ ഫോണ്‍ പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇതൊരു 5ജി സ്മാര്‍ട്ട്ഫോണായിരിക്കും, ഒപ്പം ഒരു 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ പായ്ക്ക് ചെയ്യുമെന്നും ഊഹിക്കപ്പെടുന്നു. മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി ഇത് ഒരു എക്‌സ്റ്റേണല്‍ X60XM 5G ചിപ്പ് പിന്തുണയ്ക്കും. ഏകദേശം 22,604 രൂപയായിരിക്കും ഇതിന്റെ വില. എന്നാലും, കസ്റ്റം ഡ്യൂട്ടിയും ജിഎസ്ടി ചാര്‍ജുകളും കാരണം ഈ ഫോണിന് ഇന്ത്യയില്‍ 30,000 രൂപയിലധികം വില വന്നേക്കാം.
സാംസങ് ഗാലക്സി എഫ് 23 മാര്‍ച്ച് 8 ന് ഇന്ത്യയില്‍ അവതരിപ്പിക്കും
അതേ ദിവസം തന്നെ സാംസങ് അതിന്റെ സാംസങ് ഗ്യാലക്സി എഫ് 23 5 ജി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്നതാണ് ശ്രദ്ധേയം. പുതിയ ഗ്യാലക്സി എഫ് സീരീസ് ഫോണിലൂടെ ആധുനിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോണ്‍ പുറത്തിറക്കുന്നതെന്ന് കമ്പനി പറയുന്നു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഈ ഫോണ്‍ ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 750G SoC പായ്ക്ക് ചെയ്യുമെന്ന് സാംസങ് വെളിപ്പെടുത്തി. നിലവില്‍ 24,999 രൂപയ്ക്ക് ലഭ്യമായ വണ്‍പ്ലസ് നോര്‍ഡ് സിഇ-യും ഇത് പവര്‍ ചെയ്യുന്നു.
പുതിയ മിഡ് റേഞ്ച് ഫോണിന് എഫ്എച്ച്ഡി+ ഡിസ്പ്ലേ ഉണ്ടെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചു. സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റിനുള്ള പിന്തുണയുണ്ട്, ഇത് ഗ്യാലക്‌സി എഫ്22-നൊപ്പം ലഭിക്കുന്ന 90 ഹേര്‍ട്‌സ് ഡിസ്പ്ലേയേക്കാള്‍ അപ്ഗ്രേഡാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് പാനല്‍ പരിരക്ഷിച്ചിരിക്കുന്നത്. സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ ഇതിലുണ്ട്. എഫ്23 ന് പിന്നില്‍ ട്രിപ്പിള്‍ ക്യാമറകള്‍ ഉണ്ടാകുമെന്നാണ് ടീസറുകള്‍ കാണിക്കുന്നത്. പിന്‍ ക്യാമറ സജ്ജീകരണത്തില്‍ 50 മെഗാപിക്‌സല്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. ഹാന്‍ഡ്സെറ്റിന് അതിന്റെ മുന്‍ഗാമിയെപ്പോലെ ഒരു AMOLED സ്‌ക്രീനുമായി വരാം. ഇത് ഫ്ളിപ്പ് കാർട്ടിലൂടെ വില്‍പ്പനയ്ക്കെത്താനാണ് സാധ്യത. 20,000 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില. ഇതിന്റെ മുന്‍ഗാമിയായ എഫ്22 12,499 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
റെഡ്മി നോട്ട് 11 പ്രോ സീരീസ് ഇന്ത്യയിലെ ലോഞ്ച് മാര്‍ച്ച് 9ന്
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നിവ മാര്‍ച്ച് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ അടുത്തിടെ ആഗോള വിപണിയില്‍ എത്തിയിരുന്നു, അതിനാല്‍ വരാനിരിക്കുന്ന റെഡ്മി ഫോണുകളുടെ സാധ്യമായ സവിശേഷതകള്‍ അറിയാം. രണ്ട് ഫോണുകളുടെയും ആഗോള പതിപ്പ് സമാന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമായി പ്രോ+ മോഡലിനൊപ്പം 5ജി സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റ് ലഭിക്കും. ക്യാമറാ വിഭാഗത്തിലും വ്യത്യാസമുണ്ട്. സാധാരണ മോഡലില്‍ ലഭ്യമായ ഡെപ്ത് സെന്‍സര്‍ പ്ലസ് വേരിയന്റിന് നഷ്ടമായി. പിന്‍ ക്യാമറ സജ്ജീകരണം ഉള്‍പ്പെടെ ഈ ഹാന്‍ഡ്സെറ്റുകളില്‍ ബാക്കിയുള്ള സവിശേഷതകള്‍ സമാനമാണ്.
റെഡ്മി നോട്ട് 11 പ്രോയില്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഉണ്ട്. വരാനിരിക്കുന്ന മിഡ് റേഞ്ച് റെഡ്മി നോട്ട് ഫോണുകളും 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് സ്‌ക്രീന്‍ പായ്ക്ക് ചെയ്യുന്നു. ഹുഡിന് കീഴില്‍, 67വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. മീഡിയടെക് ഹീലിയോ ജി96 ചിപ്സെറ്റാണ് ഇതിന് കരുത്തേകുന്നത്. ഇന്ത്യയില്‍ 12,999 രൂപയ്ക്ക് ലഭ്യമാകുന്ന പുതിയ റിയല്‍മി നാര്‍സോ 50 ഫോണിനും ഇതേ ചിപ്പ് ശക്തി പകരുന്നു.
ഇന്ത്യയില്‍ റെഡ്മി നോട്ട് 11 പ്രോ സീരീസിന്റെ വില ഏകദേശം 20,000 രൂപയായിരിക്കും. കമ്പനി അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 11 എസ് സ്മാര്‍ട്ട്ഫോണ്‍ 16,499 രൂപയ്ക്കും ഷവോമി 11ഐ 24,999 രൂപയ്ക്കും ലഭ്യമാണ്. അതിനാല്‍, ഒരു സ്മാര്‍ട്ട്ഫോണില്‍ ഏകദേശം 20,000 രൂപ നിക്ഷേപിക്കാന്‍ കഴിയുന്നവരെ ലക്ഷ്യമിട്ട് ഈ രണ്ട് ഉപകരണങ്ങള്‍ക്കിടയില്‍ ഷവോമി പുതിയ നോട്ട് ഫോണുകള്‍ സ്ഥാപിച്ചേക്കാം. ഇക്കാര്യത്തില്‍ റെഡ്മി ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-303 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ
ഒന്നാം സമ്മാനം (75 ലക്ഷം)
SB 319605
സമാശ്വാസ സമ്മാനം (8000)
SA 319605 SC 319605 SD 319605 SE 319605 SF 319605 SG 319605 SH 319605 SJ 319605 SK 319605 SL 319605 SM 319605
വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയുടെ പിതാവ് മോഹനനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെയാണ് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു. അക്ഷയ് ലഹരിക്കടിമപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കൊച്ചി∙ കളമശേരി എച്ച്എംടി കോളനിയിൽ സിനിമാ ഷൂട്ടിങ്ങിനിടെ അണിയറ പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷം. മർദനമേറ്റെന്നു ചൂണ്ടിക്കാട്ടി രണ്ടു പേർ ആശുപത്രിയിൽ ചികിത്സതേടി. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചു എന്നാരോപിച്ചാണ് പ്രദേശവാസികളിൽ ഒരാൾ ആശുപത്രിയിൽ അഡ്മിറ്റായത്. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
നടൻ ടൊവിനോ തോമസിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തിങ്കൾ വൈകിട്ടോടെയാണ് ഉന്തും തള്ളുമുണ്ടായത്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നെന്നും വഴിയിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നു എന്നും നാട്ടുകാർ പരാതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്യാൻ ഷൈൻ ടോം ചാക്കോ വന്നുവെന്നും ഉന്തും തള്ളും ഉണ്ടായെന്നും പ്രദേശവാസികൾ പറയുന്നു. ഇതിനിടെ ടൊവിനോയും ഇടപെട്ടു.ഷൈൻ മർദിച്ചെന്നു കാണിച്ച് ഷമീർ എന്നയാളാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്. നാട്ടുകാരുടെ മർദനത്തിന് ഇരയായി എന്നാരോപിച്ച് സിനിമാ പ്രവർത്തകരിൽ ഒരാളും ആശുപത്രിയിലെത്തി. സംഘർഷം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പു ചർച്ച നടക്കുന്നതിനാൽ കേസെടുത്തില്ലെന്നു പൊലീസ് പറഞ്ഞു.
കൊച്ചി∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകൻ ഹൈക്കോടതി അനുമതി നൽകി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണു നടപടി. തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്നു വിചാരണക്കോടതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്ത അന്വേഷണ സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനെതിരെയാണു ദിലീപ് ഹർജി നൽകിയത്.തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യാജ തെളിവുകൾ തയാറാക്കിയാണ് അന്വേഷണമെന്നുമായിരുന്നു ദിലീപിന്റെ വാദം.ഹർജിയിൽ ഇരയായ നടിയെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. കോടതി നടപടികൾ ചോദ്യം ചെയ്യാൻ ദിലീപിനു നിയമ അവകാശമില്ലെന്ന് അതിജീവിതയായ നടി ചൂണ്ടിക്കാട്ടി. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേൾക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് നടി അറിയിച്ചു
വർക്കല: ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.
പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു.
കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്..
തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് ആണ് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഹിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ വാഹനത്തിൽ ആശുപുത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല.
എസി അടക്കം ഉപയോഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നിഗമനം.വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാനായില്ല.മാത്രവുമല്ല വളർത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.
ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ.
പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകൻ അഖിൽ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്കാര ചടങ്ങുകൾ അടക്കം നടക്കുക.
മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നുവൻ ദുരന്തം ഉണ്ടായതോടെ റൂറൽ എസ് പി ദിവ്യ ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി.
തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടവും നടത്തിയശേഷമാകും സംസ്കാരം .ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലുള്ള നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ.
പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാർ പറയുന്നുണ്ട്.പിഞ്ചുകുഞ്ഞടക്കം വെന്തുമരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. അവർ ഇപ്പോഴും ആ ഭയത്തിൽ നിന്ന് മോചിതരായിട്ടില്ല