spot_img
Monday, June 15, 2026
Home Blog Page 604

സ്വത്തു തർക്കം; കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ച് കൊന്നു, മാതൃസഹോദരനും വെടിയേറ്റു

0

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെടി വെച്ച് കൊന്നു. മണ്ണാറക്കയം കരിമ്പാനയിൽ കുടുംബത്തിലെ രഞ്ജു കുര്യനാണ് മരിച്ചത്. വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യനെ പൊലീസ് പിടികൂടി. വെടിയേറ്റ ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്

കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല. തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്.

സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചു.

പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിച്ചു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തൽക്ഷണം മരിച്ചു. അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.

കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയിൽ കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവെച്ച പോയിൻറ് 9mm റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍; ഓഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിഫ, തനിക്ക് അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്‍ദ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ മറ്റൊരാള്‍ക്കെതിരായ ചില പരാമര്‍ശങ്ങളാണുള്ളത്. ഇത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

റിഫയുടെ മരണത്തില്‍ സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോ കോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല. 

ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. 

കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇഖാമയുള്ളവർക്ക് വാക്സീനെടുക്കാതെയും ക്വാറന്റീൻ ഇല്ലാതെ സൗദിയിൽ പ്രവേശിക്കാം

0

ജിദ്ദ∙കോവിഡ് 19 വാക്സീനെടുക്കാത്ത ഇഖാമയുള്ളവർക്കും (താമസ രേഖ) പൗരന്മാർക്കും ക്വാറന്റീൻ ഇല്ലാതെ സൗദിയിലേയ്ക്ക്‌ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. സൗദി അറേബ്യയിലേയ്ക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്ന് ഇതോടെ വ്യക്തമായി.

എന്നാൽ ഉംറ, ടൂറിസം, കുടുംബ സന്ദർശക വീസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളിലും കോവിഡ് ചികിത്സക്കുള്ള ഇൻഷൂറൻസ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് തലാൽ അൽ ഷൽഹൂബ് പറഞ്ഞു.നേരത്തെ വാക്സീനെടുക്കാത്തവർക്ക്‌ സൗദിയിലേയ്ക്ക്‌ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമായിരുന്നു

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

0

യെമന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു. സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്.

കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ  നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു. വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. എന്നാൽ അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്. 

2017  ജൂലൈ 25  നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് നിമിഷയുടെ പേരിലുള്ള കേസ് . തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി വാവ സുരേഷ്; പിടികൂടിയത് മൂര്‍ഖനെ

0

അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റ് വിശ്രമത്തിലായിരുന്ന വാവ സുരേഷ് വീണ്ടും പാമ്പ് പിടിത്തത്തിനിറങ്ങി. ആലപ്പുഴ ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടില്‍ മൂര്‍ഖനെ കണ്ടതോടെയാണ് വാവയെത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കണ്ടെത്തിയ മൂര്‍ഖനെയാണ് വാവ സുരേഷ് പിടികൂടിയത്.

രണ്ട് ബൈക്കുകളാണ് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നത്. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തി വിടര്‍ത്തിയ മൂര്‍ഖനെ കാണുന്നത്. പേടിച്ച് ഉടന്‍ തന്നെ അഖില്‍ വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലരാണ് വാവ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം വാവ സുരേഷ് എത്തുമെന്ന് അറിഞ്ഞതോടെ പ്രദേശത്ത് ജനങ്ങള്‍ തടിച്ചുകൂടി.

സുരേഷ് രാത്രി എട്ടരയ്ക്കാണ് ചാരുംമൂട്ടിലെത്തിയത്. ബൈക്കിന്റെ ഹാന്‍ഡിലില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. ആശുപത്രി വിട്ടശേഷം പുറത്തു പോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും രണ്ട് വയസുള്ള ചെറിയ മൂര്‍ഖനാണിതെന്നും വാവ പറഞ്ഞു.

വാവ സുരേഷിന് കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ച് ജനുവരി 31 നാണ് പാമ്പ് കടിയേല്‍ക്കുന്നത്. മൂര്‍ഖനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വാവയ്ക്ക് കാല്‍ മുട്ടിന് മുകളിലായി കടിയേറ്റത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനായിരുന്നു വാവ സുരേഷിനെ കടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയാണ് വാവയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. നേരത്തെയും പല തവണ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റിട്ടുണ്ട്

ഒരു ഗ്രാം സ്വർണവില 5000ത്തിന് അടുത്ത്; ഇന്ന് വിലയിൽ വൻ വർധന

0

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധന. റഷ്യ – യുക്രൈൻ  യുദ്ധം തുടരുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ ഉയർന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതിൽ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിൽ 1988 ഡോളറാണ് ഇപ്പോഴത്തെ സ്വർണ വില. രൂപ കൂടുതൽ ദുർബലമായി 76.75 ലേക്കെത്തിയതും തിരിച്ചടിയായി. അതിനിടെ രാജ്യത്തെ ഹോൾമാർക്കിങ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നാല് മുതൽ പ്രാബല്യത്തിലുള്ള സ്വർണം, വെള്ളി ആഭരണങ്ങൾക്കാണ് ഹാൾ മാർക്കിങ് ചാർജ് വർധിപ്പിച്ചത്. സ്വർണം ഒരെണ്ണത്തിൽ 35 രൂപയായിരുന്ന ഹോൾമാർക്കിങ് ചാർജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കിൽ ഇനി ഹോൾമാർക്കിങ് ചാർജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്‌ടിയും നൽകണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോൾമാർക്കിങ് നിരക്ക് വർധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.

കുറഞ്ഞ നിരക്കിൽ ഹാൾ മാർക്ക് ചെയ്തു നൽകാൻ ഇന്ത്യയിലുടനീളം ഹാൾമാർക്കിംഗ്, അസെയ്യിംഗ് സെന്ററുകൾ തുറക്കാൻ സംഘടനകൾ തന്നെ തയ്യാറായി വരുമ്പോൾ ഹാൾമാർക്കിംഗ് നിരക്ക് വർദ്ധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ ഇന്ത്യ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഹോൾമാർക്കിംഗ് നിർബന്ധമല്ലാത്തപ്പോൾ നിരക്ക് 25  രൂപയായിരുന്നു. ഇപ്പോൾ നിർബന്ധിത ഹാൾമാർക്കിംഗ് ഉള്ളതിനാൽ, കോടിക്കണക്കിന് സ്വർണാഭരങ്ങൾ ഹാൾ മാർക്ക് ചെയ്യുന്നതു കൊണ്ട് എണ്ണം ഗണ്യമായി വർദ്ധിച്ചു. അതിനാൽ നിരക്ക് കുറയ്ക്കണമെന്ന് പൊതുവെ ആവശ്യമുയർന്ന സാഹചര്യത്തിലാണ്,  നിരക്ക് 30% വർദ്ധിപ്പിച്ചത്. ഹോൾമാർക്കിങ് നിരക്ക് 35 രൂപയിൽ നിന്ന് 45 രൂപയായി വർദ്ധിപ്പിച്ചത് അന്യായമാണെന്നും അസോസിയേഷൻ പറഞ്ഞു.

വാഹന ഇൻഷുറൻസ് ഇനി കൈപൊള്ളും, പ്രീമിയം തുക കൂട്ടി

0

2022 ഏപ്രിൽ ഒന്നു മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. പുതുക്കിയ പ്രീമിയം ചെലവുകളെക്കുറിച്ചുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി എന്നും മാർച്ച് അവസാനത്തോടെ ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്. നിർദ്ദിഷ്‍ട പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 1,000 സിസി  ഉള്ള സ്വകാര്യ കാറുകൾക്ക് 2019-20 ലെ 2,072 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,094 രൂപയായി പ്രീമിയം വര്‍ദ്ധിക്കും.

അതുപോലെ, 1,000 സിസി മുതൽ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകൾക്ക് നിലവിലെ 3,221 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 3,416 രൂപയും , 1,500 സിസിക്ക് മുകളിലുള്ള കാർ ഉടമകൾക്ക് നിലവിലെ 7,890 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 7,897 രൂപയും പ്രീമിയം ലഭിക്കും .

150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് 2,804 രൂപയും പ്രീമിയം ലഭിക്കും . സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ

0

പാണക്കാട്∙ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.

പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ.

ചന്ദ്രശോഭ മാഞ്ഞു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി

0

പാണക്കാട് : കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ നിത്യനിദ്രയായി.

തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഖബറടക്കം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തുകയായിരുന്നു.

ജുമാമസ്ജിദില്‍ നടന്ന നിസ്‌കാരത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് പുലര്‍ച്ചെ രണ്ടരയോടെ ഖബറടക്കം നടത്തിയത്.

പാണക്കാട് കുടുംബത്തിലെ പലരുടേയും ഖബറിടങ്ങളും ഇവിടെയുണ്ട്. ഖബറിന്റെ ജോലികള്‍ ഞായറാഴ്ച വൈകീട്ടോടെതന്നെ പൂര്‍ത്തീകരിച്ചിരുന്നു.ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് അര്‍ധരാത്രിയിലും പാണക്കാട് എത്തിയത്.

തിങ്കളാഴ്ച രാവിലെ വരെ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും രാത്രി 12.30 ഓടെ പാണക്കാട്ടേക്ക് കൊണ്ടുപോയി. ആരും പാണക്കാട്ടേക്ക് വരണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മൈക്കിലൂടെ അറിയിച്ചെങ്കിലും പലരും പ്രിയ നേതാവിനെ കാണാന്‍ പാണക്കാട്ടേക്ക് തിരിച്ചു.

ഈ സമയമത്രയും കുന്നുമ്മലില്‍ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടിലായിരുന്നു പോലീസും വൊളന്റിയര്‍മാരും. പാണക്കാടേക്ക് യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാര്‍പള്ളിയിലും പോലീസ് തടഞ്ഞു.

മൃതദേഹം പാണക്കാട് വീട്ടിലെത്തിയപ്പോഴും വലിയ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടില്‍ നിന്ന് മൃതദേഹം രാത്രി രണ്ടേടെ പാണക്കാട് ജുമാ മസ്ജിദില്‍ എത്തിച്ചു. 2.30-ന് ഖബറടക്കി. പുലര്‍ച്ചെ നാലോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു.

ജനസാഗരം, ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരമർപ്പിക്കാൻ ആയിരങ്ങൾ, ടൗൺ ഹാളിൽ പൊതുദർശനം

0

അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി മലപ്പുറം ടൌൺ ഹാളിലെത്തിച്ചു.

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരം അർപ്പിക്കാൻ ടൌൺ ഹാളിലെത്തിയിട്ടുള്ളത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർ ടൌൺഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി പത്ത് മണിയോടെ മലപ്പുറത്തെത്തി ആദരമർപ്പിക്കും. കിലോമീറ്ററുകളോളം നീണ്ട ക്യൂവിൽ നിന്ന് ആയിരങ്ങളാണ് തങ്ങൾക്ക് ആദരമർപ്പിക്കുന്നത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. 

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌൺഹാളിലേക്ക് എത്തിച്ചത്.

അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും. ഇസ്ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റായ അദ്ദേഹം 12 വർഷം ആ സ്ഥാനത്ത് തുടർന്നു. 12 വർഷം കേരളത്തിലെ മുസ്ലിംലീഗിനെ നയിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാണ്. പ്രതിസന്ധി കാലങ്ങളെ ചിരിയോടെ നേരിട്ട ഹൈദരാലി തങ്ങൾ പല നിസ്സഹായരായ മനുഷ്യരുടെയും ആശ്രയകേന്ദ്രമായിരുന്നു.