spot_img
Sunday, June 21, 2026
Home Blog Page 89

യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

0

നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധനവ്. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക് 1 പൈസ ആയി വർധിപ്പിച്ചു. എ.സി ക്ലാസുകളിലെ ടിക്കറ്റ് വർധന 2 പൈസ. 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർധനവുണ്ടാകില്ല. ഡിസംബർ 26 മുതൽ റെയിൽവേ നിരക്ക് വർധന നടപ്പിലാക്കുന്നതോടെ ട്രെയിൻ യാത്രകൾ കൂടുതൽ ചെലവേറിയതാകും.

സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾക്ക് കൂടുതൽ ചിലവ് വരും. വർഷങ്ങളായി ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം

0

കൊച്ചി: മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു.

കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.

ശ്രീനിവാസന്‍ ഇനി ഓർമയിൽ; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

0

കൊച്ചി: നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും അഞ്ച് പതിറ്റാണ്ടിനടുത്ത് മലയാള സിനിമയുടെ വ്യാകരണവും മലയാളി പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ സംസ്കാരം ഇന്ന്. രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം.കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മലയാള സിനിമയുടെ ഒരു കാലത്തിന്‍റെ ഭാഗധേയം നിർണയിച്ച പ്രതിഭ എട്ടരയോടെയാണ് വിടപറഞ്ഞത്.

താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. ഒരു മണിയോടെ എറണാകുളം ടൗൺഹാളിലേക്ക് പൊതുദർശനത്തിന് എത്തിച്ച് നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരും മമ്മൂട്ടി, മോഹൻലാൽ എന്നിവരുമുൾപ്പെടെ നിരവധി പേർ എത്തി.

1956ൽ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂൾ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.ഇവിടെ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ 1977ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്ക’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മകൻ ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ‘ആപ് കൈസേ ഹോ’ ആണ് അവസാന ചിത്രം. ‘ഞാൻ പ്രകാശൻ’ എന്ന സിനിമക്ക് വേണ്ടിയാണ് അവസാനമായി തിരക്കഥ എഴുതിയത്.

മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച നടനും സാധാരണക്കാരുടെ ജീവിതത്തിന്‍റെ സൂക്ഷ്മതലങ്ങളെ നർമത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളിലൂടെ വരച്ചിട്ട എഴുത്തുകാരനുമായിരുന്നു ശ്രീനിവാസൻ. അപകർഷതാ ബോധത്തിൽ ജീവിതം ഉലഞ്ഞുപോയ തളത്തിൽ ദിനേശനും തൊഴിലില്ലായ്മക്കും പങ്കപ്പാടുകൾക്കും ഇടയിൽ നീറി ജീവിച്ച ദാസനും വിജയനും മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നുകാട്ടിയ കോട്ടപ്പള്ളി പ്രഭാകരനും ചിരിച്ചും ചിന്തിപ്പിച്ചും ഇപ്പോഴും മലയാളിക്കൊപ്പം നടക്കുന്ന ശ്രീനിവാസൻ കഥാപാത്രങ്ങളാണ്.

1984ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമക്ക് വേണ്ടിയാണ് ആദ്യമായി കഥയെഴുതുന്നത്. സത്യൻ അന്തിക്കാടിന്‍റെ ശ്രദ്ധേയമായ പല ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കി. ഈ കൂട്ടുകെട്ടിൽ പിറന്ന ടി.പി. ബാലഗോപാലൻ എം.എ, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, തലയണമന്ത്രം, സന്ദേശം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ വിജയം നേടി.പ്രിയദർശൻ, സിബി മലയിൽ, കമൽ തുടങ്ങിയ മുൻനിര സംവിധായകർക്കായി നാൽപ്പതോളം ചിത്രങ്ങൾക്ക് കൂടി തിരക്കഥയൊരുക്കി. കഥ പറയുമ്പോൾ, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങൾ നിർമിച്ചു. കെ.ജി. ജോർജിന്‍റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പുള്ളക്കുട്ടിക്കാരൻ, ലെസ ലെസ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ആഴമുള്ള ഹാസ്യത്തിന് പുറമെ, ഒട്ടേറെ ചിത്രങ്ങളിൽ നായകനായും ഉപനായകനായും കാരക്ടർ വേഷങ്ങളിലും തിളങ്ങി.1989ൽ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വടക്കുനോക്കിയന്ത്രം’ മികച്ച സിനിമക്കുള്ള സംസ്ഥാന അവാർഡും ‘ചിന്താവിഷ്ടയായ ശ്യാമള’ (1998) സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടി. 1991ൽ മികച്ച കഥക്കും തിരക്കഥക്കും (സന്ദേശം) 1995ൽ മികച്ച തിരക്കഥക്കും (മഴയെത്തും മുമ്പേ) സംസ്ഥാന അവാർഡ് ലഭിച്ചു 2006ൽ ‘തകരച്ചെണ്ട’യിലെ അഭിനയമികവിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമർശവും നേടി. അദ്ദേഹം തിരക്കഥ ഒരുക്കിയ ‘കഥ പറയുമ്പോൾ’ 2007ൽ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

വയനാട്ടില്‍ കടുവ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

0

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു.കഴിഞ്ഞ വർഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.വയനാടിൻ്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയില്‍ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ലെന്നാണ് ഡിഎഫ്‌ഒ അജിത് കെ.രാമൻ പറഞ്ഞത്.കടുവയുടെ കാല്‍പാട് കണ്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

0

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു.

/ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി. 1977-ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം‌ഗത്തേക്ക് പ്രവേശിച്ചത്. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങി ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകൾ ഏറെ ജനപ്രീതി നേടി.

സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 2018 ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം.വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം -വനിതാ കമീഷന്‍

0

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് കെ.ടി.ഡി സൊസൈറ്റി ഹാളില്‍ വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമം തുടരുന്നതിനെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സാഹചര്യങ്ങളില്‍ സൈബര്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഗാര്‍ഹിക ചുറ്റുപാട്, തൊഴിലിടങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങില്‍ കൂടുതല്‍ ലഭിച്ചത്. പരിഗണിച്ച 68 പരാതികളില്‍ എട്ടെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ കൗണ്‍സിലിങ്ങിന് കൈമാറുകയും അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്നെണ്ണം ലീഗല്‍ അതോറിറ്റിക്കയക്കുകയും ചെയ്തു. 49 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അംഗങ്ങളായ അഡ്വ. പി കുഞ്ഞായിഷ, അഡ്വ. ജമിന്‍, അഡ്വ. റീന, കൗണ്‍സലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത

0

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നവർ കുറിച്ചു. ഒരു അക്രമം നടന്നപ്പോള്‍ ഉടന്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ഒന്നും പറയാതെ ഇരിക്കണമായിരുന്നുവെന്നും അതിജീവിത കുറിച്ചു. ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യൻ മാത്രം. ജീവിക്കാൻ അനുവദിക്കൂ എന്ന് എ‍ഴുതിയാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്‍റെ പൂർണരൂപം:

“ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!

Not a victim, not a survivor,
just a simple human being!!

let me live!

ശബരിമല സ്വർണക്കൊള്ള ഇനി ഇ ഡി അന്വേഷിക്കും

0

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്. SIT യുടെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഈ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ SIT എതിർത്തിരുന്നു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും.

ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു.

കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നും എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം. ഹൈക്കോടതി അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇഡി വാദിച്ചിരുന്നു.

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍

0

പാലക്കാട് വാളയാറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റ്‍മോര്‍ട്ടത്തിന്‍റെ പ്രാഥമിക പരിശോധന ഫലം പുറത്ത്. റാം നാരായണന്‍റെ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റാം നാരായണന്‍റെ തല മുതൽ കാലുവരെയുള്ള ശരീരത്തിൽ 40ലധികം മുറിവുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പുറം ഭാഗം മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചു. ശരീരത്തിൽ ചവിട്ടിയതിന്‍റെയും നിലത്തിട്ട് വലിച്ചതിന്‍റെയും അടയാളങ്ങളും ശരീരത്തിലുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്പ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്. മണിക്കൂറുകള്‍ നീണ്ട കൊടുംക്രൂരതക്കൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം. വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മര്‍ദിച്ചത്. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാര്‍ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.

 കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു.  അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ  ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു.  പുറം  മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാൽ, രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു.

സിനിമയിലെ ഡ്യൂപ്ലിക്കേറ്റ് നോട്ട് പൊതുവിപണിയിൽ ഉപയോഗിച്ച സിനിമാ ആർട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ

0

മലപ്പുറം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് പൊതുവിപണിയിൽ ഉപയോഗിച്ച സിനിമാ ആർട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ആർട്ട് അസിസ്റ്റന്‍റായി ജോലി നോക്കുന്ന ആലപ്പുഴ സ്വദേശി വളവില്‍ചിറ ഷല്‍ജിനെ (50) യാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വ്യാജ 500 നോട്ടുകൾ പൊലീസ് പിടികൂടി. ഈ നോട്ടുകളില്‍ ഫിലിം ഷൂട്ടിങിനായി മാത്രം ഉപയോഗിക്കുന്ന മുന്നറിയിപ്പ് എഴുതിയത് മായ്ച്ചുകളഞ്ഞാണ് വിപണിയില്‍ വിനിമയം നടത്തിയിരുന്നത്. എറണാകുളത്തെ പ്രസ്സിൽ നിന്നാണ് നോട്ട് വാങ്ങിയതെന്ന് പ്രതി പറഞ്ഞു.

500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. വ്യാജ നോട്ട് പച്ചക്കറിക്കടകളിിലും, മീന്‍കടകളിലും, വിവിധ മാര്‍ക്കറ്റുകളിലും, ലോട്ടറി കടയിലുമൊക്കെ കൊടുത്തു വിനിമയം ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറം തവനൂര്‍ റോഡിലുള്ള ജിലേബി കടക്കാരന്റെ കടയില്‍ 500 രൂപ നോട്ട് കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങിയ ഷൽജിൻ ബാക്കി 430 രൂപയുമായി തിരിച്ചു പോയി. എന്നാൽ സംശയം തോന്നിയ കടക്കാരന്‍ കയ്യില്‍ ഉണ്ടായിരുന്ന മറ്റൊരു 500 നോട്ടുമായി ഒത്തു നോക്കിയതില്‍ താൻ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞു.

നോട്ടിന്റെ കനത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കടക്കാരൻ ബഹളം വെച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഷല്‍ജിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി ഭാഗങ്ങളിലായി ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഇയാൾ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ മാർക്കറ്റുകളിൽ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.