spot_img
Sunday, June 21, 2026
Home Blog Page 90

കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ

0

മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ബസ് പൂർണമായും കത്തി നശിച്ചു.

പരിവാഹൻ തട്ടിപ്പ്: വീണ്ടും പുതിയ രീതിയിൽ

0

വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് പരിവാഹൻ ഫ്രോഡ് തട്ടിപ്പ് വീണ്ടും പുതിയ രീതിയിൽ. വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ട് എന്ന് എസ്എംഎസ് ലൂടെ അയക്കുന്നതാണ് ആദ്യപടി. എസ്എംഎസിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡിലൂടെ മാത്രം പണം അടയ്ക്കുന്നതിനുള്ള സൈറ്റിൽ പ്രവേശിക്കുന്നു. തുടർന്ന് കാർഡ് നമ്പർ CVV തുടങ്ങിയവ എന്റർ ചെയ്തു കഴിഞ്ഞാൽ കാർഡിലെ ബാലൻസ് ക്രെഡിറ്റ് തുക മുഴുവൻ നഷ്ടപ്പെടുന്നു ഇതാണ് തട്ടിപ്പിന്റെ രീതി. പൊതുജനങ്ങൾ യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങളിലൂടെ പണം അടയ്ക്കാൻ ശ്രമിക്കുകയോ തങ്ങളുടെ കാർഡ് ഡീറ്റെയിൽസ് കൈമാറുകയോ ചെയ്യരുത്. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്. #keralapolice #statepolicemediacentre

സന്നിധാനത്തേക്ക് ഒ‍ഴുകിയെത്തി തീർഥാടകർ; ഒരുമാസം പിന്നിടുമ്പോൾ മല ചവിട്ടിയത് 28 ലക്ഷം പേർ

0

മണ്ഡലകാലം തുടങ്ങി 32 ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ഇതുവരെ ദർശനം നടത്തിയത് 28 ലക്ഷം തീർത്ഥാടകർ.  വിവിധ കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. കരിമല വഴി 46,690 ഭക്തരും, പുല്ലുമേട് വഴി 74,473 ഭക്തരും സന്നിധാനത്ത് എത്തി എന്നാണ് കണക്ക്. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ ശരാശരി 4010 ഭക്തർ വീതമാണ് പതിനെട്ടാംപടി ചവിട്ടുന്നതെന്നാണ് കണക്ക്.

തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപ കവിഞ്ഞു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

27 ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി 26 ന് എത്തിച്ചേരും. അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും

പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി

0

കോഴിക്കോട്:കലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പയ്യോളി ഐ.പി.സി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബണ്ണ്, റസ്‌ക് തുടങ്ങിയവ പൊടിച്ച് സൂക്ഷിച്ച് കട്‌ലറ്റ്, എണ്ണക്കടികള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ നിര്‍മാണത്തിന് വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കാലിത്തീറ്റ നിര്‍മിക്കുന്നതിനെന്ന പേരിലാണ് കടക്കാരില്‍നിന്നും മറ്റും ഉടമ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചിരുന്നത്. സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ ആരംഭിക്കും. സംശയാസ്പദ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ: മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

0

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും.

കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെയും കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനേയും ഉള്‍പ്പെടെ ചിലര്‍ മനപൂര്‍വം കുടുക്കിയെന്ന് ആരോപിച്ച് കൊണ്ടായിരുന്നു വിഡിയോ. കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. അതിജീവിതയുടെ പേര് ഇയാള്‍ വിഡിയോയില്‍ പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

‘പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി

0

‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. പരാതി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുത്തേക്കും.തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി, ഭക്തിഗാനത്തെ വികലമാക്കി എന്നായിരുന്നു പരാതി.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു – എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്.

ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികള്‍ ഉന്നയിക്കേണ്ടിയിരുന്നത് പാര്‍ട്ടി ഘടകത്തില്‍.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത്. പരാതിയില്‍ കര്‍ശന നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു

മടക്കയാത്രയും കരുതലോടെ: പോലിസ്

0

കഠിനമായ വ്രതാനുഷ്ഠാനങ്ങളും ദീർഘമായ കാൽനടയാത്രയും കഴിഞ്ഞ്  അയ്യപ്പദർശനം നേടി നിർവൃതിയോടെ ഓരോ ഭക്തനും മലയിറങ്ങുമ്പോൾ, ശരീരവും മനസ്സും അതിയായ ക്ഷീണത്തിലായിരിക്കും.

മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രകൾ നടത്തുകയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതാണ്. ഉറക്കക്കുറവ്, ശരീരവേദന, മാനസിക ക്ഷീണം എന്നിവ ഡ്രൈവിങ്ങിനെ ബാധിക്കും.

മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യാവസ്ഥയിലായിരിക്കുമ്പോൾ മാത്രമേ ഡ്രൈവിംഗ് നടത്താവൂ എന്നത് ഓരോ ഡ്രൈവറുടെയും പ്രധാന ഉത്തരവാദിത്തമാണ്. സ്വന്തം ജീവൻ മാത്രമല്ല, കൂടെ യാത്ര ചെയ്യുന്നവരുടെയും മറ്റ് വഴിയാത്രക്കാരുടെയും ജീവനും ഡ്രൈവറുടെ ജാഗ്രതയിൽ ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് ഇത്തരം തീർത്ഥയാത്രകളിൽ
* പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ
* ആവശ്യമായ വിശ്രമവും ഉറക്കവും എടുത്തതിന് ശേഷം മാത്രം യാത്ര തുടരുക
* ആവശ്യമെങ്കിൽ യാത്ര ഇടവേളകളായി വിഭജിക്കുക

കൂടെയുള്ളവരും യാത്ര മുഴുവൻ ഉറങ്ങാതെ ജാഗ്രതയോടെ ഡ്രൈവറോടൊപ്പം സജീവമായി ഇരിക്കണം. ഡ്രൈവറുമായി സംസാരിച്ച് ജാഗ്രതയിൽ നിലനിർത്തുക, ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഉടൻ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.

ഒരു നിമിഷത്തെ അശ്രദ്ധയും അമിത ആത്മവിശ്വാസവും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കാം.
ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുകയാണ് യഥാർത്ഥ അയ്യപ്പസ്മരണം.

#keralapolice

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കണം

0

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്  ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്.

സ്ഥാനാർത്ഥികൾ കമ്മീഷൻ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലെ ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയത്താവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.

സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇവയുടെ ഒറിജിനൽ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി ഹാജരാക്കണം.

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരം നൽകിയെന്ന് ബോധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ ഒരു സ്ഥാനാർത്ഥി/ തിരഞ്ഞെടുപ്പ് ഏജന്റിന് ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിൽ 75,000 രൂപ വീതവും കോർപ്പറേഷൻ, ജില്ലാ പഞ്ചായത്തുകളിൽ 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക.

സർവ്വകാല റെക്കോർഡിൽ സ്വർണവില

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് വിലയിൽ. ഇന്ന് പവന് 600 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,800 രൂപയാണ്. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്

കുരുന്നുകൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്

0

പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ /ഗാർഡിയന്റെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്പയിൽ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്.ശബരിമലയിലെതിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാൽ ബാൻഡിന്റെ സഹായത്താൽ അവരുടെ ഉറ്റവരെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. അതിനാൽ തിരിച്ചു മല ഇറങ്ങി സുരക്ഷിതമായി വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണം.#keralapolice #statepolicemediacentre #sabarimla