ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെയും ജീവനക്കാരുടെയും സമരം ഒത്തുതീർപ്പായി. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ വിവിധ യൂണിയൻനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ചർച്ച വിജയമാണെന്നും ആവശ്യങ്ങൾ മന്ത്രി അംഗീകരിച്ചതായും വ്യാഴാഴ്‌ച മുതൽ ഡ്രൈവിങ് ടെസ്‌റ്റുകൾ ബഹിഷ്‌കരിക്കില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ഗുണമേന്മയുള്ള ഡ്രൈവിങ് ലൈസൻസ് നൽകണമെന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചതെന്നും അതിൽ നന്ദിയുണ്ടെന്നും മന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞു. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ പിൻവലിക്കുകയല്ല ചില മാറ്റങ്ങൾ വരുത്തുകയാണ് ചെയ്‌തത്. ലേണേഴ്‌സ് ലൈസൻസുകളുടെ എണ്ണം ശേഖരിക്കും. തുടർന്ന് വേഗത്തിൽ ടെസ്‌റ്റ് നടത്തും. ഡ്രൈവിങ്‌ടെസ്‌റ്റിന് പത്തുലക്ഷംപേർ കാത്തിരിക്കുന്നുണ്ടെന്ന മാധ്യമവാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിലെ തീരുമാനങ്ങൾ
● ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക്( എംവിഐ) നടത്താവുന്ന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം 40 ആയി തുടരും. രണ്ട് എംവിഐമാരുള്ള ആർടിഒ/ ജോയിന്റ് ആർടിഒ ഓഫീസുകളുടെ ടെസ്‌റ്റുകളുടെ എണ്ണം 80 ആക്കും
● കെട്ടികിടക്കുന്ന ഡ്രൈവിങ് ടെസ്‌റ്റ് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി. മൊത്തം അപേക്ഷകരുടെ എണ്ണം എത്രയാണെന്ന് തിട്ടപ്പെടുത്തും. അപേക്ഷകർ അധികമുള്ള ഓഫീസുകളിലേക്ക് കൂടുതൽ എംവിഐമാരെ ടെസ്‌റ്റ് നടത്താൻ നിയോഗിക്കും
●‘എച്ച്’ എടുത്തതിന് ശേഷമാകും റോഡ് ടെസ്‌റ്റ്
● മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ലൈസൻസ് എടുക്കാൻ 95 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾക്കും ഗിയർ കൈകൊണ്ട് മാറ്റുന്ന ഇരുചക്രവാഹനങ്ങൾക്കുമുള്ള ഇളവ് മൂന്നുമാസം മാത്രം
● ഡ്രൈവിങ് ടെസ്‌റ്റിന് ഇരട്ട ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കാം. സർക്കാർ സ്വന്തമായി വാഹനങ്ങൾ ലഭ്യമാക്കുകയോ, വാടകയ്‌ക്ക് എടുത്ത് നൽകുകയോ ചെയ്യുന്നതുവരെയായിരിക്കും ഇളവ്
● സർക്കാർ ഉടമസ്ഥതയിൽ ഘട്ടംഘട്ടമായി ടെസ്‌റ്റ് ഗ്രൗണ്ട് സജ്ജമാക്കും
● ഡ്രൈവിങ് സ്‌കൂളുകൾക്ക് പരിശീലനം നൽകാനും ടെസ്‌റ്റിന് കയറ്റാനും 18 വർഷംവരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം
● ഡ്രൈവിങ് പഠിച്ച് അഞ്ചുവർഷം കഴിഞ്ഞവരാകണം ഇൻസ്‌ട്രക്ടർമാരാകേണ്ടത്
● ടെസ്‌റ്റ് നടത്തുന്ന വാഹനങ്ങളുടെ ഡാഷിൽ ക്യാമറയുണ്ടാകും. അത് മോട്ടോർ വാഹനവകുപ്പ് വാങ്ങി ഘടിപ്പിക്കും






