വരവൂർ (തൃശൂർ): വിദ്യാർഥികൾ കാത്തിരുന്ന ആ പാഠം ഒടുവിൽ പൂർത്തിയായി. ക്ലാസ് മുറിയിലെ മേശക്കു മുകളിൽ മുട്ടയിട്ട് രണ്ടാഴ്ചയിലധികം അടയിരുന്ന് അമ്മപ്രാവ് പഠിപ്പിച്ച പിറവിയുടെ പാഠം. വരവൂർ ഗവ. എൽ.പി സ്കൂളിലെ മൂന്ന് ‘സി’ ക്ലാസിലെ കുട്ടികൾക്കാണ് ജീവസ്ഫുരണത്തിന്റെ ഈ പാഠം നേർക്കാഴ്ചയിലൂടെ പഠിക്കാനുള്ള ഭാഗ്യം ലഭിച്ചത്.ക്ലാസിലെ മേശയിൽ കൂടുകെട്ടിയത് മുതൽ വിദ്യാർഥികളുടെ സ്നേഹത്തണലിലായിരുന്നു ഈ പ്രാവ്. കുട്ടികൾ ഇരിക്കുന്ന ബെഞ്ചിനോട് ചേർന്ന മേശയിൽ കൂടുകെട്ടി അടയിരുന്ന പ്രാവ് രണ്ടു കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. പ്രാവിന്റെ മാതൃസ്നേഹവും അനുകമ്പയും കണ്ടാണ് വിദ്യാർഥികൾ ഇപ്പോൾ ക്ലാസിലിരിക്കുന്നത്.






