വിതുര: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി. കഴിഞ്ഞ ദിവസം ശ്വാസംമുട്ടിന് ചികിത്സ തേടിയെത്തിയ മേമല ഉരുളുകുന്നു സ്വദേശി വസന്തക്ക് ആശുപത്രി ഫാർമസിയിൽ നിന്ന് നൽകിയ ക്യാപ്സൂളിനുള്ളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
ഒരു സ്ട്രിപ്പിലുള്ള രണ്ട് ക്യാപ്സൂളുകൾ വസന്ത കഴിച്ചു. പിറ്റേന്ന് രാവിലെ ഒരു ക്യാപ്സൂൾ പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മൊട്ടുസൂചി കണ്ടു. തുടർന്ന്, രണ്ട് ക്യാപ്സൂളുകൾ കൂടി പൊട്ടിച്ചുനോക്കിയപ്പോൾ അതിനുള്ളിലും മൊട്ടുസൂചി കണ്ടെത്തുകയായിരുന്നു.
വസന്തയെ പിന്നീട് വൈദ്യ പരിശോധനക്ക് വിധേയയാക്കി. എക്സ്റേ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
വിതുര താലൂക്ക് ആശുപത്രി സൂപ്രണ്ടിനും വിതുര പൊലീസ് സ്റ്റേഷനിലും പരാതി നൽകി. മരുന്ന് കമ്പനിയിൽ നിന്ന് വിശദീകരണം തേടുമെന്ന് പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.






