spot_img
Thursday, September 10, 2026

നടൻ ദുല്‍ഖര്‍ സല്‍മാനെതിരായ വിലക്ക് പിന്‍വലിച്ചു



തിരുവനന്തപുരം: നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെറര്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.പ്രത്യേക സാഹചര്യത്തിലാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നും തുടര്‍ന്നുള്ള ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ആകുമെന്നും കമ്പനി അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ‘സല്യൂട്ട്’ എന്ന സിനിമ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതെന്നായിരുന്നു ഫിയോക് ആരോപിച്ചത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹേയ് സിനാമികയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles