തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച കലാശക്കൊട്ടോടെ സമാപനം. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഞായറാഴ്ച വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണം.രണ്ടാംഘട്ടത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കുക.
ഒന്നാംഘട്ടത്തിൽ 1,32,83,739 വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് പോവുക. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല. 14 ഇടത്തും ഇടതുസ്ഥാനാർഥികൾക്ക് എതിരില്ലാത്തതാണ് കാരണം. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.സംസ്ഥാനത്താകെ ഇതുവരെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ എണ്ണം ഇനിയും ഉയരാം. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാ മെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് വിന്യാസം. അഞ്ചും ആറും ബൂത്തുകളിലെ നിരീക്ഷണത്തിനായി സർവൈലൻസ് ടീമിനെയും നിയോഗിക്കും.






