കൊച്ചി: മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശം തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.
‘കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമു’ണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.
സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു ഫാത്തിമയുടെ പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞു. പിന്നാലെ ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്.കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന.കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.






