കൊച്ചി: നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച ‘ഒതേനന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. സത്യൻ നായകനായ ഈ ചിത്രത്തിന് ശേഷം ഉദയയുടെ നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി. എന്നാൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നൽകിയത്.മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെ അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.






