കേരളത്തിന്‍റെ മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പുതുതായി നിർമ്മിച്ച പാതകളുടെ സവിശേഷതകൾ ലോകശ്രദ്ധയിൽ എത്തിക്കുന്നതിനും സർക്കാർ ചുമതലേൽപ്പിച്ചത് ഒരു അറുപതുകാരൻ സെലിബ്രിറ്റിയെയാണ് എന്നറിഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചിട്ടുണ്ടാകും. എന്നാൽ, വരുന്നത് ഒരു അഡാർ, ഐറ്റമാണ്; പേര് മിലിന്ദ് ഉഷ സോമൻ. പ്രായക്കൂടുതലൊന്നും 22 കിലോമീറ്ററുകൾ ഓടിക്കയറുന്നതിൽ നിന്നും അദ്ദേഹത്തെ തടയില്ലെന്ന് ആളെ പരിചയമുള്ളവർക്ക് അറിയാം.
ഇന്ത്യൻ ഗ്ലാമർ രംഗത്തെ അറിയപ്പെടുന്ന മോഡലും നടനും ഫിലിം പ്രൊഡ്യൂസറും കായികതാരവുമാണ് മിലിന്ദ് സോമൻ. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഒരു മറാത്തി കുടുംബത്തിൽ ജനിച്ച അദ്ദേഹം കായികലോകത്തേക്ക് ചുവടുവെക്കുമ്പോൾ വയസ് വെറും ആറ്. ആറാം വയസ്സുമുതൽ നീന്തൽ പരിശീലിച്ച മിലിന്ദ് സോമൻ 1984-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടിയിട്ടുണ്ട്.
2015-ൽ ആദ്യത്തെ ശ്രമത്തിൽ തന്നെ ‘അയൺമാൻ’ (Ironman) ചലഞ്ച് 15 മണിക്കൂർ 19 മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, 30 ദിവസത്തിനുള്ളിൽ 1500 കിലോമീറ്റർ ഓടി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.
1995-ൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ (Made in India) എന്ന മ്യൂസിക് വീഡിയോയിലൂടെ അദ്ദേഹം അഭിനയ രംഗത്തും അദ്ദേഹം ശ്രദ്ധേയനായി. ‘എ മൗത്ത്ഫുൾ ഓഫ് സ്കൈ’, ‘ക്യാപ്റ്റൻ വ്യോം’, ‘സീ ഹോക്സ്’, ‘ബാജിറാവു മസ്താനി’ , ‘ഡിസംബർ 16’, ‘എമർജൻസി’ അടക്കമുള്ള ടിവി പരമ്പരകളിലും സിനിമകളിലും മിലിന്ദ് ശ്രദ്ധേയവേഷങ്ങൾ ചെയ്തു. സിനിമകൾ കൂടാതെ നിവര്ധി പരസ്യങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസുമായി ബന്ധപ്പെട്ട വ്യവസായ മേഖലകളിലും സാന്നിധ്യമറിയിച്ച വ്യക്തിയാണ് മിലിന്ദ്സോമൻ.
ഫെബ്രുവരി 22-നാണ് 22 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഹിൽ ഹൈവേ റൺ’ നടക്കുന്നത്. ഇടുക്കിയിലെ കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള മലയോര ഹൈവേയിലാണ് ഈ മെഗാ മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. കിഫ്‌ബി വഴി ഏകദേശം134.4 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഹൈവേ നിർമ്മിച്ചിരിക്കുന്നത്.






