spot_img
Saturday, April 18, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: 168 അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്തു



നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു പരിശോധന. വിവിധതരം പ്രചാരണ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം ഇവ നീക്കം ചെയ്തു. ബോർഡുകളും ബാനറുകളും പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും ഉൾപ്പെടെ 168 എണ്ണമാണ് നീക്കം ചെയ്തത്. ‍ അനധികൃത കൊടിതോരണങ്ങളോ പ്രചാരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.13 നിയോജക മണ്ഡലങ്ങളിലായി രണ്ട് വീതം സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, അവയുടെ കോമ്പൗണ്ടുകൾ എന്നിവിടങ്ങളിലെ ചുവരെഴുത്തുകൾ,

പോസ്റ്ററുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, പാലങ്ങൾ, വൈദ്യുതി/ടെലിഫോൺ തൂണുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലെ അനധികൃത രാഷ്ട്രീയ പരസ്യങ്ങൾ 48 മണിക്കൂറിനകം നീക്കം ചെയ്യാനും നിർദേശിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പ്രചാരണ സാമഗ്രികൾ 72 മണിക്കൂറിനകം നീക്കം ചെയ്യണം. ഓരോ നിയോജക മണ്ഡലത്തിലും മൂന്നു വീതം ജില്ലയിൽ 39 ഫ്ളയിങ് സ്ക്വാഡുകളും 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പ്രവർത്തനസജ്ജമാണ്. 26 വീഡിയോ സർവൈലൻസ് ടീമും 13 വീഡിയോ നിരീക്ഷണ ടീമും പ്രവർത്തിക്കും. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാൻ അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles