spot_img
Monday, June 22, 2026

വീണ്ടും മുൻ ചാംപ്യൻമാരെ തളച്ച്‌ കേപ്പ് വെര്‍ദെ



മയാമി: ആഫ്രിക്കൻ രാജ്യമായ കേപ്പ് വെർദെ ഫിഫ ലോകകപ്പില്‍ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. ആദ്യ മത്സരത്തില്‍ മുൻ ചാംപ്യന്മാരായ സ്പെയിനിനെ സമനിലയില്‍ തളച്ച ‘ബ്ലൂ ഷാർക്സ്’, ഇത്തവണ മുൻ ചാംപ്യന്മാരായ ഉറുഗ്വെയെയാണ് 2-2 എന്ന സ്കോറിന് സമനിലയില്‍ കുരുക്കിയത്.മയാമി സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ കെവിൻ പിന, ഹീലിയോ വരേല എന്നിവർ കേപ്പ് വെർദെയ്ക്കായും മാക്സി അരൗഹോ, അഗസ്റ്റിൻ കനോബിയോ എന്നിവർ ഉറുഗ്വെയ്ക്കായും ലക്ഷ്യം കണ്ടു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷമാണ് ബുബിസ്റ്റയുടെ ശിക്ഷണത്തിലിറങ്ങിയ കേപ്പ് വെർദെ ശക്തമായി തിരിച്ചടിച്ച്‌ സമനില പിടിച്ചെടുത്തത്. കേപ്പ് വെർദെയുടെ മിഡ്ഫീല്‍ഡർ കെവിൻ പിനയാണ് മത്സരത്തിലെ മികച്ച താരം.മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്.

എന്നാല്‍ 21-ാം മിനിറ്റില്‍ ഉറുഗ്വെയെ ഞെട്ടിച്ചുകൊണ്ട് കേപ്പ് വെർദെ ആദ്യ ഗോള്‍ നേടി. ടെല്‍മോ അർക്കാഞ്ചോയെ ഫൗള്‍ ചെയ്തതിന് ബോക്സിനു പുറത്ത് (34 യാർഡ് അകലെ) ലഭിച്ച ഫ്രീകിക്ക് കെവിൻ പിന ഉറുഗ്വെ പ്രതിരോധ മതിലിനിടയിലൂടെ തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ ഗോള്‍വലയുടെ താഴത്തെ മൂലയിലെത്തിച്ചു.ഗോള്‍ വഴങ്ങിയതോടെ ഉണർന്നു കളിച്ച മാഴ്സെലോ ബിയല്‍സയുടെ ഉറുഗ്വെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഗോളുകള്‍ നേടി കളി തങ്ങളുടെ വരുതിയിലാക്കി.44-ാം മിനിറ്റില്‍ റോഡ്രിഗോ ബെന്‍റാങ്കൂറിന്‍റെ ഹെഡർ പോസ്റ്റിലിടിച്ച്‌ മടങ്ങിയപ്പോള്‍ റീബൗണ്ടില്‍ നിന്നും അറൗഹോ ഒരു ഹെഡറിലൂടെ ഉറുഗ്വെയ്ക്ക് സമനില സമ്മാനിച്ചു.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിന്‍റെ ആറാം മിനിറ്റില്‍ അറൗഹോ നല്‍കിയ ഹെഡർ സ്വീകരിച്ച്‌ കനോബിയോ കേപ്പ് വെർദെ കീപ്പർ വോസീന്യയെ മറികടന്ന് ഉറുഗ്വെയ്ക്ക് ലീഡും നല്‍കി.രണ്ടാം പകുതിയില്‍ കളി തിരിച്ചുപിടിക്കാൻ കേപ്പ് വെർദെ ശക്തമായി ശ്രമിച്ചു. 61-ാം മിനിറ്റില്‍ ഉറുഗ്വെ പ്രതിരോധ നിര വരുത്തിയ പിഴവ് മുതലെടുത്ത് ഹീലിയോ വരേല സമനില ഗോളും നേടി (2-2). തന്‍റെ ലോകകപ്പ് അരങ്ങേറ്റത്തില്‍ തന്നെ ദേശീയ ടീമിനായി ആദ്യ ഗോള്‍ നേടാൻ കഴിഞ്ഞതിന്‍റെ സന്തോഷം വരേല മത്സരശേഷം പങ്കുവെച്ചു.ഗാലറിയില്‍ ഇതിഹാസ താരം ലൂയിസ് സുവാരസിന്‍റെ സാന്നിധ്യത്തില്‍ പിന്നീട് ഉറുഗ്വെ വൻ ആക്രമണങ്ങള്‍ നടത്തിയെങ്കിലും, കേപ്പ് വെർദെ ഡിഫെൻഡർമാരായ പിക്കോ ലോപ്പസും സിഡ്നി ലോപ്പസ് കബ്രാളും ചേർന്ന് ആക്രമണങ്ങളെല്ലാം തട്ടിയകറ്റി.

മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ കേപ്പ് വെർദെയുടെ പല താരങ്ങളും പേശിവലിവ് കാരണം ബുദ്ധിമുട്ടിയെങ്കിലും അവർ പോരാട്ടവീര്യം കൈവിട്ടില്ല.ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് നാല്‍പ്പതുകളില്‍ (40s) പ്രായമുള്ള രണ്ട് ഗോള്‍കീപ്പർമാർ ഒരു മത്സരത്തില്‍ ഒന്നിച്ച്‌ ആദ്യ ഇലവനില്‍ കളത്തിലിറങ്ങുന്നത്. ഉറുഗ്വെയുടെ ഫെർണാണ്ടോ മുസ്ലേരയും കേപ്പ് വെർദെയുടെ വോസീന്യയുമാണ് ഈ അപൂർവ റെക്കോർഡിന് ഉടമകളായത്.

ഈ സമനിലയോടെ ഗ്രൂപ്പ് എച്ചില്‍ സ്പെയിൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഉറുഗ്വെയും കേപ്പ് വെർദെയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ സ്പെയിൻ ഉറുഗ്വെയെയും കേപ്പ് വെർദെ സൗദി അറേബ്യയെയും നേരിടും. നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാൻ വരാനിരിക്കുന്ന മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിർണായകമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles